ഉമ്മൻചാണ്ടി കേരളീയർക്ക്  മുഖ്യമന്ത്രിപദത്തിലിരുന്ന വെറുമൊരു രാഷ്ട്രീയനേതാവ് മാത്രമല്ല. കേരളസമൂഹത്തിൽ അപൂർവമായ ഒരു സാന്നിധ്യമാണദ്ദേഹം. എപ്പോഴും ആൾക്കൂട്ടത്തിൽനിന്ന്‌ ഉയർന്നുവരുന്ന മാനുഷികത. രാഷ്ട്രീയവ്യത്യാസങ്ങൾക്ക്‌ അതീതമായ വ്യക്തിബന്ധങ്ങൾ, അനേകായിരം ജീവിതങ്ങളെ  സാന്ത്വനംകൊണ്ട് സ്പർശിക്കാൻ കഴിഞ്ഞ ചാരിതാർഥ്യം, അധികാരം 
വരുത്തിത്തീർക്കുന്ന അകലങ്ങളെ  അതിജീവിക്കാനുള്ള വൈഭവം, സംസ്ഥാനത്തിനുള്ളിലെ അവിശ്വസനീയമായ യാത്രകൾ, ആൾക്കൂട്ടത്തിൽ  കഴിയുകയെന്നതിൽ പൊതുജീവിതത്തിന്റെ താരസ്വരം കണ്ടെത്തുന്ന നിപുണത,   ഇവയെല്ലാം അദ്ദേഹത്തെ അനന്യനാക്കുന്നു. ഉമ്മൻചാണ്ടിക്കൊപ്പം ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ച്  അദ്ദേഹത്തെ അടുത്തുനിന്ന് കണ്ട കവി എഴുതുന്നു 

മ്മൻചാണ്ടി സർക്കാരിൽ 2012-ൽ, ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കാൻ എനിക്ക് സാധിച്ചു. അതിനുമുമ്പ് കുറേക്കാലം ആഭ്യന്തരവകുപ്പിന്റെയും ദേവസ്വംവകുപ്പിന്റെയുമൊക്കെ  ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറിയുമായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുമായി പല സന്ദർഭങ്ങളിൽ ഔദ്യോഗികമായി ഇടപഴകാൻ എനിക്ക്‌ അവസരമുണ്ടായിട്ടുണ്ട്‌. അന്നൊക്കെ ഞങ്ങൾ ഉദ്യോഗസ്ഥരെ അന്ധാളിപ്പിച്ചിരുന്ന ഏറ്റവും വലിയ പ്രശ്നം ഇതായിരുന്നു:  ‘‘മുഖ്യമന്ത്രിയെ കണ്ട്  ഒരു കാര്യം എങ്ങനെ പറയാനാണ്? എപ്പോൾ നോക്കിയാലും അദ്ദേഹത്തിന്റെ  മുറിയിൽ നിറച്ചും ആളുകളാണ്’’ ശരിയാണ്. മുഖ്യമന്ത്രി കസേരയിൽ ഇരിക്കാറില്ല. അദ്ദേഹം നടന്ന്  ഓരോരുത്തരെയും കാണുന്നു. ഇതിനിടയിൽ ഉദ്യോഗസ്ഥന് എങ്ങനെ മുഖ്യമന്ത്രിയെ കിട്ടാനാണ്? ഞാൻ കുറച്ചുദിവസം അദ്ദേഹത്തിന്റെ  പ്രവർത്തനരീതി നോക്കി മനസ്സിലാക്കി. ഒരു കാര്യം എനിക്ക് ബോധ്യമായി. എത്ര വലിയ ആൾക്കൂട്ടത്തിലും കാണേണ്ടവരെ  കാണാനും അവർക്കു വേണ്ട ‘പ്രൈവസി’ ഒരുക്കാനും  അദ്ദേഹത്തിന് അസാമാന്യമായ ഒരു കഴിവുണ്ട്.  ഞാൻ ഇത് മറ്റുള്ള ഉദ്യോഗസ്ഥരുമായി പങ്കുെവച്ചു: ‘‘എത്ര ആൾക്കൂട്ടത്തിലും  സിഎമ്മിനെ  കാണണമെങ്കിൽ മുറിക്കകത്ത്  എത്തിയാൽ മതി. അദ്ദേഹത്തിന്റെ  ശ്രദ്ധയിൽ പെട്ടാൽ ഉദ്യോഗസ്ഥർക്കായി ആദ്ദേഹം അപ്പോൾ തന്നെ സമയമുണ്ടാക്കും, സ്വകാര്യമായി സംസാരിക്കാൻ സ്ഥലവും ഉണ്ടാക്കും, (ചിലപ്പോൾ അത് ടോയ്‌ലെറ്റിനടുത്തായിരിക്കും!) നമ്മൾ കൊണ്ടുചെന്ന  ഫയലിൽ ഒപ്പിട്ടുതരുകയും ചെയ്യും. മുഖ്യമന്ത്രിയുടെ മുറിയിൽ ആളൊഴിഞ്ഞിട്ട് അദ്ദേഹത്തെ കാണാൻ ശ്രമിക്കുന്നത്  പാഴ്‌ക്കിനാവായിരിക്കും. പക്ഷേ, നിറച്ചും ആളുണ്ടെങ്കിലും ഔദ്യോഗികകാര്യങ്ങൾ  നിറവേറ്റുന്നതിന്  അതൊരു തടസ്സമല്ല. ഈ  ശൈലി പരിചയിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ‘ഞാൻ മുഖ്യമന്ത്രിയോട് സംസാരിക്കുമ്പോൾ  മറ്റാരുമുണ്ടാകാൻ പാടില്ല’ എന്നൊക്കെയുള്ള  ഉദ്യോഗസ്ഥ പത്രാസ് വിലപ്പോകില്ലെന്നേയുള്ളൂ.’’

