ആഘോഷത്തിന് അവകാശമില്ലാത്ത വീഴ്ചകളുടെയും കോട്ടങ്ങളുടെയും ഒരു വര്‍ഷമാണ് പിണറായി സര്‍ക്കാര്‍ പിന്നിടുന്നത്. 'അധികാരത്തില്‍വന്നാല്‍ എല്ലാം ശരിയാക്കും' എന്ന പരസ്യപ്പലകകള്‍ മഴയും വെയിലുമേറ്റ് നിറംമങ്ങിയപ്പോള്‍ ജനമനസ്സില്‍ ഉയര്‍ന്നത് 'ഒന്നും ശരിയാക്കാത്ത ഭരണം' എന്ന ചിന്തയാണ്.

നവകേരളം സ്വപ്നംകണ്ട പിണറായി വിജയന്‍ ഒരു വര്‍ഷംകൊണ്ട് ജനങ്ങള്‍ക്ക് നല്‍കിയത് 'നിരാശകേരള'മാണ്. മുഖ്യമന്ത്രിയും ഇടതുമുന്നണിയും നിരത്തുന്ന നേട്ടങ്ങളുടെ പട്ടിക ഊതിവീര്‍പ്പിച്ചതും നിറംപിടിപ്പിച്ചതുമാണ്. ഭരണമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ.യുടെ സെക്രട്ടറി കാനം രാജേന്ദ്രന്റെയും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെയും ഒരു വര്‍ഷത്തെ പ്രസ്താവനകള്‍ കൂട്ടിക്കെട്ടിയാല്‍ എല്‍.ഡി.എഫ്. ഭരണത്തിന്റെ കോട്ടങ്ങളുടെ യഥാര്‍ഥപട്ടികയാവും.

ഭരണമുന്നണിയിലെ അപ്രഖ്യാപിത പ്രതിപക്ഷനേതാക്കളായ അവരുടെ വാക്കുകളിലൂടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ അനൈക്യത്തിന്റെയും ഛിദ്രത്തിന്റെയും യഥാര്‍ഥചിത്രം തെളിയും.