പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങളെയും മത്സ്യത്തൊഴിലാളികളെയും കയര്‍, കൈത്തറി, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായമേഖലയിലെ തൊഴിലാളികളെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തെ നേട്ടങ്ങളില്‍ സുപ്രധാനം.സാമൂഹികനീതിയിലധിഷ്ഠിതമായതും സര്‍വതലസ്പര്‍ശിയുമായ സമഗ്രവികസനത്തിനാണ് സര്‍ക്കാര്‍ ഇതിലൂടെ തുടക്കമിട്ടത്.

1957-ലെ ഇ.എം.എസ്. സര്‍ക്കാര്‍മുതല്‍ 2006-ലെ വി.എസ്. സര്‍ക്കാര്‍വരെയുള്ള ആറ് എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ സ്വീകരിച്ച ഭരണനടപടികളുടെ തുടര്‍ച്ചയാണ് പിണറായി സര്‍ക്കാരും സ്വീകരിക്കുന്നത്.

ഭൂപരിഷ്‌കരണം, അധികാരവികേന്ദ്രീകരണം, സമ്പൂര്‍ണസാക്ഷരത, സ്ത്രീപദവി ഉയര്‍ത്താനുള്ള വിവിധ നടപടികള്‍, കുടുംബശ്രീ തുടങ്ങിയവയൊക്കെയാണ് മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരുകളുടെ ശ്രദ്ധേയമായ നേട്ടങ്ങള്‍.  വായ്പതിരിച്ചടവിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 900 കോടി രൂപയുടെ പദ്ധതി, എല്ലാ വിദ്യാലയങ്ങളിലും മലയാളം പാഠ്യവിഷയമാക്കാന്‍ നിയമം, കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനം എന്നിവ സര്‍ക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്നു. കണ്ണൂര്‍ ജില്ലയില്‍ ഇരുഭാഗത്തുനിന്നും ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ 34 ആക്രമണങ്ങളാണുണ്ടായത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രാമന്തളിയില്‍ കൊല്ലപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവവും ഇതിനെത്തുടര്‍ന്നുണ്ടായി. ഇടതുമുന്നണിയിലെ മുഖ്യകക്ഷികളായ സി.പി.എമ്മും സി.പി.ഐ.യും തമ്മില്‍ ചില പ്രശ്‌നങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നത് വാസ്തവമാണെങ്കിലും അതൊന്നും സര്‍ക്കാരിനെ ബാധിച്ചിട്ടില്ല.