അങ്ങനെയിരിക്കെയാണ് ഏതോ ഒരു വിരുതൻ  വന്ന് മുഖ്യമന്ത്രിയുടെ കസേരയിൽ കയറി ഇരുന്നു കളഞ്ഞത്. അതിനുശേഷവും സന്ദർശകരെ നിയന്ത്രിക്കുന്നതിനോ ക്രമീകരിക്കുന്നതിനോ ഉള്ള ഒരു നിർദേശവും മുഖ്യമന്ത്രിക്ക് സ്വീകാര്യമായിരുന്നില്ല. അന്ന് ഞാൻ ആഭ്യന്തര സെക്രട്ടറിയാണ്. ജേക്കബ് പുന്നൂസ് ആണ് ഡി.ജി.പി. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള ഞങ്ങളുടെ സോദ്ദേശ്യശാസ്ത്രീയ നിർദേശങ്ങൾ മുഖ്യമന്ത്രി മൃദുവായി ചിരിച്ചുതള്ളി. ഏതായാലും ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു:  പൊതുജനങ്ങൾ മുറിയിലുള്ള സമയത്തെല്ലാം സാധാരണവേഷത്തിലെ ഒരു പോലീസ് ഓഫീസർ മുഖ്യമന്ത്രിയുടെ മുറിയിൽ ഉണ്ടാകണം. മറ്റു മന്ത്രിമാരോ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളോ ഉദ്യോഗസ്ഥരോ പേഴ്‌സണൽ സ്റ്റാഫോ  മാത്രമാകുന്ന സന്ദർഭങ്ങളിലൊഴികെ  ഈ പോലീസ് ഉദ്യോഗസ്ഥൻ മുറിയിൽത്തന്നെ വേണം.  ആൾക്കൂട്ടത്തിലുള്ളവരെ നിരീക്ഷിക്കലാണ് അയാളുടെ പണി. ഏതായാലും ആ  ഭരണപരിഷ്കാരം നടപ്പായതിന്റെ  ചാരിതാർഥ്യം ഞങ്ങൾക്കുണ്ടായി. അനുവാദം ചോദിച്ചിരുന്നെങ്കിൽ അതും നടക്കുമായിരുന്നില്ല.

കറുത്ത കോട്ടിട്ട അതിഥി

സമാനമായ ഒരു സംഭവം തിരൂരിൽ മലയാളസർവകലാശാലയുടെ കെട്ടിടം ഉദ്ഘാടനം  ചെയ്യുന്ന ദിവസം നടന്നു.  ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രിയുടെ തൊട്ടുപിന്നിൽ ഒരു കറുത്ത കോട്ടുകാരൻ ഇരിപ്പുറപ്പിച്ചു. സ്റ്റേജിലേക്ക് കയറുമ്പോൾ കറുത്തകോട്ട് മുഖ്യമന്ത്രിയോടൊപ്പം നടന്നിരുന്നു. അയാളുടെ െെകയിലൊരു കറുത്ത ബാഗുമുണ്ട്. പരിപാടി തുടങ്ങുമ്പോൾ കറുത്ത കോട്ടുധാരി ഡയറിയിൽ ഗൗരവപൂർവം എന്തോ എഴുതുന്നുണ്ട്. കുറച്ചുകഴിഞ്ഞപ്പോൾ പോലീസ് സൂപ്രണ്ട് എന്നോട് വന്നുചോദിച്ചു: ‘‘സ്റ്റേജിലെ ആ  കറുത്ത കോട്ടിട്ട ആൾ സാറിന്റെ  ക്ഷണിതാവാണോ?’’ അല്ലെന്നു ഞാൻ വ്യക്തമാക്കി. അയാൾ മുഖ്യമന്ത്രിയോടൊപ്പം വന്നയാളാണെന്നാണ് ഞാൻ ധരിച്ചത്. സ്റ്റേജിൽ ഒരുമിച്ചു കയറുമ്പോഴുള്ള ശരീരഭാഷയിൽനിന്ന് അതാണ് ഞാൻ  മനസ്സിലാക്കിയത്. ഏതായാലും അഞ്ചു മിനിറ്റിനുള്ളിൽ ആരോ ചെന്ന് ചെവിയിൽ ഏന്തോ പറയുന്നു. കറുത്ത കോട്ടിനെ  താഴെ ഇറക്കുന്നു. ‘ഭരണഘടന ഭേദഗതിചെയ്യാനുള്ള  സമഗ്രനിർദേശങ്ങൾ മുഖ്യമന്ത്രിയെ ഏൽപ്പിക്കാൻ’ വേണ്ടിയാണ് അദ്ദേഹം വന്നതെന്ന്  പോലീസുകാർ പിന്നീട് എന്നെ അറിയിച്ചു!

oommen chandy logoസുതാര്യകേരളത്തിന്റെ ഫലശ്രുതി

ചീഫ് സെക്രട്ടറി ആകുന്നതിനുമുൻപും അതിനു ശേഷവും അന്ന് മുഖ്യമന്ത്രി നടത്തിയിരുന്ന  സുതാര്യകേരളം എന്ന പ്രോഗ്രാമിൽ ഞാനായിരുന്നു അവതാരകൻ. അവതാരകൻ എന്നതിനെക്കാൾ മുഖ്യമന്ത്രിയുടെ സഹായി എന്ന് പറയുന്നതായിരിക്കും ശരി. നേരത്തേ കിട്ടുന്ന പെറ്റീഷനുകളും അപ്പോൾ ലൈവ് ആയി കിട്ടുന്ന പരാതികളും പരിഗണിച്ച്  തീരുമാനങ്ങൾ എടുക്കുകയായിരുന്നു രീതി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്നിഹിതരായിരിക്കും. അവർ പരാതിയുടെ വസ്തുതകൾ പഠിച്ചിട്ടായിരിക്കും വരുക. സ്വാഭാവികമായും നിയമവും ചട്ടങ്ങളും എന്താണെന്നേ  ഉദ്യോഗസ്ഥർ പറയൂ. ആ ചട്ടങ്ങൾക്കുള്ളിൽനിന്ന് പരാതിക്കാർക്ക്  അനുകൂലമായ തീരുമാനമെടുക്കാനും നിർദേശങ്ങൾ കൊടുക്കാനും മുഖ്യമന്ത്രിയെ സഹായിക്കലാണ് എന്റെ പണി. ഞാൻ ഏറ്റവുമധികം ആസ്വദിച്ച ഒന്നായിരുന്നു ഈ ജോലി. എന്തെല്ലാം തരത്തിലുള്ള പ്രശ്നങ്ങളിലാണ് ആളുകൾ  ജീവിക്കുന്നത്! ചിലപ്പോൾ ചില പരാതികളിൽ ഒന്നുംചെയ്യാൻ സാധിക്കാതെ വരും. പക്ഷേ, അങ്ങനെ പറഞ്ഞവസാനിപ്പിക്കാൻ ഉമ്മൻചാണ്ടിക്ക്‌ വലിയ മടിയാണ്. അവരുടെ സ്ഥിതി കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ഒരു ചെറിയ സഹായമെങ്കിലും കൊടുത്തേ അവസാനിപ്പിക്കൂ.

