2014 ന്റെ തുടക്കം. ആന്ധ്രാവിഭജനം സാധ്യമാകുകയാണ്. ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന കൂടി രൂപവത്കരിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭ 2013 ഒക്ടോബര്‍ മൂന്നിന് എടുത്തതാണ്. രണ്ടിടത്തും സര്‍ക്കാര്‍ വേണം, തിരഞ്ഞെടുപ്പ് നടക്കണം. അതിനുള്ള ഒരുക്കങ്ങളാണ്. 2014 ഏപ്രില്‍ രണ്ടിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ മുപ്പതിനാണ് തിരഞ്ഞെടുപ്പ്. മെയ് 16ന് ഫലപ്രഖ്യാപനം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്ന സമയമാണ്. അതുകൊണ്ട് പ്രധാന്യത്തിനനുസരിച്ച ശ്രദ്ധയൊന്നും ആന്ധ്രാ തിരഞ്ഞെടുപ്പിന് കിട്ടിയില്ല. പക്ഷേ പോരാട്ടം കടുത്തതായിരുന്നു. 

ഭരണകക്ഷിയായ കോണ്‍ഗ്രസ്, മരണപ്പെട്ട മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലുങ്കുദേശം പാര്‍ട്ടിയുടെ അമരത്തിരുന്ന് എന്‍ ഡി എയെ നയിച്ച് ചന്ദ്രശേഖര റാവു- കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി. പിന്നെ ഇടതു പാര്‍ട്ടികള്‍. കനത്ത മത്സരം നടന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസ് നിലം തൊട്ടില്ല. 119 സീറ്റുള്ള തെലുങ്കാനയില്‍ 63 സീറ്റുമായി തെലുങ്കാന രാഷ്ട്രസമിതി അധികാരത്തിലെത്തി. കോണ്‍ഗ്രസിന് 21, തെലുങ്കുദേശം പാര്‍ട്ടിക്ക് 15, അസദുദ്ദിന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മിന്‌ ഏഴ്, ബി ജെ പി  അഞ്ചും വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മൂന്നും സീറ്റുകള്‍, ബി എസ് പിക്ക് രണ്ട്. സി പി ഐയും സി പി എമ്മും ഒന്ന്. ഒരു സ്വതന്ത്രനും. 

അപ്പുറത്ത് ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ പൊടിപോലുമില്ലായിരുന്നു. മത്സരിച്ച സീറ്റുകളിലെല്ലാം തോറ്റു. 175ല്‍ 103 സീറ്റ് നേടി തെലുങ്കുദേശം പാര്‍ട്ടി അധികാരത്തിലേറി. കോണ്‍ഗ്രസ് വോട്ടുകള്‍ തൂത്തുവാരിയ ജഗന്‍മോഹന്‍ റെഡ്ഡി 66 സീറ്റുകളുമായി കരുത്തുകാട്ടി. ബി ജെ പി നാല്. ഒരു സീറ്റു വീതം നവോദയം പാര്‍ട്ടിയും സ്വതന്ത്രനും നേടി. 

ഇതായിരുന്നു ചിത്രം. തെലങ്കാനയില്‍ പക്ഷേ ചിത്രം അങ്ങനെ നിന്നില്ല. മറ്റു പാര്‍ട്ടികളില്‍നിന്ന്  27 എം എല്‍ എമാരെയാണ് നാലു വര്‍ഷവും നാലുമാസവും നീണ്ട ഭരണകാലയളവിനുള്ളില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തെലങ്കാന രാഷ്ട്ര സമിതിയിലേക്ക് എത്തിച്ചത്. എട്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ കാലുമാറി. അതില്‍ ഏഴുപേര്‍ ടി ആര്‍ എസിലേക്കും ഒരാള്‍ ടി ഡി പിയിലേക്കും പോയി. ടി ഡി പിയില്‍നിന്ന് 13 പേര്‍ ടി ആര്‍ എസിലെത്തി. വൈ എസ് ആര്‍ കോണ്‍ഗ്രസിന് ആകെയുണ്ടായിരുന്ന മൂന്ന് എം എല്‍ എമാരും പോയി.

