മിഴ്നാട്ടിലെ തൃശിനാപ്പള്ളിയിലായിരുന്നു കെ.എം.മാണിയുടെ ബിരുദപഠനം. താമസം ഹോസ്റ്റലില്‍. ഹോസ്റ്റലില്‍ ഒരിക്കല്‍ ഒരു വിദ്യാര്‍ത്ഥിയുടെ പണം മോഷണം പോയി. ക്രിസ്ത്യന്‍ മാനേജ്മെന്റ് നടത്തിയിരുന്ന കോളേജിലെ പുരോഹിതനായ വാര്‍ഡന്‍ ജാഗ്രതയോടെ അക്കാര്യം നിരീക്ഷിച്ചു. പക്ഷേ, പിന്നെയും ഒരു വിദ്യാര്‍ത്ഥിയുടെ പണം മോഷണം പോയി. വാര്‍ഡന്‍ വിദ്യാര്‍ഥികളുടെയെല്ലാം അലമാരയും മുറിയും പെട്ടിയും അരിച്ചുപെറുക്കി പരിശോധിക്കാന്‍ തുടങ്ങി. അതാ, പാലാക്കാരന്‍ കെ.എം.മാണിയുടെ പെട്ടിയില്‍ ഒരു തടിയന്‍ പുസ്തകം, കാറല്‍മാക്സിന്റെ ''മൂലധനം''. യാഥാസ്ഥിതികനായ കത്തോലിക്കാ പുരോഹിതനായ വാര്‍ഡന്‍ ചുവപ്പുകണ്ട കാളയെപ്പോലെ കത്തിജ്വലിച്ചു, മാനേജ്മെന്റ് രംഗത്തെത്തി. മാണിയെ കൈയോടെ കോളേജില്‍നിന്ന് പുറത്താക്കി.

അന്നു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ യു.വി.ചാക്കോയാണ് മാണിയെ രക്ഷിച്ചത്. മാണിയെകൂട്ടി അദ്ദേഹം എറണാകുളം സേക്രഡ് ഹാര്‍ട്ട് കോളേജിലെത്തി അവിടെ പ്രവേശനം വാങ്ങിക്കൊടുത്തു. തൊടുപുഴയിലെ കരിക്കുന്നം പഞ്ചായത്ത് പ്രസിഡന്റായ യു.വി.ചാക്കോ പിന്നീട് തൊടുപുഴയില്‍ പി.ജെ.ജോസഫിനെതിരെ സി.പി.എം. സ്ഥാനാര്‍ത്ഥിയായിട്ടുണ്ട്.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നുവോ കെ.എം.മാണി? എന്തായാലും ചെറുപ്പത്തില്‍ തന്നെ മനസ്സില്‍ രാഷ്ട്രീയം കൊണ്ടു നടന്ന ആളായിരുന്നു മാണി എന്ന് ഈ സംഭവകഥ വ്യക്തമാക്കുന്നു. ബിരുദമെടുത്ത ശേഷം നിയമം പഠിച്ച് വക്കീലായ മാണി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി. 

കോണ്‍ഗ്രസ്സിന്റെ കരുത്തനായ നേതാവ് പി.ടി.ചാക്കോയുടെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് തെറ്റിപ്പിരിഞ്ഞവരൊക്കെ കോട്ടയത്ത് ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ യോഗംചേര്‍ന്ന് കേരള കോണ്‍ഗ്രസ്സ് രൂപീകരിക്കുമ്പോള്‍ കെ.എം.മാണി കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്നു. 1964 ഒക്ടോബര്‍ എട്ടിനായിരുന്നു കേരള കോണ്‍ഗ്രസ്സിന് ജന്മംനല്‍കിയ ആ സമ്മേളനം. കെ.എം.ജോര്‍ജ്ജ്, വയലാ ഇടിക്കുള, മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍, ഇ.ജോണ്‍ ജേക്കബ്ബ്, ആര്‍. ബാലകൃഷ്ണപിള്ള, ടി.കൃഷ്ണന്‍, എം.എം.ജോസഫ്, സി.എ.മാത്യു, ജോസഫ് പുലിക്കുന്നേല്‍ തുടങ്ങിയവര്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 

കെ.എം.ജോര്‍ജ്ജ് ചെയര്‍മാനായി കേരളാ കോണ്‍ഗ്രസ്സ് രൂപംകൊണ്ടു. മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍ ജനറല്‍ സെക്രട്ടറിയുമായി. ധനാഠ്യനായിരുന്നു മാത്തച്ചന്‍ കുരുവിനാക്കുന്നേല്‍. കോട്ടയത്ത് പാര്‍ട്ടി ഓഫീസിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഓഫീസിലുണ്ടായിരുന്ന ജീപ്പിന്റെ നിയന്ത്രണം ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്കായിരുന്നു. 

