തിരുവനന്തപുരം: കൊടിയ അഴിമതികളില്‍ മനംനൊന്ത ജനത എല്ലാം ശരിയാക്കാന്‍ ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയതു മാത്രമായിരുന്നില്ല 2016ലെ സുപ്രധാന തിരഞ്ഞെടുപ്പ് സംഭവം. വാഴില്ലെന്ന സര്‍വരുടെയും ധാരണ തിരുത്തി തിരുവനന്തപുരത്ത് നേമം മണ്ഡലത്തില്‍ ബി.ജെ.പി ആദ്യമായി വെന്നിക്കൊടി പാറിച്ചതുമാണ്. സംസ്ഥാനത്തെ ആദ്യ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ എല്‍.ഡി.എഫ് ഭരണത്തെ വിലയിരുത്തുന്നു. ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാറാകും കേരളത്തിലേതെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. അഭിമുഖത്തിലേക്ക്:

പിണറായി സര്‍ക്കാറിന്റെ ആദ്യവര്‍ഷം എങ്ങനെയുണ്ടായിരുന്നു?

സര്‍ക്കാറിനെ സംബന്ധിച്ച് ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എല്ലാം ശരിയാക്കുമെന്നൊക്കെയായിരുന്നല്ലോ വാഗ്ദാനങ്ങള്‍. പക്ഷേ, എല്ലാ രംഗത്തും സര്‍ക്കാര്‍ പരാജയമായിരുന്നു. പരാജയത്തില്‍ ഏറ്റവും മുന്നില്‍ ജനങ്ങള്‍ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന ക്രമസമാധാന പാലനമാണ്. ജനങ്ങളുടെ നന്മ മറന്ന് പാര്‍ട്ടിക്കായി മാത്രം നിലകൊള്ളുന്നതായി സര്‍ക്കാര്‍ മാറിയെന്നുള്ളതാണ് അടിസ്ഥാന കാരണം. സര്‍വ്വത്ര അതിന്റെ ഇംപാക്ടുണ്ട്.

മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ നാല് ബി.ജെ.പി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. മുപ്പതോളം രാഷ്ട്രീയ കൊലപാതകങ്ങളാണ് ഒരു കൊല്ലം നടന്നത്. സ്ത്രീകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമാണ് ഏറെ വില കൊടുക്കേണ്ടി വന്നത്. ഈ രംഗത്തൊക്കെ വലിയ പരാജയമാണ്.

സര്‍ക്കാര്‍ അധികാരത്തിലേറി കുറഞ്ഞ കാലത്തിനുള്ളില്‍ രണ്ടു മന്ത്രിമാര്‍ക്ക് രാജിവയ്ക്കേണ്ടി വന്നത് റെക്കോഡാണ്. ഒരു കൊലക്കേസ് പ്രതിക്ക് വരെ മന്ത്രിയാകേണ്ട ഗതികേട് വന്നു. ഈ സാഹചര്യങ്ങളൊക്കെ സര്‍ക്കാറിന്റെ സ്വഭാവത്തെ വിളിച്ചു പറയുന്നതാണ്. പാര്‍ട്ടി സഖാക്കള്‍ നിയമം കൈയ്യിലെടുത്ത് ഭരിക്കുന്ന സാഹചര്യമാണുള്ളത്. മറ്റു വിഭാഗങ്ങളെ സംബന്ധിച്ച് ഒരു അരക്ഷിത ബോധം ഉണ്ടാക്കാനേ ഈ സാഹചര്യം സഹായിക്കുകയുള്ളൂ. എല്ലാവര്‍ക്കും ഭരണഘടനാപരമായി നീതി ഉറപ്പാക്കേണ്ട സര്‍ക്കാറാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് വ്യാപക അസംതൃപ്തിയാണുള്ളത്.

O Rajagopal

മുന്‍ സര്‍ക്കാറുമായി താരതമ്യത്തിനുള്ള സമയമായോ?

യു.ഡി.എഫ് സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ വന്‍ റെക്കോഡാണിട്ടത്. രാഷ്ട്രീയ പ്രീണനത്തിലും. അതില്‍ നിന്നും വ്യത്യാസമുണ്ട്. അതു നല്ല കാര്യമാണ്.

ഇവിടെ സാമ്പത്തിക അഴിമതിയല്ല. രാഷ്ട്രീയ അഴിമതിയാണ് നടക്കുന്നത്. സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി യുവാക്കളെ അഴിച്ചുവിട്ട് അഴിഞ്ഞാട്ടം നടത്തുകയാണിപ്പോള്‍.

