രാഷ്ട്രീയക്കാരനായിരുന്നില്ലങ്കില്‍ നല്ല അഭിഭാഷകനായി പേരെടുക്കുമായിരുന്ന തന്ത്രജ്ഞന്‍. തുറന്ന ചിരി, ഇടയ്ക്കിടെയുള്ള ചുമ, ചുളിവില്ലാത്ത മുണ്ടും ഷര്‍ട്ടും, തോളില്‍ തട്ടിയുള്ള വര്‍ത്തമാനം, ശരവേഗത്തില്‍ നടത്തം, സിബീ... ഔസേപ്പച്ചാ... തോമസുകുട്ടീ... എന്നിങ്ങനെ സഹായികളെ നീട്ടിയുളള വിളി. ഇത്രയുമായാല്‍ കരിങ്ങോഴക്കല്‍ മാണി മാണി കെ.എം. മാണിയായി. മാണി സാറായി. രാവിലെ അഞ്ചേ മുക്കാലിന് ഉണര്‍ന്ന് രാത്രി പന്ത്രണ്ടരവരെ സജീവമായ പൊതുപ്രവര്‍ത്തകനാണ് കെ.എം മാണി.
84ാം പിറന്നാളില്‍ മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം വീണ്ടും പ്രസിദ്ധീകരിക്കുന്നു.

പല തവണ ധനകാര്യവകുപ്പ് കൈകാര്യം ചെയ്തു. ആ നിലയില്‍ സംതൃപ്തനായ മന്ത്രിയാണോ?

ധനകാര്യമന്ത്രിയായിരിക്കെ ഞാന്‍ കൊണ്ടുവന്ന പദ്ധതികളെല്ലാം ഇന്നവേറ്റിവ് ആയിരുന്നു. യുണീക് ആയിരുന്നു. അതൊക്കെ കര്‍ഷകജനതയ്ക്ക് വേണ്ടിയുള്ളതായിരുന്നു. ഞാന്‍ ധനകാര്യമന്ത്രിയാകും മുമ്പ് നികുതി പിരിവ് കൂട്ടാന്‍ പല തരം നികുതികളുടെ പേരില്‍ കര്‍ഷകരെ വേട്ടയാടുകയായിരുന്നു. പ്ലാന്റേഷന്‍ ടാക്സ്. അങ്ങനെ പലതും. 80 തെങ്ങ് അല്ലങ്കില്‍ 400 കമുക് ഒരു ഹെക്ടറായി കണ്ട് നികുതി ചുമത്തുന്ന അനീതിയായിരുന്നു ഇവിടെ. ഇതുകണ്ട് ഞാനാണ് ആ പ്ലാന്റേഷന്‍ ടാക്സ് വേണ്ടന്നുവച്ചത്. കൃഷിക്കാര്‍ക്ക് വല്യ ആശ്വാസമായി. അഗ്രികള്‍ച്ചര്‍ ഇന്‍കം ടാക്സ്, ഊഹക്കണക്കു നികുതി പീഡനങ്ങള്‍... അങ്ങനെയങ്ങനെ. ഞാന്‍ ചെയ്തത് കമ്പനികളുടെ വരുമാന നികുതി നിലനിര്‍ത്തി കര്‍ഷകരുടെ മേലുള്ള വരുമാന നികുതി എടുത്തുകളഞ്ഞു.

ഇന്ത്യയിലാദ്യമായാണ് ഇങ്ങനെ ചെയ്തത്. പിന്നീട് പല സംസ്ഥാനങ്ങളും ഇത് അനുകരിച്ചു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ആദ്യമായി ഏര്‍പ്പെടുത്തിയതും ഞാന്‍ തന്നെ. 1980-ല്‍. ഏതെങ്കിലും കൃഷിക്കാര്‍ വിചാരിച്ചോ പെന്‍ഷന്‍ കിട്ടുമെന്ന്? കര്‍ഷക തൊഴിലാളിക്കും പെന്‍ഷന്‍. റബര്‍ വിലസ്ഥിരതാ പദ്ധതിയാണ് മറ്റൊരു സാക്ഷാത്കാരം. കിലോയ്ക്ക് 150 രൂപ കിട്ടുംവരെ, കമ്പോളവിലയ്ക്കു ശേഷമുള്ള തുക കര്‍ഷകന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണ് പദ്ധതി. ഈ തുക അടിയന്തരമായി കൂട്ടണം എന്നാണ് എന്റെ ആവശ്യം. പദ്ധതി പ്രഖ്യാപിച്ചപ്പോഴത്തെതിനെക്കാള്‍ ഉല്പാദനച്ചെലവ് കൂടിയിരിക്കുന്നു. 150 എന്നത് 200 രൂപയാക്കി കൂട്ടണം. ഇടതു സര്‍ക്കാര്‍ അതിന് അമാന്തിക്കരുത്.

