തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയചരിത്രവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളുമായി മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയും എ.കെ. ആന്റണിയും.

ആര്‍. ബാലകൃഷ്ണപിള്ള, ടി.എം. ജേക്കബ് എന്നിവരെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതിനെപ്പറ്റിയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍. തനിക്കു പകരക്കാരനായി ഉമ്മന്‍ചാണ്ടിയെ, മുഖ്യമന്ത്രിയായി താന്‍തന്നെ നിര്‍ദേശിച്ചതിനെപ്പറ്റിയാണ് ആന്റണിയുടെ വിശദീകരണം. രണ്ടുവിഷയങ്ങളിലും വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരുടെയും മനസ്സുതുറക്കല്‍. തിരുവനന്തപുരത്ത് കെ.പി.സി.സി. നടത്തിയ ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്ന ചടങ്ങിലാണ് ആന്റണി രഹസ്യം വെളിപ്പെടുത്തിയത്. ഉമ്മന്‍ചാണ്ടിയാകട്ടെ മാതൃഭൂമി ന്യൂസിനോടും.

2003-ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഒപ്പമുണ്ടാകുമെന്നു വിശ്വസിപ്പിച്ചശേഷം വിമതനെ പിന്തുണച്ചതാണ് പിള്ളയെയും ജേക്കബിനെയും 2004-ല്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമെന്നു ഉമ്മന്‍ചാണ്ടി പറഞ്ഞു. പരസ്യനിലപാട് എടുക്കാം, അത് പറഞ്ഞുകൊണ്ടാണ് ചെയ്യുന്നത്. എന്നാല്‍ ഒപ്പംനിന്ന പിള്ളയും ജേക്കബും മറ്റൊരു നിലപാട് എടുത്തത് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ താനെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

2004-ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം ഒഴിയുമ്പോള്‍ പിന്‍ഗാമിയായി ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദേശിച്ചത് താനാണെന്നായിരുന്നു എ.കെ. ആന്റണിയുടെ വെളിപ്പെടുത്തല്‍. ആന്റണിയെ മാറ്റാന്‍ ഘടകകക്ഷികളെ പിന്തുണച്ചെന്ന ആരോപണം ഉമ്മന്‍ചാണ്ടിക്കുപോലും അക്കാലത്ത് നേരിടേണ്ടി വന്നിരുന്നു. കോണ്‍ഗ്രസും മുന്നണിയും പരാജയപ്പെട്ടപ്പോള്‍ 2004 മേയ് 13-ന് ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ചിരുന്നതായി ആന്റണി പറഞ്ഞു. ജൂലായില്‍ അനുമതി കിട്ടിയപ്പോള്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന സോണിയാഗാന്ധിയുടെ ചോദ്യത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരാണ് താന്‍ പറഞ്ഞതെന്നു ആന്റണി വ്യക്തമാക്കി


2003-ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിമതന്‍

:കോണ്‍ഗ്രസിലെ ഗ്രൂപ്പുപോര് രൂക്ഷമായിനിന്ന സമയത്തായിരുന്നു 2003-ലെ രാജ്യസഭാ തിരഞ്ഞെടുപ്പ്. 100 അംഗങ്ങളുള്ള യു.ഡി.എഫിന് രണ്ടുസ്ഥാനാര്‍ഥികളെ അനായാസം ജയിപ്പിക്കാം. എ.ഐ.സി.സി. ജനറല്‍സെക്രട്ടറിയെന്ന നിലയില്‍ വയലാര്‍ രവിക്ക് സീറ്റ് നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രി എ.കെ. ആന്റണിയും കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരനും ചേര്‍ന്ന് രണ്ടാം സ്ഥാനാര്‍ഥിയെ കണ്ടെത്താനായിരുന്നു കേന്ദ്രനിര്‍ദേശം.

ഐ. ഗ്രൂപ്പ് പ്രതിനിധിയായി പി.സി. ചാക്കോയുടെ പേരാണ് മുരളീധരന്‍ നിര്‍ദേശിച്ചത്. ഇത് കെ. കരുണാകരന് സ്വീകാര്യമായില്ല. ഐ. ഗ്രൂപ്പില്‍ സ്വരചേര്‍ച്ചയില്ലാതെ വന്നതോടെ ഹൈക്കമാന്‍ഡ് കെ. മുരളീധരനായി കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ തെന്നല ബാലകൃഷ്ണപിള്ളയെ സ്ഥാനാര്‍ഥിയാക്കി. കരുണാകരന്റെ അടുപ്പക്കാരനായിരുന്ന കോടോത്ത് ഗോവിന്ദന്‍ നായര്‍ വിമതനായി മത്സരിച്ചു. .

വയലാര്‍ രവിക്ക് 38, തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് 36, കോടോത്ത് ഗോവിന്ദന്‍നായര്‍ക്ക് 26 വോട്ടുകള്‍ ലഭിച്ചു. ചന്ദ്രന്‍പിള്ളയ്ക്ക് 39 വോട്ടും. ആര്‍. ബാലകൃഷ്ണപിള്ളയും ടി.എം. ജേക്കബും വോട്ടുചെയ്തത് കോടോത്തിനായിരുന്നു.

Content Highlight: Oommen chandy and a.k antony