മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് രാജ്കുന്ദ്രയുടേയും ഭാര്യ ശില്‍പ്പ ഷെട്ടിയുടേയും വസതിയില്‍ മുംബൈ പോലീസിന്റെ റെയ്ഡ്. രാജ് കുന്ദ്രയുടെ റിമാൻഡ് കാലാവധി ഈ മാസം 27വരെ നീട്ടിയതിന് പിന്നാലെയാണ് ഇരുവരുടേയും വസതിയില്‍ റെയ്ഡ് നടന്നത്.

അതേ സമയം രാജ് കുന്ദ്ര യുടെ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് വന്‍ തോതിലുള്ള സാമ്പത്തിക കൈമാറ്റം നടന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രാജ് കുന്ദ്ര  നീലച്ചിത്ര റാക്കറ്റ് വഴി സമ്പാദിച്ച പണം ഓണ്‍ലൈന്‍ വാതുവെപ്പിനായാണ് ഉപയോഗിച്ചിരുന്നതെന്നാണ് പോലീസിന്റെ അനുമാനം. 

അതേ സമയം ഈ കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്ത വീഡിയോകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണിച്ചിട്ടില്ലാത്തതിനാല്‍ ഈ കേസിനെ നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെടുത്താനാവില്ലെന്ന് കുന്ദ്രയുടെ അഭിഭാഷകന്‍ പറഞ്ഞു. കുന്ദ്രയുടെ കസ്റ്റഡി അപേക്ഷ നീട്ടുന്നതിനായുള്ള അപേക്ഷയില്‍ നടന്ന വാദത്തിലാണ് അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.

അറസ്റ്റിനെതിരെ രാജ് കുന്ദ്ര  ബോംബെ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. എഫ്‌ഐആറില്‍ തന്റെ പേരില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനുള്ള നോട്ടീസില്‍ അറസ്റ്റിന് ശേഷം നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചത് നിയമവിരുദ്ധമാണെന്നും രാജ് കുന്ദ്ര  നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

 

content highlights: rajkundra invested money in online betting says police