തിരശ്ശീലയില്‍ കാണുന്ന രംഗങ്ങളെയോ അവ അഭിനയിച്ച താരങ്ങളെയോ അല്ല ജീവിതത്തില്‍ അനുകരിക്കേണ്ടതെന്ന് മോഹന്‍ലാല്‍. മഹത്തായ ജീവിതം നയിക്കുന്ന വ്യക്തിത്വങ്ങളെയാണ് മാതൃകയാക്കേണ്ടതെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ബ്ലോഗിലെ മോഹന്‍ലാലിന്റെ പുതിയ കുറിപ്പ്.  

 

കലാകാരന്മാര്‍ ആടിയ കലയല്ല വലിയ മനുഷ്യര്‍ ജീവിച്ച ജീവിതമാണ് ആത്യന്തികമായി വലുതെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു. ജനപ്രിയ സിനിമകളെല്ലാം കെട്ടുകഥകളാണെന്ന്  മനസ്സിലാക്കണം. കാഴ്ചക്കാര്‍ക്ക് വേണ്ടി നിര്‍മിക്കുന്ന കഥകളാണ് ഇവ. സിനിമയില്‍ മാത്രമല്ല വേദങ്ങള്‍ മുതല്‍ ഇതിഹാസ പുരാണങ്ങളില്‍ വരെ നായക, വില്ലന്‍ സങ്കല്പങ്ങളാണുള്ളത്.

 

ഭീമന്‍ ദുര്യോധനനെ തുടയിലടിച്ചുകൊന്നുവെന്ന് വായിച്ചിട്ട് ആരും അത് ചെയ്യാറില്ല. ബാലിയെ രാമന്‍ കൊന്ന കഥ വായിച്ച് ആരും അനുകരിക്കാറില്ല. ഒരിക്കല്‍ ഒരിടത്ത് നടന്നതായി പറയപ്പെടുന്ന കഥയില്‍ ചിലപ്പോള്‍ ജീവിതത്തിന്റെ അംശമുണ്ടായിരിക്കും. എന്നാല്‍  മുഴുവന്‍ ജീവിതമല്ല; ഭാവനയുടെ അംശം കൂടിയുണ്ടായിരിക്കും. കലാസൃഷ്ടിയെ കലാസൃഷ്ടിയായി കാണുക. ആരാധകര്‍ക്കും ആസ്വാദകര്‍ക്കും കലാകാരന്മാരോട് ചെയ്യാവുന്ന ഏറ്റവും വലിയ നീതിയും കലയെ ആദരിക്കുകയെന്നതാണ്, അന്ധമായി അനുകരിക്കലല്ല. ഏറെ ആലോചിച്ചതിനു ശേഷമാണ് താന്‍ ഈ കുറിപ്പ് എഴുതുന്നതെന്നും വിഷയം വേഗം തെറ്റിദ്ധരിക്കാന്‍ ഇടയുള്ളതാണെന്നും മോഹന്‍ലാല്‍ പറയുന്നു. അതുകൊണ്ടുതന്നെ ഒട്ടും മാറി നിന്നല്ല ഇത് പറയുന്നതെന്നും താന്‍ കൂടി ബന്ധപ്പെടുന്ന മേഖലയുടെ വിഷയമായതിനാല്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താന്‍ കൂടി ഉത്തരവാദിയാണെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ വിശദമാക്കുന്നു.