പമകളിലൂടെയാണ് യേശു തന്റെ വീക്ഷണങ്ങള്‍ ജനങ്ങളുമായി പങ്കുവെച്ചിരുന്നത്. അതുപോലെയാണ് ഉമ്മന്‍ ചാണ്ടിയുടെ കാര്യം. കഥകളിലൂടെ നമുക്ക് അദ്ദേഹത്തിന്റെ ചരിത്രം പറയാം. കേരളത്തിലെ പതിനായിരക്കണക്കിനാളുകളുടെ അനുഭവങ്ങള്‍ കൂടി ചേരുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ ജീവിത കഥ. അവരെല്ലാം അതിലെ ഒഴിച്ചു കൂടാനാവാത്ത കഥാപാത്രങ്ങളാണ്. അവരില്ലാതെ ആ ജീവിതം പൂര്‍ത്തിയാവുന്നുമില്ല.

മാതൃഭൂമി ഡോട്ട് കോമിനു വേണ്ടി മേപ്പടി പുതുപ്പള്ളിക്കാരനെക്കുറിച്ച് എഴുതാനിരിക്കുമ്പോള്‍ മനസിലേക്ക് കടല്‍ത്തിരപോലെ അടിച്ചു കയറിവരുന്നത് അത്തരം നിരവധി കഥകളും മുഹൂര്‍ത്തങ്ങളുമാണ്. അതുപോലൊന്നാണ് ആന്റപ്പന്റേത്.

തിരുവനന്തപുരം തിലക്‌ നഗറിലെ എന്റെ ഫ്ളാറ്റിലെ സുഹൃത്തിന്റെ മകള്‍ സോണിയയുടെ വരനായി അവളുടെ കൈ പിടിച്ചു കയറി വന്നതു മുതല്‍ ആന്റപ്പന്‍ പ്രിയപ്പെട്ട ഒരാളായി മാറി. പിന്നീട് എപ്പോഴോ ആണ് പുള്ളിക്കാരന്‍ കേരളത്തിലെ തന്നെ എണ്ണം പറഞ്ഞ ഒരു പരിസ്ഥിതി പ്രവര്‍ത്തകനാണെന്ന് മനസിലായത്. കോഴിക്കോട്ടെ ശോഭീന്ദ്രന്‍ മാഷുടെയും മറ്റും ശിഷ്യനാണ്. ഇടിച്ചു കയറി മുന്നില്‍നിന്ന് മാധ്യമ ശ്രദ്ധ പിടിച്ചു വാങ്ങുന്ന ഒരാളായിരുന്നില്ല. പ്രവൃത്തിയാണ് പ്രാധാനം എന്നു കരുതി തിരശീലക്കു പിന്നില്‍ നിന്ന വ്യക്തി.

പെട്ടെന്നൊരു ദിവസം ഞെട്ടിക്കുന്ന വാര്‍ത്ത വന്നു. തൃപ്പൂണിത്തുറയ്ക്കടുത്ത് എണ്ണ കയറ്റി വന്ന ടാങ്കര്‍ ലോറി ഇടിച്ച് ആന്റപ്പന്‍ പോയി. ഒരു ചങ്ങാതിയുടെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. മഴ ചാറിപ്പെയ്തു കൊണ്ടിരുന്ന ഒരു വൈകുന്നേരം എടത്വ സെന്റ് ജോര്‍ജ്ജ് പള്ളിയിലെ സെമിത്തേരിയില്‍ ആന്റപ്പനെ ആറടി മണ്ണിനു വിട്ടുകൊടുത്ത് മടങ്ങുമ്പോള്‍ മനസില്‍ ബാക്കി നിന്നത് അവന്റെ ഭാര്യ സോണിയയുടെയും ഏബല്‍ എന്ന കുഞ്ഞുമോന്റെയും ഭാവിയാണ്.

ഉമ്മന്‍ ചാണ്ടി അന്ന് മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ കണ്ടാലോ എന്ന ആലോചനയായി. ശോഭീന്ദ്രന്‍ മാഷും സഹപ്രവര്‍ത്തകരും കോഴിക്കോട്ടുനിന്നു വന്നു. സോണിയയുടെ ഒരു അപേക്ഷയും ആന്റപ്പനെക്കുറിച്ചുള്ള വിശദ വിവരങ്ങളുമായി ഞങ്ങള്‍ ഉമ്മന്‍ ചാണ്ടിയെ ക്ലിഫ് ഹൗസില്‍ കണ്ടു. ആന്റപ്പനെപ്പറ്റി വരാന്തപ്പതിപ്പില്‍ വന്ന അരപ്പേജ് ഫീച്ചറിന്റെ പകര്‍പ്പും വെച്ചിരുന്നു.

അദ്ദേഹത്തോട് വിശദമായി സംസാരിച്ചു. എന്നെ മാറ്റി നിര്‍ത്തി ചോദിച്ചു, ഒരു അന്‍പതിനായിരം രൂപ സഹായമായി അനുവദിക്കാം, എന്താ. അത്രയുമൊക്കെയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നതും. ശോഭീന്ദ്രന്‍ മാഷിനും കൂടെ വന്നവര്‍ക്കും തൃപ്തിയായി എന്നു തോന്നി. ഞങ്ങള്‍ മടങ്ങി. അത് ഒരു ബുധനാഴ്ചയായിരുന്നു. മന്ത്രിസഭ ചേരുന്ന ദിവസം.

രാത്രി എട്ടുമണി. ഉമ്മന്‍ ചാണ്ടി വിളിക്കുന്നു: ''അതേയ്, നിങ്ങള്‍ തന്ന വിവരങ്ങളും പത്രത്തില്‍ വന്ന ലേഖനവും ഞാന്‍ ഓഫീസിലേക്ക് വരുന്ന വഴിയാണ് വായിച്ചത്. അപ്പോള്‍ എനിക്കുതോന്നി 50,000 രൂപ പോരെന്ന്. ഞാന്‍ ഇക്കാര്യം 'ഔട്ട് ഓഫ് അജണ്ട' ആയി മന്ത്രിസഭയില്‍ വെച്ചു. ഇപ്പോള്‍, മൂന്നു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.'' ഒട്ടും അവിശ്വസനീയമായി തോന്നിയില്ല. ഉമ്മന്‍ ചാണ്ടിയാണല്ലോ കക്ഷി.

മന്ത്രിസഭയെ സംബന്ധിച്ച് വിശുദ്ധ ഗ്രന്ഥമാണ് ഓരോ കാബിനറ്റ് യോഗത്തിനും തലേന്ന് ഇളം പച്ച കവറില്‍ വീട്ടിലെത്തിച്ചു കൊടുക്കുന്ന അജണ്ട നോട്ടുകള്‍. ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളും അതിന്മേല്‍ എടുക്കാവുന്ന തീരുമാനവും രേഖപ്പെടുത്തിയ ഫയലാണ്. അതു തീരുമ്പോഴാണ് ഉമ്മന്‍ ചാണ്ടിയുടെ തുറുപ്പു ചീട്ടായ 'ഔട്ട് ഓഫ് അജണ്ട' പുറത്തെടുക്കുക. വ്യക്തികളുടെയോ, കുടുംബങ്ങളുടെയോ ജീവിതങ്ങളായിരിക്കും ഒരു കീറുകടലാസില്‍ കുറിച്ചു കൊണ്ടുവരുന്നത്. അജണ്ടയും ഔട്ട് ഓഫ് അജണ്ടയും തമ്മിലുള്ള ദൂരവ്യത്യാസമാണ് ആന്റപ്പന്റെ കാര്യത്തില്‍ കണ്ടത്.

ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ആണ് ആ നാമശ്രവണ മാത്രയില്‍ ഉള്ളില്‍ തെളിയുക. ആള്‍ക്കൂട്ടമില്ലാതെ കുഞ്ഞൂഞ്ഞിന് വേറൊരു ജീവിതമില്ല. ഒരിക്കല്‍ മാത്രമേ ആളെ അസ്വസ്ഥനായും അല്‍പ്പം ക്ഷോഭത്തോടെയും കണ്ടിട്ടുള്ളൂ. ശകലം ഇച്ഛാഭംഗവും ഉണ്ടായിരുന്നു. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ ഉമ്മന്‍ ചാണ്ടി അവിടെ മഞ്ഞില്‍ തെന്നി വീണ് കാലിനു പരിക്കു പറ്റി. നിലത്ത് അരയടിയിലേറെ കനത്തില്‍ മഞ്ഞ് ഉണ്ടെന്ന് ഉമ്മന്‍ ചാണ്ടി ധരിച്ച നാടന്‍ ഷൂസിന് അറിയില്ലായിരുന്നു. ആ പരിക്കിന്റെ ഫലമായി ഒരു കാലിന്റെ നീളം അര സെന്റിമീറ്റര്‍ കുറഞ്ഞു. അങ്ങനെ അല്‍പ്പം ദുര്‍നടപ്പുകാരനുമായി.

ദാവോസില്‍നിന്ന് വന്ന് വീട്ടില്‍ വിശ്രമിക്കുകയാണ്. ഭാര്യ മറിയാമ്മയും മക്കളും ചേര്‍ന്ന് അവരുടെ അപ്പയെ ജഗതിയിലെ വീടിന്റെ മുകള്‍ നിലയിലാക്കി. ഒറ്റയ്ക്ക് താഴേക്കിറങ്ങി വരാനാവാത്തതു കൊണ്ട് അവിടെ അടങ്ങിയിരുന്നു കൊള്ളുമെന്ന വിശ്വാസത്തിലാണ്. കോണിപ്പടിയില്‍ അതിവിശ്വസ്തരായ ചിലരുടെ കാവലും ഏര്‍പ്പെടുത്തി. അവരെ പൂര്‍ണ്ണ വിശ്വാസമില്ലാത്തതുകൊണ്ട്, കനറ ബാങ്ക് ഉദ്യോഗസ്ഥയായ മറിയാമ്മ ആന്റി ഇടക്കിടെ വന്ന് രംഗനിരീക്ഷണം നടത്തിപ്പോവും.

ആന്റി ചെറിയ സ്വാതന്ത്ര്യം അനുവദിച്ചിരുന്നതു കൊണ്ട് എനിക്ക് മുകളിലേക്ക് പ്രവേശനം ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി മുകള്‍ നിലയില്‍ ഇരിക്കുന്നത് ആദ്യമായി കാണുകയാണ്. കൂട്ടിലടച്ച വെരുകിന്റെ അവസ്ഥയിലാണ്. മുറുമുറുപ്പൊന്നുമില്ല. ഉള്ളില്‍ നിസഹായതയുണ്ട്. പുറത്ത് ആള്‍ക്കൂട്ടത്തിന് കുറവില്ല. അവരുടെയിടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വെമ്പല്‍. അവരെ കൈവീശി പറഞ്ഞുവിടേണ്ടി വരുന്നതിലെ നിസഹായത.

മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ രാവിലെ ക്ലിഫ് ഹൗസിലും പിന്നെ ഓഫീസിലും, നിയമസഭ ചേരുമ്പോള്‍ അവിടത്തെ ഓഫീസിലും ജഗതിയിലെ പുതുപ്പള്ളി ഹൗസിലും രൂപപ്പെടുന്ന ആള്‍ക്കൂട്ടവും ഞായറാഴ്ച പ്രഭാതങ്ങളില്‍ പുതുപ്പള്ളിയിലെ കുടുംബ വീട്ടില്‍ നടക്കുന്ന വിഖ്യാതമായ ജനസമ്പര്‍ക്കവുമെല്ലാം എഴുതിപ്പഴകിയ കഥകളാണ്. ആര്‍ക്കും ഉമ്മന്‍ ചാണ്ടിയുടെ അടുത്തേക്ക് എപ്പോഴും ചെല്ലാം. ആ അഭിഗമ്യത സുരക്ഷാ ഭീഷണിപോലും ഉണ്ടാക്കുന്നതായിരുന്നു.

തിരുവനന്തപുരത്ത് എന്തോ ആവശ്യത്തിനു വന്ന രണ്ടു പുതുപ്പള്ളിക്കാര്‍ രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ സെക്രട്ടേറിയറ്റിലെ, മുഖ്യമന്ത്രിയുടെ മുറിയില്‍ വെളിച്ചം കണ്ട്, എന്നാല്‍ പിന്നെ കുഞ്ഞൂഞ്ഞിനെ ഒന്നു കണ്ടേച്ചു പോയേക്കാം, എന്നു കരുതി കയറിച്ചെന്നത് ഭാവനാസ്പര്‍ശമുള്ള സത്യമാണ്. ക്ലിഫ് ഹൗസ് ഗേറ്റിന്റെ ഒരു പാതി അടക്കാറേ ഉണ്ടായിരുന്നില്ല. ഈയിടെ ക്ലിഫ് ഹൗസ് കോമ്പൗണ്ടില്‍ കൂടി വൈ.എം.ആര്‍ റോഡിന്റെ ഭാഗത്തേക്ക് പോകാമെന്നു കരുതി ചെന്നപ്പോള്‍ ക്ലിഫ് ഹൗസ് വളപ്പിലേക്കുള്ള ഗേറ്റ് തന്നെ പൂട്ടിയിരിക്കുന്നത് കണ്ട് മടങ്ങിപ്പോന്നു. പണ്ട് പൊതുജനങ്ങള്‍ക്ക് അതുവഴി സഞ്ചരിക്കാമായിരുന്നു. ഇപ്പോള്‍ സ്വകാര്യ വഴിയായി. അതാണ് അന്തരം.

ഉമ്മന്‍ ചാണ്ടിയെ അമരനാക്കുന്ന ഒത്തിരി കാര്യങ്ങള്‍ ഉണ്ട്. ഒരു രൂപയ്ക്ക് ഒരു കിലോ അരി, ദാരിദ്ര രേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിമാസം മൂന്ന് രൂപയ്ക്ക് 25 കിലോ അരി, 25 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്, എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ്, ജനസമ്പര്‍ക്ക പരിപാടി തുടങ്ങി വല്ലാര്‍ പാടം തുറമുഖം, പെട്രോനെറ്റ് എല്‍.എന്‍.ജി പദ്ധതി, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി വികസനം, കൊച്ചി മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം, മലയോര ഹൈവേ, ശബരിമല വികസനം, മിഷന്‍ 2010 വരെ നിരവധി പദ്ധതികള്‍. പക്ഷേ ഞാന്‍ എപ്പോഴും ഓര്‍ക്കാറുള്ള ഒരു കാര്യമുണ്ട്. സാധാരണക്കാരുമായുള്ള ഈ നിത്യസമ്പര്‍ക്കത്തിലൂടെ അനേകായിരം ജീവിതങ്ങളില്‍ കൊളുത്തിവെക്കുന്ന വെളിച്ചത്തിന്റെ ഒരു ചീന്ത് ആയിരിക്കും മേല്‍ പറഞ്ഞ ബൃഹത് പദ്ധതികളെക്കാള്‍ ഏറ്റവും വലിയ പുണ്യ പ്രവൃത്തി എന്ന്.

