2005-ല്‍ പ്രവാസികാര്യ വകുപ്പ് സെക്രട്ടറിയായിരുന്നപ്പോള്‍ ഒരിക്കല്‍ ഞാന്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പാലക്കാട്ടു പോയി. മടക്കയാത്ര ട്രെയിനിലായിരുന്നു. അര്‍ധരാത്രി ഷൊര്‍ണൂരെത്തിയാല്‍ മലബാര്‍ എക്‌സ്പ്രസിനു തിരുവനന്തപുരത്തേക്കു പോകാം. പിറ്റേന്നു രാവിലെ ഒന്‍പതുമണിയോടെ തലസ്ഥാനത്തെത്താം. സെക്കന്‍ഡ് എ.സി.യില്‍ 1എ ബര്‍ത്ത് കളക്ടര്‍ക്കുള്ളതാണ്. പാലക്കാട് കളക്ടര്‍ അല്ലാതായപ്പോഴും ഈ 'അവകാശം' ഞാന്‍ സംരക്ഷിച്ചുപോന്നു. എന്നാല്‍, അന്നുരാത്രി ഷൊര്‍ണൂരെത്തിയപ്പോള്‍ എന്റെ സീറ്റ് 2എ ആണെന്ന് അറിയിപ്പു കിട്ടി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അതേ ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ടെന്നും. അദ്ദേഹത്തിന്റെ ബര്‍ത്ത് 1എ ആണെന്നും മനസ്സിലായി. എനിക്കു സന്തോഷമായി. മുഖ്യമന്ത്രിയുമായി നേര്‍ക്കുനേര്‍ ഒരു ചര്‍ച്ചയാകാമല്ലോ. ഒരിക്കലും ഒറ്റയ്ക്ക് അദ്ദേഹേത്താടു സംസാരിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടിയിട്ടില്ല. എപ്പോഴും ആള്‍ക്കൂട്ടമുണ്ടാകും.

ട്രെയിന്‍ പുറപ്പെടാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഒരു ബ്രീഫ്കേസ് സീറ്റില്‍ കൊണ്ടുെവച്ചു. പിന്നാലെ മുഖ്യമന്ത്രിയെത്തി. മുഷിഞ്ഞവസ്ത്രം. പോക്കറ്റില്‍ ഒരു ചെറിയ ഡയറിയും പേനയും. കുറേ കടലാസു കഷണങ്ങള്‍ കുത്തിനിറച്ചിട്ടുണ്ട്. കൈയില്‍ ഒരുകെട്ട് കടലാസ്. ചീകിയൊതുക്കാത്ത മുടി പാറിക്കളിക്കുന്നു. രാത്രി ഒന്നരയായിട്ടുണ്ടാവണം. കിടക്ക വിരിക്കാനുള്ള ലക്ഷണമൊന്നും കാണുന്നില്ല. ഞാന്‍ ചോദിച്ചു: ''സാറിന് ഉറങ്ങണ്ടേ?''

''കുറച്ചു പേപ്പര്‍ കൂടി നോക്കിയിട്ട് ഉറങ്ങാം.''

''ഈ രാത്രിയിലോ? സാര്‍ കുറച്ചു സമയമെങ്കിലും ഉറങ്ങണം.''

''എനിക്കുറക്കം വരുന്നില്ല. ജിജി ഉറങ്ങിക്കോളൂ''- അദ്ദേഹം പറഞ്ഞു.

OOMMENCHANDYLOGOഅരണ്ട വെളിച്ചത്തില്‍, ഒരു ഫയല്‍പ്പാഡില്‍ കെട്ടിവെച്ചിരുന്ന പരാതികള്‍ ഓരോന്നായി വായിച്ച് അതിന്റെ മാര്‍ജിനില്‍ ഉത്തരവുകള്‍ എഴുതാന്‍ തുടങ്ങി. മയക്കത്തിനിടയില്‍ ഒളികണ്ണിട്ടു നോക്കിയപ്പോള്‍ മുഖ്യമന്ത്രി ചാരിയിരുന്ന് ഉറങ്ങുന്നു. മടിയില്‍ പരാതിക്കെട്ടുണ്ട്. പേന വിരലിനിടയില്‍. ഞാന്‍ എഴുന്നേറ്റ് അദ്ദേഹത്തെ ഉണര്‍ത്തി. എന്നിട്ട് കിടക്ക വിരിക്കാന്‍ തുടങ്ങി. ''വേണ്ട, വേണ്ട. ഞാന്‍ ചെയ്തുകൊള്ളാം.'' -അദ്ദേഹം തടസ്സവാദം തുടങ്ങി. ''ദയവായി സാറൊന്ന് കിടക്കാമോ?'' ഞാന്‍ പരിഭവസ്വരത്തില്‍. ''ഇപ്പോള്‍ എന്റെ ഉറക്കം പോയി!'' എന്നുപറഞ്ഞ് അദ്ദേഹം വീണ്ടും ഫയല്‍ നോക്കാന്‍ തുടങ്ങി.