യു.ഡി.എഫ്. സര്‍ക്കാര്‍ സഹിച്ച അത്രയും നഷ്ടം സര്‍ക്കാരിന് ഉണ്ടാവുകയുമില്ല. അതുപോലെ പട്ടയത്തിന് അനുമതി വാങ്ങിയത് ഞാനാണ്. കേന്ദ്രമന്ത്രി കമല്‍നാഥ് നെടുങ്കണ്ടത്തുവന്ന് പട്ടയം വിതരണം ചെയ്തിട്ട് പോയി. കമല്‍നാഥ് ഡല്‍ഹിയില്‍ ചെല്ലുംമുമ്പ് പരിസ്ഥിതി മന്ത്രാലയം പറഞ്ഞു, കൊടുത്ത പട്ടയം നിയമവിരുദ്ധമാണെന്ന്. അപ്പൊ ചിലരു പറഞ്ഞു മാണി കള്ളപട്ടയം കൊടുത്തെന്ന്. ഞാമ്പറഞ്ഞു പരിഹാരമുണ്ടെന്ന്. ഡല്‍ഹിയില്‍പോയി ആഴ്ചകളോളം പല മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. ഒടുവില്‍ പട്ടയ അനുമതി കിട്ടി.

അതുമായി ഞാന്‍ ഡല്‍ഹിയില്‍നിന്ന് നേരെ നിയമസഭയിലെത്തി. അന്നേരം സി.കെ. ചന്ദ്രപ്പന്‍ പ്രസംഗിച്ചോണ്ടിരിക്കുവാ. മാണീടെ കള്ളപ്പട്ടയം എന്നും പറഞ്ഞ്. ഞാമ്പറഞ്ഞു, ചന്ദ്രപ്പാ വിഷമിക്കണ്ടാ, ഇതാ പട്ടയാനുമതി. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത് എന്ന്. എന്നിട്ടുമവര്‍ക്ക് വിശ്വാസമായില്ല. കോടതീപ്പോയി കേസുമായിട്ട്. ഹൈക്കോടതീം സുപ്രീം കോടതിം പട്ടയം ശരിവച്ചു. എന്നിട്ട് ഞാന്‍തന്നെ ഇടുക്കീ പോയി വാഴത്തോപ്പില്‍വച്ച് പതിനായിരം പേര്‍ക്ക് പട്ടയം കൊടുത്തു. ഇന്നും പട്ടയം കിട്ടാത്തവര്‍ അവിടെയുണ്ട്. കൃഷിക്കാര്‍ക്ക് എപ്പോഴൊക്കെ വിഷമം ഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ തളളക്കോഴിയെപ്പോലെ കര്‍ഷകരെ കാത്തത് കേരള കോണ്‍ഗ്രസ് ആണന്ന് ആര്‍ക്കുമറിയാം. ആ അഭിമാനബോധം എനിക്കുണ്ട്. വ്യാപാരികള്‍ക്ക് ഏകമുഖ നികുതിയാക്കിയത് അവര്‍ക്ക് ഏറെ ഗുണം ചെയ്തു. സ്വയം സംരംഭക മിഷന്‍ തുടങ്ങിയതും ഞാനാണ്. പമ്പിങ് സബ്സിഡി കൂട്ടിയില്ലേ.

കാരുണ്യ ലോട്ടറി പദ്ധതി തന്നെ അങ്ങയുടെ സംഭാവനയായിരുന്നല്ലോ?

ആയിരത്തിയഞ്ഞൂറു കോടിയോളം രൂപയാണ് അതിലൂടെ പാവപ്പെട്ട രോഗികള്‍ക്ക് ഇതുവരെ കൊടുത്തത്. സാന്റിയാഗോ മാര്‍ട്ടിന്‍ നമ്മുടെ നാട്ടില്‍വന്ന് ആളുകളെ കൊള്ളയടിക്കുന്നു. പാവപ്പെട്ടവരാണ് ആ കൊളളയ്ക്ക് കൂടുതലും ഇരയാകുന്നത്. എന്നാലും ലോട്ടറി നിര്‍ത്തണ്ടാ, വരുമാനം കിട്ടിക്കോട്ടെ എന്നുവച്ചു. നിയമം കൊണ്ടുവന്ന് ഇതര സംസ്ഥാന ലോട്ടറികളെ നിരോധിച്ചു. അവ ഇവിടെ വില്‍ക്കാന്‍ പാടില്ലന്ന് നിയമമാക്കി. സര്‍ക്കാര്‍ ലോട്ടറി മാത്രമാക്കി. അപ്പൊ അതിലെ ഒരു ലോട്ടറിയുടെ വരുമാനം പാവപ്പെട്ടവര്‍ക്ക് നീക്കിവക്കാന്‍ തീരുമാനിച്ചു. എം.എല്‍.എ. ജീവിതത്തിലെ അനുഭവങ്ങള്‍തന്നെയാണ് ഈ തീരുമാനത്തിന് പിന്നില്‍. എല്ലാ എം.എല്‍.എമാരുടെയും വീട്ടിലേയ്ക്ക് ചികില്‍സാ സഹായം തേടി ഒരുപാടു പേര്‍ ദിവസവും വരും.അവരെയെല്ലാം സഹായിക്കാന്‍ എം.എല്‍.എയ്ക്ക് കഴിയില്ല. അപ്പൊ സ്ഥിരമായ ഒരാശ്വാസ പരിപാടി വേണമെന്ന് എനിക്കു തോന്നി. സമയം വന്നപ്പോ അതിന് ലോട്ടറി വരുമാനം ഉപയോഗിക്കാമെന്ന് തീരുമാനിച്ചു.

