പാലായില്‍ നിന്ന് കേരളരാഷ്ട്രീയത്തിലേക്ക് കെ.എം.മാണി കടന്ന് വരുന്നത് 1965 ലാണ്. അന്നു മുതല്‍ ഇന്നു വരെയും പാലായ്ക്ക് മാണിയല്ലാതെ മറ്റൊരു നാഥനില്ല. രാഷ്ട്രീയത്തിലെ ഉയര്‍ച്ചതാഴ്ച്ചകളിലും പാല മാണിക്കൊപ്പം നിന്നു.

1975ലെ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി തുടങ്ങിയ മാണി ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായ വ്യക്തി, ഏറ്റവും കൂടുതല്‍ തവണ മന്തിയായി സത്യപ്രതിജ്ഞ ചെയ്ത എംഎല്‍എ എന്നീ റെക്കോഡുകള്‍ക്കും ഉടമയാണ്

1977-ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് മന്ത്രിയായ മാണി 80-ല്‍ വീണ്ടും ധനമന്ത്രിയായി, ഒപ്പം നിയമവകുപ്പിന്റെ അധികചുമതലയും. 86ല്‍ കൃഷിവകുപ്പും 87ല്‍ ജലസേചനവകുപ്പും നിയമവകുപ്പും മാണി കൈകാര്യം ചെയ്തു. അതേവര്‍ഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ ജലസേചനവകുപ്പിന് പകരം റവന്യൂവകുപ്പ് അദ്ദേഹത്തിന് ലഭിച്ചു. 1991 ലും 2001ലും റവന്യൂ വകുപ്പിന്റെയും  നിയമവകുപ്പിന്റെയും ചുമതല  മാണിക്കായിരുന്നു.

2004ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും റവന്യു മന്ത്രി. 2011 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വീണ്ടും ധനകാര്യമന്ത്രി. ആകെ 13 ബജറ്റുകള്‍ അവതരിപ്പിച്ചു. 12 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 25 വര്‍ഷക്കാലം മന്ത്രിയായി പ്രവര്‍ത്തിച്ച മാണിയുടെ പേര് 1979 ല്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടെങ്കിലും നറുക്ക് വീണത് സി.എച്ച്.മുഹമ്മദ് കോയക്കായിരുന്നു. അഭിഭാഷകന്‍ കൂടിയായ കെ.എം.മാണി 12 ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്.

Content Highlights: km mani-minister of records