കോട്ടയം: വ്യാഴാഴ്ച രാവിലെ മഴ തോര്‍ന്ന് തീരും മുമ്പുള്ള പുലര്ച്ചാവേളയില് ഉമ്മന്‍ചാണ്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍. തലേന്ന് തിരുവനന്തപുരത്ത് നിന്നെത്തി തങ്ങിയ നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്നാണെത്തിയത്.എല്ലാ നല്ല കാര്യങ്ങള്‍ക്ക് മുമ്പും ഇവിടയെത്തുകയെന്ന തെറ്റാതെയുള്ള ചിട്ട. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടി വ്യാഴാഴ്ച കോട്ടയം മാമ്മന്ഹാളില് നടക്കുന്ന 'സുകൃതം സുവര്‍ണം' പരിപാടിക്ക് മുന്നോടിയായി ദൈവസന്നിധിയില്‍ ഇത്തിരി നേരം.വന്നതേ കുരിശിന് ചുറ്റുമുള്ള വിളക്കുകള്‍ കത്തിച്ചു. ശേഷം കല്ലറയില്‍ കാലമെടുത്ത് പോയ എത്രയോ സ്നേഹങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ച് ഇത്തിരി നേരം. ഉമ്മന്‍ചാണ്ടി തനിയെ പള്ളിയിലേക്ക്. പള്ളിവാതിലുകള്‍ അടഞ്ഞു. അധികമാര്‍ക്കും പള്ളിയ്ക്കുള്ളില്‍ പ്രവേശനമില്ലെന്ന നിര്‍ദ്ദേശം. പുറത്ത് 25 ല്‍ താഴെ ആളുകള്‍ മാത്രം.സമയം 6:40. പത്ത് മിനിട്ട് കഴിഞ്ഞതും മകന് ചാണ്ടി ഉമ്മന്‍ എത്തി .പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി മൂന്ന് ദിവസം മുമ്പ് ഡല്‍ഹിയില്‍ നിന്ന് എത്തിയതാണ്. സുപ്രീംകോടതിയില്‍ അഭിഭാഷകവൃത്തിക്കിടയില് നിന്ന് അവധിയെടുത്ത് വന്നത്. അപ്പോഴേക്കും കുര്‍ബാന തുടങ്ങിക്കഴിഞ്ഞു. കുര്‍ബാന ഒന്നരമണിക്കൂറിലേക്ക് നീളുമ്പോള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് സ്നേഹം പൂവാക്കിയും മധുരമാക്കിയും പലരും എത്തി കൊണ്ടേയിരുന്നു.
തിരുവല്ല നിര്‍ണയം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ്‍ വാലയില്‍ യൂണിറ്റ് പ്രസിഡന്റ് ലൈജോ ജോണും പൂകൊണ്ടുള്ള മാലയും കീരീടവുമായി വന്നു. കുര്‍ബാനയ്ക്കിടയില്‍ ഭാര്യ മറിയാമ്മ, മകള്‍ മറിയം ഉള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കള്‍. അപ്പോഴും പുറത്ത് അക്ഷമയോടെ കാത്തു നില്‍ക്കുകയായിരുന്നു രാഷ്ട്രീയനേതാക്കളും സുഹൃത്തുക്കളും. ''മരണമില്ലാത്തവനേ നീ പരിശുദ്ധനാകുന്നു. ഞങ്ങള്‍ക്ക് വേണ്ടി ക്രൂശിക്കപ്പെട്ടവനേ ഞങ്ങളോട് കരുണ ചെയ്യണമേ''. കുര്‍ബാനയ്ക്ക് അവസാനം മൈക്കിലൂടെ ഒഴുകിവന്ന വാക്കുകള്‍ക്കൊപ്പം അദ്ദേഹം പുറത്തേക്ക്. പള്ളിക്ക് പുറത്ത് കാത്ത് നിന്ന കോണ്‍ഗ്രസ് നേതാക്കളായ എം. മുരളി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ,കെ.പി.സി.സി സെക്രട്ടറിമാരായ എബി കുര്യാക്കോസ്, അഡ്വ. പി.എ സലിം അടക്കമുളള നേതാക്കള്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പള്ളി അധികൃതരുടെ ചെറിയ അനുമോദനയോഗം. ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്, റവ.ഫാ.എം.ഒ ജോണ്‍,റവ.ഫാ. എ.വി വര്‍ഗീസ് ആറ്റുപുറത്ത് എന്നിവര്‍ പങ്കെടുത്തു.
