തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്നിറങ്ങി എല്‍ഡിഎഫില്‍ അഭയംതേടാന്‍ ആഗ്രഹിക്കുന്ന ജോസ്.കെ മാണി അങ്ങനെ ഇടവേളയ്ക്ക് ശേഷം സിപിഎം-സിപിഐ പോര്‍മുഖത്തിന് വിഷയമാകുന്നു. തോമസ് ചാണ്ടിയുടെ രാജിയില്‍ കലാശിച്ച സിപിഐയുടെ അറ്റകൈ പ്രയോഗത്തിന് ശേഷം ജോസാണ് ഇപ്പോള്‍ പോരിന് പുതിയ വിഷയം. യുഡിഎഫ് ക്ഷീണിക്കണം, അതിന് ജോസിനെ എടുക്കണം- സിപിഎം ലൈന്‍ കൃത്യമാണ്.

മധ്യതിരുവതാംകൂറില്‍ പ്രത്യേകിച്ച് കോട്ടയത്ത് ജോസ് മുതല്‍ക്കൂട്ടാകുമെന്ന് സിപിഎം കരുതുന്നു. നിലവില്‍ മുന്നണിയില്‍ മൂന്നെണ്ണമുണ്ടെങ്കിലും ആ കേരള കോണ്‍ഗ്രസുകളുടെ കരുത്തില്‍ സിപിഎമ്മിന് തന്നെ അത്ര വിശ്വാസം പോര. അതാണ് ജോസിനെ സ്വീകരിക്കുന്നതിലൂടെ ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുവച്ച് സിപിഎം ശുഭസൂചന നല്‍കിയത്.  

പക്ഷേ, ജോസ് കെ. മാണിക്ക് എ.കെ.ജി സെന്ററിലേക്കുള്ള വഴിയില്‍ ഒറ്റ തടസ്സം കാനം മാത്രമാണ്. ജയരാജനും എളമരവും ജോസിന്റെ പാര്‍ട്ടിയുടെ ശക്തി അളക്കുമ്പോള്‍ നിസ്സാരവത്കരിക്കുക മാത്രമല്ല കിട്ടുന്ന അവസരത്തിലെല്ലാം പരിഹസിക്കാനും കാനം മടിക്കുന്നില്ല. ഇത് സാമൂഹിക അകലം പാലിക്കേണ്ട കാലമാണ് എന്ന് കാനം ഇന്ന് പറഞ്ഞത് ജോസിനെക്കുറിച്ചുതന്നെ. വൈറസാണെന്ന് പറഞ്ഞില്ലെങ്കിലും അതുതന്നെ മുന. 

കടുത്ത പിടിവാശിയിലാണ് കാനം. കോടിയേരി ചരിത്രം ഓര്‍മ്മിപ്പിച്ചപ്പോള്‍ ചരിത്രത്തില്‍ വിട്ടുപോയത് കൂടി ഓര്‍മ്മിപ്പിച്ചാണ് കാനം ഇന്ന് പ്രതികരണം നടത്തിയത്. ഒറ്റയ്ക്ക് നിന്നിട്ട് എന്തായി എന്ന കോടിയേരിയുടെ പരിഹാസത്തിന് അതേ നാണയത്തില്‍ ഇന്ന് മറുപടി നല്‍കിയതോടെ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുംപിടിത്തതിലാണ് കാനം. 

65-ല്‍ ഒറ്റയ്ക്ക് നിന്ന് 79 ഇടത്ത് മത്സരിച്ചിട്ട് സിപിഐക്ക് കിട്ടിയത് മൂന്ന് സീറ്റാണെന്ന് കോടിയേരി ഓര്‍മ്മിപ്പിച്ചത് സിപിഐക്കുള്ള വ്യക്തമായ മുന്നിയിപ്പായിരുന്നു. അന്ന് ഒറ്റയ്ക്കല്ല, മുസ്ലിം ലീഗുമായി ചേര്‍ന്നാണ് സിപിഎം മത്സരിച്ചത്. ആ ചരിത്രം കൂടി കോടിയേരി ഒന്നുകൂടി വായിക്കുന്നത് നന്നാകും എന്ന് കാനം പറഞ്ഞത് ലീഗുമായി കൂടിച്ചേര്‍ന്ന പാരമ്പര്യമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകകൂടിയായിരുന്നു. 

കാനം ഇന്ന് ഇതുകൂടി പറഞ്ഞു. രാജ്യസഭാംഗത്വം അടക്കം രാജിവച്ചാണ് യുഡിഎഫ് വിട്ട് വീരേന്ദ്രകുമാര്‍ പക്ഷം എല്‍ഡിഎഫില്‍ ചേര്‍ന്നത്. ജോസ് പക്ഷവും അതുപോലെ യുഡിഎഫിന്റെ ഭാഗമായി ജയിച്ച രണ്ട് എം.പി സ്ഥാനങ്ങള്‍ ഉപേക്ഷിക്കട്ടെ. മുന്നണിയിലെടുക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കാം എന്ന കാനത്തിന്റെ അഭിപ്രായവും ശ്രദ്ധേയമാണ്. യഥാര്‍ഥത്തില്‍ ജോസ് എല്‍ഡിഎഫില്‍ ചേരാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വമോ യുഡിഎഫോ ആവശ്യപ്പെടേണ്ട കാര്യമാണ് കാനം ഇന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വെളിയവും പിണറായിയും സെക്രട്ടറിമായിരിക്കുമ്പോള്‍ തുടങ്ങിയ വാക് പോര് കാനം തലപ്പത്തെത്തിയതോടെ നയങ്ങളുടെ പേരില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റേതാക്കി. 

2017 നവംബറില്‍ തോമസ് ചാണ്ടി പങ്കെടുത്തതിനാല്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. നിര്‍വാഹമില്ലാതെ ചാണ്ടി രാജിവച്ചതോടെ സിപിഐ ഗ്രാഫ് ഉയര്‍ത്തുകയും ചെയ്തു. പിന്നിട് എല്‍ദോ ഏബ്രഹാം എംഎല്‍എയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരിക്കാതിരുന്ന കാനം സ്പ്രിംക്ലര്‍ വിഷയത്തില്‍ പാര്‍ട്ടിയോ മന്ത്രിസഭയോ അറിഞ്ഞില്ല എന്ന പരാമര്‍ശത്തില്‍ ഒതുക്കി. അങ്ങനെ മൂന്നു വര്‍ഷത്തിന് ശേഷം കടുത്ത നിലപാടിലേക്ക് മടങ്ങുന്ന കാനം ലക്ഷ്യം വെക്കുന്നതെന്ത്?

ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ അവസാന ചോദ്യമിതായിരുന്നു 'ഇങ്ങനെയാണെങ്കില്‍ മുന്നണിക്ക് പുറത്തുപോകേണ്ടി വരില്ലെ സിപിഐക്ക്. ഇങ്ങനെ കടുപ്പിച്ച് കഴിഞ്ഞാല്‍?'. ഇല്ല അതുകൊണ്ട് കുഴപ്പമില്ലല്ലോ. മുന്നണി എല്ലാവര്‍ക്കും വേണ്ടിയല്ലേ എന്നുപറഞ്ഞാണ് കാനം നിര്‍ത്തിയത്. പറഞ്ഞതെല്ലാം മറന്ന് ഒടുവില്‍ ജോസിനെ സ്വീകരിക്കാന്‍ കാനം നിര്‍ബന്ധിതനാകേണ്ടി വരുമോ എന്നാണ് ഇനി അറിയാനുള്ളത്

content highlights: The CPM-CPI battle in the name of Jose k Mani