മക്കള്‍ രാഷ്ട്രീയവും ജനപ്രിയ പ്രഖ്യാപനങ്ങളും പ്രചാരണ പ്രവര്‍ത്തനങ്ങളുമൊക്കെയായി ചന്ദ്രശേഖര റാവു തെലങ്കാനയെ നയിച്ചു. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ശക്തമായി എന്ന തോന്നലുണ്ടാക്കും വിധം സംസ്ഥാന രാഷ്ട്രീയത്തില്‍ സക്രിയമായി ഇടപെട്ടു.

അതിനിടെ മകന്‍ കെ.ടി രാമറാവുവിനെ മന്ത്രിസഭയിലെ രണ്ടാമനാക്കി വളര്‍ത്തിയിരുന്നു. മകള്‍ കവിതയെ കേന്ദ്രത്തിലേക്കും അയച്ചു. സാഹചര്യങ്ങളെല്ലാം ഒത്തുവന്നു. പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വളര്‍ന്നിട്ടുണ്ട് ചന്ദ്രശേഖരറാവു. ഭരണാനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 

1
തെലങ്കാന മന്ത്രിസഭ
പിരിച്ചുവിട്ടുകൊണ്ടുള്ള
ഗവര്‍ണറുടെ ഉത്തരവ്‌

സെപ്റ്റംബര്‍ ആറ്- തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. മന്ത്രിസഭ പിരിച്ചുവിട്ട ഗവര്‍ണര്‍ കാവല്‍ മുഖ്യമന്ത്രിയായി ചന്ദ്രശേഖരറാവുവിനോട് തുടരാന്‍ ആവശ്യപ്പെട്ടു. അന്നുച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട കെ ചന്ദ്രശേഖരറാവു 119ല്‍ 105 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

ഒഴിവാക്കിയിട്ട 14 മണ്ഡലങ്ങളുടെ സ്വഭാവം ചന്ദ്രശേഖരറാവുവിന്റെ മനസ്സിലിരിപ്പ് വെളിപ്പെടുത്തുന്നു. ബി ജെ പിയുടെ അഞ്ച് സിറ്റിങ് സീറ്റുകളിലും അസദുദ്ദിന്‍ ഒവൈസിയുടെ എ ഐ എം ഐ എം പാര്‍ട്ടിയുടെ ഏഴ് സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. മറ്റിടങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. മന്ത്രിസഭ പിരിച്ചു വിടാനുള്ള തീരുമാനമെടുത്തതിന് തൊട്ടു മുമ്പുപോലും ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തിയ ചന്ദ്രശേഖര റാവു വീണ്ടും ഭരണത്തിലേറുമെന്ന് ഉറപ്പു പറയുന്നുണ്ട്.

അസദുദ്ദിന്‍ ഒവൈസിയുടെ പാര്‍ട്ടിയുമായി സൗഹൃദത്തിലായിരിക്കും എന്ന പ്രഖ്യാപനമാണ് വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രശേഖര റാവു പറഞ്ഞത്. ബി ജെ പിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് ടി ആര്‍ എസ് മതേതര പാര്‍ട്ടിയാണ് എന്ന മറുപടി മാത്രം നല്‍കി. എന്നാല്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. ഇന്ത്യകണ്ട ഏറ്റവും വലിയ കോമാളിയാണ് രാഹുല്‍ ഗാന്ധിയെന്ന് പരിഹസിച്ചു. മൈതാനത്തിറങ്ങി തിരഞ്ഞെടുപ്പിനെ നേരിടൂ, ജനം മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.

തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതിരെ കോണ്‍ഗ്രസ് കോടതിയെയും തിരഞ്ഞെടുപ്പ കമ്മീഷനെയും സമീപിക്കും എന്ന കോണ്‍ഗ്രസ് നിലപാടാണ് ചന്ദ്രശേഖര റാവുവിനെ ചൊടിപ്പിച്ചത്. ഡല്‍ഹിപ്പാര്‍ട്ടികളുടെ അടിമകളാകരുതെന്ന് തെലങ്കാനയെ ഓര്‍മിപ്പിച്ചാണ് പിറ്റേദിവസം മുതല്‍ റാവു പ്രചാരണം ആരംഭിച്ചത്. 

തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള തന്ത്രം

രണ്ട് കാര്യങ്ങളാണ്. ഒന്ന്, നിലവിലുള്ള ഭരണാനുകൂല വികാരം പരമാവധി ഉപയോഗപ്പെടുത്തി വീണ്ടും ഭരണത്തിലേറുക. അങ്ങനെയെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരമാവധി ശ്രദ്ധചെലുത്തി തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളിലും വിജയിച്ച് കയറുക. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം മകന്‍ കെടി രാമറാവുവിന് നല്‍കി ചന്ദ്രശേഖര റാവുവിന് ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാം.

മറ്റൊരു കാര്യം പ്രചരണവുമായി ബന്ധപ്പെട്ടതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് സാധാരണഗതിയില്‍ തെലങ്കാനയിലെ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. രാജ്യം മുഴുവന്‍ മോദിയേയും രാഹുല്‍ ഗാന്ധിയേയും രണ്ടു വശത്ത് നിര്‍ത്തി പ്രചാരണ കോലാഹലങ്ങള്‍ നടക്കുന്നതിനിടയില്‍ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യം മാധ്യമങ്ങള്‍ ഉള്‍പ്പെടെ നല്‍കില്ല എന്നതാണ് ചന്ദ്രശേഖര റാവുവിന്റെ വിലയിരുത്തല്‍.

ദേശീയ നേതാവായി വളരാന്‍ ആഗ്രഹിക്കുന്ന റാവു അക്കാരണംകൊണ്ടു തന്നെ രണ്ടാം അധികാരാരോഹണവും ഇന്ത്യ ഉറ്റുനോക്കണം എന്ന് താല്‍പര്യപ്പെടുന്നു. ഇക്കാരണങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് തീരുമാനം എടുപ്പിച്ചു.

സഖ്യചര്‍ച്ചകള്‍

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി ഒറ്റയ്ക്ക് മത്സരിക്കും എന്നാണ് പ്രഖ്യാപിച്ചത്. അസദുദ്ദിന്‍ ഒവൈസിയുടെ പാര്‍ട്ടിയുമായി സൗഹൃദമെന്നും പറഞ്ഞു. ചിലയിടങ്ങളില്‍ ടി ആര്‍ എസ് ബി ജെ പിയുമായി നീക്കുപോക്കുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിന്റെ സൂചനയാണ് ബിജെപിയുടെ സിറ്റിങ് സീറ്റുകളില്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്തതിലൂടെ നല്‍കുന്നത്. നിയമസഭയില്‍ പരമാവധി സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. 

മഹാസഖ്യമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ടി ഡി പിയും സി പി ഐയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പരസ്പരം സഹകരിക്കാം എന്ന ധാരണയിലേക്ക് മൂന്ന് പാര്‍ട്ടികളും എത്തിയിട്ടുണ്ട്. സീറ്റ് വിഭജന ചര്‍ച്ചയില്‍ തട്ടിനില്‍ക്കുകയാണ് അന്തിമ പ്രഖ്യാപനം. ആകെയുള്ള 119ല്‍ 90 സീറ്റ് വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

ടി ഡി പിക്ക് പതിനഞ്ചും ബാക്കി കക്ഷികള്‍ക്ക് പതിന്നാലും എന്നതാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഫോര്‍മുല. എന്നാല്‍ കഴിഞ്ഞ തവണ വിജയിച്ചതും രണ്ടാമതെത്തിയതും ഉള്‍പ്പെടെ 25 സീറ്റ് വേണമെന്ന് ടി ഡി പി ആവശ്യപ്പെടുന്നുണ്ട്. സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് ടിഡിപിക്കായി ചന്ദ്രബാബു നായിഡു എത്തുന്നതോടെ തീരുമാനമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

സഖ്യം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാവ് ഉത്തം കുമാര്‍ റെഡ്ഡി, ടി ഡി പിയുടെ എല്‍ രമണ, സി പി ഐയില്‍നിന്ന് സി എച്ച് വെങ്കിട്ടറാവു എന്നിവര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തോട് സഹകരിക്കുന്ന കാര്യത്തില്‍ സി പി എമ്മിന് വലിയ താല്‍പര്യമില്ല.

പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിച്ച രേഖ പ്രകാരം കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുണ്ടാക്കാന്‍ കഴിയില്ല എന്നതാണ് പ്രശ്നം. അക്കാര്യത്തില്‍ കേന്ദ്രനേതൃത്വവുമായുള്‍പ്പെടെ ചര്‍ച്ച നടത്തിയ സേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സി പി എമ്മുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം. റെഡ്ഡി,പട്ടികവര്‍ഗം,ന്യൂനപക്ഷ വിഭാഗങ്ങളില്‍ കോണ്‍ഗ്രസിന് ഇപ്പോഴും സ്വാധീനമുണ്ട്.

