പുതുപ്പള്ളി: പഠിച്ച ക്ലാസ്‌മുറിമുതൽ മന്ത്രിപദത്തിലെത്തുംവരെ ഉമ്മൻചാണ്ടിയുടെ നിഴലായി നടന്ന ഒരാളുണ്ട്, തെക്കേട്ട് ശിവരാമൻനായർ.

ഹൈസ്‌കൂൾ പഠനം ഒരു ഡിവിഷനിൽ. സംഘടനാ പ്രവർത്തനത്തിലും ഒരു മനസ്സോടെ ഒരുമിച്ച്്. യാത്രാസൗകര്യങ്ങളും വാർത്താവിനിമയ മാർഗങ്ങളും തീരെയില്ലാതിരുന്ന കാലത്ത് ഉമ്മൻചാണ്ടിയുടെ സഞ്ചരിക്കുന്ന ഓഫീസായിരുന്നു അദ്ദേഹം.

OOMMENCHANDYLOGOകൃത്യതയുടെ ആൾരൂപമായിരുന്ന ശിവരാമൻനായർക്ക് മന്ത്രിയുടെ നല്ല അഡീഷണൽ പേഴ്‌സണൽ അസിസ്റ്റൻറ്‌ എന്ന ബഹുമതിയും ലഭിച്ചു. അതും ധനമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ കൈയിൽ നിന്നുതന്നെ. ചെറുപ്പംമുതൽ തുടർന്ന സഹവാസം 1970-ൽ എം.എൽ.എ. ആയപ്പോഴും തുടർന്നു.

ആദ്യകാലംമുതൽ നൽകിയ നാമനിർദേശപത്രികയുടെ പകർപ്പുകൾ, തിരഞ്ഞെടുപ്പുകാലത്തെ പ്രസ്താവനകൾ, രണ്ടിലയിൽ അടക്കം മത്സരിച്ച കാലത്തെ പലതരം നോട്ടീസുകൾ, ഉമ്മൻചാണ്ടിയുടെ പല പ്രായത്തിലുള്ള ഫോട്ടോകൾ, സ്വദേശത്തും വിദേശത്തും നടന്ന സമ്മേളനങ്ങളിലെ പ്രമുഖരുമൊത്തുള്ള അനർഘനിമിഷങ്ങളടങ്ങിയ ചിത്രങ്ങൾ, ധനകാര്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോഴുൾപ്പെടെയുള്ള വാർത്തകൾ പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപ്പത്രം, സ്‌കൂൾ കാലത്തെ ഗ്രൂപ്പ് ഫോട്ടോ, നല്ല അഡീഷണൽ അസിസ്റ്റന്റെന്ന അംഗീകാരം നേടിയ സർട്ടിഫിക്കറ്റ് തുടങ്ങി ചരിത്രമുറങ്ങുന്ന നിരവധി രേഖകളാണ് ശിവരാമൻ നായരുടെ അനുജൻ വി.എ.മോഹൻദാസ് വീട്ടിൽ നിധിപോലെ സൂക്ഷിച്ചിരിക്കുന്നത്.

ശിവരാമൻ നായർഉമ്മൻചാണ്ടിക്കൊപ്പം സഞ്ചരിച്ച ഒാഫീസ്
ശിവരാമൻനായരുടെ അനുജൻ വി.എ.മോഹൻദാസ്, ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയജീവിതവുമായി ബന്ധപ്പെട്ടുള്ള ശേഖരവുമായി

പിണങ്ങിയും അതിലേറെയിണങ്ങിയുമുള്ള നാളുകളായിരുന്നു ഇവർക്ക് ജീവിതം. ഉമ്മൻചാണ്ടി ആളെവിട്ട് വിളിപ്പിക്കുന്നതുവരെയാണ് പിണക്കത്തിന്റെ കാലദൈർഘ്യം. അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ശിവരാമൻനായരെ നിത്യവും സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നത്, ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മയായിരുന്നു.

ഭർത്താവിന്റെ പൊതുജീവിതത്തിലെ തിരക്ക് തിരിച്ചറിഞ്ഞ ഭാര്യയുടെ കടമ. ബാങ്ക് ജോലി കഴിഞ്ഞ് ആശുപത്രിയിലെത്തിയിട്ടേ വീട്ടിലേക്ക് പോയിരുന്നുവെന്ന് മോഹൻദാസ് പറയുന്നു.

പ്രിയപ്പെട്ട കൂട്ടുകാരൻ കേരളത്തിന്റെ മുഖ്യമന്ത്രിപദമേൽക്കുന്നതിന്റെ തൊട്ടുമുൻവർഷമാണ് ശിവരാമൻനായരുടെ മരണം. അവിവാഹിതനായിരുന്ന ശിവരാമൻ നായർ വീട്ടുകാർക്കൊപ്പം ചെലവഴിച്ചതിലും കൂടുതൽസമയം സംഘടനാ പ്രവർത്തകനായും ഔദ്യോഗികസ്ഥാനങ്ങളിലായും ഉമ്മൻചാണ്ടിക്കൊപ്പമാണ് ജീവിതം ചെലവിട്ടത്.