ജനങ്ങളുമായുള്ള നിത്യസമ്പര്‍ക്കം കാലങ്ങളായി അദ്ദേഹത്തിന്റെ ജീവിതശൈലിയിലുറച്ച സ്ഥായീഭാവമാണ്. എന്റെ പാഠപുസ്തകം ജനങ്ങള്‍ ആണെന്ന് മാതൃഭൂമിക്കു വേണ്ടി സംവിധായകന്‍ സത്യന്‍ അന്തിക്കാട് നടത്തിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. എത്രയോ വട്ടം പറഞ്ഞിട്ടുള്ളതാണിത്. ദിനപത്രങ്ങള്‍ക്കപ്പുറത്തുള്ള നിത്യവായന അദ്ദേഹത്തിന് ഇല്ല. സമയം കിട്ടാത്തതു കൊണ്ടാണ്. പൗലോ കൊയ്‌ലോ അദ്ദേഹത്തിന് തീര്‍ത്തും അപരിചിതനായിരിക്കും. വി.എസ്.നയ്‌പോളിനെപ്പറ്റി കേട്ടിട്ടുണ്ടാവാം. കോട്ടയംകാര്‍തന്നെയായ സക്കറിയയെയും അരുന്ധതി റോയിയേയും അറിയുമായിരിക്കാം. പക്ഷേ വായിച്ചിട്ടുണ്ടാവണമെന്നില്ല. അദ്ദേഹം ജീവിതം വായിക്കുന്നതും പഠിക്കുന്നതും തന്നെ  കാണാനെത്തുന്ന ആളുകളില്‍നിന്നും അവരുടെ ആവലാതികളില്‍ നിന്നുമാണ്. അവരുടെ സങ്കടങ്ങളും പ്രാരാബ്ധങ്ങളും മനസിലാക്കുമ്പോള്‍ കിട്ടുന്ന പ്രായോഗിക ജ്ഞാനം ഒരു ഗ്രന്ഥത്തില്‍നിന്നും ലഭിക്കില്ലെന്ന് അദ്ദേഹം കരുതുന്നു. 

അതിന്റെയടിസ്ഥാനത്തിലാണ് രാഷ്ട്രീയക്കാരനും ഭരണകര്‍ത്താവുമെന്ന നിലക്കുള്ള സമീപനങ്ങള്‍ രൂപപ്പെടുത്തുന്നത്. ജനങ്ങളുടെ സ്‌നേഹവും വിശ്വാസവുമാണ് സ്വത്ത് എന്നും അക്കാര്യത്തില്‍ മറ്റാരേക്കാളും സമ്പന്നനാണെന്നും ഉമ്മന്‍ ചാണ്ടി വിശ്വസിക്കുന്നു. ആളുകള്‍ക്ക് അദ്ദേഹത്തിലുള്ള വിശ്വാസവും തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല എന്ന ആത്മബോധവും കൊണ്ടാണ് അത്യധികം പ്രതികൂലമായ സാഹചര്യങ്ങളിലും ഒരു ശിഖരം പോലും കുലുങ്ങാത്ത വന്മരമായി അദ്ദേഹം ഉറച്ചു നിന്നത്.

രാഷ്ട്രീയക്കാരന്റെ സ്വതസിദ്ധമായ രഥപാതകളില്‍ കരുതലിന്റെയും അനുകമ്പയുടെയും സര്‍ഗാത്മകതയെ അണച്ചു നിര്‍ത്തുന്ന ശൈലി കെ.എസ്.യുക്കാലത്തു തന്നെ ശീലിച്ചതാണ്. ഫീസ് കൊടുക്കാന്‍ പണമില്ലാതെ വിഷമിച്ച സഹപാഠിക്ക് മോതിരം ഊരി നല്‍കിയ കഥ അദ്ദേഹം ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. സത്യന്‍ അന്തിക്കാട് അതു ചോദിച്ചപ്പോഴും വിഷയം മാറ്റി. ഇ.എം.എസ് എന്ന അതികായനായ മുഖ്യമന്ത്രിയോട് മല്ലുപിടിച്ചാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും കെ.എസ്.യുവിനെ വളര്‍ത്തിയതും നേതാവ് എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി വളര്‍ന്നതും.

കഥാപുരുഷനെ രൂപപ്പെടുത്തുന്നതില്‍ ഇ.എം.എസിനും ഒരു പങ്ക് ഉണ്ടെന്ന് ഞാന്‍ പറയും. തേവര എസ്.എച്ച് കോളജിലെ മുരളി എന്ന കെ.എസ്.യു പ്രവര്‍ത്തകന്‍ ഇ.എം.എസിന്റെ കാലത്ത് പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചു. അതിന്റെ പേരില്‍ കെ.എസ്.യു സമരം തുടങ്ങി. ഒരു ഘട്ടത്തില്‍ അത് ഇ.എം.എസും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള വാക്‌പോരായി മാറി. വിട്ടുവീഴ്ചക്കില്ല എന്ന് ഇ.എം.എസ് പറയുമ്പോള്‍ ഉമ്മന്‍ ചാണ്ടി പ്രതികരിക്കും, കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യരുത്. പ്രധാന പത്രങ്ങളില്‍ ഇതെല്ലാം മുഖ്യവാര്‍ത്തയായി. അങ്ങനെ സമരച്ചൂടില്‍ സ്ഫുടം ചെയ്‌തെടുത്ത രാഷ്ട്രീയ ജീവിതമാണ് ഉമ്മന്‍ ചാണ്ടിയുടേത്.

പറഞ്ഞു വന്നത്, പ്രക്ഷോഭ കൊടുങ്കാറ്റിലും വിദ്യാര്‍ത്ഥികള്‍ ക്രിയാത്മക ശൈലി മറന്നുപോകരുത് എന്ന ചിന്ത ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പറന്നകന്നു പോയില്ല എന്നതാണ്. ഓണത്തിനൊരു പറ നെല്ല് എന്ന സ്വപ്നം പിറന്നത് അങ്ങനെയാണ്. ''ബസിന് കല്ലെറിയുകയല്ല, പാടത്ത് വിത്തെറിയുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യേണ്ടത് '' എന്ന അന്നത്തെ കൃഷി മന്ത്രി എം.എന്‍.ഗോവിന്ദന്‍ നായരുടെ വാക്കുകളായിരുന്നു പ്രചോദനം. ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ ഒരു പറ നെല്ല് വീതം ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി തയ്യാറായി. ലക്ഷം പാക്കറ്റ് വിത്ത് എം.എന്‍ കൊടുത്തു. ഫാക്ട് എം.ഡി ആയിരുന്ന എം.കെ.കെ നായര്‍ ആവശ്യമായ വളം നല്‍കി. സംരംഭം വന്‍ വിജയം. അതോടെ ഉമ്മന്‍ ചാണ്ടി എം.എന്‍.ഗോവിന്ദന്‍ നായരുടെ വാത്സല്യഭാജനമായി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ബ്രഹ്‌മാനന്ദ റെഡ്ഡി അഭിനന്ദന സൂചകമായി 250 രൂപ അയച്ചു കൊടുത്തു.

സാധാരണക്കാരുമായുള്ള ഈ സമ്പര്‍ക്കതലം അദ്ദേഹത്തിന് പ്രചാരണപരതയുടേതല്ല. അവരുടെ ആവലാതി കേട്ട് പരിഹാരം ഉണ്ടാക്കുക എന്നത് തന്നെയാണ്. പുതുപ്പള്ളിയിലെ വീട്ടില്‍ സ്വീകരിക്കുന്ന പരാതികള്‍ തിരുവനന്തപുരത്തിനു പോകുന്ന വഴി ഏനാത്ത് പാലത്തില്‍നിന്നും താഴെക്ക് എറിഞ്ഞു കളയാനുള്ളതല്ല. പറ്റുമെങ്കില്‍ സ്ഥായിയായ പരിഹാരമാണ് ആലോചിക്കുക. നക്കാപ്പിച്ച എന്തെങ്കിലും നല്‍കി ഒഴിവാക്കുന്ന തന്ത്രവുമില്ല. നാനാവശങ്ങള്‍ ആലോചിച്ച് തീരുമാനിക്കും. അതിനേറെ സമയം വേണ്ട താനും. അതുകൊണ്ടാണ് 50,000 രൂപയുടെ സഹായം പെട്ടെന്ന് മൂന്നു ലക്ഷമാവുന്നത്.