1965 മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പാലാ മണ്ഡലത്തിലേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ തിരക്കി നടന്ന നേതാക്കള്‍ കെ.എം.മാണി എന്ന പാലക്കാരനെ ശ്രദ്ധിച്ചു. ചെറുപ്പക്കാരന്‍, മിടുക്കന്‍, നന്നായി പ്രസംഗിക്കും. അന്ന് കോട്ടയത്തെ പ്രമുഖ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ആര്‍.വി.തോമസ്സിന്റെ ഭാര്യയാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി. 'ആര്‍.വി. ചേടത്തി' എന്ന പേരില്‍ പ്രസിദ്ധയായിരുന്നു അവര്‍. കേരള കോണ്‍ഗ്രസ്സ് നേതാവ് മോഹന്‍ കുളത്തുങ്കല്‍ മാണിയെ ചെന്നുകണ്ടു. കുറേ ആലോചിച്ച ശേഷം മാണി സമ്മതിച്ചു. പക്ഷേ, തിരഞ്ഞെടുപ്പിന് ചെലവാക്കാന്‍ കൈയ്യില്‍ പണമില്ല. അതുകൊടുക്കാമെന്ന് കുളത്തിങ്കല്‍ ഏറ്റു. 35,000 രൂപ അദ്ദേഹം മാണിയെ ഏല്‍പ്പിച്ചു. പാലായില്‍ കെ.എം.മാണി സ്ഥാനാര്‍ത്ഥിയായി. 


1965 മാര്‍ച്ച് 4ന് നടന്ന തിരഞ്ഞെടുപ്പില്‍ 26 സീറ്റ് കിട്ടിയ കേരള കോണ്‍ഗ്രസ്സ് കേരളരാഷ്ട്രീയത്തിലേക്ക് ഉറച്ച കാല്‍വെയ്പ്പോടെ കടന്നു വരികയായിരുന്നു. അന്ന് കോണ്‍ഗ്രസ്സിന് കിട്ടിയത് 40 സീറ്റ്. സി.പി.എമ്മിന് 36 സീറ്റും. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ല. 

എം.എല്‍.എ. ആയി കഴിഞ്ഞപ്പോള്‍ മാണി കോട്ടയത്തും ഓഫീസിലും അതിനെ ചുറ്റിപ്പറ്റിയുള്ള അധികാരപ്രഭയിലും ആകൃഷ്ടനായി. ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്കാണ് ജീപ്പിന്മേലുള്ള അവകാശം. മാണി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.ജോര്‍ജ്ജിന് മുന്‍പില്‍ ഒരു നിര്‍ദ്ദേശം വെച്ചു -തന്നെ ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാക്കിയാല്‍ കേരളം മുഴുവന്‍ സഞ്ചരിച്ച് പാര്‍ട്ടി കെട്ടിപ്പെടുക്കാം. ജോര്‍ജ്ജ് ഇക്കാര്യം മാത്തച്ചന്‍ കുരുവിനാക്കുന്നേലുമായി സംസാരിച്ചു. സ്ഥാപക ജനറല്‍ സെക്രട്ടറി ആര്‍.ബാലകൃഷ്ണപിള്ളയുമായും സംസാരിച്ചു. ഇരുവരും അതിനോട് യോജിച്ചില്ല. മാണിയെ ആ ചുമതല ഏല്‍പ്പിച്ചാല്‍ കെ.എം.ജോര്‍ജ്ജ് ദുഖിക്കേണ്ടി വരുമെന്ന് ഇരുവരും മുന്നറിയിപ്പ് നല്‍കി. അവസാനം ജോര്‍ജ്ജ് കെ.എം.മാണിയുടെ ആവശ്യത്തിന് വഴങ്ങി. 1971ലും 1972ലും കേരള കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിയായി കെ.എം.മാണി. ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. കേരള കോണ്‍ഗ്രസ്സ് രാഷ്ട്രീയം കരിങ്ങോഴയ്ക്കല്‍ മാണി മാണി നയിച്ച വഴിയേ നടക്കാന്‍ തുടങ്ങുകയായിരുന്നു.