കരോട്ട് വള്ളക്കാലില്‍
ശേഷം തറവാട് വീടായ കരോട്ട് വള്ളക്കാലില്‍ പതിവ് ഞായറാഴ്ച സന്ദര്‍ശനം. എത്തിയതേ എന്‍.കെ പ്രേമചന്ദ്രന് എം.പിയുടെ സ്നേഹവിളിയെത്തുന്നു. ശേഷം ആദ്യകാല കെ.എസ്.യു പ്രവര്ത്തകന് കൂടിയായിരുന്ന മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടേതും. കാണാനെത്തിയവര്‍ക്കൊപ്പം അല്പനേരം. നാടിന്റെ പല ഭാഗത്ത് നിന്നും പൂമാലകളും ലഡ്ഡുവും കേക്കുമായി എത്തിയവര്‍. എല്ലാവര്ക്കും അദ്ദേഹത്തിനെ സ്നേഹം അറിയിക്കണം. ഒന്ന് മുഖം കാണണം. ഇടുക്കിയില്‍ നിന്നും എറണാകുളത്തും നിന്നുമെത്തിയവരുണ്ട്. ശേഷം പുതുപ്പള്ളി മണ്ഡലം മുഴുവന്‍ നീളുന്ന സ്വീകരണ പര്യടനത്തില്‍ പങ്കെടുക്കാനായി യാത്ര തിരിച്ചു.സമയം പത്ത്. ഒപ്പമുണ്ടായ പല കാറുകളിലൊന്നില്‍ സഹായവും നിര്‍ദ്ദേശവുമായി മകന് ചാണ്ടി ഉമ്മനും ഒപ്പം കൂടി. നേരേ പുതുപ്പള്ളി കവലയിലെ ആദ്യ വേദിയില്‍. പുതുപ്പള്ളിയിലെ ആദ്യ തിരഞ്ഞെടുപ്പില്‍ ആദ്യ കണ്വന്ഷന് നടന്ന അതേ വേദിയാണ് പുതുപ്പള്ളി കവലയിലെതെന്നു ഉമ്മന്‍ ചാണ്ടി.
''തിരഞ്ഞെടുപ്പ് പര്യടനത്തിലെ ആദ്യ പരിപാടി നടന്നത് പുതുപ്പള്ളി കവലയിലെ ഇതേ വേദിയിലായിരുന്നു. ആദ്യ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി ഫക്രുദ്ദീന്‍ അലി അഹമ്മദാണ് തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തത്. പിന്നീട് ഇദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായി. അന്നത്തെ മത്സരം സംഘടനാ കോണ്‍ഗ്രസും ഇന്ദിരാ കോണ്‍ഗ്രസും നേരിട്ട് നടന്നതായിരുന്നു. അന്ന് സംഘടനാ കോണ്‍ഗ്രസ് യുവജന വിഭാഗം നേതാക്കള്‍ ഇന്ദിരാ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മണ്ഡലം പ്രസിഡന്റ് തോമസ് ചെറിയാന്റെ ബന്ധു ഉള്‍പ്പെടെയായിരുന്നു അത്. ഇതോടെ യോഗത്തിന് വലിയ വാര്‍ത്താ പ്രാധാന്യം കൈവന്നു.'' അനുമോദയോഗത്തില് ഉമ്മന്‍ ചാണ്ടി മറുപടി പറഞ്ഞു. വേദിയില്‍ തയാറാക്കിയ തന്റെ ജീവിതമുഹൂര്‍ത്തം പകര്‍ത്തിയ 50 അടി കേക്ക് മുറിച്ച് വലിയ മൂഹൂര്‍ത്തത്തിന്റെ ആഹ്ളാദമധുരം പങ്കിട്ട് യാത്ര മുന്നോട്ട്.
മണ്ഡലങ്ങളിലൂടെ
ഞാലിയാകുഴി, മീനടം, ആറാട്ടുചിറ. പാമ്പാടി ബസ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ ചെറിയ ചാറ്റല്‍ മഴ തുടങ്ങി. മഴയ്ക്ക് മുന്നില്‍ സ്നേഹം കടലായി മാറുന്ന കാഴ്ച .പൂക്കളും മാലകളും ലഡ്ഡുവും കൈമാറി സ്നേഹം അങ്ങനെ അലയിടിച്ചു കോണ്ടേയിരുന്നു. അപ്പോഴേക്കും കാഴ്ചക്കാര്‍ക്ക് രസകരമായി തോന്നുന്ന സ്നേഹസമ്മാനം മുല്ലപ്പൂ കൊണ്ട് തീര്‍ത്ത അമ്പും വില്ലുമായി എത്തിയത് എന്‍.ജി ഒ അസോസിയേഷനാണ്.

