തിരുവനന്തപുരം: താന്‍ കണ്ടതില്‍ ഏറ്റവും കഴിവുകെട്ട സര്‍ക്കാറാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ഒരു പ്രശ്നത്തിനും പരിഹാരമുണ്ടാക്കാനോ വികസന പ്രശ്നങ്ങളില്‍ തന്റേടം കാട്ടാനോ കഴിവില്ലാത്ത നാണംകെട്ട സര്‍ക്കാറാണെന്നും പിണറായി വിജയനിലുണ്ടായിരുന്ന പ്രതീക്ഷ അസ്ഥാനത്തായെന്നും അദ്ദേഹം പ്രതികരിച്ചു. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യവര്‍ഷത്തെ വിലയിരുത്തി മാതൃഭൂമി.കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ ഒരു മുന്നണിയിലും പെടാത്ത ഏക എം.എല്‍.എയാണ് പിസി.

ഉമ്മന്‍ചാണ്ടിയുടെ തുടര്‍ച്ചയായ ഭരണമല്ലാതെ ഒന്നും നടക്കാത്തതില്‍ വലിയ ദുഖമുണ്ട്. ഉദ്യോഗസ്ഥരെപ്പോലും നിലയ്ക്കു നിര്‍ത്താനാകുന്നില്ല. ഭരിക്കുന്ന കക്ഷികള്‍ തമ്മില്‍ യോജിപ്പില്ല. വികസനകാര്യത്തില്‍ ഏക പ്രതീക്ഷ തോമസ് ഐസക്ക് മാത്രമാണ്. കിഫ്ബി അലമ്പാണെന്ന് എല്ലാരും പറഞ്ഞാലും ഐസക്കത് പ്രാവര്‍ത്തികമാക്കുമാണെന്നാണ് തന്റെ പ്രതീക്ഷ. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും പി.സി പറഞ്ഞു.

ആരോഗ്യവകുപ്പാണ് ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നത്. കേരളം മുഴുവന്‍ പനിയാണ്. മരുന്നു കമ്പനികള്‍ വൈറസുകളെ ഇവിടെക്കൊണ്ട് ഇന്‍ജെക്ട് ചെയ്യുന്നതാണോ എന്നും പോലും സംശയമുണ്ട്. ഇതൊന്നും പരിശോധിക്കാന്‍ ഒരു മാര്‍ഗവുമില്ല.

ക്രമസമാധാന പാലനവും നിയന്ത്രണമില്ലാത്ത അവസ്ഥയിലാണ്. മുഖ്യമന്ത്രിയുടെ ജില്ലയില്‍ പോലും രാഷ്ട്രീയ കൊലപാതകം നടക്കുന്നത് എത്രയോ അപമാനകരമാണ്. പിണറായി അറിയാതെയോ പാര്‍ട്ടി നേതാക്കളുടെ നിര്‍ദ്ദേശമില്ലാതെയോ കൊലപാതകം നടക്കുമെന്ന് താന്‍ വിശ്വസിക്കില്ല.

ഒരു കൊല്ലമായിട്ടും മദ്യനയം പ്രഖ്യാപിച്ചിട്ടില്ല. നാടെങ്ങും പടരുന്ന മയക്കുമരുന്നുമാഫിയയുടെ പിടിയിലാണ്. ഇതിന് പരിഹാരമായി ബിവറേജസ് ഔട്ട്ലെറ്റുകള്‍ പൂട്ടി മുഴുവന്‍ ബാറും തുറന്നു കൊടുക്കണമെന്നാണ് തന്റെ അഭിപ്രായം. അതിലൂടെ മദ്യത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാന്‍ നമുക്കാകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ രക്ഷിക്കാന്‍ നടപ്പാക്കേണ്ട പദ്ധതിയായ ആതിരപ്പിള്ളി ആരുടെ എതിര്‍പ്പും മറികടന്ന് ജനാഭിപ്രായം കണക്കിലെടുത്ത് നടപ്പാക്കേണ്ടതാണ്. മുഖ്യമന്ത്രി അക്കാര്യത്തില്‍ തന്റേടം കാട്ടണം. ബോദ്ധ്യപ്പെടുത്തിയാല്‍ കാനം രാജേന്ദ്രന്‍ പോലും പദ്ധതിയ്ക്കൊപ്പം നില്‍ക്കും. ഒരു ചര്‍ച്ചയ്ക്കുള്ള വേദിയൊരുക്കേണ്ടതിന് പകരം ഇട്ടിട്ട് ഓടുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

യു.ഡി.എഫ് സര്‍ക്കാര്‍ രോഗികള്‍ക്ക് ധനസഹായം സമയത്ത് നല്‍കാന്‍ ശ്രമിച്ചിരുന്നു. ഇപ്പോഴതു നടക്കുന്നില്ലെന്നതാണ് കഴിഞ്ഞ സര്‍ക്കാറുമായുള്ള വ്യത്യാസം. ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനത്തില്‍ അല്‍പം കൂടി വേഗതയുണ്ടായിരുന്നു. ഇത് അനങ്ങാത്ത പോക്കാണ്.

വ്യക്തിപരമായി പിണറായിയോട് തനിക്ക് സ്നേഹമുണ്ട്. സത്യസന്ധനും നീതിമാനുമാണ് അദ്ദേഹം. ഒരു വാക്കു പറഞ്ഞാല്‍ ലോകം ഇടിഞ്ഞുവീണാലും അദ്ദേഹം മാറില്ല. ആ നന്മയുള്ള പിണറായിക്ക് എന്തു പറ്റിയെന്നാണ് അത്ഭുതപ്പെടുന്നത്. പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര സഹകരണം കിട്ടുന്നില്ലെന്നാണ് തോന്നുന്നത്.

ഇത്രയും ഭൂരിപക്ഷത്തോടെ വന്ന സര്‍ക്കാറിന്റെ പ്രവര്‍ത്തനം മാറാനുണ്ട്. ഇതുവരെ പരാജയമാണ്. വരുംകാല പ്രവര്‍ത്തനത്തിലും പ്രതീക്ഷയ്ക്ക് വകയില്ലെന്നാണ് തോന്നുന്നത് -പി.സി ജോര്‍ജ് പറഞ്ഞു.