കോട്ടയം: പൊതുജീവിതം തുടങ്ങിയ കോളേജ് വിദ്യാഭ്യാസകാലം മുതലുള്ള സുഹൃദ്വലയത്തെ എക്കാലവും ഒപ്പം നിര്‍ത്തിയ അപൂര്‍വ വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയുടേത്. സഹപാഠികള്‍ പലതലങ്ങളിലായിട്ടും ഇന്നും അവരോട് കുഞ്ഞൂഞ്ഞ് സൗഹൃദം സൂക്ഷിക്കുന്നു.

ഏത് ആള്‍ക്കൂട്ടത്തില്‍ കണ്ടാലും അവരിലോരോരുത്തരുടെയും നേര്‍ക്ക് പ്രസാദത്തോടെയുള്ള ഉമ്മന്‍ചാണ്ടിയുടെ ഒരു നോട്ടം മാത്രം മതി സ്‌നേഹിതര്‍ക്ക് മനം നിറയാന്‍. ഏതു തിരക്കിലും സംഘര്‍ഷം നിറഞ്ഞ നിമിഷങ്ങളിലും കൂടെ കൂടിയവരെ കൈവിടാത്തതാണ് ഉമ്മന്‍ചാണ്ടിയുടെ മഹത്ത്വമെന്ന് എല്ലാവര്‍ക്കും അറിയാം.

ആദ്യകാലം മുതല്‍ സംഘടനയില്‍ ഒറ്റ ചങ്ങലയായി പ്രവര്‍ത്തിച്ചവര്‍ 1976-ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയോടൊപ്പം തിരുവനന്തപുരം രാജ് ഭവനില്‍ ചിത്രമെടുക്കാന്‍ ഒത്തുകൂടി. അവരില്‍ ജി.കാര്‍ത്തികേയന്‍ തുടങ്ങിയ ചിലര്‍ ഇന്നില്ല.

OOMMENCHANDYLOGOരാഷ്ട്രീയചേരി മാറിയെങ്കിലും തന്നെപ്പോലുള്ളവരോടുള്ള വ്യക്തിബന്ധത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമന്‍ നായര്‍ പറയുന്നു.

ദീര്‍ഘകാലം ഉമ്മന്‍ചാണ്ടിയുടെ സഹപ്രവര്‍ത്തകനായിരുന്നു രാമന്‍ നായര്‍. 76-ല്‍ രാജ്ഭവനില്‍ ചിത്രമെടുക്കുമ്പോള്‍ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായിരുന്നു രാമന്‍ നായര്‍. തന്നെ എവിടെ കണ്ടാലും 'രാമാ' എന്ന ചെല്ലപ്പേര് വിളിച്ച് വീട്ടുകാര്യം വരെ തിരക്കുമെന്ന് രാമന്‍ നായര്‍ പറയുന്നു.

പ്രിയദര്‍ശിനിയോടൊപ്പമുള്ള ആ ചിത്രത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എം.സുധീരന്‍, പി.സി.ചാക്കോ, എ.കെ.ശശീന്ദ്രന്‍, ചെറിയാന്‍ ഫിലിപ്പ്, െബന്നി െബഹനാന്‍ തുടങ്ങിയവരുണ്ട്. ശശീന്ദ്രന്‍ ഇന്ന് എന്‍.സി.പി.യുടെ മന്ത്രിയാണ്. കൂട്ടായ്മയുടെ ബുദ്ധികേന്ദ്രമായിരുന്ന ചെറിയാന്‍ ഫിലിപ്പ് ഇടതുചേരിയുടെ വക്താവായി.