പ്രതിമകള്‍ ഒരു തൊന്തരവായി മാറുകയാണ്, പ്രതീകങ്ങളും. ത്രിപുരയില്‍ ഭരണം പിടിച്ചവര്‍ ആദ്യം കൈവെച്ചത് പ്രതിമയിലാണ്, ലെനിന്റെ പ്രതിമയില്‍. വിവരംകെട്ടവരാണ് ത്രിപുരയില്‍ അധികാരത്തില്‍ വന്നവരെന്ന് ഇനിയാര്‍ക്ക് പറയാനാകും. പ്രതിമയിലോ അല്ലെങ്കില്‍ പ്രതീകത്തിലോ ആണ് പിടിക്കേണ്ടതെന്ന് അവരോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. തമിഴ്‌നാട്ടിലാണെങ്കില്‍ പെരിയാറിന്റെ പ്രതിമ, ഉത്തരപ്രദേശിലാണെങ്കില്‍ ബാബ സാഹെബ് ഭീംറാവ് അംബേദ്കറുടെ......താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ബുദ്ധപ്രതിമകളാണ് ഉടച്ചത്. പിന്നെ സ്‌കൂളുകള്‍ പൂട്ടിച്ചു. 

ലെനിന്റെ പ്രതിമ തകര്‍ത്തതാണല്ലോ ഇപ്പോഴത്തെ വാര്‍ത്ത. ത്രിപുര ഗവര്‍ണര്‍ പ്രതിമ തകര്‍ക്കലിനെപ്പറ്റി നടത്തിയ പ്രസ്താവന മറ്റൊരു വാര്‍ത്ത. ഗവര്‍ണറാണ് സംസ്ഥാനങ്ങളില്‍ ഭരണഘടനയുടെ കാവല്‍ക്കാരന്‍. ക്രേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനതല ഏജന്റാണെന്ന വ്യാഖ്യാനവുമുണ്ട്. ഒരു സര്‍ക്കാര്‍ സ്ഥാപിച്ചത് മറ്റേ സര്‍ക്കാര്‍ മാറ്റുന്നു, അതിലെന്താ എന്നാണ് ചോദ്യം. അധികാരിയാണെങ്കിലും നിരുത്തരവാദത്തിന്റെ തലസ്ഥാനിയാകാം എന്ന് ഒറ്റ വാചകംകൊണ്ട് തെളിയിക്കാന്‍ കഴിയുന്നത് ചില്ലറക്കാര്യമല്ല. 

പണ്ട് ദ്രോണാചാര്യരെ ശരിപ്പെടുത്താന്‍ ആനയുടെ പ്രതിമയുണ്ടാക്കി അശ്വത്ഥാമാ എന്ന് പേരുമിട്ട് 'ഹത കുഞ്ചര' എന്ന് പറഞ്ഞ് തച്ചുതകര്‍ത്തതും തെറ്റിദ്ധരിച്ച് വിലപിച്ച ആചാര്യരെ കൊന്നുകളഞ്ഞതുമാണ്. അത് ആന പ്രതിമയുടെ കാര്യം. കഥയില്‍ ഒരു കുതിരയമുണ്ട്. യവനപുരാണത്തില്‍ യുദ്ധഭൂമയില്‍ അല്‍പം മാറി നില്‍ക്കുന്ന മരക്കുതിര. നിര്‍ണായകഘട്ടം വന്നപ്പോള്‍ കുതിരപ്രതിമയുടെ ഉള്ളില്‍നിന്നാണ് ട്രോജന്‍ ഭടന്മാര്‍ ഇറങ്ങി വന്നത്.

അപ്പോള്‍ പ്രതിമയും പ്രതീകങ്ങളും ചില്ലറക്കാരല്ല. ബംഗാളില്‍ തോറ്റപ്പോള്‍ സി.പി.എം. ദേശീയ നേതൃത്വത്തിന് വലിയ വേവലാതിയുണ്ടായില്ല. തോല്‍വിയും വിജയവും മാറിമാറിവരുന്ന പ്രതിഭാസമായി വിലയിരുത്തി. ത്രിപുരയില്‍ തോറ്റതോ കോണ്‍ഗ്രസ്സ് വോട്ട് അപ്പടി ബി.ജെ.പി.ക്ക് പോയതാണ് തോല്‍വിയുടെ കാരണമെന്ന് താത്വികമായി വിലയിരുത്തി. 

പക്ഷേ തോല്‍വിയുടെ രണ്ടാം ദിവസമാണ് സഖാവ് വ്‌ലാദിമിര്‍ ഇലിയച്ച് ലെനിന്റെ പ്രതിമ, അതും സഖാവ് പ്രകാശ് കാരാട്ട് അനാഛാദനം ചെയ്ത പ്രതിമ, ജെ.സി.ബി. ഉപയോഗിച്ച് മറിച്ചിട്ടപ്പോഴാണ് ഡല്‍ഹിയിലെ എ.കെ.ഗോപാലന്‍ ഭവനിലിരിക്കുന്നവര്‍ക്ക് ഉള്ളില്‍ എന്തോ ഒരിത് തോന്നാന്‍ തുടങ്ങിയത്. ലെനിന്റെ പ്രതിമ തകര്‍ക്കുകയെന്ന് പറഞ്ഞാല്‍ ലെനിനിസ്റ്റ് സംഘടനാ തത്വത്തെ തകര്‍ക്കുന്നതിന് തുല്യമാണ്. മറ്റെന്തെങ്കിലും തകര്‍ക്കുന്നതുപോലെയല്ലല്ലോ അത്. ത്രിപുരയില്‍ത്തന്നെ പാര്‍ട്ടി ഓഫീസുകളില്‍നിന്ന് സഖാക്കളെ അടിച്ചോടിച്ച് ഓഫീസിന് കാവിയടിച്ച് പുതിയ ഭരണക്ഷിക്കാരുടെ കൊടി നാട്ടിയിട്ടും പാര്‍ട്ടി ഞെട്ടിയില്ല. പക്ഷേ ലെനിന്‍ പ്രതിമ-ലെനിനിസ്റ്റ് സംഘടനാതത്വം, അത് ലംഘിക്കാന്‍ ത്രിപുരയില്‍നിന്ന് ശ്രമം നടക്കുന്നു.

