ചൊവ്വാഴ്ച അന്തരിച്ച മുന്‍ നക്സലൈറ്റും അടിയന്തരാവസ്ഥാ തടവുകാരനുമായിരുന്ന ടി.എന്‍. ജോയ് പൊതുസമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിയ മൂന്ന് ആവശ്യങ്ങളെക്കുറിച്ച് സക്കറിയ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം, ജോയ് ഉന്നയിച്ച മനുഷ്യാവകാശ വിഷയങ്ങള്‍ പ്രസക്തമാണെന്നും ഗൗരവതരമായി പരിഗണിക്കേണ്ടതാണെന്നും വിലയിരുത്തുന്നു.

മുന്‍ നക്സലൈറ്റ് പ്രവര്‍ത്തകനായ ടി.എന്‍. ജോയ് കേരളത്തിലെ ജനങ്ങളുടെ മുന്‍പില്‍ വെച്ചിരിക്കുന്ന മൂന്ന് ആവശ്യങ്ങളുടെ ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിലെ വ്യക്തികള്‍ സര്‍വസാധാരണമായി ഉയര്‍ത്തുന്ന സ്ഥാപിതതാത്പര്യങ്ങള്‍ നിറഞ്ഞ ആവശ്യപ്പെടലുകളല്ല അവ. ഇന്ത്യയില്‍ ഇന്ന് നാം ജീവിക്കുന്ന കാലത്തിന് അവശ്യമായി വേണ്ടുന്ന അതിപ്രധാനങ്ങളായ ചില ഓര്‍മപ്പെടുത്തലുകളാണ് ജോയിയുടെ ആവശ്യങ്ങള്‍.

1. അടിയന്തരാവസ്ഥാ തടവുകാരെ സ്വാതന്ത്ര്യസമരസേനാനികളായി പരിഗണിക്കണം.

ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജി നയിച്ച സ്വാതന്ത്ര്യസമരത്തില്‍ തടവിലാക്കപ്പെട്ടവര്‍ക്ക് ലഭിക്കുന്ന സാമ്പത്തികാനുകൂല്യങ്ങള്‍ അടിയന്തരാവസ്ഥയില്‍ തടവിലാക്കപ്പെട്ടവര്‍ക്കും ലഭിക്കണമെന്നത് സ്വാഭാവികനീതി മാത്രമാണ്. പക്ഷേ, അതിലേറെ കേന്ദ്രപ്രാധാന്യമുള്ള ഒരു വസ്തുതയുണ്ട്: അടിയന്തരാവസ്ഥക്കെതിരെ നടന്ന സമരം വാസ്തവത്തില്‍ ജനാധിപത്യ ഇന്ത്യ എന്ന ആശയത്തെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്നതിനൊപ്പമോ ഒരുപക്ഷേ, അതിനേക്കാളുമോ ജീവന്മരണ പ്രാധാന്യമുള്ളതായിരുന്നു. 

ബ്രിട്ടീഷുകാരില്‍നിന്ന് നേടിയ സ്വാതന്ത്ര്യത്തില്‍നിന്ന് പിറന്ന ജനാധിപത്യ ഇന്ത്യയെ ഒരു സുപ്രഭാതത്തില്‍ ഇന്ദിരാഗാന്ധിയും കുടുംബവും സില്‍ബന്തികളും കോണ്‍ഗ്രസ് പാര്‍ട്ടിയും ചേര്‍ന്ന് ഭസ്മമാക്കുകയാണ് ചെയ്തത്. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയിരുന്ന സ്വാതന്ത്ര്യങ്ങള്‍പോലും ഇല്ലാതാക്കി. ഭരണഘടന റദ്ദാക്കുകയും അഭിപ്രായസ്വാതന്ത്ര്യമടക്കം എല്ലാ പൗര-മനുഷ്യ-അവകാശങ്ങളും എടുത്തുകളയുകയും ചെയ്തു. ഒരു സമ്പൂര്‍ണ സ്വേച്ഛാധിപത്യമാണ് ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് ഇന്ത്യയില്‍ നിര്‍മിച്ചത്. പതിനായിരക്കണക്കിന് പൗരന്മാര്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. 

ഇന്ത്യന്‍ രാഷ്ട്രത്തിന്റെയും ഭാരതീയരുടെയാസകലം സ്വാതന്ത്ര്യത്തിന്റെയും അടിത്തറതന്നെ തകര്‍ത്ത ആ ദേശദ്രോഹത്തിനെതിരെ നടത്തിയ സമരം സ്വാതന്ത്ര്യസമരമല്ലെങ്കില്‍ പിന്നെയെന്താണ്? അതില്‍ പങ്കെടുത്ത് തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തവര്‍ സ്വാതന്ത്ര്യസമര പോരാളികളല്ലെങ്കില്‍ പിന്നെയാരാണ്? ഇന്ത്യയുടെ സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇന്ത്യയെ സ്വേച്ഛാധിപത്യത്തിനടിമപ്പെടുത്തുമ്പോള്‍ അത് സ്വേച്ഛാധിപത്യമല്ലാതായിത്തീരുന്നുവെന്നുണ്ടോ? അതിനെതിരെയുള്ള സമരം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമല്ലാതായിത്തീരുന്നുവെന്നുണ്ടോ? കുറ്റകരവും ദേശദ്രോഹപരവുമായ ഒരു ഇരട്ടത്താപ്പാണ് അത്തരമൊരു ചിന്താഗതി.  