യു.ഡി.എഫ്. വിടാനുള്ള തീരുമാനം ഉചിതമായിരുന്നോ?

ഉചിതമായിരുന്നു. ഒരു സംശയവുമില്ല. യു.ഡി.എഫില്‍ ഐക്യമില്ലന്നു പറഞ്ഞാണ് ഞാന്‍ പോന്നത്. അനൈക്യ മുന്നണിയാണെന്നും ഞാന്‍ പറഞ്ഞിരുന്നു.

ഇപ്പോ ആരാണ് കേരളത്തിലെ പ്രതിപക്ഷം?

ആ...അതിപ്പൊ എങ്ങനെയാ പറയുന്നെ? പ്രതിപക്ഷം ആരാന്ന് ചോദിച്ചാ, കക്ഷികളൊക്കെ അവരുടെ റോള്‍ എടുക്കുന്നുണ്ട്.

എന്താണ് രാഷ്ട്രീയത്തില്‍ മാണിയുടെ ശൈലി?

വെറുതെ സര്‍ക്കാരിനെ താറടിക്കുന്നതല്ല ഒരിക്കലും എന്റെ ശൈലി. കാര്യങ്ങള്‍ വസ്തുതാപരമായി പഠിക്കും. ഓരോ കാര്യങ്ങളും അളന്നു തൂക്കി സര്‍ക്കാരിനെ നല്ല കാര്യങ്ങളില്‍ പിന്തുണയ്ക്കുകയും തെറ്റായ കാര്യങ്ങളില്‍ നിശിതമായി വിമര്‍ശിക്കുകയുമാണ് ചെയ്യുന്നത്. ആ പാരമ്പര്യമാ കേരള കോണ്‍ഗ്രസിന്റേത്. ഇപ്പം ഇടതുപക്ഷ സര്‍ക്കാരാണങ്കിലും, നല്ലതു ചെയ്താ നല്ലതു പറയും. അല്ലങ്കില്‍ വിമര്‍ശിക്കും. ആ സ്വതന്ത്ര നിലപാടാ ഞങ്ങടേത്. അതുകൊണ്ട് ഞങ്ങക്കൊന്നും നോക്കണ്ട കാര്യമില്ല. മുന്നണിയിലായിരിക്കെ അവിടെ ചര്‍ച്ച ചെയ്യാതെ പറയാനാവില്ല. പറയാം, പക്ഷെ അത് പ്രൊപ്രൈറ്ററിക്ക് എതിരല്ലേ? ഇപ്പളും പറയുന്നു, ഈ ഗവണ്‍മെന്റിനെ അന്ധമായി ഞങ്ങള്‍ എതിര്‍ക്കുകേല. നല്ല കാര്യത്തിന് സപ്പോര്‍ട്ട് ചെയ്യും.

പാര്‍ലമെന്റ് തിരെഞ്ഞടുപ്പ് വരുമ്പോള്‍?

ഞങ്ങളാരെയും അന്ധമായി എതിര്‍ക്കാത്തതുകൊണ്ട് ഞങ്ങളേം ആരും എതിര്‍ക്കേണ്ട കാര്യമില്ല. സഹായിക്കാവുന്നവരുമായും സഹകരിക്കുന്നവരുമായും യോജിക്കാന്‍ ഞങ്ങടെ നിലപാടുകൊണ്ട് ഒരു പ്രശ്നവുമില്ല. ഞങ്ങളോട് എല്ലാര്‍ക്കും ഇഷ്ടമാണെന്നത് നല്ല കാര്യമല്ലേ.

സി.പി.ഐയ്ക്ക് കേരള കോണ്‍ഗ്രസിനോട് എന്താണിത്ര വിരോധം?

