ർക്കും അനായാസം അനുകരിക്കാനാകാത്തൊരു രാഷ്ട്രീയശൈലിയുടെ വഴിയേയാണ് ഉമ്മൻചാണ്ടിയുടെ യാത്ര. സുദീർഘമായ ആ യാത്ര ഒരു ചരിത്രനേട്ടത്തിനരികിലെത്തി നിൽക്കുന്നു. ഒരു പൊതുപ്രവർത്തകനും മനസ്സുറപ്പോടെ മുറുകെപ്പിടിക്കാനാകാത്ത ആ നിശ്ചയദാർഢ്യത്തിന്റെ ചരിത്രമാണ് പുതുപ്പള്ളിയെന്ന കർമമണ്ഡലത്തിൽ കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് ഉമ്മൻ ചാണ്ടി എഴുതിയത്. ആരവങ്ങൾക്കൊപ്പം ഒഴുകിനടന്ന് ആൾക്കൂട്ടങ്ങൾ പകർന്നുനൽകിയ ഉൗർജമാവാഹിച്ച്‌  നിങ്ങളിലൊരുവനാണ് ഞാനെന്ന തിരിച്ചറിവ് ഒപ്പമുള്ളവർക്ക്‌ നൽകിക്കൊണ്ടാണ് 1970 മുതൽ അഞ്ചുപതിറ്റാണ്ട്‌ ഉമ്മൻചാണ്ടി പുതുപ്പള്ളിയുടെയും ഒപ്പം കേരളത്തിന്റെയും  ജനവിശ്വാസമാർജിച്ചത്. 

ജനകീയത എന്നതിന്റെ പര്യായമാണ് ഉമ്മൻചാണ്ടി. 1958-ൽ കെ.എസ്.യു. എന്ന വിദ്യാർഥിപ്രസ്ഥാനത്തിന് കേരളരാഷ്ട്രീയത്തിൽ മേൽവിലാസം നൽകിയ ഒരണസമരത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് നടന്നുകയറിയ കാലംമുതൽ ഇന്നുവരെ എല്ലാവർക്കും എപ്പോഴും  പ്രാപ്യമായ അകലത്ത് ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നു. അധികാരരാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നപ്പോഴും രാഷ്ട്രീയ പ്രതിസന്ധികൾ നേരിട്ടപ്പോഴും ആശ്രയം ചോദിച്ചെത്തുന്ന പുതുപ്പള്ളിയിലെയും കേരളത്തിലെയും സാധാരണക്കാരെ ഉമ്മൻചാണ്ടി നിരാശരാക്കിയില്ല.  എല്ലാ പ്രതിസന്ധികളെയും മറികടക്കാനും  അസാധ്യമെന്ന് എല്ലാവരും വിധിയെഴുതുന്ന പലതിനെയും സാധ്യമാക്കാനുമുള്ള അനിതരസാധാരണമായ നിശ്ചയദാർഢ്യമാണ് അദ്ദേഹത്തെ എന്നും മുന്നോട്ടുനയിക്കുന്നത്. 

രാജ്യത്തിനുതന്നെ അദ്‌ഭുതമായി മാറിയ, ലോകംതന്നെ ആശ്ചര്യത്തോടെ നോക്കിക്കണ്ട ജനസമ്പർക്ക പരിപാടിതന്നെയാണ് ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിനും ജനകീയതയ്ക്കും ഏറ്റവും വലിയ ഉദാഹരണം. രണ്ടാംവട്ടം മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ നടത്തിയ ജനസമ്പർക്ക പരിപാടികളിലൂടെ പന്ത്രണ്ടുലക്ഷത്തോളം ആളുകൾക്കാണ് ആ കരുതലിന്റെ സ്പർശം തൊട്ടറിയാനായത്.  

