പാലാ: കേരളത്തിലെ മുതിർന്ന നേതാവും ഭരണ രംഗത്ത് എറെ അനുഭവസമ്പത്തും കൈമുതലായി ഉണ്ടായിരുന്നിട്ടും മാണിക്ക് മുഖ്യമന്ത്രിപദം ഏറെ അകലെയായിരുന്നു. കേരളത്തിലെ മുന്നണി സമവാക്യങ്ങളായിരുന്നു മാണിയെ മുഖ്യമന്ത്രിപദത്തിൽനിന്നും അകറ്റിനിർത്തിയത്. 1979-ൽ കെ.എം.മാണി മുഖ്യമന്ത്രിസ്ഥാനത്തിന് എറെ അടുത്തെത്തിയിരുന്നു. കോൺഗ്രസും സി.പി.ഐ.യും ഒറ്റ മുന്നണിയായാണ് ഭരണം.

1979-ൽ സി.പി.ഐ.നേതാവ് പി.കെ.വാസുദേവൻ നായർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ ലീഗ് നേതാവ് സി.എച്ച്.മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. രണ്ടുമാസത്തിനുശേഷം കെ.എം.മാണിയുടെ നേതൃതൃത്വത്തിലുള്ള കേരള കോൺഗ്രസ്‌ മന്ത്രിസഭയ്ക്ക് പിന്തുണ പിൻവലിച്ചു. തുടർന്ന് കെ.എം.മാണിക്ക് മുഖ്യമന്ത്രിയാകുവാൻ സാഹചര്യങ്ങൾ ഒത്തുവന്നിരുന്നു. എന്നാൽ, കോൺഗ്രസ് ഇടപെടൽമൂലം നിയമസഭ പിരിച്ചുവിട്ടതിനാൽ അത്തരം സാദ്ധ്യതകൾ ഇല്ലാതായി.

2011-16 കാലത്ത് ഉമ്മൻചാണ്ടി നേതൃത്വം നല്കിയ ഐക്യമുന്നണി മന്ത്രിസഭയിൽ മാണി ധനകാര്യമന്ത്രിയായിരുന്നു. ആ മന്ത്രിസഭയുടെ അവസാനകാലത്ത് ഇടതുപക്ഷ പിന്തുണയോടെ മാണി മുഖ്യമന്ത്രിയാകുമെന്ന് പ്രചരണം ശക്തമായിരുന്നു. അതിനുള്ള ചർച്ചകൾ നടന്നതായി പാർട്ടി നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു. എന്നാൽ, ഈ നീക്കത്തോടെയാണ് അന്നേവരെ അഴിമതി ആരോപണങ്ങൾ നേരിട്ടിട്ടില്ലാത്ത മാണിക്കെതിരേ ആരോപണങ്ങളുടെ വേലിയേറ്റമുണ്ടായത്.

2016-ൽ യു.ഡി.എഫിന് വമ്പൻ തിരിച്ചടിക്ക് ഇടവരുത്തിയ ബാർകോഴക്കേസ് ഉൾപ്പടെയുള്ള അഴിമതിക്കേസുകളുണ്ടായതും മുഖ്യമന്ത്രിപദവിയെ സംബന്ധിച്ച് കിംവദന്തികൾ പ്രചരിച്ചപ്പോഴാണ്. കേന്ദ്രമന്ത്രി സ്ഥാനവും മാണിക്ക് കൈയെത്തും ദൂരത്തിൽനിന്ന് അകന്നു പോയിട്ടുണ്ട്.

1990-ൽ വി.പി.സിങിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ജനതാദൾ മന്ത്രിസഭ താഴെ വീണപ്പോൾ കോൺഗ്രസ് പിന്തുണയോടെ ജനതാപാർട്ടി നേതാവ്‌ ചന്ദ്രശേഖർ മന്ത്രിസഭയുണ്ടാക്കിയിരുന്നു. അന്ന് കെ.എം.മാണി ഉരുക്കുവകുപ്പിന്റെ മന്ത്രിയായി കാബിനറ്റ് റാങ്കോടെ മന്ത്രിസഭയിൽ എത്തുമെന്ന് ഏതാണ്ടുറപ്പിച്ചതാണ്. എന്നാൽ, സത്യപ്രതിജ്ഞാ ദിനത്തിന്റെ തലേദിനം കേരളത്തിലെ കോൺഗ്രസ്‌ നടത്തിയ ഇടപെടൽ മൂലമാണ് സ്ഥാനം ലഭിക്കാത്തതെന്ന് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നു