പ്രധാനമന്ത്രി ഇന്ദിരഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് വിരുദ്ധ ചേരിയിലായിരുന്നു കേരള കോണ്‍ഗ്രസ്സ്. ഇ.എം.എസ്., എ.കെ.ജി., എം.പി.മന്മഥന്‍, ഒ.രാജഗോപാല്‍, കെ.ശങ്കരനാരായണന്‍, സി.ബി.സി. വാര്യര്‍ എന്നിങ്ങനെ വിവിധ രാഷ്ട്രീയ പാര്‍ട്ടിനേതാക്കള്‍ക്കൊപ്പം കെ.എം.ജോര്‍ജ്ജിനെയും ആര്‍.ബാലകൃഷ്ണ പിള്ളയേയും പോലീസ് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. 1975 ജൂലായിലായിരുന്നു അത്. കെ.എം.മാണി രഹസ്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ ഒളിവില്‍ പോയി. അന്നത്തെ അച്ച്യുതമേനോന്‍ സര്‍ക്കാരില്‍ ചേരാന്‍ കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വം കേരള കോണ്‍ഗ്രസ്സിനെ ക്ഷണിച്ചു. ഡിസംബറില്‍ ജോര്‍ജ്ജിനെയും ബാലകൃഷ്ണപിള്ളയേയും മോചിപ്പിച്ച് ഡല്‍ഹിയിലെത്തിച്ചു. 'തിരികെ ജയിലിലേക്കു പോകണോ, അതോ മന്ത്രിയാകണോ' - എന്നതായിരുന്നു ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ജോര്‍ജ്ജിനോടും പിള്ളയോടും ചോദിച്ചത്. ജോര്‍ജ്ജും അന്ന് ലോകസഭാംഗമായ ബാലകൃഷ്ണപിള്ളയും മന്ത്രിസഭയില്‍ ചേരുക എന്ന തീരുമാനമെടുത്ത് ഇന്ദിരാഗാന്ധിയുടെ ആശിര്‍വാദത്തോടെ തിരുവനന്തപുരത്തേക്ക് മടങ്ങി. 

1975 ഡിസംബര്‍ 25-ാം തിയ്യതി കോട്ടയത്ത് ചില കത്തോലിക്ക പുരോഹിതന്മാര്‍ യോഗം ചേര്‍ന്നു. കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ഒരാളായിരിക്കാന്‍ പാടില്ല എന്ന വാദം കെ.എം.മാണി മുന്നോട്ട് വെച്ചിരുന്നു. അച്ചന്മാരുടെ പാതിരാ യോഗം ഈ നിലപാടിനെ പിന്തുണച്ചു. ജോര്‍ജ്ജ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞാല്‍ കെ.എം.മാണി ചെയര്‍മാനാകും. പാര്‍ട്ടി അദ്ദേഹത്തിന്റെ കൈയ്യിലാകും. ജോര്‍ജ്ജ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ മാണി മന്ത്രിയാവും. ഡിസംബര്‍ 26ന് കെ.എം.മാണി സത്യപ്രതിജ്ഞചെയ്ത് മന്ത്രിയായി. ഒപ്പം ബാലകൃഷ്ണപിള്ളയും. 

അധികം താമസിയാതെ പിള്ള മന്ത്രിസ്ഥാനം രാജിവെച്ചു. ആ സ്ഥാനത്ത് കെ.എം.ജോര്‍ജ്ജ് മന്ത്രിയായി; 1976 ജൂണ്‍ 26ന്. 1976 ഡിസംബര്‍ 11ന് കെ.എം.ജോര്‍ജ്ജ് മരണമടഞ്ഞു. തന്നെ പിന്നില്‍നിന്ന് കെ.എം.മാണി കുത്തിവീഴ്ത്തിയതില്‍ മനംനൊന്ത് ഹൃദയംപൊട്ടിയാണ് ജോര്‍ജ്ജ് മരിച്ചതെന്ന് അന്ന് തന്നെ ബാലകൃഷ്ണപിള്ള പരസ്യമായി ആരോപിച്ചു. 

