സ്നേഹംകിനിയുന്ന ദിവസങ്ങളെക്കുറിച്ച് ഉമ്മൻചാണ്ടിയുടെ കൊച്ചുമകൻ എഫിനോവ  (ഒപ്പം അപ്പ അറിയാൻ ഒരു കുഞ്ഞ് ആഗ്രഹവും)  


കോട്ടയം: ''ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുേന്പാള്‍ അമ്മ ''മോന്‍ വലിയ സ്റ്റാറായല്ലോ''എന്ന് പറഞ്ഞ് ഫോണ്‍ എന്റെ കൈയില്‍ തന്നു. നോക്കിയപ്പോള്‍ യൂ ട്യൂബില്‍  ഞാന്‍ അപ്പയുടെ തല ചീകുന്നത് ഉള്‍പ്പൈട കുറേ രംഗങ്ങള്‍. അപ്പയുടെ ഇന്റര്‍വ്യൂ എടുക്കാന്‍ വന്ന ഒരു പള്ളീലെ അച്ചന്‍ റെക്കോര്‍ഡ് ചെയ്തതാ.

ഞാനും അപ്പയും അറിഞ്ഞതേയില്ല.അത് താഴെ ഡൈനിങ് ടേബിളില്‍ ഇരുന്ന് എടുത്തതാണ്.''ഇതിനോടകം ലക്ഷങ്ങള്‍ യൂട്യൂബില്‍ കണ്ട  അപ്പൂപ്പന്റയും കൊച്ചുമകന്റേയും സ്‌നേഹവാത്സ്യ രംഗങ്ങളെക്കുറിച്ച് പറയുകയാണ് ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്റെ മകന്‍ എഫിനോവ.  തിരുവനന്തപുരം പട്ടം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ ഇന്റര്‍നാഷണല്‍ സിലിബസില്‍ എട്ടാം ക്‌ളാസില്‍ പഠിക്കുന്ന  എഫിനോവയ്ക്ക് ഉമ്മന്‍ചാണ്ടി 'അപ്പ'യാണ്. അപ്പയ്ക്ക് 'മോനും'.

ലോകത്ത് അപ്പയ്ക് എന്നെയാണ് ഏറ്റവും ഇഷ്ടം.അതെന്റെയടുത്ത് പറഞ്ഞിട്ടുണ്ട്.അപ്പോള്‍ ഞാന്‍ ചോദിക്കും.ആരെയാണ് ഇഷ്ടമില്ലാത്തതെന്ന്. അത് അപ്പയെ മാത്രമാണെന്ന്. എപ്പോഴും ഹാപ്പിയാണ് അപ്പ.എവിടെ പോയിട്ട് വന്നാലും  എന്നെ കണ്ടിട്ടേ കുളിക്കാന്‍ പോകൂ.  എന്നെ വഴക്ക് പറയാറേയില്ല. ആരേയും  പറയില്ല.

ഒന്നും വാങ്ങിച്ച് തരാന്‍ ഞാന്‍ പറയാറില്ല. ചോദിച്ചാല്‍ പൈസ തരും.അത് വെച്ച്  ചോക്ലേറ്റ്,പേസ്ട്രി,കളിതോക്കൊക്കെ വാങ്ങിക്കും. കളിത്തോക്കാണെങ്കിലും അത് വാങ്ങിക്കുന്നത് അത്രയിഷ്ടല്ല. ഞാന്‍ പറയും''ഞാന്‍ ആരേയും വെടിവെയ്ക്കില്ല.സൂക്ഷിച്ചേ ഉപയോഗിക്കൂന്ന്''.വാങ്ങിക്കുന്നതെല്ലാം ഞാന്‍ കാണിക്കും. തോക്ക് കാണുമ്പോള്‍ ''ആഹാ ഇത് കൊള്ളാമല്ലോയെന്ന് ''പറഞ്ഞ് വാങ്ങിച്ച് നോക്കും.