കാസര്‍കോട് ജില്ലയില്‍ ഡോക്യൂമെന്ററി ഷൂട്ടിനു പോയപ്പോള്‍ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. എന്‍ഡോസല്‍ഫാന്‍ ഇരയാണ്. ഇടതുകാലിന്റെ മുട്ടിന് താഴോട്ട് നഷ്ടപ്പെട്ടു. കൃത്രിമക്കാല്‍ ഉപയോഗിച്ചാണ് നടക്കുന്നത്. കൃത്രിമക്കാലിന് പൊട്ടല്‍ വീണതു കൊണ്ട് നടക്കുമ്പോള്‍ വേദനയുണ്ടെന്ന് സംസാരത്തിനിടെ അവള്‍ പറഞ്ഞു. ഒരു നിവേദനം എഴുതി വാങ്ങി. തിരിച്ചെത്തിയപ്പോള്‍ അതുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചെന്നു കണ്ടു.

എന്താവേണ്ടത്, എന്ന പതിവു ചോദ്യം. കൃത്രിമക്കാലിന്റെ വില 35,000 രൂപയാണെന്നും അത് അനുവദിച്ചാല്‍ മതി എന്നും പറഞ്ഞു. അപ്പോള്‍ മറ്റൊരു വിശദീകരണമാണ് ഉമ്മന്‍ ചാണ്ടിയില്‍നിന്നുമുണ്ടായത്: ''അന്നത്തെ വില 35,000 രൂപയാണെങ്കില്‍ ഇപ്പോള്‍ അത് കൂടികാണും. ചിലപ്പോള്‍ അന്നത്തെ സാഹചര്യത്തില്‍ ഏറ്റവും മികച്ചത് വാങ്ങാന്‍ സാധിച്ചിട്ടുണ്ടാവില്ല. അതുകൊണ്ട് പുതിയത് വാങ്ങുമ്പോള്‍ ഏറ്റവും നല്ലതായിരിക്കണം.'' പിന്നീട്, പി.എ ആയ ആര്‍.കെയെ അടുത്തു വിളിച്ച് ലഭ്യമായതില്‍ ഏറ്റവും നല്ല കൃത്രിമക്കാല്‍ കുട്ടിക്ക് ലഭ്യമാക്കാന്‍ കാസര്‍കോട് കളക്ടറോട് പറയാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

1970-ല്‍ പുതുപ്പള്ളിയില്‍നിന്നു ജയിച്ചാണ് ഉമ്മന്‍ ചാണ്ടി 50 വര്‍ഷം നീണ്ട അശ്വമേധം തുടങ്ങിയത്. ഘടകകക്ഷിയായ ആര്‍.എസ്.പിക്കു നല്‍കിയ സീറ്റാണ് കറങ്ങിത്തിരിഞ്ഞ് ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയത്. പുതുപ്പള്ളിയില്‍ പറ്റിയ സ്ഥാനാര്‍ത്ഥിയില്ലാതിരുന്നതു കൊണ്ട് ആര്‍.എസ്.പി അകലക്കുന്നം ചോദിച്ചു അതു കൊടുത്തു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ സ്ഥാനാര്‍ത്ഥിയാക്കി. പ്രബലനായ ഇ.എം.ജോര്‍ജ് ആയിരുന്നു സി.പി.എം സ്ഥാനാര്‍ത്ഥി.

ഉറപ്പായി ജയിക്കുന്ന സീറ്റ്, പരിശ്രമിച്ചാല്‍ കിട്ടാവുന്നത്, ജയസാധ്യത തീരെയില്ലാത്തത് എന്ന് നിയമസഭാ മണ്ഡലങ്ങളെ കോണ്‍ഗ്രസ് എ, ബി, സി എന്നീ ഗ്രൂപ്പുകളായി തരം തിരിച്ചിരുന്നു. അതില്‍ സി ഗ്രൂപ്പിലായിരുന്ന പുതുപ്പള്ളിയുടെ സ്ഥാനം. സീറ്റ് ഉമ്മന്‍ ചാണ്ടിക്കാണ് എന്നറിയിച്ച കെ.പി.സി.സി ട്രഷറര്‍ കെ.എം.ചാണ്ടി പറഞ്ഞു: ''ജയിക്കുമെന്ന് വിശ്വസിച്ച് നാളെ നിരാശപ്പെടേണ്ട. രണ്ടാം സ്ഥാനത്തു വന്നാല്‍ ജയിച്ചുവെന്ന് ഞങ്ങള്‍ കരുതിക്കോളാം.''

നാമനിര്‍ദേശ പത്രിക കൊടുക്കേണ്ട അവസാന ദിവസം കെട്ടിവയ്ക്കാനുള്ള 250 രൂപയുടെ ചെക്കുമായി കോട്ടയത്ത് എത്തി. ഒരു ബന്ധുവാണ് ചെക്ക് കൊടുത്തത്. ബാങ്കില്‍ ചെന്നപ്പോള്‍ അക്കൗണ്ടില്‍ 250 രൂപയില്ല. സമയം പോകുന്നു. മണി രണ്ട്. ഒരു നിമിഷം സ്തംഭിച്ചു നിന്നു. അപ്പോഴാണ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബന്ധുവിനെ ഓര്‍ത്തത്. അങ്ങോട്ട് പാഞ്ഞു. ഭാഗ്യത്തിന് അദ്ദേഹത്തിന്റെ കൈവശം 250 രൂപയുണ്ടായിരുന്നു. അതുമായി കളക്ടറേറ്റിലേക്കോടി. സമയം തീരും മുമ്പ് പത്രിക നല്‍കി. 7288 വോട്ടിന് ഉമ്മന്‍ ചാണ്ടി ജയിച്ചു. ഒരു ചരിത്രത്തിന് തുടക്കമായി.

പാലം കുലുങ്ങിയാലും കുലുങ്ങാത്ത കേളനാണ് കുഞ്ഞൂഞ്ഞ്. മുഖ്യമന്ത്രിക്കസേരയിലെ അവസാനനാളുകള്‍ ഓര്‍മ്മിക്കുക. തെറ്റു ചെയ്തിട്ടില്ല എന്ന ബോധ്യവും പതറാത്ത ആത്മവിശ്വാസവും കൊണ്ടാണ് പിടിച്ചു നിന്നത്. പകല്‍ മേഘസ്തംഭമായും രാത്രി അഗ്നിത്തൂണായും ദൈവം കൂടെയുണ്ടെന്നുള്ള ഉറപ്പും ബലം നല്‍കി. ഗീവര്‍ഗീസ് സഹദയുടെ പേരിലാണ് പുതുപ്പള്ളി പള്ളി. ഇപ്പോഴത്തെ സര്‍ക്കാരിന്റെ അവസാനകാലത്താണ് സഹദാ എത്ര ശക്തിമാനാണെന്ന് നമുക്ക് വിശ്വാസം വരുന്നത്.

1991-ല്‍ ഉമ്മന്‍ചാണ്ടി ധനമന്ത്രിയായി. ആദ്യ ബജറ്റ് അവതരിപ്പിക്കുന്നു. മണ്ണന്തലയിലെ ഗവണ്‍മെന്റ് പ്രസിലാണ് ബജറ്റ് പ്രസംഗം അച്ചടിക്കുക. പ്രസിന് എന്തോ സാങ്കേതികക്കുഴപ്പം. അച്ചടി മുടങ്ങി. രാവിലെ എട്ടു മണിയായിട്ടും പത്തിരുപത്തഞ്ച് പേജേ അച്ചടിച്ചിട്ടുള്ളൂ. ഒമ്പതിനാണ് ബജറ്റ് പ്രസംഗം തുടങ്ങേണ്ടത്. അച്ചടിച്ചിടത്തോളം പ്രസംഗവുമായി നിയമസഭയിലെത്തി.