ഇരട്ടപദവി വേണ്ട എന്ന വാദമൊന്നും പിന്നെ കേരളാ കോണ്‍ഗ്രസ്സില്‍ ഉണ്ടായിട്ടില്ല. കെ.എം.മാണി തന്നെ പാര്‍ട്ടി ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മന്ത്രിയുമെല്ലാം. 

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കെ.കരുണാകരന്റെ നേതൃത്വത്തിലുണ്ടായ മന്ത്രിസഭയില്‍ കെ.എം.മാണി ആഭ്യന്തര മന്ത്രിയായി. ഇതിനോടകം മാണി കേരള കോണ്‍ഗ്രസ്സിന്റെ ചെയര്‍മാനുമായി. അടിയന്തരാവസ്ഥകാലത്തെ രാജന്‍ കേസിന്റെ പേരില്‍ കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായി. അപ്പോഴും മാണി തന്നെ ആഭ്യന്തരമന്ത്രി. പാലായിലെ തിരഞ്ഞെടുപ്പു കേസിനെത്തുടര്‍ന്ന് മാണിക്ക് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നു; 1977 ഡിസംബര്‍ 21ന്. പകരം പി.ജെ.ജോസഫ് ആന്റണി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. 

ഇതിനിടെ മാണി കേസ് ജയിച്ച് തിരികെയെത്തി. ജോസഫ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞപ്പോള്‍ സപ്തംബര്‍ 16ന് മാണി വീണ്ടും മന്ത്രിയായി. പക്ഷേ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. അതിന്റെ പേരില്‍ മാണിയും ജോസഫും അകന്നു. ഈ അകല്‍ച്ചയാണ് പില്‍ക്കാലത്ത് കേരള കോണ്‍ഗ്രസ്സിനുണ്ടായ എല്ലാ പിളര്‍പ്പുകള്‍ക്കും തുടക്കം കുറിച്ചത്. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സരം വന്നപ്പോള്‍ മാണി പി.ജി. സെബാസ്റ്റ്യനെയാണ് പിന്തുണച്ചത്. കടുത്ത മത്സരത്തില്‍ പി.ജെ.ജോസഫ് പരാജയപ്പെട്ടു.

അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സിന് 20 സീറ്റാണ് കിട്ടിയത്. ഈ നേട്ടം കേരള രാഷ്ട്രീയത്തില്‍ കെ.എം.മാണിയെ കരുത്തനാക്കി. അന്ന് ഇടത്തുപക്ഷത്തേക്കുപോയ ബാലകൃഷ്ണപിള്ള ശോഷിക്കുകയും ചെയ്തു. 1980ല്‍ എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിലെ ആന്റണി പക്ഷം ഇടതുപക്ഷത്തേക്ക് നീങ്ങിയപ്പോള്‍ കെ.എം.മാണിയുടെയും പി.ജെ.ജോസഫിന്റെയും നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ്സും ഒപ്പം കൂടി. 1980ല്‍ ഇ.കെ.നായനാര്‍ സര്‍ക്കാരില്‍ കെ.എം.മാണിയും അംഗമായി. പക്ഷേ 1982ല്‍ നായനാരെയും ഇടതുമുന്നണി നേതൃത്വത്തേയും ഞട്ടിച്ച് കെ.എം.മാണി രാജിവെച്ച് യു.ഡി.എഫിലേക്ക് മടങ്ങി. 

ധനകാര്യമായിരുന്നു കെ.എം.മാണിക്ക് എപ്പോഴും ഇഷ്ടപ്പെട്ട വകുപ്പ്. ധനകാര്യത്തിലൂന്നി പുതിയ സിദ്ധാന്തങ്ങള്‍ കൊണ്ടുവരാനും അദ്ദേഹം തയ്യാറായി. 1986-87ലെ സംസ്ഥാന ബജറ്റ് മാണി വലിയൊരു അഭ്യാസമാക്കി. മിച്ച ബജറ്റാണ് അന്ന് അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചത്. പക്ഷേ അത് കമ്മി ബജറ്റ് തന്നെയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അന്നത്തെ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.പി.കെ.ഗോപാലകൃഷ്ണനും അത് കമ്മി ബജറ്റാണെന്ന് പറഞ്ഞു. മുഖ്യമന്ത്രി കെ.കരുണാകരനാകട്ടെ, ബജറ്റ് ഒരേ സമയം കമ്മിയും മിച്ചവുമാണെന്ന് അഭിപ്രായപ്പെട്ടു. ധനകാര്യ വിദഗ്ധനായ ഡോ.കെ.എം.രാജ് ആ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന ജനാര്‍ദ്ദനന്‍ പൂജാരി ലോകസഭയില്‍ കെ.എം.മാണിയുടെ മിച്ചകണക്ക് പിച്ചിചീന്തി. കോണ്‍ഗ്രസ്സുകാര്‍ തന്നെ കെ.എം.മാണിയുടെ മിച്ചസിദ്ധാന്തത്തെ തകര്‍ക്കുകയായിരുന്നു.