വര്‍ഗീയഫാസിസത്തിനെതിരെ വിശാലമായ ഐക്യം വേണമെന്ന കേരളക്കാരനായ അച്ചുതാനന്ദന്റെ പ്രസ്താവന പ്രസക്തമാണെന്ന് ത്രിപുരയിലെ സി.പി.എം സെക്രട്ടറി പറഞ്ഞു... ശാന്തം, പാപം...തോല്‍വിക്ക് പിറകെ പരക്കെ അടിവന്നപ്പോള്‍ സഖാവ് പറഞ്ഞുപോയതാണ്. ലെനിനിസ്റ്റ് സംഘടന ചട്ടപ്രകാരം ഭൂരിപക്ഷത്തോടെ  കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയത്തിന്റെ സ്പിരിറ്റിനെതിരാണ് ത്രിപുര സെക്രട്ടറിയുടെ പ്രസ്താവന. കരട് പാസാക്കി മഷിയുണങ്ങും മുമ്പ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ത്രിപുര സംസ്ഥാന സെക്രട്ടറി വിശാല മുന്നണിയെക്കുറിച്ച് പറയുന്നു. ആഗോളീകരണത്തിന്റെയും അമേരിക്കന്‍ ആണവ കരാറിന്റെയും പ്രത്യയശാസ്ത്രത്തെ ആ സഖാവ് കുറച്ചുകാണുകയാണോ. പാര്‍ടി ഓഫീസും പ്രതിമകളും കൊടികളുമെല്ലാം ശത്രുക്കള്‍ തകര്‍ക്കുകയാണെന്നും പരക്കെ തല്ലുകയാണെന്നുമൊക്കെ പറഞ്ഞാലും നവലിബറല്‍ നയങ്ങളെയും അത് ആദ്യം കൊണ്ടുവന്ന കോണ്‍ഗ്രസ്സിനെയും വെറുതെ വിടാമോ. 
    
ബംഗാളിന് പിറകെ ത്രിപുരയും കൂടി പോയതോടെ കരട് പ്രമേയത്തിന് ഒരനുബന്ധമാവാമെന്ന് സഖാവ് കാരാട്ടും രാമചന്ദ്രന്‍പിള്ളയും സമ്മതിച്ചിട്ടുണ്ട്. അതിതാണ് തിരഞ്ഞെടുപ്പില്‍ ആഗോളീകരണശക്തികളുമായി ധാരണയോ നീക്കുപോക്കോ ഉണ്ടാകില്ലെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബി.ജെ.പി വരാതിരിക്കാനുള്ള എല്ലാ തന്ത്രവും പാര്‍ടി പുറത്തെടുക്കും. അതെങ്ങനെയെന്ന് ഇപ്പോള്‍ പറയില്ല. 2004ല്‍ ചെയതത് എല്ലാവരും കണ്ടതല്ലേ, ബി.ജെ.പിക്കെതിതിരേ മന്‍മാഹന്‍സിങ്ങിനെ പ്രധാനമന്ത്രിയാക്കാന്‍ ഇടതുപക്ഷത്തിന്റെ 63 എം.പി.മാരുടെ വോട്ടാണ് സഹായകമായത്. 

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സി.പി.എമ്മും സി.പി.ഐ.യും 2004 ലേതുപോലെ ബി.ജെ.പി ഭരണത്തുടര്‍ച്ച തടയും. അതായത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടും വരുന്നത് തടയും. അതിനായി വേണ്ടിവന്നാല്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ കൊടുക്കുന്ന കാര്യം പോലും ചിന്തിക്കും. പക്ഷേ ലെനിനിസ്റ്റ് സംഘടനാ തത്വപ്രകാരം പാസാക്കുന്ന രാഷ്ട്രീയപ്രമേയം ലംഘിക്കേണ്ടിവരില്ലെന്ന് പാര്‍ടിക്ക് ഉറപ്പുണ്ട്. രാഹുലിന് പിന്തുണ ആവശ്യമുണ്ടെങ്കിലല്ലേ നല്‍കേണ്ട പ്രശ്‌നം വരികയുള്ളൂ. നല്‍കണമെങ്കില്‍ കയ്യില്‍ കാര്യമായെന്തെങ്കിലും വേണംതാനും. ഏതായാലും ഇപ്പോഴത്തെ സ്ഥിതിക്ക് നോക്കിയാല്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ച് ലെനിനിസ്റ്റ് സംഘടനാതത്വ പ്രകാരമുണ്ടാക്കിയ പ്രമേയം ലംഘിക്കേണ്ട ഗതികേടുണ്ടാകില്ല. ആ പിന്തുണ വാങ്ങേണ്ട ഗതികേട് കോണ്‍ഗ്രസ്സിനുമുണ്ടാകില്ല. വോട്ടെടുപ്പില്‍ എല്ലാം ഒഴുകിപ്പോയശേഷം മുന്നണിയും നീക്കുപോക്കും!