പ്രസംഗം തുടങ്ങുന്നതിനുമുമ്പ് പ്രതിപക്ഷം എന്തെങ്കിലും തടസവാദങ്ങള്‍ ഉന്നയിക്കുക ഒരു മാമൂലാണ്. അങ്ങനെ എന്തെങ്കിലുമുണ്ടായാല്‍ കേറി മൂപ്പിച്ചേക്കാന്‍ ഭരണപക്ഷത്തെ ഉശിരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രതിപക്ഷം പതിവു ധര്‍മ്മം നിറവേറ്റി. അവരെ പ്രകോപിപ്പിച്ചും മറുചോദ്യം ചോദിച്ചും തര്‍ക്കുത്തരം പറഞ്ഞും കുറേയേറെ സമയം പോയി കിട്ടി. അതിനിടെ കുറെ പേജുകള്‍ കൂടി കിട്ടി. പ്രസംഗം തുടങ്ങി. ഇടയ്ക്ക് പ്രതിപക്ഷം ഇടപെടും. അപ്പോള്‍ ഭരണപക്ഷം അതിനേക്കാള്‍ ബഹളം ഉണ്ടാക്കും. അങ്ങനെ ഇടവേളകള്‍ ബോധപൂര്‍വം സൃഷ്ടിച്ച് മുന്നേറി. ഖണ്ഡഃശയായി പ്രസംഗ പേജുകള്‍ വന്നു കൊണ്ടിരുന്നു. ഒടുക്കം തടസമില്ലാതെ പ്രസംഗം പൂര്‍ത്തിയാക്കി. അന്നത്തെ സഭാനടപടികള്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ഫയലിലാക്കി കവറിനുള്ളില്‍ അടക്കം ചെയ്ത് വര്‍ണനാട കൊണ്ട് കെട്ടിയ രൂപത്തിലുള്ള പൂര്‍ണ പ്രസംഗം ധനമന്ത്രിയുടെ കൈയില്‍ കിട്ടിയത്.

സ്‌നേഹസമ്പന്നനായ ഭര്‍ത്താവും വാത്സല്ല്യനിധിയായ അച്ഛനും മുത്തച്ഛനുമൊക്കെയാണ് ഉമ്മന്‍ ചാണ്ടി. അതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പക്ഷേ അദ്ദേഹത്തോട് ചോദിക്കുക, ആര്‍ക്കാണ് മുന്തിയ പരിഗണന? ഭാര്യ, മക്കള്‍, കുടുംബം, കോണ്‍ഗ്രസ്, രാഷ്ട്രീയം? ഇനി എപ്പോഴാവും കോവിഡ് വാക്‌സിന്‍ കണ്ടു പിടിക്കുക എന്ന ഗഹനമായ ചിന്തയിലാണെന്ന മട്ടില്‍ മൂപ്പര് തിരിഞ്ഞിരിക്കും. പക്ഷേ, 'അത് ഞങ്ങള്‍ അല്ല' എന്നു ഉച്ചൈസ്തരം പ്രഖ്യാപിക്കാന്‍ ഭാര്യ മറിയാമ്മയ്ക്ക് ഒരു നിമിഷം ആലോചിക്കേണ്ടിവരില്ല. മക്കളായ ചാണ്ടി ഉമ്മനും മറിയക്കുട്ടിയും അച്ചുവും അമ്മക്കക്ഷിയില്‍ ചേരാനാണ് നൂറു ശതമാനം സാധ്യത. ഇതു സംബന്ധിച്ച പ്രമേയത്തിന്മേല്‍ കുടുംബസഭയില്‍ ഒരു വോട്ടെടുപ്പ് നടന്നാല്‍ ഉമ്മന്‍ ചാണ്ടി വെറും ന്യൂനപക്ഷമായിപ്പോവുകയേ ഉള്ളൂ.

ഉമ്മന്‍ ചാണ്ടി ഭവന നിര്‍മ്മാണ ചുമതലയുള്ള മന്ത്രിയായിരിക്കുമ്പോഴാണ് തിരുവനന്തപുരത്തെ ചെങ്കല്‍ചൂള ഭവന നിര്‍മ്മാണ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. ഉദ്ഘാടനം കഴിഞ്ഞു. ദേശീയ പ്രാധാന്യമുള്ള വാര്‍ത്തയായി അതു മാറി. അന്തരിച്ച സുഷമ സ്വരാജ് അന്ന് ഹരിയാന ഭവന നിര്‍മ്മാണ മന്ത്രിയാണ്. ചെങ്കല്‍ചൂള പദ്ധതി നേരില്‍ കാണണമെന്ന് അവര്‍ക്ക് മോഹം. ഉമ്മന്‍ ചാണ്ടിയെ വിളിച്ചു. സന്ദര്‍ശന തിയതി നിശ്ചയിച്ചു. അന്ന് മറിയാമ്മ പൂര്‍ണ ഗര്‍ഭിണിയാണ്.

സുഷമ സ്വരാജ് വരേണ്ട ദിവസം രാവിലെ ഭാര്യക്ക് പ്രസവ സംബന്ധമായ അസ്വസ്ഥതകള്‍ തുടങ്ങി. മെഡിക്കല്‍ കോളജിലെ ഡോ. സൂസന്‍ ജോര്‍ജ്ജാണ് നോക്കുന്നത്. ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. അതേസമയത്താണ് സുഷമ സ്വരാജിന്റെ വിമാനമെത്തുക. ഉമ്മന്‍ ചാണ്ടിയുടെ ക്ഷണമനുസരിച്ച് വരികയാണ്. എന്തു ചെയ്യും. ബന്ധുക്കള്‍ മറിയാമ്മയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഉമ്മന്‍ ചാണ്ടി സെക്രട്ടേറിയറ്റിലേക്കും പോയി. സുഷമ സ്വരാജിനെ സ്വീകരിച്ച് ചെങ്കല്‍ ചൂള പദ്ധതിയൊക്കെ കാണിച്ചു കൊടുത്തു. മുഖ്യമന്ത്രി ആന്റണിയുമായുള്ള കൂടിക്കാഴ്ചയിലും പങ്കെടുത്തു. എല്ലാം ഒതുക്കി മെഡിക്കല്‍ കോളജിലെത്തുമ്പോഴേക്കും ആദ്യകണ്‍മണി മറിയക്കുട്ടി പിറന്നു കഴിഞ്ഞിരുന്നു.

2001-2004-ലെ ആന്റണി സര്‍ക്കാരിന്റെ കാലം ഗ്രൂപ്പ് പോരാട്ടം എവറസ്റ്റ് കൊടുമുടിയേറി നില്‍ക്കുന്നു. 2003 ജൂലൈയില്‍ ആണ് ധനവിനിയോഗ ബില്ലിന്റെ പോളിംഗില്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ഐ വിഭാഗം തീരുമാനിച്ചു. മണി ബില്‍ ആണ്. തോറ്റാല്‍ പിന്നെ സര്‍ക്കാര്‍ ഇല്ല. ഐ പക്ഷം മാറിയാല്‍ തോല്‍ക്കും. ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്ത ഒരു എം.എല്‍.എ. കരുണാകരന്റെ വീട്ടിലെ കുളിമുറിയില്‍ നിന്നും വിളിച്ചു പറഞ്ഞതാണ്.

മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മൂത്തമകള്‍ മറിയക്കുട്ടിയെ കൊണ്ടുവരാന്‍ പിറ്റേന്ന് രാവിലത്തെ ഫ്‌ളൈറ്റിന് പോകാന്‍ ടിക്കറ്റെടുത്ത് കാത്തിരിക്കുമ്പോഴാണ് തീമഴപോലെ ഈ വാര്‍ത്ത വന്നത്. കൂടുതലാലോചിച്ചില്ല. യാത്ര മാറ്റി വെച്ചു. പകരം ആളു പോകാന്‍ ഏര്‍പ്പാടു ചെയ്തു. ഗ്രൂപ്പിലെ ബുദ്ധിശാലികള്‍ കൂടിയാലോചിച്ചു. മറുതന്ത്രം മെനഞ്ഞു. എതിര്‍പക്ഷത്തെ അഞ്ച് എം.എല്‍.എമാരെ നിയമസഭാകക്ഷിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അപ്പുറത്ത് അങ്കലാപ്പായി. സഭയില്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്താല്‍ അവര്‍ അന്ന് നിലവിലുണ്ടായിരുന്ന കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുകയും സഭാംഗത്വം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. പിറ്റേന്ന് രാവിലെ എല്ലാവരും നല്ല കുട്ടികളായി നിയമസഭയില്‍ വന്ന് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തു.

അടിമുടി പാര്‍ട്ടിക്കാരനാണ് ഉമ്മന്‍ ചാണ്ടി. പാര്‍ട്ടി തീരുമാനം അനുസരിച്ചുനില്‍ക്കും. സ്പീക്കര്‍ എ.സി.ജോസിന്റെ കാസ്റ്റിംഗ് വോട്ട് ബലത്തില്‍ കെ. കരുണാകരന്‍ ഭരിച്ചപ്പോള്‍ സഭയില്‍ ഫ്‌ളോര്‍ മാനേജ്‌മെന്റിന്റെ പ്രധാന ചുമതല അദ്ദേഹത്തിനായിരുന്നു. 1980-ല്‍ കോണ്‍ഗ്രസ് - സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയില്‍ ചേരുന്നതിനെ ഉമ്മന്‍ ചാണ്ടി നഖശിഖാന്തം എതിര്‍ത്തു. പക്ഷേ അങ്ങനെ തീരുമാനിച്ചപ്പോള്‍ അതിനൊപ്പം ഉറച്ചു നിന്നു. എല്‍.ഡി.എഫ് സര്‍ക്കാരില്‍ തുടരാനാവാതെ വന്നപ്പോള്‍ പോരാട്ടം നയിച്ചതും അദ്ദേഹമാണ്.

ഐ- എ ഗ്രൂപ്പുകളുടെ ലയനത്തിന് അന്തരീക്ഷമൊരുക്കാന്‍ ഇന്ദിരാഗാന്ധി അയച്ചത് ഐ.ബിയുടെ ഉന്നത ഉദ്യോഗസ്ഥനെയായിരുന്നു. ചര്‍ച്ചകളില്‍ എ ഗ്രൂപ്പിനെ പ്രതിനിധികരിക്കാന്‍ പോയത് ഉമ്മന്‍ ചാണ്ടിയാണ്. പാമോയില്‍ കേസ് വന്നപ്പോള്‍ കെ. കരുണാകരന് പൂര്‍ണ പിന്തുണ നല്‍കി. അതേസമയം, പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ വരുമ്പോള്‍ ഗ്രൂപ്പിന്റെ കരുത്തനായ അമരക്കാരനാണ്. ഇപ്പോഴും വിളിക്കുന്നത് 'എ' ഗ്രൂപ്പ് എന്നാണ് എങ്കിലും ആ സംവിധാനത്തെ കോട്ടകെട്ടി കാക്കുന്നത് ഉമ്മന്‍ ചാണ്ടിയാണ്. മുന്‍ നിശ്ചയപ്രകാരം എ ഗ്രൂപ്പിലെ ഡോ. എം.എ. കുട്ടപ്പന് ലഭിക്കേണ്ട രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോള്‍ ധനമന്ത്രി സ്ഥാനം രാജി വെക്കാന്‍ അദ്ദേഹത്തിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. അത് പിന്നീട് കരുണാകരന്റെ മുഖ്യമന്ത്രിപദ നഷ്ടത്തിലാണ് കലാശിച്ചത്.

എതിര്‍കക്ഷികളോടായാലും പാര്‍ട്ടിക്കുള്ളിലായാലും പോരാട്ടത്തിന്റെ ഏതു തീവ്ര അവസ്ഥയിലും ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ ബഹുമാനം ഒട്ടും കൈവെടിയില്ല. നിയമസഭയില്‍ എത്ര കടുത്ത ആരോപണത്തിനു മുന്നിലും അക്ഷോഭ്യനാണ്. അദ്ദേഹത്തില്‍ നിന്നുണ്ടായ ഒരു വാക്കുപോലും സഭാരേഖകളില്‍ നിന്ന് നീക്കേണ്ടി വന്നിട്ടുണ്ടാവില്ല. മുഖ്യമന്ത്രിയായിരിക്കേ, സഭയുടെ ചരിത്രത്തിലെ ഏറ്റവും ദയാശൂന്യമായ പ്രസംഗം പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായപ്പോഴും സമചിത്തത വിടാതെ ഇരുന്നു. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു. അന്ന് സഭയില്‍ ലജ്ജിച്ചത് ഉമ്മന്‍ ചാണ്ടിയല്ല, പ്രതിപക്ഷമാണ്.  

ചില വ്യക്തികളെ ചുറ്റിപ്പറ്റി മിത്തുകളുടെ ഛായയുള്ള കഥകള്‍ രൂപപ്പെട്ടു വരും. പുതിയ ഷര്‍ട്ടു വാങ്ങിയാലും ബ്ലേഡ് കൊണ്ട് കീറിയിട്ടേ ധരിക്കു എന്ന കഥ അത്തരത്തിലൊന്നാണ്. വെറും ചുമ്മാ. ദാരിദ്രത്തിന്റെ ആദ്യകാല രാഷ്ട്രീയ ജീവിതില്‍ കീറിയ ഷര്‍ട്ട് ഇട്ട് കൊണ്ട് നടന്ന വഴിക്കുണ്ടായ ഐതീഹ്യമാണ്. അന്നുണ്ടായിരുന്ന മിക്ക ഷര്‍ട്ടുകളും കീറിയതായിരുന്നുതാനും. വസ്ത്രധാരണത്തില്‍ അത്ര ശ്രദ്ധയില്ല. ഖദറാവണമെന്നേ നിര്‍ബന്ധമുള്ളൂ.

ഒരിക്കല്‍ വിലകൂടിയ ലീനന്‍ ഷര്‍ട്ട് ഇട്ടിരിക്കുന്നത് കണ്ട് ചോദിച്ചു: എന്താ ഖദര്‍ വേണ്ടെന്ന് വെച്ചോ? ഏയ് ഇത് ഖദറാണ്. അല്‍പ്പം മേല്‍ത്തരമാണെന്നേയുള്ളൂ എന്ന് തര്‍ക്കിച്ചു. ആരോ സമ്മാനിച്ചതാണ്. ഖദറാണെന്ന് കരുതി. മുടി വെട്ടണമെന്ന നിര്‍ബന്ധം ലേശം പോലുമില്ല. ആദ്യം മന്ത്രിയായപ്പോള്‍ ഒരു പയ്യന്‍ മന്ത്രിമന്ദിരത്തില്‍ മുടിവെട്ടാന്‍ വരുമായിരുന്നു. അന്ന് സ്റ്റെപ്പ് കട്ടിന്റെ കാലമാണ്. നീണ്ട മുടി ചെവിയെ മറച്ച് വെട്ടിയൊതുക്കിയിടുന്ന സ്റ്റൈല്‍.