ഒരു സുതാര്യകേരളം പരിപാടി റെക്കോഡ് ചെയ്തുകൊണ്ടിരിക്കേ, തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുനിന്ന് ഒരു വീട്ടമ്മ വിളിച്ചു. മെഡിക്കൽ കോളേജിനടുത്തു മുപ്പതു സെന്റ്  സ്ഥലമുണ്ട്. രണ്ടു പെൺമക്കളുണ്ട്.  കുട്ടികൾ ചെറുതായിരിക്കേ ഭർത്താവ് മരിച്ചുപോയി. മരിക്കുന്നതിനുമുമ്പ് അദ്ദേഹം ആശ്വസിപ്പിച്ചു, മുപ്പതുസെന്റ്‌ സ്ഥലത്തിന്റെ പകുതിവിറ്റാലും കുട്ടികളെ  പഠിപ്പിക്കാനും വിവാഹം കഴിപ്പിച്ചയക്കാനുമുള്ള പണം കിട്ടും. ഇപ്പോൾ മൂത്തമകളുടെ വിവാഹം നിശ്ചയിച്ചു. അഞ്ചുസെന്റ്  സ്ഥലം വിൽക്കാൻ ശ്രമിക്കുമ്പോഴാണ് അറിയുന്നത്, ആ സ്ഥലം ഒരിക്കലും വിൽക്കാൻ കഴിയില്ല, മെഡിക്കൽ കോളേജിന്റെ ഭാവിവികസനത്തിനുവേണ്ടി മരവിപ്പിച്ചിരിക്കുകയാണ് ആ സ്ഥലങ്ങളെല്ലാം. ജീവിതം എങ്ങനെ മുമ്പോട്ടുകൊണ്ടുപോകും? അതാണ് അവരുടെ ചോദ്യം. തികച്ചും ന്യായമായ ചോദ്യം! അവിടെ സന്നിഹിതനായിരുന്ന  ചീഫ് ടൗൺ പ്ലാനറോടു ചോദിച്ചപ്പോൾ അങ്ങനെ  ഫ്രീസ് ചെയ്യാറുണ്ട് എന്ന് ഉത്തരം കിട്ടി (അദ്ദേഹം മറ്റൊരു നിവേദനത്തിന്റെ  മറുപടിയുമായി വന്നതായിരുന്നു.)