ചിലപ്പോഴൊക്കെ ഫ്‌ളൈറ്റില്‍ പോയിട്ട് വരുമ്പോള്‍ എനിക്ക് ജ്യൂസും അണ്ടിപ്പരിപ്പുമൊക്കെ കൊണ്ട് തരും. ഒരിക്കല്‍ അപ്പയുടെ കൂടെ ദുബായിക്ക് പോയി. അന്ന് മുഖ്യമന്ത്രിയാണ്. ഫ്‌ളൈറ്റില്‍   അപ്പ എല്ലാരോടും വര്‍ത്തമാനം പറഞ്ഞു.  ഫ്‌ളൈറ്റില്‍ നടപ്പ് തന്നെയായിരുന്നു.ഇടയ്ക്ക്ചിലര്‍ക്കൊപ്പം ഫോട്ടോയെടുത്തു.

OOMMENCHANDYLOGOഎത്ര തിരക്കാണെങ്കിലും അപ്പ മുഖ്യമന്ത്രിയാകുന്നത് എനിക്കിഷ്ടമാണ്. ''ദേ ഇത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ െകാച്ചുമോനാണെന്ന്''ഫ്രണ്ട്‌സ് പറയും. അപ്പോള്‍ അപ്പയെക്കുറിച്ച് ഞാന്‍ പ്രൗഡ്‌ ആകും.  ആരോടും  അപ്പ മുഖ്യമന്ത്രിയാണെന്ന്  ഞാന്‍ പറയാറില്ല.

ഇഷ്ടം 'ജൂനിയര്‍ മാന്‍ഡ്രേക്ക്'ലോക് ഡൗണ്‍ കാലത്താണ് അപ്പയ്‌ക്കൊപ്പം ഒത്തിരി സമയം കിട്ടിയത്. അപ്പയും ഞാനും കുറേ സിനിമ കണ്ടു.  അക്കരെ അക്കരെ,ഇന്‍ ഹരിനഗര്‍ ,ഗോഡ്ഫാദര്‍,മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു ഒക്കെ കണ്ടു.അപ്പയ്ക്ക് അടിയും ഇടി സിനിമയൊന്നും ഇഷ്ടമല്ല.ഏറ്റവും ഇഷ്ടപ്പെട്ടത് 'ജൂനിയര്‍ മാന്‍േഡ്രക്ക്'.പിന്നെ വൈ.എസ്.ആറിന്റെ തെലുങ്ക് സിനിമ 'യാത്ര' കണ്ടു. രാഷ്ട്രീയ സിനിമയായത് കൊണ്ട് അതിഷ്ടായി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ആറിന്റെ ജീവിതകഥയായത് കൊണ്ട്   അദ്ദേഹത്തെക്കുറിച്ചൊക്കെ പറഞ്ഞ് തന്നു. 

എനിക്ക് കഥകള്‍ പറഞ്ഞ് തരും. എപ്പോഴും ഒരു ഉറുമ്പിന്റെ കഥ.അപ്പോള്‍ ഞാന്‍ ചോദിക്കും.ഇതെന്താ എപ്പോഴും ഉറുമ്പ്.അപ്പോള്‍  രാജാവിന്റെ കഥ പറയും.രാജീവ്ഗാന്ധി,സോണിയാ ഗാന്ധി,പ്രിയങ്ക ഗാന്ധിയുടെ കാര്യമൊക്കെ പറഞ്ഞ് തന്നിട്ടുണ്ട്. ഇന്ദിരാഗാന്ധി,രാജീവ് ഗാന്ധിയൊക്കെ മരിച്ച കാര്യവും . രാഷ്ട്രീയത്തില്‍ എന്ത് സംശയം ചോദിച്ചാലും   മറുപടി തരും.