കൂരാപ്പയില് എത്തുമ്പോള്‍ പറഞ്ഞതിലും ഒരു മണിക്കൂര്‍ വൈകി. എങ്കിലും സംഘാടകരുടെ നിര്‍ബന്ധത്തിന് പുറത്ത് ഒരു മിനിട്ട് മൈക്കിന് മുന്നില്‍ ചാണ്ടി ഉമ്മന്‍. ''യഥാര്‍ത്ഥത്തില്‍ അപ്പയുടെ റെക്കാര്‍ഡ് അപ്പയുടേതല്ല. നിങ്ങളുടേതാണ്''വാക്കുകള്‍ അത്രമാത്രം. നിലവില്‍ തന്റെ മണ്ഡലമല്ലെങ്കിലും ഹൃദയത്തോളം ചേര്‍ത്ത പള്ളിക്കത്തോട്ടിലെ ലൂര്‍ദ്ദ് ഭവനിലെത്തി. നിറയെ ഓര്‍ക്കിഡ് പൂക്കള്‍ നല്കി കന്യാസ്ത്രീകളും അന്തേവാസികളും സ്വീകരിച്ചു. മറ്റക്കര സ്നേഹഭവനും കഴിഞ്ഞ് യാത്ര അയര്‍ക്കുന്നത്ത്. ശേഷം മണര്‍കാട് പള്ളിയങ്കണത്തില്‍ കയറി ഒരു നിമിഷം കണ്ണടച്ചു. പള്ളി അധികൃതര്‍ ആരുമുണ്ടായില്ല. പുറത്തേക്കിറങ്ങുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കൊപ്പം ഇത്തിരി സംസാരം .

ഉമ്മന്‍ചാണ്ടിയുടെ ചിത്രം സമ്മാനിക്കുന്ന പ്രവര്‍ത്തകര്‍ | ഫോട്ടോ ജി. ശിവപ്രസാദ് മാതൃഭൂമി
ഉച്ചയ്ക്ക് രണ്ടര മണിയോടെ നാട്ടകം ഗസ്റ്റ് ഹൗസില്‍ മടങ്ങിയെത്തി.ഭാര്യ മറിയാമ്മ വിശ്രമിക്കുന്നു. മകന് ചാണ്ടി ഉമ്മനൊപ്പം കരിമീന്‍ മപ്പാസ് കൂട്ടിയുള്ള വിഭവസമൃദ്ധമായ ഉച്ചയൂണ്. മകള്‍ മറിയം ഉമ്മന്‍ വിളമ്പി കൊടുക്കുന്നു. ഇടയ്ക്ക് മറിയത്തിന്റെ മകന് എഫിനോവയുടെ കൊച്ചു കുസൃതി ആസ്വദിക്കുന്നുണ്ട് വലിയ നേതാവ്. വൈകിട്ട് കുടുംബസമേതം 'സുകൃതം സുവര്‍ണം'പരിപാടിയിലേക്ക്. സ്നേഹം നിറച്ച പൂവും മധുരവും സ്നേഹാര്‍ദ്രമായ മനസാല്‍ മലയാളിയെ തൊടുക അത്ര എളുപ്പമല്ല.

പക്ഷേ തൊടുക മാത്രമല്ല ചെറിയ പുഞ്ചിരിയാല്‍ അവരുടെ ഉള്ളകത്തേക്ക് അദ്ദേഹം പ്രവേശിച്ചു കൊണ്ടേയിരിക്കുന്നു. ഓരോ സംഭാഷണങ്ങള്‍ കൊണ്ടും തൊടാതെ തൊട്ട് സ്നേഹം നിറച്ച ജീവിത വീക്ഷണം കൊണ്ടും. രാത്രി വൈകി തിരുവനന്തപുരത്തേക്ക് മടങ്ങും വരെയും സ്നേഹം നിറച്ച പൂവും മധുരവും തേടിയെത്തിക്കോണ്ടേയിരുന്നു. സ്നേഹിക്കപ്പെടുന്നവരുടെ നല്ല വാക്കുകളും. സ്നേഹത്തിനും പൂവിനും ഒരേ വാസനയാണെന്ന് തോന്നിപ്പോകുന്നു.