ലാൻഡ് അക്വിസിഷൻ നിയമം അനുസരിച്ചു വിലനൽകി സർക്കാരിന് പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കാം. ചില പ്രദേശങ്ങളിൽ ചില തരത്തിലുള്ള പ്രവൃത്തികളും കെട്ടിടനിർമാണവും ടൗൺ പ്ലാനിങ് നിയമമനുസരിച്ച്  നിയന്ത്രിക്കാം. പക്ഷേ, സ്വന്തം ഭൂമി ക്രയവിക്രയം ചെയ്യുന്നത്  അനന്തമായി മരവിപ്പിക്കാൻ ഏതു നിയമം അനുവദിക്കുന്നു എന്നന്വേഷിക്കാമെന്നും ഉചിതമായ പരിഹാരമുണ്ടാക്കാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. തിരിച്ച്  ഓഫീസിലെത്തി ഞാൻ ഇതിനുവേണ്ട ഒരു ഫയൽ തുറന്നു; മുഖ്യമന്ത്രിയുടെ അംഗീകാരം വാങ്ങി അന്വേഷണം തുടങ്ങി. സ്വകാര്യഭൂമിയുടെ വിൽപ്പന സ്ഥിരമായി  നിരോധിക്കുന്നതിന്‌ ഏതുനിയമം അനുവദിക്കുന്നു എന്നാണ്  അറിയേണ്ടിയിരുന്നത്. ഫയൽ അതിന്റെ  ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഞാൻ റിട്ടയർ ചെയ്ത് തിരൂരിൽ മലയാളം സർവകലാശാലയുടെ വൈസ് ചാൻസലറായിരിക്കെ, നാലുമാസത്തിനുശേഷം രാത്രി എട്ടു മണിക്ക് എനിക്കൊരു ഫോൺ വന്നു. ‘‘പരിചയമുള്ള ആളല്ല. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിനടുത്തുനിന്ന് വിളിക്കുകയാണ്. സുതാര്യകേരളം പരിപാടിയിൽ  മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇന്ന് ആ ഉത്തരവ് കിട്ടി സർ. അങ്ങയെ അറിയിക്കണമെന്ന് ആ അമ്മ എന്നോട് ആവശ്യപ്പെട്ടതാണ്. ഞങ്ങൾക്കു മാത്രമല്ല ഒരു പതിനഞ്ചുപേർക്കും അതിന്റെ  പ്രയോജനം കിട്ടി’’.  ‘‘നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട്  നന്ദി പറയണം’’-എന്ന് ഞാൻ പറഞ്ഞു. ഉമ്മൻചാണ്ടി അക്കാര്യത്തിൽ  കൃത്യമായ നിലപാട് സ്വീകരിച്ചതുകൊണ്ടും അത് പിന്തുടർന്നതുകൊണ്ടുമാണ്  നിയമരഹിതവും നീതിരഹിതവുമായ ആ മരവിപ്പിക്കൽ ഒഴിവാക്കിക്കൊടുക്കാൻ കഴിഞ്ഞതെന്ന്  ഞാൻ മനസ്സിലാക്കി.  

ജനസമ്പർക്കപരിപാടിയിലെ വെളിപാടുകൾ

രാത്രി വൈകുന്നതുവരെ (അഥവാ പുലരുന്നത് വരെയോ) നീളാറുണ്ടായിരുന്നല്ലോ ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടികൾ.  ഭക്ഷണമോ വിശ്രമമോ  പ്രധാനപ്പെട്ട കാര്യങ്ങളായി അദ്ദേഹം കരുതിയിട്ടില്ല.  കിട്ടുന്നത് കഴിക്കുക, കാറിൽ  ഉറങ്ങുക. വന്നുചേർന്ന എല്ലാവരെയും കാണുക; അതാണ് ജീവിതക്രമം!   (പിറ്റേന്ന് രാവിലെ  അടുത്ത പരിപാടിയിലേക്കു പോവുകയും ചെയ്യും. പോക്കറ്റിലെ ചെറിയ ഡയറിയിൽ എഴുതിയാൽ മാത്രമേ ഒരു പരിപാടി ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നുള്ളൂ. ആൾക്കൂട്ടത്തിൽ​െവച്ചുതന്നെ ഡയറി നോക്കി അദ്ദേഹം നമുക്ക് തീയതി തരും. ഞാൻ അങ്ങനെയാണ് പല പരിപാടികളിലേക്കും അദ്ദേഹത്തെ ക്ഷണിച്ചിട്ടുള്ളത്. പേഴ്‌സണൽ  സ്റ്റാഫിനൊന്നും  പൊതുപരിപാടികൾ നിശ്ചയിക്കുന്ന  കാര്യത്തിൽ വലിയ റോൾ ഇല്ല.)