ഒരു പ്രച്ഛന്ന അടിയന്തരാവസ്ഥയിലൂടെ ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, ഇന്ത്യന്‍ സ്വേച്ഛാധിപത്യങ്ങളെക്കുറിച്ചും അവയ്ക്കെതിരേ പോരാടേണ്ടതിനെക്കുറിച്ചുമുള്ള ഒരു ഓര്‍മപ്പെടുത്തലാണ് ടി.എന്‍. ജോയി അടിയന്തരാവസ്ഥയെ മുന്‍നിര്‍ത്തി ഉന്നയിക്കുന്നത്.

2. അടിയന്തരാവസ്ഥയും അതിനെതിരേ നടന്ന ജനകീയസമരവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.

വരും തലമുറകളിലൂടെ അരക്കിട്ടുറപ്പിക്കേണ്ട ഇന്ത്യയുടെ ജനാധിപത്യഭാവിക്ക് അത്യന്താപേക്ഷിതവും ചരിത്രത്തോട് നീതിപുലര്‍ത്തുന്നതും ചരിത്രസത്യത്തോട് കൂറുപുലര്‍ത്തുന്നതുമാണ് ഈ ആവശ്യം. കാരണം ബ്രിട്ടീഷ് ഭരണത്തിനുകീഴില്‍ ഇന്ത്യയനുഭവിച്ച അസ്വാതന്ത്ര്യവും അടിമത്തവും ഒരു കറുത്ത ഫലിതം മാത്രമാക്കിത്തീര്‍ക്കുന്ന രീതിയിലുള്ള ഭരണകൂട ഭീകരതയാണ് അടിയന്തരാവസ്ഥയുടെ 18 മാസങ്ങളിലൂടെ ഇന്ത്യക്കാര്‍ തന്നെയായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്. ഈ അനുഭവവും അതിനെതിരേ നടന്ന ജനകീയ പോരാട്ടവും ഇന്ത്യയിലെ പുതുതലമുറകള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തില്ലെങ്കില്‍, നമ്മുടെ രാജ്യം 'ഇന്ത്യയിലുണ്ടാക്കിയ' അടിയന്തരാവസ്ഥകള്‍ക്ക് ഇനിയും അടിമപ്പെടാനുള്ള സാധ്യതകള്‍ വളരെയാണ്. 

ഇന്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അധികാരമോഹവും ജനാധിപത്യത്തെപ്പറ്റിയുള്ള അക്ഷമയും ആയിരം മടങ്ങ് വര്‍ധിച്ചിട്ടേയുള്ളൂ. നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ പിന്നിലെ വര്‍ഗീയസംഘടനകള്‍ക്കും മാത്രമല്ല, ഇന്ത്യയിലെ ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും അടിയന്തരാവസ്ഥാപ്രലോഭനം ഇനിയുമുണ്ടായാല്‍ അദ്ഭുതപ്പെടേണ്ട. ഇത്തരമൊരവസ്ഥയില്‍, ഇന്ത്യന്‍ കുഞ്ഞുങ്ങള്‍-മലയാളിക്കുഞ്ഞുങ്ങളും-അടിയന്തരാവസ്ഥയുടെ ചരിത്രം ഹൃദിസ്ഥമാക്കേണ്ടതും അതിന്റെ വിഷംപൂണ്ട തിന്മ തിരിച്ചറിയേണ്ടതും രാഷ്ട്രത്തിന്റെ ആവശ്യമാണ്.

img
ടി.എന്‍. ജോയ്

3. തിരുവനന്തപുരത്തെ പീഡനകേന്ദ്രം ഒരു മ്യൂസിയമാക്കുക.

രാജന്‍ കൊലചെയ്യപ്പെട്ട കക്കയം ക്യാമ്പുപോലെത്തന്നെയുള്ള ഒരു പൈശാചിക പീഡനകേന്ദ്രമായിരുന്നു തിരുവനന്തപുരത്ത് ശാസ്തമംഗലത്തിനടുത്തുള്ള ഒരു വീട്ടില്‍ അടിയന്തരാവസ്ഥക്കാലത്ത് സ്ഥാപിച്ച പീഡനാലയം. മന്ത്രിഗൃഹങ്ങളില്‍നിന്നും സെക്രട്ടേറിയറ്റില്‍നിന്നും വിളിപ്പാടുകള്‍മാത്രം അകലെയുള്ള ഈ ഭീകരഭവനം ഒരു ചോരക്കളമായിരുന്നു. അവിടെ മരണങ്ങള്‍ നടന്നു. മനുഷ്യശരീരങ്ങള്‍ എന്നന്നേക്കുമായി തല്ലിത്തകര്‍ക്കപ്പെട്ടു. പൊലീസിലെ ക്രൂരത മനുഷ്യരൂപം പൂണ്ട നരാധമന്മാര്‍ അവിടെ കരാളനൃത്തംചെയ്തു. 

