'കുട്ടിയമ്മ ഒന്നാം ഭാര്യയാണെങ്കില്‍ പാലാ രണ്ടാം ഭാര്യയാണ്' കെ. എം. മണിയുടെ പാലായെക്കുറിച്ചുള്ള വിശേഷണമാണിത്. അങ്ങനയെങ്കില്‍ പാലായ്ക്ക് ഒരു ഭര്‍ത്താവേയുള്ളൂ. അത് കരിങ്ങോഴയ്ക്കല്‍ മാണി മാണി അഥവാ കെ.എം മാണിയാണ്. പാലാ നിയോജക മണ്ഡലം രൂപീകൃതമായ അന്നുമുതല്‍ ഇന്നുവരെ പാലായ്ക്ക് ഒരു പ്രതിനിധിയേയുള്ളൂ. ഒരു എം.എല്‍.എ മാത്രമേയുള്ളൂ. അത് പാലായുടെ സ്വന്തം മാണി സാര്‍ തന്നെ. 

മറ്റാരേയും പാലാക്കാര്‍ ഇതുവരെ ഇവിടെ നിന്ന് ജയിപ്പിച്ചിട്ടില്ല. അതാണ് പാലായും മാണിയും തമ്മിലുള്ള ബന്ധം. വിവാദങ്ങള്‍ പലത് വന്നുപോയി. രാഷ്ട്രീയ കൊടുങ്കാറ്റ് ആഞ്ഞുവീശി. പക്ഷേ പാലായുടെ മനസ്സ് മാണിക്കൊപ്പം അടിയുറച്ച് നിന്നു. ബാര്‍കോഴ വിവാദം അലയടിച്ചിട്ടും 2016 ലും മാണിസാര്‍ ജയിച്ചു.

ഒരു മണ്ഡലം രൂപീകരിച്ച നാള്‍ മുതല്‍ അവിടെ മത്സരിക്കുക, എല്ലാ തിരഞ്ഞെടുപ്പും വിജയിച്ച് എം.എല്‍.എയായി മണ്ഡലത്തെ പ്രതിനിധീകരിക്കുക. ഒരുപക്ഷേ മറ്റൊരു ജനപ്രതിനിധിക്കും അവകാശപ്പെടാനില്ലാത്ത അസൂയാവഹമായ റെക്കോഡ് മണിക്ക് സ്വന്തം. കേരളമാകെ ഇടതുകാറ്റ് ആഞ്ഞു വീശിയിട്ടും പാലയില്‍ മാണി കുലുങ്ങിയില്ല. 

കെ. ബാബുവും മാണിയും ബാര്‍ കോഴയില്‍ കുടുങ്ങിയ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മാണി തോല്‍ക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരില്‍ പലരും വിധിയെഴുതി. എന്നിട്ടും പാല മാണിയെ കൈവിട്ടില്ല. കെ.എം.മാണി എന്നാല്‍ പാലയാണ് എന്ന് അരക്കിട്ടുറപ്പിച്ചതായിരുന്നു ആ തിരഞ്ഞെടുപ്പ് ഫലം. അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടയില്‍ ചെളി തെറിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് പാലാ നല്‍കിയ മറുപടി. 

1965 ലാണ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. കോണ്‍ഗ്രസിന് 36ഉം കേരള കോണ്‍ഗ്രസിന് 23ഉം സീറ്റ് ലഭിച്ച തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ നിയമസഭ സമ്മേളിച്ചില്ല. 1967 ലെ തിരഞ്ഞെടുപ്പിലും കെ.എം. മാണി പാലായില്‍ സ്ഥാനാര്‍ഥിയായി. 1975 ല്‍ പാലായ്ക്ക് ആദ്യമായി മന്ത്രിയെ സമ്മാനിച്ചുകൊണ്ട് അദ്ദേഹം മന്ത്രി പദത്തിലെത്തി. 

ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ' ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏത് എക്‌സിറ്റ് പോള്‍ പ്രവചിച്ചാലും എനിക്ക് പ്രശ്‌നമല്ല. എന്നെ പാലാക്കാര്‍ കൈവിടില്ല.' ഇന്നോളം ആ വിശ്വാസത്തിന് കോട്ടം തട്ടിയിട്ടില്ല. പാലായുടെ എം.എല്‍.എയായി തന്നെ അദ്ദേഹം യാത്രയായി. പാലാ അനാഥം.

Content highlights: KM Mani, the man behind the revelation of Pala, kottayam passes away