മ്മൻചാണ്ടിക്ക്‌ നിയമസഭയിൽ നാളെ അഞ്ചു പതിറ്റാണ്ട്‌ ജീവിതം രാഷ്ട്രീയത്തിനുവേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതൽ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ
സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടിയുണ്ട്‌

നിയമസഭയിൽ അഞ്ചു പതിറ്റാണ്ട് പൂർത്തിയാക്കുക; അതും ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട്‌ സഭയിലെത്തുക. തിരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽപോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കുമാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം നിയമസഭാ സാമാജികരുടെ നിരയിലാണ്  ഉമ്മൻചാണ്ടിയുടെ സ്ഥാനം.

ഒരുപക്ഷേ,  കെ.എം. മാണി മാത്രമായിരിക്കും നിയമസഭയിലെ ഈ അപൂർവതയിൽ  ഉമ്മൻചാണ്ടിയെ കടന്നുനിൽക്കുന്നത്.  കെ.ആർ. ഗൗരിയമ്മ അടക്കം ഒന്നാം നിയമസഭ മുതൽക്കേ സഭയിലുണ്ടായിരുന്നവരുണ്ട്; നിയമസഭാ സാമാജികത്വത്തിന്റെ സുദീർഘമായ ചരിത്രമുള്ളവരുണ്ട്. എന്നാൽ, അവർക്കൊന്നും വിജയത്തിന്റേതുമാത്രമായ ചരിത്രം അവകാശപ്പെടാനില്ല. ആദ്യമായി ജയിച്ചതുമുതൽ എല്ലാ സഭകളിലും ഉണ്ടാവുക എന്ന ചരിത്രവും ആർക്കുമില്ല.

1970ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻചാണ്ടി അന്ന്‌ സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായിത്തന്നെ തുടർന്നു. പല കോൺഗ്രസ് നേതാക്കളും - കെ. കരുണാകരനും എ.കെ. ആന്റണിയുമടക്കം - പാർലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. എന്നാൽ, ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. 

എഴുപതുകളുടെ തുടക്കം നിരവധി യുവാക്കൾ കേരള നിയമസഭയിൽ എത്തി എന്ന പ്രത്യേകതകൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റൊരാൾക്കും സാധ്യമാവാത്ത നേട്ടം ഉമ്മൻചാണ്ടിക്കുണ്ടായി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ സാധിച്ചു.

ജീവിതം രാഷ്ട്രീയത്തിനുവേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം. 1970 മുതൽ എന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടിയുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അരനൂറ്റാണ്ടിലെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മന്ത്രിസഭയുടെയും നേതൃനിർണയ കാര്യങ്ങളിലടക്കം നിർണായകമാംവിധം ഇടപെട്ടിട്ടുള്ള ഉമ്മൻചാണ്ടി, കെ. കരുണാകരനും എ.കെ.  ആന്റണിയും ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഘട്ടങ്ങളിൽ കേരളത്തിലെ കോൺഗ്രസിൽ പ്രധാനിയായി നിന്നു.

OOMMENCHANDYLOGOകെ.എസ്‌.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മൻചാണ്ടി സംസ്ഥാനതല കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചു. ദേശീയ രാഷ്ട്രീയത്തിൽ വലിയ ആഭിമുഖ്യം കാട്ടാതിരുന്ന ഉമ്മൻചാണ്ടി സംസ്ഥാന കോൺഗ്രസിനുള്ളിലെ പല നിർണായകഘട്ടങ്ങളിലും സ്വന്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനായി.

ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കല്പിക്കാതെ ആരോഗ്യംപോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി. ഉമ്മൻചാണ്ടി നിയമസഭാ ജീവിതത്തിന്റെ അരനൂറ്റാണ്ട് ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും ഞാൻ അർപ്പിക്കുന്നു.