1986 മാര്‍ച്ച് 26-ാം തിയ്യതി കേരള നിയമസഭയില്‍ നടത്തിയ ബജറ്റ് പ്രസംഗത്തില്‍ കെ.എം.മാണി ഇങ്ങനെ പറഞ്ഞു: 'പുതുക്കിയ അടങ്കലുകളനുസരിച്ച് നമുക്ക് 1985-86 സാമ്പത്തിക വര്‍ഷത്തില്‍ കമ്മി ഒട്ടുമുണ്ടാവില്ലെന്ന് മാത്രമല്ല, 86.13 കോടി രൂപ മിച്ചമുണ്ടാവുകയും ചെയ്യുമെന്ന് കൃതാര്‍ത്ഥതയോടെ, അഭിമാനത്തോടെ ഞാന്‍ ബഹുമാനപ്പെട്ട സഭാംഗങ്ങളെ അറിയിക്കട്ടെ. 48 കോടി രൂപ കമ്മി ഉണ്ടാകുമായിരുന്ന സാഹചര്യത്തിലാണ് ഇത്ര മിച്ചം നാം ഉണ്ടാക്കുക. കഴിഞ്ഞ ഒക്ടോബര്‍ 17-ാം തിയ്യതി നമ്മുടെ മിച്ചം 97 കോടി രൂപയായിരുന്നു. നവംബര്‍ 13-ാം തിയ്യതി 113 കോടി രൂപയും ഡിസംബര്‍ 16-ാം തിയ്യതി 121 കോടി രൂപയും മിച്ചമുണ്ടായിരുന്നു....'

മാണി ബജറ്റ് അവതരിപ്പിച്ചതിന്റെ പിറ്റേന്ന് 'മാതൃഭൂമി' ദിനപത്രം ഇത് കള്ളബജറ്റാണെന്ന് ചൂണ്ടിക്കാട്ടി പ്രധാന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ''ഇത് ചെയ്യരുതെന്ന് ഞങ്ങള്‍ ധനകാര്യ മന്ത്രിയെ പലതവണ ഉപദേശിച്ചതാണ്. ഇറ്റ് ഈസ് എ ഫ്രോഡ് ഓണ്‍ ബജറ്റ്'' എന്നാണ് സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ അന്ന് 'മാതൃഭൂമി'യോട് പറഞ്ഞത്. 1986 മെയ് 4-ാം തിയ്യതി 'മാതൃഭൂമി'യുടെ എഡിറ്റോറിയല്‍ പേജില്‍ പി.എ.വാസുദേവന്‍ 'ബജട്രിക്സ്' എന്ന പേരിലെഴുതിയ ലേഖനവും ആ ബജറ്റിനെ നിശിതമായി വിമര്‍ശിച്ചു. 

അവസാനം കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ 13-ാമത് ബജറ്റായിരുന്നു. ബാര്‍ കോഴകേസില്‍ സമരം ചെയ്യുകയായിരുന്ന പ്രതിപക്ഷം നിയമസഭയില്‍ കടുത്ത പ്രതിഷേധവുമായി ഇറങ്ങിയതോടെ ബജറ്റവതരണം തന്നെ അലങ്കോലപ്പെട്ടു. പേരിനുമാത്രം മാണി മുറിക്കുള്ളിലിരുന്ന് ടി.വി.കാമറകള്‍ക്കു മുന്‍പില്‍ വായിച്ചുവെന്നു വരുത്തി. 