''ഞാനൊരു കാര്യം പറഞ്ഞാല്‍ സാറ് ദേഷ്യപ്പെടുമോ?''

''ഏയ്, ഇല്ല. ജിജിക്കു പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.''

''സര്‍, ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ് അമേരിക്കയുടെ പ്രസിഡന്റ് ജോര്‍ജ് ബുഷ് അല്ലേ?''

''അതെ.''

''അദ്ദേഹം ജോലി എല്ലാം കഴിഞ്ഞ് ടെന്നീസ് കളിക്കുകയും ഭാര്യയെയും മക്കളെയും കൂട്ടി വിനോദയാത്രയ്ക്കു പോവുകയും ചെയ്യുന്നു. അമേരിക്കയുടെ പ്രസിഡന്റിന് ഇതാകാമെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്കും ആയിക്കൂടേ?''

അദ്ദേഹം ചിരിച്ചു: ''അതൊക്കെ അമേരിക്കയില്‍. ഇവിടെ ഇതു വല്ലതുംപറ്റുമോ?''

''എന്തുകൊണ്ട് പറ്റില്ല സാര്‍? സാര്‍ ഇങ്ങനെ സമയത്ത് ഭക്ഷണം കഴിക്കാതെ, വിശ്രമം എടുക്കാതെ പണിചെയ്ത് സ്വന്തം ആരോഗ്യം പണയപ്പെടത്തരുത്!''

''ഹേയ്! അതിനൊന്നും ഒരു കുഴപ്പവുമില്ല! പിന്നെ, നാളെ ഒരുപാട് മീറ്റിങ്ങുണ്ട്. അതിനുമുമ്പ് ഈ പരാതികളൊക്കെ നോക്കണ്ടേ?''

''സാര്‍ മീറ്റിങ്ങിന്റെ കാര്യം പറഞ്ഞതുകൊണ്ട് ഒരുകാര്യം പറയട്ടേ. എന്തിനാണ് സാര്‍, ഇത്രയും നീണ്ട മീറ്റിങ്? മുഖ്യമന്ത്രി പങ്കെടുക്കുന്ന മീറ്റിങ് വളരെ ചുരുങ്ങിയ നേരമായിരിക്കണം.''

''അതു വല്ലതും നടക്കുമോ?''

-അദ്ദേഹം ചിരിച്ചു. ഞാന്‍ ധൈര്യം സമാര്‍ജിച്ചു പറഞ്ഞു: ''ഇല്ല, സര്‍, ഇനി ഉറങ്ങിയേ മതിയാവൂ. ഇപ്പോള്‍ സമയം രണ്ടരയായി. ആറുമണിവരെ ഉറങ്ങണം. ഞാന്‍ വിളിച്ചുണര്‍ത്താം.'' എന്റെ നിര്‍ബന്ധത്തിനു വഴങ്ങി അദ്ദേഹം ലൈറ്റണച്ച് കിടക്കയില്‍ ചുരുണ്ടുകൂടി കിടന്നു. പുലര്‍െച്ച അഞ്ചുമണിക്കു ഞാന്‍ എഴുന്നേറ്റു നോക്കുമ്പോള്‍ അദ്ദേഹം വീണ്ടും ഫയല്‍നോക്കി ഇരിക്കുന്നു. ഒരു പുരാവസ്തു ഗവേഷകേെനപ്പാലെ! ഊണും ഉറക്കവും വേണ്ടാത്ത അദ്ഭുതമനുഷ്യന്‍. കര്‍മനിരതന്‍ എന്നൊക്കെ പലരെക്കുറിച്ചും ഭംഗിവാക്ക് പറയാറുണ്ട്. എന്നാല്‍, ആ വാക്ക് അന്വര്‍ഥമാക്കിയ ഒരാളെ ഒരു സംശയവുമില്ലാതെ ഞാന്‍ ചൂണ്ടിക്കാണിക്കട്ടേ: 'പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി സാര്‍.'