മാലെ: രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന മാലദ്വീപില്‍ നിന്ന് പ്രസിഡന്റ് അബ്ദുല്ല യമീന്‍ സൗഹൃദ രാജ്യങ്ങളിലേക്ക് പ്രത്യേക പ്രതിനിധികളെ അയച്ചു. ചൈന, പാകിസ്താന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കാണ് പ്രതിനിധികളെ വിട്ടത്. എന്നാല്‍, ഇന്ത്യയിലേക്ക് ആരെയും അയച്ചിട്ടില്ല. മന്ത്രിസഭാ അംഗങ്ങളായ പ്രതിനിധികള്‍ സൗഹൃദ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുകയും നിലവിലെ രാഷ്ട്രീയ സ്ഥിതഗതികള്‍ വിശദീകരിക്കുകയും ചെയ്യും.

സാമ്പത്തിക വികസന വകുപ്പ് മന്ത്രി മുഹമ്മദ് സയീദ് ചൈനയും വിദേശകാര്യമന്ത്രി ഡോ.മുഹമ്മദ് അസീം പാകിസ്താനും മത്സ്യ-കാര്‍ഷിക വകുപ്പ് മന്ത്രി ഡോ.മുഹമ്മദ് ഷൈനീ സൗദി അറേബ്യയുമാണ് സന്ദര്‍ശിക്കുക. 

മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യ ഇടപെടരുതെന്ന് നേരത്തെ മാലദ്വീപ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് അടിയന്താരവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റിന്റെ നടപടിയില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

മാലദ്വീപിലേയ്ക്ക് ഇന്ത്യ പ്രത്യേക പ്രതിനിധിയെയും സൈന്യത്തെയും അയക്കണമെന്ന് മുന്‍ മാലദ്വീപ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ മുഹമ്മദ് നഷീദ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. ചൈനയുടെ പിന്തുണയോടെയാണ് പ്രസിഡന്റ് യമീന്‍ ഇപ്പോഴത്തെ നടപടികള്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിട്ടുണ്ട്.

ചൈനയുമായി മാലദ്വീപ് ഉണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാറിനെ മാലദ്വീപിലെ പ്രതിപക്ഷ കക്ഷികള്‍ ശക്തമായി എതിര്‍ത്തിരുന്നു. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായ, ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള പട്ടുപാത പദ്ധതിയുമായി ബന്ധപ്പെട്ടതാണ് കരാര്‍. ഇന്ത്യയുടെ തന്ത്രപ്രധാനമായ സമുദ്രഭാഗങ്ങളില്‍ സ്വാധീനമുറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് കരുതപ്പെടുന്നത്.

മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് മാലദ്വീപില്‍ രഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. സുപ്രീംകോടതി ഒമ്പത് രാഷ്ട്രീയത്തടവുകാരെ ഉടന്‍ ജയില്‍മോചിതരാക്കണമെന്ന് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഗുരുതരമായത്. ഈ തടവുകാര്‍ പുറത്തുവന്നാല്‍ പ്രസിഡന്റ് അബ്ദുള്ള യമീനിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് അദ്ദേഹം തടവുകാരെ മോചിപ്പിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും പാര്‍ലമെന്റിനെ പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ സഹോദരനും മുന്‍ പ്രസിഡന്റുമായ അബ്ദുല്‍ ഗയൂമിനെയും രണ്ട് സുപ്രീംകോടതി ജഡ്ജിമാരെയും അറസ്റ്റുചെയ്യുകയും ചെയ്തു. തുടര്‍ന്ന് പ്രസിഡന്റ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.