 ബി.ജെ.പിയുടെ ആദ്യ എം.എല്‍.എ എന്ന രീതിയിലുള്ള പ്രതീക്ഷ നിലനിര്‍ത്താനായോ?

ഒറ്റയ്ക്കായതിനാല്‍ തന്നെ പിന്തുണയില്ലാത്തതും പാര്‍ട്ടിക്ക് നിയമസഭാ പരിചയമില്ലാത്തതും പരിമിതികളാണ്. പാര്‍ലമെന്ററി ശീലമുള്ള, പ്രവര്‍ത്തനങ്ങളറിയുന്ന പ്രവര്‍ത്തകരുടെ അഭാവമുണ്ട്. അതിനാല്‍ തന്നെ കഴിവ് പൂര്‍ണ്ണമായും വിനിയോഗിക്കാനാകുന്നില്ല. ഇതൊക്കെ പരിമിതികളാണ്. പക്ഷേ, വികസനത്തിന്റെ കാര്യത്തില്‍ മറ്റു പലരേയും അപേക്ഷിച്ച് മുന്നോട്ടു പോകാനായിട്ടുണ്ട്. 

പ്രായം ഉള്‍പ്പെടെ പരിമിതികളെക്കുറിച്ച് ബോധ്യമുള്ളതിനാലാണ് തിരഞ്ഞെടുപ്പിന് മുന്നേ ഒഴിവാക്കണമെന്ന് സംഘത്തിന്റേയും പാര്‍ട്ടിയുടെയും നേതാക്കളെ കണ്ട് അഭ്യര്‍ത്ഥിച്ചത്. പക്ഷേ, അവരുടെ വിലയിരുത്തല്‍ വേറൊന്നായിരുന്നു. ഞാനതിനെ സ്വീകരിക്കുന്നു. നമ്മളാല്‍ കഴിയുന്നത് ചെയ്യുന്നു. ലഭിക്കുന്നതെല്ലാം ദൈവാനുഗ്രഹമായി കാണുകയും ചെയ്യുന്നു.

പാര്‍ട്ടി ആഗ്രഹിക്കുന്ന എല്ലാക്കാര്യവും നടത്താന്‍ സാധിക്കില്ല. അത് അവര്‍ക്കുമറിയാം. നേതൃത്വത്തിന് അതറിയാമെങ്കിലും ഈ സംവിധാനത്തെക്കുറിച്ച് അറിയാത്ത പ്രവര്‍ത്തകര്‍ക്ക് കാര്യം നേടാനാകാത്തതില്‍ വിഷമമുണ്ടാകാം. വിശദീകരിക്കുമ്പോള്‍ അവരത് ഉള്‍ക്കൊള്ളുന്നുണ്ട്. 

സഭയില്‍ ബി.ജെ.പിയുടെ നിലപാട് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

140 അംഗങ്ങളുള്ളിടത്ത് 139 പേരും എതിര്‍ചേരിയിലാണ്. അവര്‍ക്ക് എന്നോട് വിരോധമില്ല. പക്ഷേ, കേന്ദ്രസര്‍ക്കാറിനോടാണ് ഏറെയുണ്ട് താനും. സി.പി.എമ്മും കോണ്‍ഗ്രസും പ്രധാന രാഷ്ട്രീയ ശത്രുവായി കാണുന്നത് ബി.ജെ.പിയെയാണ്. അതുകൊണ്ട് ചക്രവ്യൂഹത്തിലകപ്പെട്ട അന്തരീക്ഷമാണുള്ളത്. 

പലരും പറയുന്നുണ്ട്, ഈ 139 പേര്‍ എതിര്‍ത്തിട്ടും ക്ഷമയോടെ ഇരിക്കുന്നുണ്ടല്ലോ എന്ന്. ക്ഷമയുടെ കാര്യത്തില്‍ അവാര്‍ഡ് കൊടുക്കേണ്ടത് രാജഗോപാലിനാണെന്ന് കെ.മുരളീധരനാണ് പറഞ്ഞത്. മോദീവിരോധത്തില്‍ ആരാണ് മുന്നിലെന്ന മത്സരത്തില്‍ ശരമേല്‍ക്കുന്നത് എനിക്കാണ്. 

