Chandy Oommen


പുതുപ്പള്ളിയിലെ സ്വീകരണച്ചടങ്ങില്‍
ഉമ്മന്‍ചാണ്ടിയുമായി മകന്‍ ചാണ്ടി
ഉമ്മന്‍ സംസാരിക്കുന്നു

കോട്ടയം: 'ഈ റെക്കോഡ് അപ്പയുടേതല്ല നിങ്ങളുടേതാണ്'. ഉമ്മന്‍ചാണ്ടിക്ക് കൂരോപ്പടയില്‍ വ്യാഴാഴ്ച നല്‍കിയ സ്വീകരണത്തിനിടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞ വാക്കുകളാണിത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അരനൂറ്റാണ്ട് തികയ്ക്കുന്നതിന്റെ 'സുകൃതം സുവര്‍ണം' പരിപാടിയുടെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ സ്വീകരണം ഒരുക്കിയിരുന്നു. ഈ പരിപാടികളില്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം ശ്രദ്ധേയ സാന്നിധ്യമായി ചാണ്ടി ഉമ്മനും ഉണ്ടായിരുന്നു.

പലവേദികളില്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം പ്രസംഗിക്കാന്‍ ചാണ്ടി ഉമ്മന് സംഘാടകര്‍ അവസരം നല്‍കിയെങ്കിലും അദ്ദേഹം സന്തോഷപൂര്‍വം നിരസിച്ചു.

മണ്ഡലങ്ങളിലെ ഉമ്മന്‍ചാണ്ടിയുടെ സ്വീകരണയാത്രയുടെ കാര്യങ്ങള്‍ നിയന്ത്രിച്ചും വേദി പങ്കിട്ടും പ്രവര്‍ത്തകരോടൊപ്പം സെല്‍ഫിയെടുത്തും ക്ഷേമം അന്വേഷിച്ചും ചാണ്ടി ഉമ്മന്‍ അവര്‍ക്കിടയില്‍ ഒരാളായി മാറി. രാവിലെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ കുര്‍ബാനയില്‍ ചാണ്ടി ഉമ്മനും പങ്കെടുത്തിരുന്നു. കുര്‍ബാനയ്ക്കുശേഷം പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലില്‍ വീട്ടിലേക്ക് അമ്മ മറിയാമ്മയോടും സഹോദരി മറിയത്തോടുമൊപ്പമാണ് ചാണ്ടി ഉമ്മന്‍ എത്തിയത്.

മറിയാമ്മയെ കൈപിടിച്ച് വീട്ടിലേക്ക് കയറ്റിയശേഷം കാത്തുനിന്ന പാര്‍ട്ടി പ്രവര്‍ത്തര്‍ക്കിടയിലേക്ക് അദ്ദേഹം എത്തി. അവരില്‍ ഒരാളായി മാറി.

വിവിധ സ്ഥലങ്ങളിലെ സ്വീകരണപരിപാടികളുടെ ചാര്‍ട്ട് അടക്കം പരിശോധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കി. എല്ലായിടത്തും ഉമ്മന്‍ചാണ്ടിയുടെ കാര്യങ്ങള്‍ തിരക്കാനും ചാണ്ടി ഉമ്മന്‍ മറന്നില്ല.

പുതുപ്പള്ളിയിലെ സ്വീകരണച്ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുമായി മകന്‍ ചാണ്ടി ഉമ്മന്‍ സംസാരിക്കുന്നു.

Content Highlight: oommen chandy and chandy oommen