പാലാ: പാലായുടെ ജനനായകൻ കെ.എം.മാണിക്ക് ജന്മനാട് നിറകണ്ണുകളോടെ വിട നൽകി. രാവിലെമുതൽ കെ.എം.മാണിക്ക് അന്തിമോപചാരം അർപ്പിക്കാൻ വലിയ ജനാവലിയാണ് കാത്തുനിന്നത്. തിരക്ക് നിയന്ത്രണാതീതമാകുന്ന കാഴ്ചയായിരുന്നു പലപ്പോഴും. കാത്തുനിന്നവരുടെ നിര കിലോമീറ്ററുകൾ നീണ്ടു.
വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ ജനനായകന്റെ തട്ടകമായ പാലാ നഗരത്തിലൂടെയുള്ള അദ്ദേഹത്തിന്റെ അന്ത്യയാത്രയ്ക്ക് ആരംഭമായി. വിലാപയാത്ര ജനസാഗരമായി നഗരവീഥികളിലൂടെ ഒഴുകി. വീടുമുതൽ അന്ത്യവിശ്രമസ്ഥാനമായ പാലാ കത്തീഡ്രൽ പള്ളിവരെ നാല് കിലോമീറ്റർ ദൂരം പാതയുടെ ഇരുവശങ്ങളിലുമായി നൂറുകണക്കിന് ജനങ്ങൾ തങ്ങളുടെ പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നിറമിഴികളോടെ കാത്തുനിന്നു. പാലാ നഗരം ദർശിച്ചിട്ടില്ലാത്തവിധം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് വിലാപയാത്ര നഗരത്തിലൂടെ കടന്നുപോയത്.
മാണിസാറിനോടുള്ള ബഹുമാനസൂചകമായി നഗരത്തിലെ വ്യാപാരികൾ വ്യാഴാഴ്ച മുഴുവൻ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ട് നാടിന്റെ ദുഃഖത്തിൽ പങ്കുചേർന്നു. നഗരസഭാ സ്റ്റേഡിയത്തിന് സമീപം പാലാ നഗരസഭയുടെ ജീവനക്കാരും കൗൺസിലർമാരും പുഷ്പവൃഷ്ടി നടത്തി. പാലാ ബൈപ്പാസ് റോഡിനരികിലുള്ള കെ.എം.മാണിയുടെ വസതിയിൽനിന്ന് വിലാപയാത്ര ആരംഭിച്ച് രണ്ടുമണിക്കൂർ പിന്നിട്ടാണ് കത്തീഡ്രൽ പള്ളിയിലെത്തിയത്. വിലാപയാത്രയിൽ പങ്കെടുക്കാൻ എത്തിയവർക്ക് കുടിവെള്ളം ചിലർ നഗരത്തിൽ വിതരണം ചെയ്തു.
മാണിസാറിന് ആദരാഞ്ജലിയർപ്പിച്ച് ബോർഡുകൾ നഗരത്തിൽ നിറഞ്ഞിരുന്നു. ബൈപ്പാസ് റോഡിൽനിന്ന് കൊട്ടാരമറ്റം വഴി നഗരത്തിലെത്തി സ്റ്റേഡിയം ജങ്ഷനിലെത്തി റിവർവ്യൂ റോഡിലേക്ക് തിരിഞ്ഞ് ളാലം തോടിന്റെയും പിന്നീട് മീനച്ചിലാറിന്റെയും തീരത്തുകൂടി സഞ്ചരിച്ച് മുനിസിപ്പൽ ലൈബ്രറിക്ക് സമീപം വീണ്ടും പ്രധാന റോഡിൽ പ്രവേശിച്ചു. ജനറലാശുപത്രിക്ക് സമീപം പൊൻകുന്നം പാലത്തിൽ പ്രവേശിച്ച് കത്തീഡ്രൽ പള്ളിയിലേക്ക് എത്തുകയായിരുന്നു. പള്ളിയിലെ പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം സെമിത്തേരിയിലെ വലതുഭാഗത്ത് ഒന്നാം നിരയുടെ മധ്യഭാഗത്തുള്ള 1028-ാം നമ്പർ കല്ലറയിലാണ് അടക്കിയത്.
Content Highlights: K M Mani