തിരുവനന്തപുരം:   കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന യൂത്ത്‌കോണ്‍ഗ്രസിന്റെ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 365 ദിസങ്ങള്‍ കൊണ്ട് 300 കൊലപാതകങ്ങള്‍ 18 രാഷ്ട്രീയ കൊലപാതകങ്ങള്‍, 3742 സംഘര്‍ഷങ്ങള്‍ അക്രമങ്ങള്‍.. അതാണ് കേരളത്തിലെ ജനങ്ങള്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടുവയസുമുതല്‍ 92 വയസുവരെയുള്ള സ്ത്രീകള്‍ ഇവിടെ പീഡിപ്പിക്കപ്പെടുന്നു. പാവങ്ങള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയുണ്ടാകുന്നു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍  വര്‍ധിച്ചുവരുന്നു. ക്രമസമാധാന നില ഇതുപോലെ തകര്‍ന്ന കാലഘട്ടം കേരളത്തില്‍ ഉണ്ടാകില്ല. ഇവിടെ നിയമം കൈയിലെടുക്കുന്നത് സിപിഎം പ്രവര്‍ത്തകരാണ്. പാര്‍ട്ടി നേതാക്കളുടെ സെല്‍ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ഇതെല്ലാം കണ്ടുകൊണ്ട് മാധവരായരുടെ പ്രതിമ പോലെ പിണറായി വിജയന്‍ സെക്രട്ടേറിയറ്റിനുള്ളിലിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

യുവാക്കള്‍ക്ക് തൊഴില്‍ കൊടുക്കാമെന്ന് പറഞ്ഞിട്ട് അവര്‍ക്ക് തൊഴില്‍ നല്‍കാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എല്ലാവരെയും പീഡിപ്പിക്കുന്ന ഒരു കാലഘട്ടമാണിതെന്നും  യാതൊരു തരത്തിലുമുള്ള ചലനങ്ങളുമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിലെ ജനങ്ങള്‍ക്ക് എന്ത് നേട്ടമുണ്ടാക്കി കൊടുക്കാന്‍ കഴിഞ്ഞു എന്നുചോദിച്ചാല്‍ ഒന്നുമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.  എല്ലാ ദിവസവും രണ്ടുസെമിനാര്‍ വീതം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയാണ്. സെമിനാര്‍ നടത്തിയാല്‍ കേരളത്തിന് ഗുണമുണ്ടാകുമോ. കേരളത്തിലെ ജനങ്ങളെ പട്ടിണിയിലേക്കും തൊഴിലില്ലായ്മയിലേക്കും തള്ളിവിട്ട സര്‍ക്കാരാണിത്. ഉപദേശികളുടെ സര്‍ക്കാരാണിതെന്നും ഉപദേശകന്‍മാരെ തട്ടിയിട്ട് സെക്രട്ടറിയേറ്റില്‍ കൂടി നടക്കാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് വേതനം കൊടുക്കുന്നില്ല. റേഷന്‍ കടയില്‍ പോയാല്‍ സാധനങ്ങള്‍ കിട്ടുന്നല്ല. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്നു. എല്ലാത്തരത്തിലും ജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണിതെ്‌നും വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ പാലിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.