ജനസമ്പർക്ക പരിപാടികളിൽനിന്ന് ജനങ്ങളുടെ അനേകം പ്രശ്നങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിനും സർക്കാരിനും സാധിച്ചിട്ടുണ്ട്. ഹീമോഫീലിയ  രോഗികൾക്കുള്ള സഹായധനം, ശ്രവണശേഷി കുറഞ്ഞ കുട്ടികൾക്കുള്ള കോക്ലിയർ ഇംപ്ലാന്റ് എന്നീകാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങളും സ്പഷ്ടീകരണവും  പുറപ്പെടുവിക്കാൻ കഴിഞ്ഞത് ജനസമ്പർക്ക പരിപാടികളിൽനിന്ന് ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. അതിനെക്കാൾ സൂക്ഷ്മമായ ഒരു തീരുമാനം ഇപ്പോൾ ഓർക്കുകയാണ്.  വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന യന്ത്രങ്ങളുടെ സഹായത്തോടെമാത്രം ജീവിതം നിലനിർത്തുന്ന ചില രോഗികളുണ്ട്. അവർ വീട്ടിൽ തന്നെയായിരിക്കും. പക്ഷേ, ഉപകരണം പ്രവർത്തിച്ചില്ലെങ്കിൽ അവരുടെ ജീവിതം അവതാളത്തിലാകും. ചില  വീടുകളിൽ വൈദ്യുതിബിൽ വർധിക്കുന്നുവെന്ന കാരണത്താൽ ഈ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുകയില്ല. ഈ പ്രശ്നത്തിന്റെ  മാനുഷികവശം മന്ത്രിസഭായോഗത്തിൽ അദ്ദേഹം അവതരിപ്പിച്ചു. ഇത്തരം രോഗികളുള്ള വീടുകളെ വൈദ്യുതിച്ചാർജിൽനിന്ന് ഒഴിവാക്കിക്കൊടുക്കാൻ തീരുമാനിച്ചു. (വൈദ്യുതി ബോർഡിന് സർക്കാർ ആ പണം കൊടുക്കാമെന്നാണ് ധാരണ എന്ന് തോന്നുന്നു.) ഈ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ  ചാരിതാർഥ്യം അദ്ദേഹത്തിന്റെ മുഖത്ത്  പടർന്നത് ഞാൻ ഓർക്കുന്നു; അതിനെക്കാൾ വലിയ ചിരിനിലാവ് ആ രോഗികളുടെ ഹൃദയങ്ങളിൽ നിറഞ്ഞിട്ടുണ്ടാവുമല്ലോ!

‘താത്‌കാലിക ബധിരത’യുടെ ‘എങ് എങ് ’

ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ  മന്ത്രിമാർക്ക് എപ്പോഴും സ്വീകാര്യമായിക്കൊള്ളണമെന്നില്ല. വിയോജിപ്പുകളോട് പല തരത്തിലാണ് മന്ത്രിമാർ പ്രതികരിക്കുക. എന്നാൽ, ഉദ്യോഗസ്ഥന്റെ ഭാഗം നിഷ്പക്ഷമായി കേൾക്കാൻ ഇതുപോലെ ക്ഷമ കാണിച്ച മറ്റൊരു നേതാവിനെ ഉമ്മൻചാണ്ടിയെപ്പോലെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഞാൻ ചീഫ് സെക്രട്ടറിയായിരിക്കെ, പല തീരുമാനങ്ങളിലും എന്റെ  നിലപാട് മന്ത്രിസഭയുടെ പൊതുവായ അഭിപ്രായത്തിനു വിരുദ്ധമായിരുന്നിട്ടുണ്ട്, പക്ഷേ, മുഖ്യമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹം ഉദ്യോഗസ്ഥഭാഷ്യത്തിനു പ്രാധാന്യം കല്പിക്കും. തീരുമാനം എപ്പോഴും അതിനനുസൃതമായിക്കൊള്ളണമെന്നില്ല. അത് മന്ത്രിസഭയുടെ അവകാശവും അധികാരവും.  അഭിപ്രായം പറഞ്ഞുകഴിഞ്ഞാൽ ഉദ്യോഗസ്ഥന് തീരുമാനത്തിനോട് കലഹിക്കാൻ  അവകാശമില്ല. എന്നാൽ, പറയാനുള്ള സ്വാതന്ത്ര്യം കല്പിച്ചുതരുന്നതിന്റെ പ്രാധാന്യം ചെറുതല്ല.

