വീഴ്ച പറ്റി എന്നത് പിണറായി സര്‍ക്കാരിന്റെ ടാഗ് ലൈനായി മാറി. പിണറായി വിജയന്‍ അധികാരമേറ്റതിനുശേഷം കേരളം ക്രിമിനലുകളുടെ താവളമായി. വെറും എട്ടു മാസം കൊണ്ട് തന്നെ 1.75 ലക്ഷം ക്രിമിനല്‍ കേസുകളുണ്ടായി. 19 രാഷ്ട്രീയ എതിരാളികളെയാണ് ഇക്കാലയളവില്‍  കൊന്നു തള്ളിയത്.  കണ്ണൂരില്‍ സമാധാനം ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കിന് അത് അച്ചടിച്ച കടലാസിന്റെ വിലപോലുമില്ലെന്ന് തെളിഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍,  ബാല, സ്ത്രീ പീഡനക്കേസുകള്‍, ദളിത് പീഡനക്കേസുകള്‍ എന്നിവ ക്രമാതീതമായി ഉയര്‍ന്നു. സ്വാശ്രയ നയത്തിന്റെ രക്തസാക്ഷിയായ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് ഉണ്ടായ ദുരവസ്ഥ മാത്രം മതി പിണറായി ഭരണത്തെ വിലയിരുത്താന്‍. 

ഇതേ സമീപനമാണ് ഇടുക്കി ജില്ലയിലെ കൈയേറ്റത്തെ സംബന്ധിച്ചും മുഖ്യമന്ത്രിക്കുള്ളത്. കൈയേറ്റം ഒഴിപ്പിക്കല്‍ ഇടതു മുന്നണി നയമാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെയാണ് അതിന് തയ്യാറാകുന്ന ഉദ്യോഗസ്ഥരെ ശാരീരികമായി ഇല്ലാതാക്കാന്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നതും. ഒരു വര്‍ഷത്തിനിടയില്‍ രണ്ടു മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടി വന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏത് തരത്തിലാണ് മുന്നേറുന്നത് എന്നതിന്റെ ഉദാഹരണമാണ്.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ട് ഉപയോഗപ്പെടുത്തുകയും കേന്ദ്ര സര്‍ക്കാരിനെ ആക്ഷേപിക്കുകയും ചെയ്യുക എന്ന വിചിത്രമായ നടപടിയാണ് കേരള സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.  കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ പദ്ധതികള്‍ മോദി വിരോധത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍  അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അമൃത് പദ്ധതി, സൗജന്യ ഭവന നിര്‍മാണ പദ്ധതി, മുദ്രാ വായ്പ എന്നിവയുടെ പ്രയോജനം സാധാരണക്കാര്‍ക്ക് കിട്ടാതിരിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണ്. ഏറ്റവുമൊടുവില്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കാനുള്ള നീക്കവും നാം കണ്ടതാണ്.