അതെന്നാന്നുവച്ചാല്‍, ഞങ്ങള്‍ ഇടതുപക്ഷത്തോട്ടു ചെന്നാല്‍ സി.പി.ഐയുടെ സ്ഥാനം കുറയുകേലേ? അപ്പൊ, ഇപ്പൊഴുള്ള സ്ഥാനം നിലനിര്‍ത്താനും അതിന്റെ ഗ്രേഡ് നിലനിര്‍ത്താനും ഞങ്ങള്‍ ചെല്ലാതിരിക്കണം. പ്രത്യേകിച്ച്, കര്‍ഷക പിന്തുണയും നല്ല ജനസ്വാധീനവുമുള്ള ഒരു പാര്‍ട്ടി, ഇടതു മുന്നണിയിലോട്ടു ചെന്നു കഴിഞ്ഞാല്‍ ഇന്നത്തെ രീതി മാറും. സി.പി.ഐയുടെ സമ്മര്‍ദ്ദശക്തി കുറയും. അതുകൊണ്ടാ എപ്പളുമെപ്പളും സി.പി.ഐ. കേരള കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്. ഞാനിന്നാള് ഒരു മറുപടി പന്ന്യന് കൊടുത്തു. നിങ്ങളവിടെ ഇരിക്കുന്നേടത്ത് ഇരുന്നോ, സുഖമായിട്ട് ഇരുന്നോ, ഞങ്ങളെയോര്‍ത്ത് വിഷമിക്കണ്ടാന്ന് ഞാന്‍ പറഞ്ഞു.

ജേക്കബ് തോമസിന് താങ്കളോട് വിരോധമുണ്ടോ?

ഞാനൊന്നും പറയുന്നില്ല. അദേഹത്തെക്കുറിച്ച് ചില വാര്‍ത്തകളൊക്കെ ഇപ്പൊ പുറത്തുവന്നിട്ടുണ്ടല്ലോ. എന്നോട് വിരോധമുള്ള ഉദ്യോഗസ്ഥനാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. നാട്ടുകാരനായ ഒരുദ്യോഗസ്ഥനാണ്. തീക്കോയിക്കാരനാണ്. വിരോധത്തിന് കാരണമുണ്ട്. അതൊന്നും ഞാന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല.

ആരോപണങ്ങള്‍ ജനമനസ്സില്‍ ഏശിയെന്നു തോന്നുന്നുണ്ടോ?

ഏയ്.. ഇല്ലില്ല. ഒരിക്കലുമില്ല. അതു ഞാന്‍ നേരത്തെ പറയുന്നതാ. എന്നെ അറിയാവുന്നവര്‍ക്കറിയാം. നേതാവിനെ അടിച്ചാല്‍ പ്രസ്ഥാനത്തെ തകര്‍ക്കാമല്ലോ. അതുകൊണ്ട് കേരള കോണ്‍ഗ്രസിനെ ഇഷ്ടപ്പെടാത്തവര്‍, കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയെ ഭയപ്പെടുന്നവര്‍. അവരാണ് ഇതൊക്കെ ഉയര്‍ത്തുന്നത്.

k m mani

പി.സി. ജോര്‍ജിനെ ഒപ്പം കൂട്ടിയത് വേണ്ടായിരുന്നെന്ന് തോന്നിയിട്ടുണ്ടോ?

ഹഹഹ.. ആ ചോദ്യമങ്ങ് ഒഴിവാക്കാം. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം. എന്നോടുള്ള ഇരിപ്പ് എന്താണന്നൊക്കെ എല്ലാവര്‍ക്കുമറിയാമല്ലോ. എനിക്കെതിരായ പ്രസ്താവനകളും പ്രസംഗങ്ങളും ആണല്ലോ മുഴുവന്‍ ഉണ്ടായത്.

കേരള കോണ്‍ഗ്രസ് ഇല്ലാത്ത ആദ്യ മുന്നണി ഘട്ടമാണല്ലോ ഇത്?

കേരള കോണ്‍ഗ്രസ് ഇല്ലാത്ത ജനാധിപത്യ മുന്നണി ശക്തമല്ല. ശക്തമാണെന്ന് കാണിക്കാനുളള പ്രകടനങ്ങളൊക്കെ നടന്നു. ആളെക്കൂട്ടാന്‍ ആര്‍ക്കാ അറിയാത്തെ. തിരഞ്ഞെടുപ്പു വരട്ടെ, കാണാം. കേരള കോണ്‍ഗ്രസ് ഇല്ലാത്ത മുന്നണി ശക്തമായിരിക്കില്ല.

രാഷട്രീയജീവിതത്തില്‍ സംതൃപ്തനാണോ?