പറയുന്നതെല്ലാം അദ്ദേഹം (കേൾക്കുമെങ്കിലും) അനുസരിച്ചുകൊള്ളണമെന്നില്ല. സ്വീകാര്യമല്ലാത്ത കാര്യമാണ് നമ്മൾ പറയുന്നതെങ്കിൽ ‘താത്‌കാലികമായ ബധിരത’ നടിക്കാനുള്ള അദ്ദേഹത്തിന്റെ തന്ത്രം അടുത്തു പെരുമാറുന്നവർക്ക്‌ അറിയാം. നേരി​െട്ടതിർക്കാതെ വിയോജിപ്പ് സംവേദനംചെയ്യാനുള്ള ഒരു ഡിപ്ലോമസി ആണത്. രണ്ടു മൂന്നുതവണ ‘എങ് എങ്’ എന്ന് പറയുകയാണെങ്കിൽ അത്ര പെട്ടെന്ന് വിട്ടുപോകുന്ന ബധിരതയല്ല അതെന്നു തീർച്ചപ്പെടുത്താം. ചീഫ് സെക്രട്ടറിയായി അദ്ദേഹത്തിന്റെ ഇടതുവശത്തിരുന്നു ഞാൻ പറഞ്ഞ പല കാര്യങ്ങളും  അദ്ദേഹം ശ്രദ്ധിച്ചു; ചില കാര്യങ്ങളിൽ ‘എങ് എങ്’  പറഞ്ഞു.  

ശബരിമല മാസ്റ്റർപ്ലാനിനും  ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങൾക്കുമെല്ലാം എന്റെ അഭിപ്രായങ്ങൾക്കു അദ്ദേഹം  വിലകല്പിച്ചത്‌ ഇപ്പോഴും ഓർക്കുന്നു. ഞാൻ റിട്ടയർ ചെയ്തതിനുശേഷവും ആറ്റുകാൽ പൊങ്കാലദിവസം വാട്ടർ അതോറിറ്റിയുടെ അരുവിക്കരനിന്നുള്ള പൈപ്പ് പൊട്ടിയതിനെക്കുറിച്ച്  അന്വേഷിക്കാൻ എന്നെ അദ്ദേഹം ചുമതലപ്പെടുത്തി. (ഞാൻ കുറേക്കാലം വാട്ടർ അതോറിറ്റി ചെയർമാൻ ആയിരുന്നു.)  ആ വിശ്വാസമാണ് ഒരുദ്യോഗസ്ഥന്റെ  കീർത്തിമുദ്ര.

ഇറ്റാലിയൻ അംബാസഡറോട്: ഞങ്ങൾ  ഇന്ത്യൻ നിയമങ്ങൾ അനുസരിച്ച്‌ മുന്നോട്ടുപോകും

 ജനങ്ങളുടെ പ്രശ്നങ്ങളിൽ ഉദാരനിലപാട് സ്വീകരിക്കുന്ന അതേ നിശ്ചയദാർഢ്യത്തോടെ ഇളക്കമില്ലാത്ത നിലപാടുകൾ സ്വീകരിക്കാനും അദ്ദേഹത്തിനറിയാം. കേരളത്തെ നടുക്കിയ കടൽക്കൊലയിലെ പ്രതികളായ ഇറ്റാലിയൻ നാവികരെ  അറസ്റ്റുചെയ്ത സമയം. ഇന്ത്യയിലെ ഇറ്റാലിയൻ അംബാസഡർ മുഖ്യമന്ത്രിയെ കാണാൻ വന്നു. രാത്രി ഒമ്പതു മണിക്കാണ് സന്ദർശനം.  കോൺഫറൻസ് ഹാളിൽ ചർച്ച കഴിഞ്ഞു. ഇരുഭാഗവും  നിലപാടുകൾ വ്യക്തമാക്കി.  അറസ്റ്റുചെയ്യപ്പെട്ട നാവികർ ഇറ്റാലിയൻ സൈനികരാണെന്നും അവരെ അറസ്റ്റുചെയ്തത് തെറ്റാണെന്നും ഉടനെ വിട്ടയക്കണമെന്നും പറയാനാണ് അംബാസഡറിന്റെ വരവ്. നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നത് കൊലപാതകമല്ലാതെ മറ്റൊന്നുമല്ല എന്ന നമ്മുടെ നിലപാട് സർക്കാരും ആവർത്തിച്ചു.  മീറ്റിങ് അവസാനിച്ചു. ഉദ്യോഗസ്ഥർ ഹാളിനു പുറത്തേക്കിറങ്ങുകയാണ്. അംബാസഡർ പക്ഷേ, അവിടെത്തന്നെ നിൽക്കുകയാണ്. പുറത്തേക്കില്ല. തന്നോടൊപ്പം വന്ന ആളിനോട് പുറത്തുപോകാൻ അംബാസഡർ പറയുന്നു. മുഖ്യമന്ത്രിയുമായി ഒറ്റയ്ക്ക് പത്തു മിനിറ്റു വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