ബാര്‍ക്കോഴയുടെ പേരില്‍ പേരും പെരുമയും പ്രതാപവും നഷ്ടപ്പെട്ട കെ.എം.മാണി അവസാന കാലത്ത് അല്‍പ്പം ഒറ്റപ്പെട്ടു എന്നത് സത്യമാണ്. കേരള കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തിന് പിന്‍തുണ നല്‍കാന്‍ കരുത്തുറ്റ നേതാക്കന്മാരാരും ഇല്ലായിരുന്നു. ഒരു കണക്കില്‍ അതായിരുന്നു എപ്പോഴും കെ.എം.മാണിയുടെ രാഷ്ട്രീയവും. മിടുക്കന്മാരെന്ന് തോന്നുന്നവരെ അദ്ദേഹം അകറ്റി നിര്‍ത്തിയിരുന്നുവെന്നും പ്രഗത്ഭരെ രാഷ്ട്രീയത്തില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം തയ്യാറായില്ല എന്നും വിമര്ര്‍ശനം ഉണ്ട്; സ്വന്തം മണ്ഡലമായ പാലായില്‍നിന്നുപോലും. അതിലല്‍പ്പം ശരിയുമുണ്ട്. പാലാ സ്വദേശിയായ ഡിജോ കാപ്പനാണ് ഏറ്റവും നല്ല ഉദാഹരണം. കെ.എസ്.സി.യിലൂടെയും യൂത്ത് ഫ്രണ്ടിലൂടെയും വളര്‍ന്നുവന്ന് ഡിജോ കാപ്പന്‍ ഉള്‍പ്പെടെ ധാരാളംപേര്‍ വളര്‍ച്ച മുരടിച്ച് മാണിയില്‍നിന്ന് അകന്നു. 

1987ല്‍ പി.ജെ.ജോസഫും കൂട്ടരും മാണിയെ വിട്ട് കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പുണ്ടാക്കി. അന്ന് കോഴഞ്ചേരിക്കടുത്ത് ചരല്‍കുന്നില്‍ നടന്ന കേരള കോണ്‍ഗ്രസ്സ് നേതൃസമ്മേളനത്തില്‍ ''സത്യത്തിന് ഒരടിക്കുറിപ്പ്'' എന്ന ലഘുലേഖ അവതരിപ്പിച്ചാണ് പി.ജെ.ജോസഫ് മാണിക്കെതിരെ അങ്കം കുറിച്ചത്. മുന്‍വര്‍ഷങ്ങളില്‍ മാണി പാര്‍ട്ടിയില്‍ വിവിധ നേതാക്കളെ തകര്‍ത്തതും സ്വന്തം കാര്യസാധ്യത്തിനായി പാര്‍ട്ടിക്കെതിരായി പ്രവര്‍ത്തിച്ചതുമൊക്കെയായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം. 

1989ല്‍ പി.ജെ.ജോസഫും കൂട്ടരും ഇടതുമുന്നണിയിലേക്ക് ചേക്കേറി. പിന്നീട് പി.ജെ.ജോസഫ് ഇടതുപക്ഷത്തിന് പ്രിയപ്പെട്ട കേരള കോണ്‍ഗ്രസ്സുകാരനായി. അദ്ദേഹത്തിന്റെ ഇടതുവശത്ത് പി.സി.ജോര്‍ജ്ജും വലതുവശത്ത് ഡോ.കെ.സി.ജോസഫും നിലയുറപ്പിച്ചു. 2003ല്‍ വി.എസ്.അച്യുതാനന്ദന്റെ മതികെട്ടാന്‍ മലകയറ്റത്തെത്തുടര്‍ന്ന് ജോര്‍ജ്ജ് പി.ജെ.ജോസഫില്‍ നിന്ന് അകന്നു. 

