ഉമ്മന്‍ചാണ്ടിയെന്ന മനുഷ്യനെയും രാഷ്ട്രീയനേതാവിനെയും 16 വര്‍ഷമായി അടുത്തറിയുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ.ഉമ്മന്‍ചാണ്ടി സാറേ... എന്നു വിളിച്ച്, സ്വന്തം പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ സ്‌കൂള്‍ കുട്ടി പോലും സധൈര്യം കടന്നുവരുന്നത് കണ്ടയാള്‍. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...
എന്നാല്‍ ഇങ്ങോട്ട് പോരുവല്ലേ..
പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ സേവനമനുഷ്ഠിച്ചിരുന്ന തന്നെ പ്രസ് സെക്രട്ടറിയായി തിരഞ്ഞെടുത്തെന്ന വിവരം ഉമ്മന്‍ചാണ്ടി നേരിട്ട് വിളിച്ചറിയിക്കുകയായിരുന്നു. 'എന്നാല്‍ ഇങ്ങോട്ട് പോരുവല്ലേ' എന്നാണ് അന്ന് അദ്ദേഹം ചോദിച്ചത്.
ബാങ്കോക്കില്‍ ഒരു അവാര്‍ഡ് വാങ്ങാന്‍ പോകണം. രണ്ടാഴ്ചത്തെ പരിപാടിയാണ്. അതുകഴിഞ്ഞാല്‍ ഉടന്‍ എത്തിയേക്കാം എന്നറിയിച്ചു. എന്നാല്‍ ഇവിടെ ആള്‍ ഇല്ലാത്തതിനാല്‍ ആ യാത്ര വെട്ടിക്കുറച്ച് എത്രയും വേഗം ചുമതലയേല്‍ക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. അങ്ങനെ 2004-ല്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി ചുമതലയേറ്റു. പുറത്തുള്ളവരോട് മാത്രമല്ല കൂടെയുള്ളവരോടും മുഖംകറുപ്പിച്ച് ഒരു വാക്കുപോലും പറയാത്ത നേതാവാണ് ഉമ്മന്‍ചാണ്ടി. ഔദ്യോഗികസ്ഥാനം വഹിക്കുന്ന കാലത്ത് ചെറിയ പിഴവുകള്‍ എല്ലാവര്‍ക്കുമെന്നപോലെ എനിക്കും വന്നിട്ടുണ്ട്. അപ്പോഴും അദ്ദേഹം വഴക്ക് പറഞ്ഞിട്ടില്ല. പകരം ഒപ്പം നിന്ന് തിരുത്തി.
കരുണയുള്ള മാതാപിതാക്കളുടെ മകന്‍
കരുണയും സഹാനുഭൂതിയും ഉമ്മന്‍ചാണ്ടിയുടെ രക്തത്തിലുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് വലിയ ഒരു ചെമ്പുകലം മോഷണംപോയി. അത്യാവശ്യം വിലയുള്ളതാണ് മോഷണംപോയ ചെമ്പുകലം. പോലീസില്‍ പരാതിപ്പെടാന്‍ നാട്ടുകാരും വീട്ടുകാരും നിര്‍ബന്ധിച്ചു.
പോയത് പോട്ടെ, ഏതെങ്കിലും അത്യാവശ്യക്കാരന്‍ എടുത്തോണ്ടുപോയതാവും എന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞത്. അങ്ങനെയുള്ള അച്ഛനമ്മമാരുടെ മകനായ ഉമ്മന്‍ചണ്ടിക്ക് കരുണയും സഹാനുഭൂതിയും ജനിതകമാണ്.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ജനസമ്പര്‍ക്കപരിപാടിയില്‍ 11.5 ലക്ഷം ആളുകളെയാണ് നേരിട്ട് കണ്ടത്. പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളുമായി എത്തിയവരെ അദ്ദേഹം കാര്യം പറഞ്ഞു മനസ്സിലാക്കി തിരികെ വിട്ടു.
16 മുതല്‍ 18 മണിക്കൂറോളമാണ് വിശ്രമം പോലുമില്ലാതെ ജനസമ്പര്‍ക്കപരിപാടിയില്‍ ചെലവഴിച്ചത്. അതിന് കരുണയും ക്ഷമയും ഇല്ലാതെ പറ്റില്ല. അദ്ദേഹത്തിനത് വേണ്ടുവോളമുണ്ട്.
ഭരണാധികാരിയും രാഷ്ട്രീയനേതാവും
മികച്ച ഭരണാധികാരിയും രാഷ്ട്രീയനേതാവുമാണ് ഉമ്മന്‍ചാണ്ടി. സി.അച്യുതമേനോന്‍, കെ.കരുണാകരന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് മാത്രമേ ഈ രണ്ട് സവിശേഷതയും ഒരുപോലെയുള്ളൂ.
ഇതൊന്ന് ഒപ്പിട്ടേ സാറേ, കാര്യമൊക്കെ പിന്നെ...
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു അനാവശ്യവിവാദം ഉയര്‍ന്നുവന്നു. അതേത്തുടര്‍ന്ന് അദ്ദേഹം രാജിവെക്കാന്‍ പോകുകയാണെന്ന കുപ്രചാരണവും ശക്തമായി.
ഇതിന് ഒരു മറുപടി നല്‍കാനായി പത്രസമ്മേളനം വിളിച്ചു. പുറത്തേക്കിറങ്ങിയപ്പോള്‍ കോറിഡോര്‍ നിറയെ ഒപ്പ് വാങ്ങാന്‍ വന്നവരുടെ ആള്‍ക്കൂട്ടമാണ് കണ്ടത്. ഒരു മടിയും കൂടാതെ അദ്ദേഹം അവര്‍ക്കിടയിലേക്കിറങ്ങിച്ചെന്നു.
ഓരോ കടലാസും വാങ്ങി വായിച്ചുനോക്കി. ഇതിനിടയില്‍ ഒരാള്‍ ഒന്നും എഴുതാത്ത ഒരു പേപ്പര്‍ അദ്ദേഹത്തിന്റെ കൈയിലേക്ക് കൊടുത്തു. തിരിച്ചും മറിച്ചും പേപ്പര്‍ നോക്കിയിട്ട് ഇതിലൊന്നും എഴുതിയിട്ടില്ലല്ലോ എന്ന് അദ്ദേഹം അയാളോട് ചോദിച്ചു.
കാര്യമൊക്കെ ഞാന്‍ പിന്നെ എഴുതിച്ചേര്‍ത്തോളാം, സാറ് ഇതിലൊന്ന് ഒപ്പിട്. കണ്ടുനിന്ന ഞങ്ങള്‍ക്കുപോലും ഇതുകേട്ട് ദേഷ്യം വന്നു. എന്നാല്‍ അദ്ദേഹമൊന്ന് ചിരിക്കുക മാത്രം ചെയ്ത് അടുത്ത കടലാസുകള്‍ വാങ്ങി.