വാഷിങ്ടണ്‍: കോവിഡിനെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ മറച്ചുവെച്ച് പ്രസിഡന്റ് ട്രംപ് അമേരിക്കന്‍ ജനതയെ ദുരന്തത്തിലേക്ക് തള്ളിവിട്ടുവെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. വാക്‌സിന്‍ ഉടന്‍ പുറത്തിറക്കുമെന്ന ട്രംപിന്റെ വാഗ്ദാനം ജനങ്ങള്‍ വിശ്വസിക്കരുതെന്നും ബൈഡന്‍ പറഞ്ഞു. യുഎസ് തിരഞ്ഞെടുപ്പിലെ ആദ്യ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ജോ ബൈഡന്‍. 

അതേസമയം യുഎസ്സില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവെന്ന് ട്രംപ് സംവാദത്തില്‍ തിരിച്ചടിച്ചു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരുടെ പ്രശംസ ലഭിച്ചിരുന്നു. കോവിഡ് വാക്‌സിന്‍ യഥാര്‍ഥ്യമാവാന്‍ വളരെ ചുരുങ്ങിയ നാളുകള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ, കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും കുറവാണ്.

എന്നാല്‍ 70 ലക്ഷം പേരെ ഇതിനോടകം കോവിഡ് ബാധിച്ചിട്ടും പ്രസിഡന്റിന് ഇപ്പോഴും വ്യക്തമായ പദ്ധതികളൊന്നുമില്ലെന്ന്  ബൈഡന്‍ വിമര്‍ശിച്ചു. കോവിഡ് കണക്കുകളിലും പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചും ട്രംപ് കള്ളം പറയുന്നുവെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

കോവിഡ്  കണക്കുകളെ കുറിച്ച് പറയുമ്പോള്‍ ഒരു രാജ്യത്തിന്റെ യഥാര്‍ഥ കണക്കുകള്‍ നിങ്ങള്‍ക്കറിയാന്‍ സാധിക്കില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ചൈനയിലും റഷ്യയിലും ഇന്ത്യയിലും കോവിഡ് ബാധിച്ച് എത്ര പേര്‍ മരിച്ചെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കില്ല. യഥാര്‍ഥ കണക്കുകള്‍ ആരും പുറത്തുവിടില്ല. കോവിഡ് ചൈനയുടെ ഭാഗത്തുണ്ടായ തെറ്റാണ്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. യുഎസ്സില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍  മരിച്ചേനെ എന്നും ട്രംപ് പറഞ്ഞു. 

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന ആദ്യ സംവാദ പരമ്പരയിലെ ആദ്യത്തേതാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കോവിഡ് കണക്കുകള്‍, നികുതിവെട്ടിപ്പ്, തിരഞ്ഞെടുപ്പ് പ്രചരണം, സമ്പദ് വ്യവസ്ഥയിലെ പ്രതിസന്ധികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചൂടേറിയ സംവാദമാണ് ഇരുവരും തമ്മില്‍ നടന്നത്. ഒരു ഘട്ടത്തില്‍ ട്രംപിനോട് വായടക്കൂ എന്നുവരെ ബൈഡന്‍ പറഞ്ഞു.

Content Highlights: "China, Russia, India Don't Give Straight Count": Trump On Covid Deaths