പുതിയ പ്രാതിനിധ്യം ബി.ജെ.പിയെ വളര്‍ത്തുന്നതില്‍ എത്രത്തോളം സഹായിച്ചിട്ടുണ്ട്? 

കേരളത്തിലെ പത്രങ്ങളുടെ ഏകപക്ഷീയമായ അതിപ്രസരമുണ്ടല്ലോ. അതാണ് ഇരുമുന്നണികളുടെയും പ്രധാന പിന്‍ബലം. പക്ഷേ, ജനങ്ങള്‍ മോദിയുടെ ഭരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചു തുടങ്ങുമ്പോള്‍ ക്രമേണ അതില്‍ മാറ്റമുണ്ടാകും. ബി.ജെ.പിയെ കേരളത്തില്‍ വളര്‍ത്തുന്നത് ആരാണെന്നുള്ളതാണ് ഇപ്പോള്‍ അവര്‍ തമ്മിലുള്ള തര്‍ക്കം. ഇരുവരും പരസ്പരം പഴിചാരുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

മണ്ഡലത്തിലെ പ്രവര്‍ത്തനം?

മണ്ഡലത്തില്‍ എല്ലായിടത്തും പ്രവര്‍ത്തനം സജീവമാണ്. ധാരാളം പരിപാടികള്‍ നടപ്പാക്കുന്നു. ലോകത്തിന് തന്നെ നേട്ടമുണ്ടാക്കുന്ന മോദിയുടെ ഭരണനിര്‍വഹണ മഹായജ്ഞത്തില്‍ പങ്കാളികളാകാനുള്ള ഉത്സാഹത്തിലാണ് പ്രവര്‍ത്തകരെല്ലാം.

എല്ലാവരുടെയും പ്രതീക്ഷ വളരെ വലുതാണ്. അത് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രതീക്ഷയാണ്. പക്ഷേ, പാര്‍ട്ടിയുടെ സ്ഥിതി അവര്‍ക്കറിയാം.

ബി.ജെ.പിയുടെ വളര്‍ച്ചയുടെ കാലമാണോ വരാനിരിക്കുന്നത്?

ബി.ജെ.പി വലിയ മുന്നേറ്റം കൈവരിക്കും. ജയിക്കാന്‍ തുടങ്ങി. we have broke the ice. പ്രതികൂല സാഹചര്യത്തിലും വിജയിക്കാനാകും എന്ന് തെളിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളുടെയും തകര്‍ച്ചയുടെ തെളിവുകള്‍ കാണാനായി. ഏറ്റവും തകര്‍ന്നത് യു.ഡി.എഫാണ്. എല്‍.ഡി.എഫിന്റെ വോട്ടും കുറഞ്ഞു. ഇനി മുന്നോട്ടുപോകാന്‍ സാദ്ധ്യമല്ല. കാരണം അവര്‍ക്കെതിരായുള്ള ഭരണവിരുദ്ധവികാരവും ബി.ജെ.പിയ്ക്ക് ഗുണം ചെയ്യും.

ബി.ജെ.പി കേരളം ഭരിക്കുന്ന കാലമുണ്ടാകുമോ?

തീര്‍ച്ചയായും. അറുപത് കൊല്ലത്തോളം മാറി മാറി ഭരിച്ചിട്ടും ഇവരുടെ ഗ്രാഫ് താഴോട്ടല്ലേ പോയത്? ലോകം മുഴുവന്‍ തിരസ്‌കരിച്ച കമ്മ്യൂണിസം കേരളത്തില്‍ മാത്രം ഒരു ദ്വീപായി നില്‍ക്കുകയാണ്. എത്രകാലം ഇതുപോലെ തുടരാനാകും? കമ്മ്യൂണിസത്തിന്റെ അന്ത്യം ഇന്ത്യയില്‍ കേരളത്തിലാകും.

സ്ഥാനലബ്ധി ജീവിതത്തെ ഏത് തരത്തിലാണ് മാറ്റിയത്?

എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇപ്പോഴത്തെ പ്രവര്‍ത്തനത്തില്‍ അതൊന്നും സാദ്ധ്യമല്ല. പത്രം വായിക്കാന്‍ പോലും സമയം കിട്ടുന്നില്ല. പല ഭാഗത്തുനിന്നും ആവശ്യങ്ങള്‍ക്കായും പരിപാടികള്‍ക്ക് ക്ഷണിക്കാനായും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. ചിലതൊക്കെ എഴുതണമെന്നുണ്ട്. പക്ഷേ, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല.