1964-ല്‍ ഞാന്‍ കോട്ടയം എം.ടി. സെമിനാരി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആദ്യമായി ഉമ്മന്‍ചാണ്ടിയെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹം കെ.എസ്.യു.വിന്റെ പ്രമുഖ നേതാവാണ്. ഞാന്‍ ഒരു സാധാരണ കെ.എസ്.യു. പ്രവര്‍ത്തകനും. 1966 ആകുമ്പോഴേക്കും ഉമ്മന്‍ചാണ്ടി കെ.എസ്. യു. പ്രസിഡന്റും ഞാന്‍ കോട്ടയം ജില്ലാ പ്രസിഡന്റുമായി. ആ കാലയളവിലെ ഇഴചേര്‍ന്ന പ്രവര്‍ത്തനമാണ് പതിറ്റാണ്ടുകളായി നീണ്ടുനില്‍ക്കുന്ന ഞങ്ങളുടെ ആത്മാര്‍ഥബന്ധത്തിന് അടിത്തറ പാകിയത്. ഉമ്മന്‍ചാണ്ടിയോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഉള്ള ഒരു പ്രധാന പ്രത്യേകത, സഹപ്രവര്‍ത്തകരോട് അദ്ദേഹം കാട്ടുന്ന സമഭാവനയാണ്.

ആയിരത്തിത്തൊള്ളായിരത്തി എഴുപതിലെ തിരഞ്ഞെടുപ്പുഫലംവന്ന ദിവസം എനിക്കിപ്പോഴും നന്നായി ഓര്‍മയുണ്ട്. കോട്ടയത്താണ് പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടെണ്ണല്‍. കോട്ടയത്തെ കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഞങ്ങളെല്ലാം രാവിലെമുതല്‍ ഉമ്മന്‍ചാണ്ടിയോടൊപ്പമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ഞങ്ങളെല്ലാം പുതുപ്പള്ളിയില്‍ അഹോരാത്രം പണിയെടുത്തവരാണ്. അന്നേവരെയുള്ള ഞങ്ങളുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും ആവേശോജ്ജ്വലമായ ഏടായിരുന്നു ആ തിരഞ്ഞെടുപ്പ്. വൈകുന്നേരം ഫലം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി 7288 വോട്ടുകള്‍ക്ക് സി.പി.എം. സ്ഥാനാര്‍ഥിയും സിറ്റിങ് എം. എല്‍.എ.യുമായ ഇ.എം. ജോര്‍ജിനെ പരാജയപ്പെടുത്തി. ഞങ്ങളുടെ ആവേശത്തിനും ആഹ്ലാദത്തിനും അതിരില്ലായിരുന്നു. നേതാവും സുഹൃത്തുമായ ആള്‍ എം.എല്‍.എ. ആയി എന്നല്ലായിരുന്നു, മറിച്ച് ഞങ്ങളെല്ലാവരും എം.എല്‍.എ. ആയി എന്ന വികാരമായിരുന്നു അന്നുണ്ടായിരുന്നത്. ചേര്‍ത്തലയില്‍നിന്ന് എ.കെ. ആന്റണി സിറ്റിങ് അംഗമായ എന്‍.പി. തണ്ടാരെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. കേരളത്തിലെ സാമൂഹികമാറ്റത്തിന് കാരണമായ തൊഴിലില്ലായ്മവേതനം ഉള്‍പ്പെടെയുള്ള ഒട്ടേറെ നടപടികള്‍ക്ക് രൂപം നല്‍കാന്‍ കഴിഞ്ഞ എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി കോമ്പിനേഷന്‍ അതോടെ നിയമസഭയിലും ശക്തമായ സാന്നിധ്യമായി.

OOMMENCHANDYLOGOകേരളത്തിലെ ജനാധിപത്യത്തിന് ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ സംഭാവന ജനങ്ങളും ജനപ്രതിനിധിയും തമ്മിലുള്ള ബന്ധത്തിന് പുതിയ നിര്‍വചനം നല്‍കി എന്നതാണ്. അതിന് മുമ്പ് ജനപ്രതിനിധികള്‍ പൊതുവേ ജനങ്ങള്‍ക്ക് അപ്രാപ്യരായിരുന്നു. പിന്നീട് നിയമസഭാംഗങ്ങളായപ്പോള്‍ ഞങ്ങള്‍ക്കെല്ലാം മാതൃകയായത് ?അദ്ദേഹത്തിന്റെ ശൈലിയാണ്.

നിയമസഭയ്ക്കുള്ളിലെ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം ഏറ്റവും ഉദാത്തമായ 'കോപ്പി ബുക്ക്' ശൈലിയിലുള്ളതാണ്. സഭയ്ക്ക് ഉള്ളില്‍ ശബ്ദഘോഷങ്ങളുടെ ആവരണമില്ലാതെ യഥാര്‍ഥ ജനകീയപ്രശ്‌നങ്ങളിലേക്ക് ചൂഴ്ന്ന് ഇറങ്ങുന്ന പ്രസംഗശൈലിയാണ് അദ്ദേഹത്തിന്റെത്. പക്ഷേ, ഒരിക്കല്‍പ്പോലും ഒരാളെയും വ്യക്തിപരമായി ആക്ഷേപിക്കുന്നതോ മുറിവേല്‍പ്പിക്കുന്നതോ ആയ ഒരു പരാമര്‍ശവും അദ്ദേഹത്തില്‍ നിന്നുമുണ്ടായിട്ടില്ല. അന്‍പതുവര്‍ഷം തുടര്‍ച്ചയായി നിയമസഭാംഗമായിട്ടും അദ്ദേഹത്തിന്റെ ഒരു വാക്കുപോലും സഭാരേഖകളില്‍നിന്ന് നീക്കം ചെയ്തിട്ടില്ല.

വികസനവും കരുതലുമെന്നത് ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം ഒരു പരസ്യവാചകമോ, രാഷ്ട്രീയ മുദ്രാവാക്യമോ ആയിരുന്നില്ല, മറിച്ച് ഭരണസംവിധാനം വഹിക്കേണ്ട പങ്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഫിലോസഫിയായിരുന്നു. അതേസമയം, തന്റെ മുന്നിലെത്തുന്ന പരശ്ശതം മുഖങ്ങളില്‍നിന്ന് ഏറ്റവും ദൈന്യതയാര്‍ന്ന മുഖത്തെ തിരിച്ചറിയാനായി. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി.

വിശ്രമരഹിതമായ കഠിനാധ്വാനമാണ് ഉമ്മന്‍ചാണ്ടിയുടെ മുഖമുദ്ര. തുടര്‍ച്ചയായി ഇരുപതുമണിക്കൂറോളം ഒരു ഇടവേളയുമില്ലാതെ അദ്ദേഹം ജോലി ചെയ്യുന്നത് ജനസമ്പര്‍ക്ക പരിപാടിയുടെ വേദികളില്‍ കേരളം നേരിട്ട് ദര്‍ശിച്ചിട്ടുള്ളതാണ്. അപാരമായ ആത്മവിശ്വാസമാണ് ഉമ്മന്‍ചാണ്ടിയെ നയിക്കുന്നത്. അധികാരത്തിന്റെയോ പദവിയുടെയോ പേരിലല്ല ജനങ്ങള്‍ തന്നെ വിലയിരുത്തുന്നതെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ട്.

പുതുപ്പള്ളിയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് പറയാതെ അദ്ദേഹത്തെക്കുറിച്ചുള്ള ഏതു കുറിപ്പും അപൂര്‍ണമാവും. കഴിഞ്ഞ അന്‍പതുവര്‍ഷമായി ഉമ്മന്‍ചാണ്ടിയും പുതുപ്പള്ളിയും വേര്‍പിരിക്കാന്‍ കഴിയാത്തവിധം ഒന്നുചേര്‍ന്നിരിക്കുന്നു. പുതുപ്പള്ളിക്കാരുടെ നിത്യജീവിതത്തിന്റെ സമസ്തമേഖലകളിലും ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമുണ്ട്. നിയമസഭയില്‍ മറ്റൊരു പ്രതിനിധിയെക്കുറിച്ച് അവര്‍ക്ക് സങ്കല്പിക്കാന്‍ പോലും കഴിയില്ല. ഇനിയും കേട്ടു കൊതിതീര്‍ന്നിട്ടില്ലാത്ത, എത്ര കേട്ടാലും മതിവരാത്ത ഗന്ധര്‍വസംഗീതം പോലെയാണ് പുതുപ്പള്ളിയെ സംബന്ധിച്ചിടത്തോളം ഇതിഹാസതുല്യനായ ഉമ്മന്‍ചാണ്ടി.

(സുവര്‍ണജൂബിലി കമ്മിറ്റി ചെയര്‍മാന്‍)