ധ്വാനവര്‍ഗത്തിനുവേണ്ടി ഒരു സിദ്ധാന്തം രചിച്ച ഒരേ ഒരു നേതാവേ ഇന്ത്യയിലുള്ളൂ. അതാണ് കെ.എം മാണി. 
സമൂഹത്തില്‍ സാമാന്യജനങ്ങളെ തൊഴിലാളിയെന്നോ മുതലാളിയെന്നോ വേര്‍തിരിക്കാതെ അധ്വാനവര്‍ഗമായി കണ്ടുകൊണ്ട് അവരുടെ സാമ്പത്തികവും സാമൂഹികവും വികസനപരവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് അധ്വാനവര്‍ഗ സിദ്ധാന്തമെന്നാണ് ഇതേ കുറിച്ച് കെ.എം മാണി പറഞ്ഞത്. 

എന്താണ് അധ്വാന വര്‍ഗ സിദ്ധാന്തം

1978-ലാണ് കെ.എം. മാണി അധ്വാനവര്‍ഗ സിദ്ധാന്തം രചിക്കുന്നത്. കമ്യൂണിസത്തിന്റെയും കാപ്പിറ്റലിസത്തിന്റെയും ദോഷവശങ്ങള്‍  ഇല്ലാതാക്കി സാമൂഹ്യ- സാമ്പത്തിക സംവിധാനങ്ങളെ ഒന്നിപ്പിക്കുന്ന രാഷ്ട്രീയ സാമ്പത്തിക സിദ്ധാന്തമാണ് അധ്വാനവര്‍ഗ
സിദ്ധാന്തം. കൃഷിഭൂമിയുടെ ഉടമകളായ കര്‍ഷകരെ ബൂര്‍ഷ്വകളായി മദ്ര കുത്തപ്പെട്ട കാലം. കര്‍ഷകര്‍ ബൂര്‍ഷ്വകളല്ല, അവര്‍ അധ്വാനവര്‍ഗമാണ് എന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണു കെ.എം മാണി അധ്വാനവര്‍ഗ സിദ്ധാന്തം രചിക്കുന്നത്. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലും ബ്രിട്ടീഷ് പാര്‍ലമെന്റിലും സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടതിന്റെ പേരില്‍ കെ.എം മാണിയെന്ന കേരള കോണ്‍ഗ്രസ് നേതാവ് കയ്യടി വാങ്ങുകയും ചെയ്തു.

അധ്വാനവര്‍ഗ സിദ്ധാന്തം അഥവാ ജനകീയ സോഷ്യലിസം കാലഹരണപ്പെട്ട കമ്യൂണിസത്തിനും മുതലാളിത്ത വ്യവസ്ഥിതിക്കും പകരം അവതരിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രീയ സാമ്പത്തിക ദര്‍ശനമാണെന്നാണ് കെ.എം മാണി വിശേഷിപ്പിച്ചത്.  വികസനമേഖലകളുടെ വസ്തുനിഷ്ഠമായ മുന്‍ഗണനാക്രമം നിര്‍ണയിക്കുന്നതിനും അധ്വാനവര്‍ഗത്തിന്റെ മേല്‍ക്കോയ്മ ഉറപ്പിക്കുന്നതിനും കമ്യൂണിസത്തിനപ്പുറമുള്ള ഒരു സമ്പദ്ക്രമമാണ് ആവശ്യം. ജനാധിപത്യ സംവിധാനത്തിനുള്ളിലെ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയായ ജനകീയ സോഷ്യലിസം യാഥാര്‍ഥ്യമാക്കാനുള്ള മാര്‍ഗമാണ് അധ്വാനവര്‍ഗ സിദ്ധാന്തം.

കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ ആകര്‍ഷകമാണെങ്കിലും അവ പ്രായോഗികമോ യാഥാര്‍ഥ്യനിഷ്ഠമോ അല്ലെന്നു സോവിയറ്റ് യൂണിയന്റെയും പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളുടെയും ചൈനയുടെയും അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ചൈന നിയന്ത്രിത സമ്പദ്ഘടനയ്ക്ക് പകരം കമ്പോളാധിഷ്ഠിത സോഷ്യലിസ്റ്റ് സമ്പദ്ഘടന സ്വീകരിക്കുകയും ചെയ്തു. എല്ലാ മാനവപ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലി എന്ന നിലയില്‍ കമ്യൂണിസത്തെ കണ്ട എല്ലാ രാഷ്ട്രങ്ങളും മുക്കാല്‍ നൂറ്റാണ്ടു തികയുന്നതിനു മുമ്പുതന്നെ അതു തള്ളിക്കളഞ്ഞതായി മാണി പറഞ്ഞു.

ജനാധിപത്യമില്ലാത്ത സോഷ്യലിസം സര്‍വാധിപത്യത്തിലേക്കു വഴുതിവീഴും. സോഷ്യലിസമില്ലാത്ത ജനാധിപത്യം രാഷ്ട്രസമ്പത്ത് ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചുകൊണ്ട് അസന്തുലിത സമൂഹത്തിന്റെ സൃഷ്ടിക്കു കാരണമാകും. ജനാധിപത്യ വ്യവസ്ഥിതിക്കുള്ളില്‍ ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമമാണു ലക്ഷ്യം. 

content Highlight: working class theory by km mani