ഞാന്‍ പൂര്‍ണ സംതൃപ്തനാ. കര്‍ഷകജനതയ്ക്കും ഈ സമൂഹത്തിനും എത്രയോ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളതാ സംതൃപ്തിക്ക് കാരണം. സ്ഥാനങ്ങള്‍ വെറും അലങ്കാരമായി കൊണ്ടുനടക്കുകയല്ല ചെയ്തത്. കിട്ടിയ അവസരമൊക്കെ ഉപയോഗപ്പെടുത്തിയെന്ന് നിസംശയം പറയാം. 12 ബജറ്റ് അവതരിപ്പിച്ചു. ഒരേ മണ്ഡലത്തില്‍നിന്ന് പരാജയമില്ലാതെ തുടര്‍ച്ചയായി ജയിച്ചു. ജനങ്ങള്‍ക്ക് സ്നേഹവും താല്‍പര്യവും കൂടുകയാ. എനിക്ക് തിരിച്ചും. ജനങ്ങളാണ് എന്നെ താങ്ങിനിര്‍ത്തുന്നതെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്.

(ഇടയ്ക്ക് ഭാര്യ കുട്ടിയമ്മ അതിഥി മുറിയിലേയ്ക്ക് എത്തി നോക്കി. ശീലം അറിയാവുന്നതുകൊണ്ട് നോട്ടം കൊണ്ട് 
മാണിയോടു ചോദിച്ചു, ചായ വേണോ?
)

ചായയാണോ ഇഷ്ടപാനീയം?

ആദ്യം സിഗരറ്റ് ആയിരുന്നു. ചെയ്ന്‍ സ്മോക്കര്‍ ആയിരുന്നു ഞാന്‍. അത് ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കി. ഒരുപാട് പ്രതിജ്ഞയെടുത്തെങ്കിലും സിഗരറ്റിനെ വലിച്ചെറിയാനായില്ല. ഇനി ഒരിക്കലും വലിക്കില്ലന്ന് പ്രതിജ്ഞയെടുത്ത് തീവണ്ടിയില്‍നിന്ന് വലിച്ചെറിഞ്ഞു, കാറില്‍നിന്ന് വലിച്ചെറിഞ്ഞു, വിഴിഞ്ഞത്ത് കടലിലേയ്ക്ക് വലിച്ചെറിഞ്ഞു, റോമില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നില്‍, പ്രാര്‍ത്ഥനയ്ക്കു ശേഷം, ഒരു 555 സിഗരറ്റ് പാക്കറ്റ് അവിടെ വച്ചു. ഇനി വലിയില്ലെന്ന് പ്രതിജ്ഞയെടുത്തു. പക്ഷെ... എല്ലാം പരാജയപ്പെട്ടു. അവസാനം മൂത്ത മകള്‍ എല്‍സമ്മേടെ പ്രസവത്തിന് ഇച്ചിരെ കോംപ്ലിക്കേഷനുണ്ടായി. എല്ലാവര്‍ക്കും ടെന്‍ഷന്‍. എന്തു സംഭവിക്കുമെന്ന പേടി. അവസാനം അവള്‍ക്കു വേണ്ടി എല്ലാവരും പ്രാര്‍ത്ഥിച്ചു. ഞാനും. പ്രാര്‍ത്ഥനയ്ക്കിടെ എനിക്കേറ്റവും ഇഷ്ടമുള്ള വസ്തു-സിഗരറ്റ്- ഞാന്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പിന്നെ ആ തീരുമാനം മാറ്റിയിട്ടില്ല.

k m mani

എപ്പോഴുമുളള ചുമ?

അത് ഈ പുകവലിയുടെ തുടര്‍ച്ചയാ. 

ഇഷ്ടഭക്ഷണം?

അങ്ങനെ നിഷ്ഠയൊന്നുമില്ല. ഏതു ഭക്ഷണവും എപ്പൊ കിട്ടിയാലും കഴിക്കും. ഇന്ന കറി വേണമെന്നോ ഇന്ന രുചി വേണമെന്നോ ഒന്നുമില്ല. ഭക്ഷണകാര്യത്തില്‍ എനിക്ക് ഒരു നിര്‍ബന്ധവുമില്ല.

പുലര്‍ച്ചെ എപ്പൊ എഴുന്നേല്‍ക്കും?

അഞ്ചേമുക്കാല്‍ അല്ലങ്കില്‍ ആറുമണിക്ക് എഴുന്നേക്കും. പക്ഷെ പന്ത്രണ്ടരയാകാതെ കിടക്കുകേല. ചില ദിവസങ്ങളില്‍ രാവിലെ പള്ളിയില്‍ പോകും. നടപ്പോ മറ്റ് വ്യായാമങ്ങളോ ഒന്നുമില്ല. പക്ഷെ അതൊരു ബുദ്ധിമുട്ടായി ചിലപ്പോ തോന്നുന്നുണ്ട്.