എന്റെ സ്‌കൂളില്‍ ഒരു പരിപാടിക്ക് പങ്കെടുത്തു.അപ്പൂപ്പനമ്മൂമ്മമാര്‍ എങ്ങനെ കൊച്ചുമക്കളെ സ്‌നേഹിക്കണമെന്നതിനെക്കുറിച്ചാണ് സംസാരിച്ചത്.എത്ര തിരക്കുണ്ടെങ്കിലും മക്കളെ സ്‌നേഹിക്കാനും വാത്സല്യക്കാനും സമയം കണ്ടെത്തണമെന്ന് പറഞ്ഞു.

സൂം മീറ്റിങും കുര്‍ബാനയും ലോക്ഡൗണ്‍ കാലത്ത് സൂം മീറ്റിങിന് ഐ പാഡൊക്കെ സെറ്റ് ചെയ്ത് ഹെഡ് ഫോണ്‍ വെച്ച് കൊടുക്കുന്നതൊക്കെ ഞാനാണ്. എല്ലാ ദിവസവും വീട്ടിലിരുന്ന് പുതുപ്പള്ളി പള്ളിയിലെ ലൈവ് കുര്‍ബാന കണ്ടു.  വീട്ടിലിരുന്നാലും   ഫോണ്‍ വിളിയുടെ തിരക്കായിരുന്നു. ഏത് പാതിരാത്രിയില്‍ വിളിക്കുന്നവരോടും അപ്പ സംസാരിക്കും.എന്നിട്ട്  നമ്പര്‍ എഴുതി വെയ്ക്കും.ഇപ്പോള്‍ ആ ബുക്കില്‍ 5000 നമ്പരുകളുണ്ട്.

എനിക്ക് ഏറ്റവും ഇഷ്ടം ടെന്നീസാണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ട്രിവാന്‍ഡ്രം ടെന്നീസ് കോര്‍ട്ട് ഉദ്ഘാടനം  ചെയ്യാന്‍ പോയപ്പോള്‍  എന്നേയും കൂട്ടി. മറ്റൊരിക്കല്‍ എവിടെയോ പോയിട്ട്  വന്നിട്ട് അപ്പ പറഞ്ഞു''മോനെ കൊണ്ട് പോകേണ്ടതായിരുന്നു.പോയത് ഒരു ടെന്നീസ് ക്ലബിലാണെന്ന്''.അങ്ങനെയാ അപ്പാ. എപ്പോഴും എന്നെ ഓര്‍ക്കും. ഇടയ്ക്ക് ആരാകാനാണ് ഇഷ്ടമെന്ന് ചോദിക്കും.''ഞാന്‍ പറയും ടെന്നീസ് കളിക്കാരനാണെന്ന്''.ഇഷ്ടമുള്ളത് ആകാന്‍ പറയും.

ഇഷ്ടഭക്ഷണം?  അപ്പയ്ക്ക് കഞ്ഞിയും പയറും ചമ്മന്തിയും അച്ചാറുമാണ് ഏറ്റവും ഇഷ്ടം.രാത്രിയില്‍ എന്നും അതാ കഴിക്കുന്നെ. അത് കൊണ്ട് എനിക്കും കഞ്ഞി ഇഷ്ടമാണ്. ഹോട്ടലിലൊന്നും വരികേല. ഭക്ഷണം വീട്ടിലേക്ക് മേടിക്കമ്പോള്‍ അപ്പയ്ക്ക് ഏറ്റവും ഇഷ്ടം 'ഫ്രഞ്ച് ഫ്രൈസാണ്.

ആഗ്രഹം 

അപ്പയുടെ കൂടെ തിയേറ്ററില്‍ പോയി സിനിമ കാണണം....അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ പോകണം എന്നൊരു കുഞ്ഞ് ആഗ്രഹമുണ്ട്. പറ്റുമോ. അറിയില്ല. അപ്പ തിരക്കല്ലേ.അപ്പയെ വിഷമിപ്പിക്കാന്‍ എനിക്കിഷ്ടമല്ല.എനിക്കും അപ്പയെ അത്ര ഇഷ്ടമാ...