കോട്ടയം: ‘അച്ചാച്ചൻ ഞങ്ങൾക്ക് നല്ല കൂട്ടുകാരനായിരുന്നു. എല്ലാ കാര്യങ്ങളും തുറന്നുപറയാൻ കഴിയുന്ന സുഹൃത്ത്.’ കെ.എം.മാണിയുടെ മൂത്തമകൾ എൽസമ്മ, കെ.എം.മാണിയുടെ ഓർമകൾ പങ്കുവെയ്ക്കുമ്പോൾ പലപ്പോഴും വിങ്ങിപ്പൊട്ടി. കുട്ടിക്കാലത്ത് എത്ര വൈകി രാത്രിയിൽ വന്നാലും മക്കളെ കണ്ടിട്ടേ അദ്ദേഹം ഉറങ്ങിയിരുന്നുള്ളൂ. അതുകൊണ്ട് മുതിർന്നപ്പോൾ മക്കളും അമ്മയോട് ചട്ടംകെട്ടി, ‘അച്ചാച്ചൻ എത്ര വൈകിവന്നാലും ഞങ്ങളെ വിളിക്കണം. അതുകൊണ്ട് അച്ചാച്ചൻ വീട്ടിൽ വരുന്ന ദിവസം ഞങ്ങൾ ഉത്സവമാക്കും.’
അച്ഛനും മക്കളും സംസാരിക്കാത്ത വിഷയങ്ങളില്ല. നാട്ടിലെയും വീട്ടിലെയും കാര്യം മാത്രമല്ല. പുതിയ സിനിമകൾപോലും ചർച്ചയിൽ വരും. തന്റെ ആദ്യ പ്രസവം അല്പം ബുദ്ധിമുട്ടു നേരിട്ട വേളയിലാണ് അച്ചാച്ചൻ പൂർണമായി സിഗരറ്റുവലി നിർത്തിയതെന്ന് എൽസമ്മ. പ്രസവത്തിനിടയിൽ അല്പം പ്രശ്നം നേരിട്ടപ്പോൾ അച്ചാച്ചൻ പ്രാർഥിച്ചു. എന്റെ രണ്ടു കുഞ്ഞുങ്ങളെയും രക്ഷിച്ചാൽ സിഗരറ്റുവലി പൂർണമായി നിർത്തിയേക്കാമെന്ന്.
ഞങ്ങൾക്ക് ചെറിയ സങ്കടം തോന്നിയാൽ അച്ചാച്ചൻ ഉടൻ വിളിക്കും. വരേണ്ട കാര്യമുണ്ടെങ്കിൽ അടുത്ത ദിവസം ഞങ്ങളുടെയടുത്തെത്തിയിരിക്കും. ‘എന്തിനാ വെറുതേ സങ്കടപ്പെടുന്നത്. ജീവിതം സങ്കടവും സന്തോഷവും കൂടിക്കലർന്ന കൂട്ടാണ്’ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കും.
ഭാര്യയും ഭർത്താവും എങ്ങനെ സന്തോഷത്തോടെ ജീവിക്കണമെന്ന മാതൃക-അമ്മയും അച്ചാച്ചനുമാണെന്ന് മകൾ. ‘അവർ ഒരിക്കലും കാര്യമില്ലാതെ വഴക്കിടുന്നത് കണ്ടിട്ടില്ല. എല്ലാ പിറന്നാളിനും വിവാഹ വാർഷികത്തിനും പരസ്പരം സമ്മാനം കൊടുക്കും. അമ്മയ്ക്ക് അച്ചാച്ചൻ കൊടുക്കുന്നത് സാരി. അത് വാങ്ങിക്കൊടുക്കുന്ന ജോലി ഞങ്ങൾ പെൺമക്കളുടേതാണ്. ‘പൈസയൊക്കെ ഞാൻ തന്നോളാം. നിങ്ങൾ അമ്മയ്ക്ക് ഇഷ്ടപ്പെടുന്ന തരം സാരി വാങ്ങിത്തന്നാൽ മതിയെന്ന് പറയും. അമ്മ അച്ചാച്ചന് കൊടുക്കുന്നത് ടീ ഷർട്ടുകളാണ്.’
അച്ചാച്ചന്റെ മകളായതിൽ വലിയ സന്തോഷം തോന്നിയത്?
35 വർഷം മുന്പ് വിവാഹം കഴിഞ്ഞ് ഭർത്താവിെനാപ്പം അഹമ്മദാബാദിൽ പോയി. അവിടെവെച്ച് പരിചയപ്പെട്ട ഒരാൾ അദ്ദേഹത്തോട് ചോദിച്ചു, ‘ഭാര്യ ഏതു നാട്ടുകാരിയാണ്.’ പാലായാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ‘കെ.എം.മാണിസാറിന്റെ നാട്ടുകാരിയാണില്ലേ.’ ഞാൻ പറഞ്ഞു, ‘മകളുമാണ്.’
ഇനി ആ അമ്മ അച്ചാച്ചനില്ലാതെ?
മരിക്കുംവരെ നവവരന്മാരെപ്പോലെയായിരുന്നു അവർ. എവിടെ പോകുംമുന്പും അച്ചാച്ചൻ അമ്മയ്ക്ക് ഒരുമ്മ കൊടുത്തിട്ടേ പോകൂ. അതവരുടെ സ്നേഹമായിരുന്നു. വ്യാഴാഴ്ച സന്ധ്യയ്ക്ക് പാലാ കത്തീഡ്രൽ പള്ളി കപ്പേളയിൽ കുട്ടിയമ്മ ഭർത്താവിനു നൽകിയ ചുംബനം മക്കളെ കൂടുതൽ സങ്കടത്തിലാക്കി. എല്ലാ യാത്രകൾക്കു മുന്പും അച്ചാച്ചനായിരുന്നു ചുംബനം നൽകുക പതിവ്. ‘ഇനി അച്ചാച്ചനില്ലല്ലോ...ഞങ്ങൾക്ക് ആ സ്നേഹത്തിന് പകരം വെയ്ക്കാനൊന്നുമില്ല...’ മക്കൾ പറയുന്നു.
content highlights: daughter elsamma remembers k m mani