കാഞ്ഞിരപ്പള്ളി: ഉമ്മൻചാണ്ടിയോടൊപ്പമുള്ള ജയിൽവാസവും ആറു ദിവസത്തെ നിരാഹാരസമരവും- പി.എ.ഷെമീർ ഇത് എന്നും ഓർമിക്കുന്നു. ഇപ്പോൾ ഡി.സി.സി. ജനറൽ സെക്രട്ടറിയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാണ് അഡ്വ. പി.എ.ഷെമീർ. കെ.എസ്.യു. കാലത്താണ് ഇൗ ജയിൽക്കഥ. അന്ന് എം.ജി.സർവകലാശാലാ യൂണിയൻ ജോ. സെക്രട്ടറിയായിരുന്നു പി.എ.ഷെമീർ.

1997 മാർച്ച് 1

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പവർകട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. സമരം. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റ് സമരത്തിൽ പോലീസ് മർദനം. കോട്ടയത്തെ പ്രതിഷേധസമരത്തിൽ പോലീസുമായി സംഘർഷം. ഡി.സി.സി. ഓഫീസിലേക്ക് പ്രാണരക്ഷാർഥം ഓടിക്കയറിയ എട്ട് സമരക്കാരെ അറസ്റ്റ്‌ ചെയ്തു.

സമരത്തിന് നേതൃത്വം നൽകിയ പി.എ.ഷെമീർ, വി.പി.സജീന്ദ്രൻ, നാട്ടകം സുരേഷ്, നിബു ജോൺ എന്നിവരെ ജില്ലാ ജയിലിലേക്കും മറ്റ് നാലുപേരെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അതിക്രമം നടത്തിയ പോലീസുകാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ ഉപരോധസമരത്തിൽ ഉമ്മൻചാണ്ടിയെയും പോലീസ് അറസ്റ്റ്‌ ചെയ്തു. കെ.എസ്.യു. പ്രവർത്തകർക്കെതിരായ കേസ് പിൻവലിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നറിയിച്ച ഉമ്മൻചാണ്ടിയെ റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു.

ജയിൽദിനങ്ങൾ

പിന്നീട് ആറു ദിവസം ജയിലിൽ നിരാഹാരസമരം. നേതാവിനൊപ്പം വിദ്യാർഥിനേതാക്കളും ജയിലിൽ നിരാഹാരത്തിൽ. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ മിക്ക സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും ഉമ്മൻചാണ്ടിയെ കാണാനെത്തി. പലരും നിറമിഴികളോടെയാണ് ഉമ്മൻചാണ്ടിയെ കണ്ടുമടങ്ങിയത്. നിരാഹാരസമരം മൂന്നു ദിവസം പിന്നിട്ടപ്പോൾ കോൺഗ്രസ് സമരം സംസ്ഥാനതലത്തിലാക്കി. സമരം ഒത്തുതീർക്കുന്നതിന് മന്ത്രി ടി.കെ.രാമകൃഷ്ണൻ ജയിലിലെത്തി. സമരത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. പവർകട്ട് പിൻവലിക്കാതെ സമരത്തിൽനിന്ന് പിന്മാറാൻ കഴിയില്ലെന്ന് ഉമ്മൻചാണ്ടി മന്ത്രിയോട് പറഞ്ഞു. ആറാം ദിവസം ആരോഗ്യനില മോശമായതിനെത്തുടർന്ന് മെഡിക്കൽ സംഘം എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

OOMMENCHANDYLOGOജയിലിൽ ഉമ്മൻചാണ്ടിയുമായി അടുത്ത് ഇടപെടാൻ കഴിഞ്ഞത് യുവനേതാക്കൾക്ക് അവിസ്മരണീയമായ അനുഭവമായി. പുറത്ത് തിരക്ക്‌ കാരണം ഒരു വാചകം പൂർണമായി സംസാരിക്കാൻ കിട്ടാത്ത നേതാവിനെ ഒപ്പം കിട്ടുക. ജയിലിൽ സന്ദർശകരില്ലാത്ത സമയം ഉമ്മൻചാണ്ടിയും യുവനേതാക്കളുമായി ദീർഘസംഭാഷണമായിരുന്നു. പല മനുഷ്യരുടെയും ജീവിതപ്രയാസങ്ങളെക്കുറിച്ചുള്ള ഓർമകൾ ഉമ്മൻചാണ്ടി അവരുമായി പങ്കിട്ടു. നമുക്ക് അവർക്കുവേണ്ടി എന്തു ചെയ്യാൻ കഴിയുമെന്നതും വിവരിച്ചു. അന്ന് സമരത്തിൽ പങ്കെടുത്ത വി.പി.സജീന്ദ്രൻ ഇപ്പോൾ കുന്നത്തുനാട് എം.എൽ.എ.യും നാട്ടകം സുരേഷ് കെ.പി.സി.സി. സെക്രട്ടറിയും നിബു ജോൺ പുതുപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാണ്.