ടി ഡി പി വഴി ഒ ബി സി വിഭാഗത്തെ കൂടെക്കൂട്ടാം. നല്‍ഗോണ്ട, ഖമ്മം, വാറങ്കല്‍ മേഖലകളില്‍ ഇടതു പാര്‍ട്ടികള്‍ക്കും സ്വാധീനമുണ്ട്. ഇതെല്ലാം ചേര്‍ന്നാല്‍ മഹാസഖ്യം വിജയത്തേരേറുമെന്ന വലിയ പ്രതീക്ഷയാണ് തെലങ്കാനയിലെ കോണ്‍ഗ്രസിന്. തെലങ്കാനയിലെ മികച്ച പ്രകടനം പോലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ ഊര്‍ജ്ജം നല്‍കും കോണ്‍ഗ്രസിന്. 

ബി ജെ പി ഒറ്റയ്ക്കാവും മത്സരിക്കുകയെങ്കിലും ടി ആര്‍ എസുമായി ചില നീക്കുപോക്കുകള്‍ നടത്താനിടയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടപെടലാവും നടത്തുക.
അസദുദ്ദിന്‍ ഒവൈസി നയിക്കുന്ന എഐഎംഐഎം ആദ്യഘട്ടം എന്ന നിലയില്‍ ഒമ്പത് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒറ്റയ്ക്ക് മത്സരിക്കുന്ന പാര്‍ടി ടി ആര്‍ എസുമായി സഹകരണ മനോഭാവത്തിലാണ്. 

ജില്ലകള്‍-ബലാബലം

കഴിഞ്ഞ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍  പത്ത് ജില്ലകളാണ് തെലങ്കാനയില്‍ ഉണ്ടായിരുന്നത്. കണക്കുകള്‍ പ്രകാരം അഞ്ചിടത്തും വലിയ ഭൂരിപക്ഷം ഭരണകക്ഷിയായ തെലങ്കാന രാഷ്ട സമിതിക്കുണ്ട്. നിസാമാബാദിലെ ആകെയുള്ള ഒമ്പത് സീറ്റ്, മേദക്കിലെ പത്തില്‍ ഒമ്പത്, അഡിലബാദിലെ പത്തില്‍ പത്ത്, വാറങ്കലില്‍ പന്ത്രണ്ടില്‍ പതിനൊന്ന്, ഖമ്മത്ത് പത്തില്‍ എഴ് എന്നിങ്ങനെ ടി ആര്‍ എസ് എം എല്‍ എമാരാണ്. മെഹ്ബൂബനഗറിലും നല്‍ഗോണ്ടയിലും കോണ്‍ഗ്രസിന് സ്വാധീനമുണ്ട്. തലസ്ഥാന നഗരിയായ ഹൈദരാബാദില്‍ അസദുദ്ദിന്‍ ഒവൈസിയുടെ എഐഎംഐഎം ഏഴു സീറ്റുമായി മുന്നിലാണ്. ഇവിടെ ബി ജെ പിക്ക് നാലു സീറ്റുണ്ട്. ടി.ആര്‍.എസ്. അധികാരത്തിലെത്തിയതോടെ പുതിയ ജില്ലകള്‍ക്ക് രൂപം നല്‍കിയിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ 31 ജില്ലകളുണ്ട്.

 

കാത്തിരിപ്പ് പ്രഖ്യാപനത്തിനായി

കേന്ദ്ര തിരഞ്ഞെടപ്പു കമ്മിഷന്റെ പ്രത്യേകസഘം തെലങ്കാനയില്‍ എത്തിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകളും വിവരശേഖരണവും നടക്കുന്നു. മറ്റ് നാല് സംസ്ഥാനങ്ങളില്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന് താല്‍പര്യക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും ജനുവരി ആദ്യത്തിന് മുന്‍പ് തിരഞ്ഞെടുപ്പ് നടക്കും എന്ന പ്രതീക്ഷയാണ് തെലങ്കാന രാഷ്ട്രസമിതിക്കുള്ളത്. 

content highlights: Telengana election K Chandrasekhara rao