srinarayana guruഅശാസ്ത്രീയമായ ജാതിവ്യവസ്ഥകളെയും പഞ്ചധർമങ്ങളെയും പഞ്ചശുദ്ധികളെയും  ഹനിക്കുംവിധം ഏർപ്പെടുത്തപ്പെട്ടിരുന്ന അനാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അന്ധവിശ്വാസങ്ങളെയും നിർവീര്യമാക്കിയ യുഗപുരുഷൻ. ശ്രീനാരായണ ഗുരുദേവൻ.  
 
നമ്മുടെ ജീവിതത്തിൽ അനുഭവമായും ആന്തരികവും ബാഹ്യവുമായി പ്രകാശിച്ചു നിൽക്കുന്ന വെളിച്ചമായും നിറഞ്ഞിരിക്കുന്ന ഗുരുവിന് സന്ന്യസ്ഥ ശിഷ്യപരമ്പരയും ഭക്തസമൂഹവും ഒന്നുചേർന്ന് അർപ്പിക്കുന്ന  മഹത്തായൊരു ആത്മസമർപ്പണ യജ്ഞമാണ് ഇപ്പോൾ ശിവഗിരി മഠത്തിൽ നടന്നു കൊണ്ടിരിക്കുന്ന മണ്ഡല മഹാപൂജ. 
 
ഗുരുദേവ മഹാസമാധിയുടെ നവതി ആചരണത്തോടനുബന്ധിച്ച് ധർമസംഘം ട്രസ്റ്റും എസ്.എൻ.ഡി.പി. യോഗവും  സംയുക്തമായിട്ടാണ് ഈ യജ്ഞങ്ങൾക്ക് നേതൃത്വംനൽകുന്നത്. 1928-ൽ ഗുരു മഹാസമാധി പ്രാപിച്ച അവസരത്തിൽ നടക്കേണ്ടിയിരുന്ന വൈദിക കർമങ്ങളായിരുന്നു ഇതെല്ലാം.
 
90 കൊല്ലമായി  മുടങ്ങിക്കിടക്കുകയായിരുന്ന ആ ഗുരുഋണത്തിന്റെ മംഗളകരമായ സമർപ്പണമാണ് കഴിഞ്ഞ 40 ദിനരാത്രങ്ങളായി ശിവഗിരിമഠത്തിൽ നടന്നുവരുന്നത്. ഇതിന്റെ  ഭാഗമായുള്ള വിശ്വശാന്തി ഹവനം, അഖണ്ഡനാമജപം, സമൂഹാർച്ചന, മംഗളാരതി, ആചാര്യസ്മൃതി തുടങ്ങിയ ആധ്യാത്മിക യജ്ഞങ്ങളിലും അന്നദാനത്തിലും നിത്യവും   പതിനായിരക്കണക്കിന് ഗുരുഭക്തർ പങ്കുകൊണ്ടു. 
  
സെപ്റ്റംബർ 21 മുതൽ നടന്നുവരുന്ന ഈ മണ്ഡല മഹാപൂജകൾക്ക് ഒക്ടോബർ 31-ന് രാവിലെ നടക്കുന്ന മഹായതി പൂജയോടെ പരിസമാപ്തിയാവുകയാണ്. സർവസംഗപരിത്യാഗികളും ജീവൻമുക്തന്മാരുമായ സന്ന്യാസിസമൂഹത്തെ പരംപൊരുളിന്റെ പ്രതീകമായി ദർശിച്ച്,  ഉപഗ്രാഹം സമർപ്പിച്ച്, പൂജിക്കുകയെന്ന ആർഷഭാരത സംസ്കൃതിയുടെ അതിമഹത്തായൊരു വൈദികാചാരമാണ് യതിപൂജ. ഭാരതത്തിൽ അങ്ങോളമിങ്ങോളമുള്ള ആശ്രമങ്ങളെ പ്രതിനിധീകരിച്ച് 1008 സന്ന്യാസി ശ്രേഷ്ഠർ ഈ മഹായതിപൂജയിൽ പങ്കുകൊള്ളും. ഗുരുദേവൻ കല്പിച്ചതും ഇച്ഛിച്ചതുമായ സർവരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തിന്റെ നിറവേറലിനായി ഈ യതിപൂജ നിമിത്തമായിത്തീരട്ടെയെന്നാണ്  പ്രാർഥന.
 
(ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റാണ്‌ ലേഖകൻ)