ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് പൊതു ഗതാഗത സംവിധാനത്തിലz യാത്ര നിരക്കില്‍ ഇളവ് വേണമെന്ന് പ്രിയങ്കാ ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ രാജീവ് വാന്ദ്ര. ഡല്‍ഹി നിയമസഭാ ഇലക്ഷനില്‍ തന്റെ കന്നിവോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരന്നു റെയ്ഹാന്‍.  

പിതാവ് റോബേര്‍ട്ട് വാദ്രയ്ക്കും അമ്മ പ്രിയങ്കാ ഗാന്ധിയ്ക്കുമൊപ്പമാണ് റെയ്ഹാന്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. ലോധി എസ്‌റ്റേറ്റിലെ പോളിങ് ബൂത്തില്‍ കനത്ത സുരക്ഷയിലാണ് റെയ്ഹാന്റെ കന്നിവോട്ട്.

കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ പരീക്ഷയുള്ളതിനാല്‍ തനിക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് വ്യക്തമാക്കിയ റെയ്ഹാന്‍ തന്റെ പ്രിയപ്പെട്ട നഗരമായ ഡല്‍ഹി ഇനിയും വികസിക്കണമെന്നും ലോകത്തെ മികച്ച നഗരങ്ങളിലൊന്നായി മാറണമെന്നും അഭിപ്രായപ്പെട്ടു. ഡല്‍ഹില്‍ പൊതുഗതാഗത സംവിധാനം എല്ലാവര്‍ക്കും ലഭ്യമാകണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ നിരക്കിളവുകള്‍ ലഭ്യമാക്കണമെന്നും റെയ്ഹാന്‍ കൂട്ടിച്ചേര്‍ത്തു. 

ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഒന്നാണ് വോട്ട് രേഖപ്പെടുത്തലെന്നും എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും റെയ്ഹാന്‍ അഭിപ്രായപ്പെട്ടു. 

Content Highlight: Priyanka Gandhi's son Raihan Vadra casts his first vote