പിന്നെ ജോര്‍ജ്ജ് യു.ഡി.എഫിലേക്ക് നീങ്ങിയതും പിന്നാലെ ജോസഫ് ഗ്രൂപ്പ് ഇടത് മുന്നണി വിട്ടതും മാണി ഗ്രൂപ്പില്‍ ലയിച്ചതും പി.സി.ജോര്‍ജ്ജ് പാര്‍ട്ടിയുടെ ഏക വൈസ് ചെയര്‍മാനായതും പാര്‍ട്ടിയിലും മുന്നണിയിലും ജോര്‍ജ്ജ് പൊല്ലാപ്പുകള്‍ ഉണ്ടാക്കിയതും അവസാനം ജോര്‍ജ്ജ് അയോഗ്യതയിലേക്ക് നീങ്ങിയതും ഒടുവില്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചതും അവസാനം തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് പിജെ ജോസഫുമായി ലോക്‌സഭാ സീറ്റിനെച്ചൊല്ലി വീണ്ടും തര്ര്‍ക്കിച്ചതുമൊക്കെ കേരള കോണ്‍ഗ്രസ്സിന്റെ ഏറ്റവുമൊടുവിലത്തെ അധ്യായങ്ങളാണ്. ഇതിനിടയ്ക്ക് എത്രയെത്ര പിളര്‍പ്പുകള്‍. എത്രയെത്ര കൂടിച്ചേരലുകള്‍. ഇതിനു മാണിതന്നെ കുറേക്കാലം മുന്‍പ് ഒരു സിദ്ധാന്തം മെനഞ്ഞവതരിപ്പിച്ചിരുന്നു: ''പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്സ്''. പക്ഷെ എത്ര പിളര്‍ന്നാലും അവസാനം ഉയര്‍ന്നു നില്‍ക്കുന്ന തല മാണിയുടേതു തന്നെയായിരുന്നു..

മാണിയുടെ വിയോഗത്തോടെ കേരള കോണ്‍ഗ്രസ്സ് ക്ഷയിക്കുകയാണ്. പഴയ പ്രതാപമൊന്നും പാര്‍ട്ടിക്കില്ല. വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ പേരിനുപോലും എങ്ങുമില്ല. കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ്സിന്റെ പ്രസക്തി കുറയുകയാണ്. നേതാക്കളുടെ പേരില്‍ നേതാക്കളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന പാര്‍ട്ടികളായി കേരള കോണ്‍ഗ്രസ്സ് വിഭാഗങ്ങള്‍ മാറിയിരിക്കുന്നു. ഒരു പാര്‍ട്ടിക്ക് ഒരു നേതാവ്, ഒരു എം.എല്‍.എ., ഒരു മന്ത്രി എന്നതായിരിക്കുന്നു പുതിയ സിദ്ധാന്തം. ഏറിയാല്‍ മകന്‍, അതിനപ്പുറമൊന്നുമില്ലത്ത സ്ഥിതി. ഒരു നേതാവില്‍ തുടങ്ങി ആ നേതാവില്‍ അവസാനിക്കുന്ന പാര്‍ട്ടികളുടെ ഗണത്തിലേക്ക് നീങ്ങുകയാണ് കേരള കോണ്‍ഗ്രസ്സുകള്‍.

മാണി ഇതിഹാസമായിരുന്നു. അതില്‍ സംശയമില്ല. കെ.എം.മാണി സിന്ദാബാദ്, കേരള കോണ്‍ഗ്രസ്സ് സിന്ദാബാദ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങിയ കാലം കേരളം മറക്കുകയില്ല. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിപദം വരെ സ്വപ്നം കണ്ട കെ.എം.മാണി ബാര്‍കോഴയില്‍ പെട്ട് താഴേക്ക് പതിച്ചതും ആരും മറക്കില്ല. ഒരു കേരള കോണ്‍ഗ്രസ്സുകാരന് എത്താവുന്ന ഏറ്റവും വലിയ ഉയരത്തില്‍നിന്നായിരുന്നു വീഴ്ച. 34 വര്‍ഷത്തിന് ശേഷം യു.ഡി.എഫ് ബന്ധം മുറിച്ചുള്ള ആ പോക്ക് ഒരു ചൂതാട്ടമായിരുന്നു എന്നു തിരിച്ചറിഞ്ഞ മാണി സാര്‍ തിരിച്ചെത്തുമ്പോഴേക്കും പ്രായം വെല്ലുവിളിയായി മുന്നില്‍ നിന്നു. മറ്റൊരങ്കത്തിന് അദ്ദേഹത്തിനു ബാല്യമുണ്ടായിരുന്നില്ല. എന്നാല്‍ അവസാനം വരെയും അദ്ദേഹം ആരോടും തോറ്റതുമില്ല. അങ്ങിനെ ഒരു നേതാവ് സമീപകാല കേരള രാഷ്ട്രീയത്തില്‍ കെ.എം മാണി മാത്രമേ ഉണ്ടായിട്ടുള്ളൂ.

(പുനഃപ്രസിദ്ധീകരണം)

Content Highlights: K M Mani, Kerala Congress(M) Chairman,