ഭാര്യ കുട്ടിയമ്മയെക്കുറിച്ച് ഇടയ്ക്ക് പറയാറുണ്ടല്ലോ.

ഹ..ഹ.. ഭാര്യക്ക് അങ്ങനെ എന്നെക്കുറിച്ച് പരിഭവമൊന്നുമില്ല. എനിക്ക് സപ്പോര്‍ട്ടുമുണ്ട്. എപ്പഴും പരിഭവമാണങ്കില്‍ അതു നമ്മക്കും ബുദ്ധിമുട്ടാകും. മക്കടെ കാര്യം, വിദ്യാഭ്യാസകാര്യം എല്ലാം ഭാര്യയാണ് അന്വേഷിക്കുന്നത്. ഇത്രയും നല്ലൊരു ഭാര്യ ഉണ്ടായതു കൊണ്ടാണ് എനിക്ക് ഇത്ര വിജയിക്കാനായത്.

പാലായിലെ വീട്ടിലെ ആള്‍തിരക്ക് ആസ്വദിക്കുന്നുണ്ടോ?

ആള്‍ക്കൂട്ടം ഒരിക്കലും എനിക്ക് അലര്‍ജിയല്ല. കൂടുതല്‍ ആളുകള്‍ വരുമ്പോഴും ഞാനവരെ ഓരോരുത്തരെയും കാണാനാണ് ശ്രമിക്കാറ്. ഒരാളെയും കാണാതെയോ പ്രശ്നങ്ങള്‍ കേള്‍ക്കാതെയോ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കാതെയോ ഇതുവരെ ഉണ്ടായിട്ടില്ല.  

ചിലപ്പോള്‍ അങ്ങ് സ്വയം വിശേഷിപ്പിക്കുന്നതുപോലും മാണിസാര്‍ എന്നാണല്ലോ?

അയ്യോ.., അത്... ജനങ്ങള്‍. അവരില്‍നിന്ന് അങ്ങനെ ഉണ്ടായി വന്നതാ.

ഏറെ ഇഷ്ടപ്പെട്ട സ്ഥലം?

വിഴിഞ്ഞം ഗസ്റ്റ് ഹൗസ്, കണ്ണൂര്‍ ഗസ്റ്റ് ഹൗസ്, എറണാകുളം ബോള്‍ഗാട്ടി പാലസ്.

ഇഷ്ടപ്പെട്ട വിദേശരാജ്യം?

സ്വിറ്റ്സര്‍ലാന്‍ഡ്

കെ.എം മാണിയെ സ്വയം വിലയിരുത്തിയാല്‍?

സ്വയം പറഞ്ഞാല്‍ അത് മോശമല്ലേ? എന്നാലും പറയാം. എനിക്ക് ശത്രുവിരോധമില്ലന്നതാണ് ഞാന്‍ എന്നില്‍ കാണുന്ന നല്ല ഗുണം. എനിക്ക് ശത്രുക്കള്‍ ഏറെയുണ്ട്. ഞാന്‍ ശത്രുസ്നേഹിയാണന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്. വിരോധികള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യും എന്നാണ് അവര്‍ പറയുക. ശത്രുസ്നേഹമാണ് എനിക്ക്.

തൃശിനാപ്പള്ളിയിലെ പഠനകാലമാണോ കെ.എം. മാണിയെ വളര്‍ത്തിയത്?

അക്കാലം എനിക്ക് നല്ല അച്ചടക്കം വന്നു. അത് ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനവുമാണ്. പഠനരീതി, അധ്യാപകര്‍ എല്ലാം മികച്ചത്. പിന്നെ തേവര എസ്.എച്ച്. കോളജിലേക്കാ വന്നത്. നേതൃവാസന സമ്മാനിച്ചത് തേവര കോളജാണ്. പൊതുപ്രവര്‍ത്തനം, യൂണിയന്‍ പ്രവര്‍ത്തനം ഒക്കെ തുടങ്ങിയതും അവിടെയാണ്. പിന്നെ അഭിഭാഷകനായി കോഴിക്കോട്ടാണ് പ്രാക്ടിസ് തുടങ്ങിയത്. പിതാവിന് മലബാറില്‍ കുറച്ച് സ്ഥലം ഉണ്ടായിരുന്നു. അതുകൊണ്ടാ അവിടെ തങ്ങിയത്. കൃഷിയും നോക്കാം വക്കീല്‍ പണിയും നടത്താം. ജസ്റ്റിസ് ഗോവിന്ദമേനോന്റെ ചേംബറിലായിരുന്നു ഞാന്‍. അത് നല്ലപോലെ കേസ് പഠിക്കാന്‍ അവസരം തന്നു. നല്ല അഭിഭാഷക പരിശീലനവും കിട്ടി.