സ്റ്റെപ്പ് കട്ട് ആയാലോ എന്ന് ചെക്കന്‍ ചോദിച്ചു. എന്താണെന്ന് മനസിലായില്ല. ആയിക്കോട്ടെ എന്നായിരുന്നു മറുപടി. പയ്യന്റെ കലാവിരുന്ന് ആരും ശ്രദ്ധിച്ചുമില്ല. ഒരാഴ്ച കഴിഞ്ഞ് മുംബൈയില്‍ നിന്നിറങ്ങുന്ന ടൈംസ് ഓഫ് ഇന്ത്യയില്‍ 'മന്ത്രിക്കും വേണം സ്റ്റെപ്പ് കട്ട് ' എന്ന ശീര്‍ഷകത്തില്‍ വാര്‍ത്ത വന്നു. ബോംബെയിലുള്ള സാറാമ്മ ആന്റി വാര്‍ത്തയുടെ കട്ടിംഗ് അയച്ചു കൊടുത്തു. അത് കിട്ടിയ ദിവസം സ്റ്റെപ്പ് കട്ട് തീര്‍ന്നു. അന്ന് മറിയാമ്മ കത്രികയും ചീപ്പും കൈയിലെടുത്തതാണ്. കൈവേദനയുണ്ടാകും വരെ ഭാര്യയാണ് ഉമ്മന്‍ചാണ്ടിയുടെ മുടിവെട്ടിയിരുന്നത്.

എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ അദ്ദേഹത്തെ കാണാന്‍ വരുന്നവര്‍ ദര്‍ശനത്തിന് ശുചിമുറിയിലും കാത്തിരിക്കും എന്ന കഥയില്‍ ലേശം കാര്യമുണ്ട്. ഒരിക്കല്‍ ഒരു വാര്‍ത്തയുടെ കാര്യത്തിന് എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ ഓള്‍ഡ് ബ്ലോക്കിലുള്ള മുറിയിലേക്ക് പോയി. ചെന്നപ്പോള്‍ പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന്റെ തിരക്ക്. ശുചിമുറിയില്‍ പോയി വരാമെന്ന് വിചാരിച്ച് കയറിയപ്പോള്‍ തൊട്ടു പുറത്തെ ഡ്രസിംഗ് ഏരിയയില്‍ നില്‍ക്കുന്നു, എറണാകുളത്തെ രണ്ടു പ്രധാന വ്യവസായികള്‍.

ഉമ്മന്‍ചാണ്ടിയേപ്പോലെ ഏതൊരു സാഹചര്യത്തോടും ഇണങ്ങി ജീവിക്കാന്‍ പറ്റുന്ന ശരീരപ്രകൃതി മറ്റാര്‍ക്കുമുണ്ടാവില്ല. രണ്ടോ മൂന്നോ ഗ്ലാസ് നാരങ്ങാ നീരോ ഇളനീരോ കൊണ്ട് രാവിലെ മുതല്‍ അര്‍ദ്ധരാത്രിവരെ ജനസമ്പര്‍ക്ക വേദികളില്‍ നില്‍ക്കുന്ന വിസ്മയം നാം കണ്ടതാണ്. യാത്രകളില്‍ മിക്കപ്പോഴും ബണ്ണും പഴവും കൊണ്ട് കഴിച്ചു കൂട്ടും. ചെറുപ്പത്തിലേ അദ്ദേഹത്തിന്റെ ഉദരവുമായി ലോഹ്യത്തിലായതാണ് ഈ രണ്ട് ആഹാര പദാര്‍ത്ഥങ്ങള്‍. നല്ല ഭക്ഷണം കിട്ടിയാല്‍ നിറവയറാണ് പ്രകൃതം.

ഒരിക്കല്‍ 'ഉമ്മന്‍ ചാണ്ടിയുടെ ഒരു ദിവസം' ഷൂട്ട് ചെയ്യാന്‍ പുതുപ്പള്ളിക്ക് പോയി. ആള്‍കൂട്ടത്തെ ഒന്ന് ഒതുക്കിയ ശേഷം പ്രാതല്‍ കഴിക്കാനിരുന്നു. കപ്പ- മീന്‍ കറി, അപ്പം - മുട്ട റോസ്റ്റ്, ദോശ- ചട്ണി എന്നിവ മേശപ്പുറത്ത് നിരന്നു. ഒരുവശത്തുനിന്നു യുദ്ധം തുടങ്ങി. പൊരുതി കയറുന്നതിന് ഇടക്ക് അഭിമുഖ സംഭാഷണവും ഷൂട്ടും നടക്കുന്നുണ്ട്. എല്ലാം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ചോദിച്ചു: ''നിങ്ങള്‍ വല്ലതും കഴിച്ചായിരുന്നോ?

''ഇല്ല, പക്ഷേ ഇവിടെനിന്ന് പച്ചവെള്ളം കിട്ടില്ല എന്ന് അറിയാമായിരുന്നതുകൊണ്ട് ഭക്ഷണം കരുതിയിട്ടുണ്ട് '' എന്ന മറുപടി പറഞ്ഞു. '' അയ്യോ.... ഒരു കാര്യം ചെയ്യാം ഉച്ചഭക്ഷണം എന്റെ വക''- ഉമ്മന്‍ ചാണ്ടിയുടെ വാഗ്ദാനം.

പുതുപ്പള്ളി പള്ളിയിലൊരു കല്ല്യാണമുണ്ട്. അതായിരുന്നു ലക്ഷ്യം. കറങ്ങിത്തിരിഞ്ഞ് അവിടെ എത്തുമ്പോള്‍ കെട്ട് നടക്കുന്നതേയുള്ളൂ. ഭക്ഷണം തുടങ്ങാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും. മാല വാഴ്ത്തുന്നതിനിടയില്‍ വരനെ ആശീര്‍വദിച്ച് പുറത്തേക്കിറങ്ങി. വീണ്ടും യാത്ര. അടുത്ത ലക്ഷ്യം മണര്‍കാട് പള്ളിയില്‍ നടക്കുന്ന കല്ല്യാണമാണ്. പലരെയും കണ്ട് അവിടെ ചെന്നപ്പോള്‍ കെട്ടും ഊണും കഴിഞ്ഞു. പെട്ടെന്ന് ഒരു മേശ വൃത്തിയാക്കി ഞങ്ങളെയിരുത്തി. അദ്ദേഹവും ഇരുന്നു.

എ.കെ.ശശീന്ദ്രനുമൊത്തുള്ള ഒരു യാത്രയില്‍ ഷൊര്‍ണൂരില്‍ ശരിക്കും കുടുങ്ങിപ്പോയി. വെളുപ്പാന്‍ കാലത്ത് ചെന്നിറങ്ങിയതാണ്. പാലപ്പുറത്തേക്കാണ് പോവേണ്ടത്. ബസ് കൂലിക്കുള്ള കാശേയുള്ളൂ. ഒരു ചായ കുടിക്കണമെന്ന് അതിമോഹം. ചായ കുടിച്ചാല്‍ യാത്ര മുടങ്ങും. എന്തു ചെയ്യും. റോഡിന് എതിര്‍വശത്ത് ഒരു തയ്യല്‍ക്കട തുറക്കുന്നത് കണ്ടു. അതിരാവിലെ തുറക്കുന്ന തുന്നല്‍ കടയോ. ധൈര്യം അവലംബിച്ച് അങ്ങോട്ടു ചെന്നു. ഞാന്‍ ഉമ്മന്‍ ചാണ്ടി എം.എല്‍.എ എനിക്ക് ഒരു രൂപ കടം തരണമെന്ന് അഭ്യര്‍ത്ഥിച്ചു. ഒരു രൂപ കൈയിലില്ലാത്ത എം.എല്‍.എ അദ്ദേഹം വിശ്വസിച്ചിട്ടുണ്ടാവില്ല. എങ്കിലും ഒരു രൂപ നല്‍കി. മൂന്നു മാസം കഴിഞ്ഞ് മറ്റൊരു പരിപാടിക്ക് ഷൊര്‍ണൂര്‍ എത്തിയപ്പോള്‍ കടം വീട്ടുകയും ചെയ്തു.