(സ്ഥാനപതി ഒരു സൂത്രക്കാരനാണെന്നു കണ്ടാലേ അറിയാം). മുഖ്യമന്ത്രി വളരെ സൗമ്യമായി പറഞ്ഞു: ‘‘ഞാൻ  ഒറ്റയ്ക്ക്  താങ്കളുമായി  കൂടിക്കാഴ്ച നടത്തുന്നതു ശരിയല്ല. താങ്കളുടെ ഒപ്പംവന്ന ആളിനെ കൂടെ നിർത്തൂ. സംസ്ഥാന ചീഫ്  സെക്രട്ടറി എന്നോടൊപ്പമുണ്ടാകും.’’ അംബാസഡർക്കു അതത്ര ബോധിച്ചില്ല. എങ്കിലും വഴങ്ങി.  ഞങ്ങൾ നാലുപേർ മാത്രമായപ്പോൾ ഹിസ് എക്‌സലൻസി  ഗദ്ഗദം അഭിനയിക്കുകയും മിസ്റ്റർ  ഉമ്മൻചാണ്ടിയെപ്പറ്റി ഒരുപാട് കേട്ടിരിക്കു​െന്നന്നും, കരുണയുള്ള ആളാണ് എന്നറിയാമെന്നുമൊക്കെ  പ്രശംസാവചനങ്ങൾ ചൊരിഞ്ഞു. ‘‘എന്റെ  കണ്ണിലേക്കുനോക്കൂ;  അങ്ങൊരു കാരുണ്യവാനല്ലേ’’ എന്നൊക്കെയുള്ള വൈകാരികവചനങ്ങൾ അദ്ദേഹം ഉരുവിട്ടെങ്കിലും മുഖ്യമന്ത്രിയുടെ  മറുപടി കൃത്യമായി ഇത്രമാത്രം: ‘‘ഞങ്ങൾ  ഇന്ത്യൻ നിയമങ്ങളനുസരിച്ചു മുന്നോട്ടുപോകും’’   ഇറ്റാലിയൻ അംബാസഡർ നിരാശനായി മടങ്ങി.

എവിടെയാണ് കരുണ കാണിക്കേണ്ടതെന്ന് കൃത്യമായി അറിയാവുന്ന ഹൃദയമാണ്  ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ ഏറ്റവും വലിയ ധനം.  എത്ര ആൾക്കൂട്ടത്തിനുള്ളിലുംനിന്ന് ആവശ്യക്കാരന്റെ  നിശ്ശബ്ദരോദനം അദ്ദേഹം കേൾക്കുന്നു. ‘രുദിതാനുസാരീ  കവി’ എന്നാണ് പറയുക.  ഉമ്മൻ ചാണ്ടി കവിയല്ല; പക്ഷേ, കണ്ണീർ തിരിച്ചറിയുന്ന ഹൃദയമാപിനി  അദ്ദേഹത്തിന് സ്വന്തം. അപൂർവമാണ് ആ സിദ്ധി.