പാലായിലെ ഇനിയുള്ള സ്വപ്നപദ്ധതി?

പാലാ ഇപ്പൊഴൊരു വിദ്യാഭ്യാസ ഹബ് അല്ലേ? ട്രിപ്പിള്‍ ഐ.ഐ.ടി. കൊണ്ടുവന്നു. അത് ജോസ് കെ.മാണിയുടെ സംഭാവനയാ. ഇനിയും വികസനം വേണം. പക്ഷെ കേരളത്തിലെ ഏറ്റവും വലിയ വികസിത മണ്ഡലം പാലായാണെന്ന് ധൈര്യമായി പറയാം.

പാലാ എന്നൊരു മണ്ഡലം ഇല്ലായിരുന്നെങ്കില്‍?

ജനങ്ങളുമായി ഇഴുകി ചേര്‍ന്ന് ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്താല്‍ എവിടെയും വിജയിക്കാം. സേവനരംഗത്ത് കാപട്യം ഉണ്ടാകാന്‍ പാടില്ല. വോട്ടിനുവേണ്ടിയാകരുത് സേവനം. വേട്ടിനായി സേവനം ചെയ്താല്‍ പരായജയപ്പെടും. അല്ലെങ്കില്‍ വിജയിക്കാം.

കേരള കോണ്‍ഗ്രസ് പലതവണ പിളര്‍ന്നു. പക്ഷെ താങ്കള്‍ക്കൊപ്പം എപ്പോഴും ആളുകള്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

അതാണ് ജനങ്ങള്‍ക്കുള്ള വിശ്വാസം. പിന്നെ എന്നോടുള്ള സ്നേഹം. എന്റെ രാഷ്ട്രീയ ചരിത്രം. ഇതുകൊണ്ടൊക്കെയാകാം.

k m mani

മറ്റ് മുന്നണികളിലെ നേതാക്കളുമായി എങ്ങനെ?

ഞാന്‍ എല്ലാവരുമായും സൗഹൃദത്തിലാണ്. ഇടതു മുന്നണിയിലായിരിക്കെ അങ്ങനെ. യു.ഡി.എഫില്‍ ആയിരിക്കെ അങ്ങനെ. എനിക്ക് സൗഹൃദമുള്ള എല്ലാവര്‍ക്കും എന്നോട് സ്നേഹമുണ്ടോന്ന് എനിക്കറിയത്തില്ല. യു.ഡി.എഫ്. വിട്ടശേഷവും യു.ഡി.എഫ്. നേതാക്കളുമായി നല്ല ബന്ധമാണ്.

ശുപാര്‍ശക്കാരെ ആരെയും നിരാശരാക്കാറില്ലല്ലോ?

ആരെയും നിരാശരാക്കാറില്ല. എന്നുവച്ച് കള്ളത്തരത്തിന് ശുപാര്‍ശ ചെയ്യാറില്ല. ജനുവിന്‍ ആയ സങ്കടങ്ങളാണെന്ന് തോന്നിയാല്‍ പറ്റുന്നത് ചെയ്യും. അവരുടെ കൂടെ ഞാനുണ്ടാകും.

രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നെങ്കില്‍?

നല്ലൊരു അഭിഭാഷകനായേനേ. എനിക്ക് നിയമത്തോട് വല്യ ഇഷ്ടമാ. ഇപ്പഴുമതെ. നിയമപഠനം എന്റെ ജീവിതത്തിന്റെ ഭാഗമാ. ലോ ജേര്‍ണല്‍സ് ഇപ്പോഴും വായിക്കും.

ജോസ് കെ. മാണി എന്ന എം.പിയെ എങ്ങനെ വിലയിരുത്തുന്നു?

....അതിപ്പം ഞാന്‍ അവനെ വിലയിരുത്തിയാല്‍ ശരിയാകുമോ? എം.പി എന്ന നിലയില്‍ അവനൊരു വിജയമാ. അവനും ചെയ്യാവുന്ന കാര്യങ്ങളേ പറയൂ. പറയുന്ന കാര്യങ്ങള്‍ ചെയ്യും. ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. വികസന തല്‍പരനാ അവന്‍. ഞാമ്പറഞ്ഞില്ലേ, വലവൂരെ ട്രിപ്പിള്‍ ഐ.ഐ.ടിയൊക്കെ പുള്ളിയാ കൊണ്ടുവരുന്നേ. പിന്നെ കുറവിലങ്ങാട്ടെ സയന്‍സ് സിറ്റി. അതല്ലേ ഓരോ തെരഞ്ഞെടുപ്പിലും ജോസിന് വോട്ടു കൂടുകയാ. അതൊക്കെ തെളിയിക്കുന്നത് അവനെ ജനങ്ങള്‍ക്ക് ഇഷ്ടമാന്നാ.