അന്ന് മുഖ്യമന്ത്രി അച്യുതമേനോനായിരുന്നു. പൊലീസ്മന്ത്രി കരുണാകരനും. കേരളത്തിന്റെ തലസ്ഥാനത്ത്, നഗരമധ്യത്തില്‍ പ്രവര്‍ത്തിച്ച് ഒരിക്കല്‍ രക്തം തളംകെട്ടിനിന്ന ഈ 'ഹൊറര്‍ ഹൗസി'നെ അടിയന്തരാവസ്ഥയുടെയും അതിന്റെ കെടുതികളുടെയും അന്നത്തെ പൊലീസ് അതിക്രമങ്ങളുടെയും ഭരണകൂട കൊലപാതകങ്ങളുടെയും ചരിത്രം പറയുന്ന ഒരു മ്യൂസിയമാക്കി മാറ്റുന്നത് കേരളത്തിന്റെ മനഃസാക്ഷിക്കും വളര്‍ന്നുവരുന്ന തലമുറയ്ക്കുമുള്ള ഒരു വിലയേറിയ ദാനമായിരിക്കും. പുലിക്കോടന്‍ നാരായണനെയും ജയറാം പടിക്കലിനെയും മധുസൂദനന്‍നായരെയുംപോലെയുള്ള വിഷജീവികള്‍ ഇന്നും പൊലീസിലുണ്ടാവുമെന്നതിന് സംശയമെന്ത്? അവര്‍ക്കും അവരെ പോറ്റുന്ന ഇടതുവലതുമായ രാഷ്ട്രീയശക്തികള്‍ക്കും എതിരെയുള്ള ഒരു ജനസ്മാരകമായി അത്തരമൊരു മ്യൂസിയം പ്രവര്‍ത്തിക്കട്ടെ. 

യഹൂദരുടെ മേല്‍ ഹിറ്റ്‌ലര്‍ പ്രവര്‍ത്തിച്ച ക്രൂരതകളുടെ സ്മാരകങ്ങളായി നാസികള്‍ യഹൂദരെ കൂട്ടക്കൊലചെയ്ത തടങ്കല്‍കേന്ദ്രങ്ങള്‍ മാറിയതുപോലെ കേരളരാഷ്ട്രീയത്തിലെ ഹിറ്റ്‌ലര്‍മാരുടെയും അവരുടെ വേട്ടനായ്ക്കളായിരുന്ന പൊലീസുദ്യോഗസ്ഥന്മാരുടെയും ഭീകരതകള്‍ക്ക് ശാസ്തമംഗലത്തെ 'ഹൊറര്‍ ഹൗസ്' ഒരു നടുക്കുന്ന സ്മാരകമായിത്തീരുന്നത് മലയാളികളുടെ രാഷ്ട്രീയഭാവിക്ക് നന്മചെയ്യും. ഒപ്പം അത് രാഷ്ട്രീയത്തിലെയും പൊലീസിലെയും ക്രിമിനലുകള്‍ക്കിരയായിട്ടുള്ള എല്ലാ മലയാളിപൗരന്മാര്‍ക്കുമുള്ള ഒരു സ്മാരകവും ആയിത്തീരട്ടെ.

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ നിര്‍ല്ലജ്ജവും നിര്‍ദയവുമായ അധികാരപ്രയോഗശൈലി അംഗീകരിച്ചുകഴിഞ്ഞ വ്യക്തികള്‍ക്കും അതിനെ മാന്യത അണിയിക്കുകയും മഹത്ത്വവത്കരിക്കുകയും ചെയ്യുന്ന മലയാളമാധ്യമങ്ങള്‍ക്കും ജോയിയുടെ ഈ ആവശ്യങ്ങള്‍ ഭ്രാന്തമെന്നും ബാലിശമെന്നും സ്വപ്നതുല്യമെന്നും തോന്നാം. കാരണം അത്രയ്ക്കുമാണ് അവര്‍ ജനാധിപത്യത്തെ തട്ടിയെടുത്ത ശക്തികളുടെ ലോകത്തില്‍ മുഴുകിയിരിക്കുന്നത്. പക്ഷേ, ജോയിയുടെ ആവശ്യങ്ങള്‍ വിരല്‍ചൂണ്ടുന്നത് രാഷ്ട്രീയപാര്‍ട്ടികളും അവയുടെ പിന്‍ശക്തികളും നമുക്ക് വെച്ചുനീട്ടിയിരിക്കുന്ന പ്രച്ഛന്ന ജനാധിപത്യം പോലും എത്രമാത്രം മരണാസന്നമാണ് എന്ന സത്യത്തിലേക്കാണ്.