തീവണ്ടിയിലോ വിമാനത്തിലോ തൊട്ടടുത്ത് ഒരു ഇരിപ്പിടം ഒഴിഞ്ഞ് കണ്ടാല്‍ അവിടം സുഖശയ്യയാക്കുന്ന ഉമ്മന്‍ ചാണ്ടി ലോറിത്തട്ടും പട്ടുമെത്തയാക്കും. ഒരു യൂത്ത് കോണ്‍ഗ്രസ് ചടങ്ങിനുശേഷം തൃശൂര്‍ക്കോ എറണാകുളത്തിനോ ബസില്ലാതെ നടുരാത്രി ഒറ്റപ്പാലത്ത് കുടുങ്ങിയപ്പോള്‍ എറണാകുളത്തിനുപോകുന്ന ഒരു തമിഴ് ലോറിയെ ശരണം പ്രാപിച്ചു. എ.കെ.ആന്റണി, വയലാര്‍ രവി, എ.സി.ഷണ്‍മുഖദാസ്, വി.എം.സുധീരന്‍ എന്നിവരുമുണ്ട്.

ഡ്രൈവറുടെ സീറ്റിനു പിന്നിലെ ബഞ്ചില്‍ മറ്റ് നാലുപേരും ക്ലിനറും ഇരിപ്പുറപ്പിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് സ്ഥലമില്ലാതായി. പിന്നൊന്നും ആലോചിച്ചില്ല ബഞ്ചിനുകീഴിലേക്ക് നുഴഞ്ഞ് കയറി. നിമിഷങ്ങള്‍ക്കകം സുഖനിദ്ര പൂകി. കുറേ നേരം കഴിഞ്ഞപ്പോള്‍ തൃശൂരിനടുത്തെവിടെയോ ഒരു ഉത്സവഘോഷയാത്രയുടെ നടുവില്‍ ചെന്നുപെട്ടു. വണ്ടി നിര്‍ത്തി. ആള്‍ക്കൂട്ടത്തില്‍ ചിലര്‍ സുധീരനെ തിരിച്ചറിഞ്ഞു. സുധീരന്‍ അന്ന് തൃശൂരില്‍ സൂപ്പര്‍ താരമാണ്. 'സുധീരന്‍, സുധീരന്‍' എന്ന് അവര്‍ ആര്‍ത്തു. ലോറി യാത്ര നാട്ടുകാര്‍ കണ്ടതിലുള്ള ചമ്മലില്‍ സുധീരന്‍ പറഞ്ഞു: 'ഞാന്‍ മാത്രമല്ല, വയലാര്‍ രവിയും എ.കെയും ഷണ്‍മുഖദാസും ഉമ്മന്‍ ചാണ്ടിയുമൊക്കെയുണ്ട്.' ഗത്യന്തരമില്ലാതെ ഇവരെല്ലാം പുറത്തേക്ക് തല നീട്ടി ദര്‍ശനം കൊടുത്തു. അപ്പോള്‍ എവിടെ ഉമ്മന്‍ ചാണ്ടി എന്ന ചോദ്യമുയര്‍ന്നു. ബഞ്ചിന്റെ കീഴില്‍ നിന്ന് അദ്ദേഹം പുറത്തേക്ക് വന്നു.

ഇങ്ങനെയിങ്ങനെയൊക്കെയായ ഉമ്മന്‍ ചാണ്ടി സത്യത്തില്‍ ഒരു ശുദ്ധനാണ്. ഉമ്മന്‍ ചാണ്ടിയാരാ മോന്‍, കാഞ്ഞ വിത്താ എന്നൊക്കെ പറയും, കോണ്‍ഗ്രസിനെ തളയ്ക്കാന്‍ ഉമ്മന്‍ ചാണ്ടിയെ വീഴ്ത്തണമെന്ന രാഷ്ട്രീയ ബുദ്ധിയിലാണ് എതിരാളികള്‍ അദ്ദേഹത്തെ മാത്രം ലക്ഷ്യമാക്കി വില്ല് കുലയ്ക്കുന്നത്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിക്ക് വില്ലന്‍ കുപ്പായം തയ്ച്ചുകൊടുക്കാന്‍ പാടുപെടുന്ന തുന്നല്‍ വിദഗ്ധരുണ്ട്.

കുപ്രസിദ്ധമായ ചാരക്കേസ്‌ കരുണാകരനെ അട്ടിമറിക്കാന്‍ മെനഞ്ഞ കഥയാണെന്ന്  കണ്ടുപിടിച്ച മാധ്യമ വിശാരദന്മാരെയും ചരിത്ര പടുക്കളെയും കാണം. രാഷ്ട്രീയ ചരിത്ര ബോധത്തിന്റെ കുറവാണ് ഇത്. വയലാര്‍ രവിയെ ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് പുറത്ത് ചാടിക്കാന്‍ സംവിധാനം ചെയ്ത പ്രതിച്ഛായ ചര്‍ച്ചയും, 1994-ല്‍ ഉമ്മന്‍ ചാണ്ടിയുടെ രാജിക്ക് കളമൊരുക്കിയതും 2001-ല്‍ അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശം തടയാന്‍ കരുക്കള്‍ നീക്കിയതും ഇവരൊക്കെ സൗകര്യപൂര്‍വം മറന്നുപോകും. ഓരോ രാഷ്ട്രീയ നിലപാടും അതത് കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപം കൊള്ളുക. നിലനില്‍പ്പിനായി അവസാനം വരെ പൊരുതാമെന്നത് രാഷ്ട്രീയത്തിന്റെ ഒരു അടിസ്ഥാന പ്രമാണമാണ് താനും.  

ഒരു നല്ല പൊതു പ്രവര്‍ത്തകന്‍ എങ്ങനെ ആയിരിക്കണമെന്ന് ചോദിച്ചാല്‍ ഉപമിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ ചാണ്ടി. നര്‍മ്മബോധം നന്നേ ഉണ്ട്. എങ്കിലും ലജ്ജാലുവായ ഉമ്മന്‍ ചാണ്ടിയെ ഒരിക്കലേ കണ്ടിട്ടുള്ളൂ. നേരത്തെ പറഞ്ഞ 'ഉമ്മന്‍ചാണ്ടിയുടെ ഒരു ദിവസം' ഷൂട്ട് അവസാനിച്ചത് മേലുകാവില്‍ ഒരു കുന്നിന്‍ നിറുകയിലുള്ള ദേവാലയമുറ്റത്താണ്. സൈന്‍ ഓഫ് ചെയ്യും മുമ്പ് വെറൈറ്റിക്കുവേണ്ടി ചോദിച്ചു: ''ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുണ്ടോ.'' അപ്രതീക്ഷിതമായ ആ ചോദ്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മുഖം ലജ്ജകൊണ്ട് തുടുത്തു. അന്തിവെട്ടത്തില്‍ ആ നാണത്തില്‍ ചെമപ്പ് നിറം കലര്‍ന്നു.

പിന്‍കുറിപ്പ്: ഉമ്മന്‍ ചാണ്ടിയുടെ അന്‍പതു വര്‍ഷത്തെ നിയമസഭാ ജീവിതമാണ് നമ്മള്‍ ആഘോഷിക്കുന്നത്. വാസ്തവത്തില്‍ അവാര്‍ഡ് കൊടുക്കേണ്ടത് ഈ മനുഷ്യന്റെ കൂടെ ഇത്രകാലം സന്തോഷത്തോടെ ജീവിച്ച മറിയാമ്മ എന്ന ഭാര്യയ്ക്കാണ്.  

Content Highlights: oommen chandy-sunnykutty abraham