താങ്കള്‍ എപ്പോഴും ഫ്രഷ് ആയാണല്ലോ കാണുന്നത്?

അതു ഞാന്‍ നേരത്തെ പല തവണ കുളിക്കുമാരുന്നു. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്.. പിന്നെ ഇടയ്ക്ക് എവിടെയെങ്കിലും ഇറങ്ങിയിട്ട് വിയര്‍ത്തു വന്നാല്‍ അപ്പോഴേ കുളിക്കും. ഇപ്പോ അത്രേം തവണയില്ല.

കേരള കോണ്‍ഗ്രസുകളിലെ പിളര്‍പ്പ് സങ്കടപ്പെടുത്താറില്ലേ?

തീര്‍ച്ചയായും, ഓരോ പിളര്‍പ്പും സങ്കടമാണ്.

യു.ഡി.എഫ്. വിട്ടപ്പോളോ?

ഒരുപാട് സങ്കടപ്പെട്ടു. അന്നു ഞാന്‍ പറഞ്ഞില്ലേ, വീടു വിട്ടുപോരുന്ന മകന്റെ മാനസികാവസ്ഥയാണ് എനിക്കെന്ന്. യു.ഡി.എഫ്. വിട്ടുപോന്നതും ദുഃഖത്തോടെയാണ്.

രാഷ്ട്രീയമേഖലയിലെ മാറ്റമായി തോന്നുന്നത്?

ഇന്നിപ്പോ പബ്ലിസിറ്റിയുടെ പുറകെയാണ് എല്ലാവരും. പബ്ലിസിറ്റി കിട്ടുന്ന കാര്യങ്ങള്‍ ചെയ്യും, അവിടെ മാത്രം പോകും, മറ്റുള്ളത് വിട്ടുകളയും. അത് ശരിയല്ല. പബ്ലിസിറ്റി അഗ്രഹിച്ചാല്‍ അതിന്റെ മൂല്യം പോയി. പിന്നെ, രാഷ്ട്രീയത്തില്‍ മൂല്യങ്ങളില്‍ മാറ്റം വന്നു. കസേര രാഷ്ട്രീയം, ഷര്‍ട്ടുടയാത്ത രാഷ്ട്രീയം. അതല്ലേ ഇപ്പോള്‍. സുഖമായ രംഗമാണ് രാഷ്ട്രീയം എന്ന ധാരണയിലാണ് പലരും ഈ രംഗത്തത്തോട്ടുവരുന്നത്. കഠിനമായി അധ്വാനിച്ചില്ലേല്‍, ആത്മാര്‍ത്ഥമായി സേവനം ചെയ്തില്ലേല്‍ രാഷ്ട്രീയത്തില്‍ രക്ഷയില്ല. കുറച്ചുകഴിയുമ്പോ പിന്തള്ളപ്പെടും.

ആം ആദ്മി പാര്‍ട്ടിയെ എങ്ങിനെ കാണുന്നു?

അത് കുഴപ്പമില്ല. പാവപ്പെട്ടവരുടെ പാര്‍ട്ടിയെന്ന് പറയുന്നുണ്ടങ്കിലും അത്രയൊന്നും ചെയ്യുന്നില്ല. അവരുടെ ആശയങ്ങളും ആദര്‍ശങ്ങളും നല്ലതാണ്.

കേരള കോണ്‍ഗ്രസില്‍ അല്ലായിരുന്നെങ്കില്‍ കൂടുതല്‍ ഉയരത്തിലെത്താമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?

അതു പറഞ്ഞാ എനിക്ക് നിരാശയുണ്ടന്ന് തോന്നുകേലേ? നല്ലൊരു വക്കീലാണേല്‍ ഏതു കോടതിയില്‍ പ്രാക്ടീസ് ചെയ്താലും മുന്നേറാം. ഹൈക്കോടതിയില്‍തന്നെ വരണമെന്നില്ല. അത്രേയുള്ളു. എവിടെയെന്നുള്ളതല്ല, എങ്ങിനെ ചെയ്യുന്നു എന്നതാണ്. എനിക്ക് മാനസികമായി വിഷമമില്ല. ഞാന്‍ ഏറ്റെടുത്ത ജോലികള്‍ എന്റെ തലത്തില്‍ ഞാന്‍ ഭംഗിയായി ചെയ്തിട്ടുണ്ട്.

Content highlights: interview with veteran politician KM Mani