കൊച്ചി: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രമുഖ നേതാക്കള്‍. 

കെ.എം മാണിയുടെ നിര്യാണം കേരളീയ സമൂഹം അതീവ ദുഃഖത്തോടെയാണ് അറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളീയ രാഷ്ട്രീയത്തില്‍ പുതിയ രീതി വളര്‍ത്തിയെടുക്കാന്‍ മാണിക്ക് കഴിഞ്ഞു. നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി പ്രതികരിച്ചു.

കെ.എം മാണിക്ക് അനുശോചനമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര  മോദി ട്വീറ്റ് ചെയ്തു. കേരള രാഷ്ട്രീയത്തിലെ അതികായന്റെ സംഭാവനകള്‍ എപ്പോഴും ഓര്‍ത്തിരിക്കുമെന്നും മോദി ട്വീറ്റില്‍ പറയുന്നു.

കേരള രാഷ്ട്രീയത്തിനേറ്റ വലിയ ആഘാതമാണ് മാണിയുടെ മരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എം മാണിയുടെ മരണം കേരളത്തിന് വലിയ നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

ഏതുകാര്യത്തിലും വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന രാഷ്ട്രീയ അതികായനായിരുന്നു മാണിയെന്ന് എം.പി വീരേന്ദ്രകുമാര്‍ എം.പി പറഞ്ഞു. ഇഛാശക്തിയുള്ള നേതാവിനെയാണ് രാഷ്ട്രീയ കേരളത്തിന് നഷ്ടമായത്. ഇടപെട്ട രാഷ്ട്രീയ പ്രശ്‌നങ്ങളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു മാണിയെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

നഷ്ടമായത് കേരളത്തിന്റെ പടനായകനെയാണെന്ന് എ.കെ ആന്റണി പറഞ്ഞു. കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയത്തിനും പൊതുരംഗത്തിനും വലിയ നഷ്ടമാണ് മാണിയുടെ വിയോഗമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. മാണിയുടെ നിയമസഭയിലെ പ്രസംഗങ്ങള്‍ ഏറെ പ്രചോദനമായിരുന്നുവെന്നും രാഷ്ട്രീയത്തില്‍ എത്തുന്ന പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം താത്പര്യപ്പെട്ടിരുന്നുവെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍പ്പോലും മോശമായി പെരുമാറിയിട്ടില്ലാത്ത മാണിയുടെ വിയോഗം  കര്‍ഷകര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വലിയ നഷ്ടമാണെന്ന് പി.സി ജോര്‍ജ് എംഎല്‍എ പ്രതികരിച്ചു.കേരളത്തിന് ഇങ്ങനൊരു വലിയൊരു മനുഷ്യനെ നഷ്ടപ്പെടുന്നത് ഏറെ വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്രയും മനുഷ്യ സ്‌നേഹിയായ മറ്റൊരു നേതാവ് കേരള രാഷ്ട്രീയത്തിലുണ്ടായിരുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. അദ്ദേഹത്തിന് തുല്യനായി കാണാനാകുന്ന മറ്റൊരു നേതാവില്ലെന്നും സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു. 

52 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എയായിരുന്ന കെ.എം മാണിയേപ്പോലെ ജനസമ്മതനായ നേതാവില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി.ജെ ജോസഫ് പറഞ്ഞു. കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വേണ്ടി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചയാളാണ് മാണിയെന്നും പി.ജെ ജോസഫ് ഓര്‍ക്കുന്നു.

കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ് മാണിയുടെ മരണമെന്ന് ആര്‍. ബാലകൃഷ്ണപിള്ള പ്രതികരിച്ചു.

Content Highlights: Prominent leaders condolence on the demise of KM Mani