OOMMENCHANDYLOGOഅസാധ്യമെന്ന വാക്ക് ഉമ്മൻ ചാണ്ടിക്കില്ല. നടക്കില്ലെന്ന്  എല്ലാവരും വിധിയെഴുതിയ പല പ്രശ്നങ്ങൾക്കും അദ്ദേഹം പ്രായോഗികതയുടെ  വഴിയിലൂടെ പരിഹാരം കണ്ടു. നിയമതടസ്സങ്ങളുണ്ടെങ്കിൽ ആ നിയമങ്ങളെ പൊളിച്ചെഴുതി, മനുഷ്യത്വത്തിന്റെ അളവുകോൽകൊണ്ട് പ്രതിസന്ധികളെ മറികടക്കാനും ആശ്രയിച്ചെത്തുന്നവരുടെ കണ്ണീരൊപ്പാൻ  ഏതറ്റംവരെയും പോകുന്ന ഉമ്മൻചാണ്ടിയെയാണ് കേരളം ഹൃദയത്തിലേറ്റിയത്.  സംസ്ഥാനത്തെ മുന്നണിരാഷ്ട്രീയം പ്രതിസന്ധികളിൽ ആടിയുലയുന്ന സന്ദർഭങ്ങളിൽപ്പോലും സംയമനത്തിന്റെയും സമവായത്തിന്റെയും വഴികൾ ചെന്നെത്തുന്നത് ഉമ്മൻ ചാണ്ടിയിലാണ്.

മന്ത്രിയായി രണ്ടുവർഷം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരംലഭിച്ചപ്പോൾ ഒരു ഭരണാധികാരി എന്നനിലയിൽ ഉമ്മൻ ചാണ്ടിയുടെ ഭരണവൈദഗ്ധ്യവും വികസനകാഴ്ചപ്പാടും ദയാവായ്പുമൊക്കെ അനുഭവിച്ചറിയാനായി. അദ്ദേഹം മുഖ്യമന്ത്രിയായി നാലുമാസത്തിനുള്ളിലാണ്  തീരജനതയുടെ ജീവിതത്തെ കടപുഴക്കിയെറിഞ്ഞ  സുനാമി ഉണ്ടാകുന്നത്. കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത അത്തരമൊരു തീരദേശദുരന്തത്തെ നേരിട്ട രീതി ഉമ്മൻചാണ്ടിയിലെ  ക്രൈസിസ് മാനേജരുടെ പ്രാഗല്ഭ്യംകൂടിയാണ് നമുക്ക് കാട്ടിത്തന്നത്.  

മുഖ്യമന്ത്രിയെന്നനിലയിൽ ഒരു തീരുമാനവും അദ്ദേഹം ആരെയും അടിച്ചേൽപ്പിച്ചില്ല. എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ടശേഷംമാത്രമേ മന്ത്രിസഭായോഗങ്ങളിൽപ്പോലും അദ്ദേഹം തീരുമാനങ്ങൾ എടുത്തിരുന്നുള്ളൂ. ആഭ്യന്തരമന്ത്രി എന്നനിലയിൽ പോലീസുകാരുടെ യൂണിഫോം പരിഷ്കരിച്ചതും തൊഴിൽ മന്ത്രിയായിരിക്കെ തൊഴിലില്ലായ്മാവേതനം ഏർപ്പെടുത്തിയതും ചരിത്രപരമായ തീരുമാനങ്ങളായിരുന്നു. മന്ത്രിയെന്നനിലയിൽ എക്കാലവും എല്ലാ  നടപടികളുടെയും മാനുഷികവശം അദ്ദേഹം പരിഗണിച്ചു. രണ്ടാംവട്ടം മുഖ്യമന്ത്രിയായ 2011-ൽ കേരള വികസനത്തിൽ മികച്ചപദ്ധതികൾ കൊണ്ടുവരാൻ ഉമ്മൻ ചാണ്ടിക്കായി.  

നിയമസഭാംഗത്വത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടിയുടെ ഈ ചരിത്രനേട്ടം കോൺഗ്രസ് പ്രസ്ഥാനത്തിനും അഭിമാനത്തിന്റെ നിമിഷമാണ്.