1967 മാർച്ച് 16-ന് മൂന്നാം കേരള നിയമസഭയുടെ പ്രഥമ സമ്മേളനത്തിൽ റബ്ബർകർഷകരുടെ പ്രശ്നങ്ങൾ തന്റേടത്തോടെ അവതരിപ്പിച്ച ചെറുപ്പക്കാരനെ സഭ ശ്രദ്ധിച്ചു. അത് പാലായിൽ നിന്നുള്ള കെ.എം. മാണിയായിരുന്നു.

പി.ടി. ചാക്കോ അവശേഷിപ്പിച്ച വാചാലതയും പ്രസരിപ്പും കെ.എം. മാണിയുടെ വാക്കിലും പ്രവൃത്തിയിലും തെളിഞ്ഞുകണ്ടു. അങ്ങനെയാണ് ഞാനടക്കമുള്ള അനേകർക്ക് മാണിസാർ ഗോഡ് ഫാദറും വീരനായകനും മാതൃകാപുരുഷനുമായി മാറിയത്.

കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും തിളങ്ങിയ സാമാജികൻ ആരെന്ന നിഷ്പക്ഷവിലയിരുത്തലിൽ ആദ്യ സ്ഥാനത്ത് മാണിസാറിന്റെ പേരുണ്ടാകും.

അക്കാദമിക് പ്രാഗല്‌ഭ്യത്തിന്റെയും ആശയദാർഢ്യത്തിന്റെയും പിൻബലത്തോടെ ജനസ്നേഹത്തിന്റെ മൂശയിൽ വാർത്തെടുത്തതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.

ആക്ഷേപഹാസ്യത്തിന്റെ അതിരുകളിലേക്ക് അസഭ്യതയുടെ അതിക്രമമുണ്ടാകാൻ അനുവദിക്കാത്ത ആ പ്രസംഗശൈലി എതിർപക്ഷത്തിന്റെ പോലും ആദരം പിടിച്ചുപറ്റി. ബജറ്റ് അവതരിപ്പിക്കാനായാലും നാട്ടിൻപുറത്തെ വായനശാലാ വാർഷികോദ്ഘാടനത്തിനായാലും സസൂക്ഷ്മം ഒരുങ്ങിയശേഷം മാത്രം പ്രസംഗിക്കാൻ ശ്രദ്ധിക്കുന്ന മാണിസാർ മദ്രാസ് സർവകലാശാലയിൽനിന്ന്‌ കരസ്ഥമാക്കിയ ’ബെസ്റ്റ് സ്പീക്കർ’ സർട്ടിഫിക്കറ്റിന്റെ മൂല്യം നിരന്തരം ഉയർത്തിയെന്നതു വാസ്തവം.

ഈ ഗർജനങ്ങളുടെ ഇടവേളകളിൽ സാന്ദ്രമാകുന്ന നിശ്ശബ്ദതയെ എത്ര സ്നേഹസുരഭിലമാക്കുന്നയാളാണ്‌ മാണിസാറെന്ന യാഥാർഥ്യം അനുഭവസ്ഥർക്കേ അറിയൂ. ശുദ്ധ നാട്ടിൻപുറത്തുകാരന്‌ സഹജമായ മനസ്സും വികാരങ്ങളും ഉൾച്ചേരുന്ന പിതൃഹൃദയത്തിന്റെ തുറവി അപ്പോൾ ദൃശ്യമാകും. ബാബു ചാഴികാടനെ അകാലത്തിൽ മരണം തട്ടിയെടുത്തപ്പോഴെന്നതുപോലെ നിരവധി സന്ദർഭങ്ങളിൽ കേരള രാഷ്ട്രീയത്തിലെ ഗർജിക്കുന്ന സിംഹം വ്യസനമൂർത്തിയായി മാറുന്നത് ഞങ്ങൾ കണ്ടു.

താനുമായി ഇടപെടുന്ന ഏവരിലും ഊഷ്മളസൗഹാർദ്ദത്തിന്റെ സുവർണരേണുക്കൾ വിതറുന്ന മാസ്മരികത മാണി സാറിനെപ്പോലെ സ്വന്തമായുള്ള പൊതുപ്രവർത്തകർ വിരളം. വീട്ടിലെത്തുന്നവർക്കെല്ലാം കുടുംബാംഗങ്ങളുടെ സ്നേഹം പകർന്നു നൽകുന്നൊരു മാസ്മരികവിദ്യ അദ്ദേഹത്തിനു സ്വന്തമായിരുന്നു.

വിപരീത സാഹചര്യങ്ങളെയും എതിരൊഴുക്കുകളെയും നേരിടുമ്പോൾ വർധിത വീര്യനാകുന്ന മാണിസാറിനെയാണു മലയാളനാട് കണ്ടിട്ടുള്ളത്. ’

ഈശ്വരസാക്ഷാത്‌കാരത്തിനായാണ്‌ ജനസേവനപാത തിരഞ്ഞെടുക്കേണ്ടതെന്ന് ക്രിയാത്മകസാക്ഷ്യത്തിലൂടെ ഇളം തലമുറകൾക്ക് ആ രാഷ്ട്രീയാചാര്യൻ പഠിപ്പിച്ചുതന്നു. കാരുണ്യത്തിന്റെ ഭരണകൂട പ്രയോഗികതയിലൂടെ കേരളത്തിന്റെ ആദരം അദ്ദേഹം പിടിച്ചുപറ്റി. ആയിരത്തിയഞ്ഞൂറു കോടിയോളം രൂപ കാരുണ്യ സഹായ പദ്ധതി വഴി പാവപ്പെട്ട രോഗികൾക്കു നൽകാനായത് മുൻസർക്കാരിന്റെ ഏറ്റവും മാതൃകാപരമായ കർമ്മങ്ങളിലൊന്നായി രാജ്യം സാക്ഷ്യപ്പെടുത്തി.

അതുല്യ ധനമന്ത്രിയായിരുന്നു അദ്ദേഹം. നാടിന്റെ സാമ്പത്തിക പുരോഗതിക്കപ്പുറമായി സാധാരണ പൗരന്റെ അനുദിനജീവിതത്തിനു ഗുണമേകാൻ ഉപകരിക്കുന്നതാകണം ബജറ്റെന്ന നിർബന്ധബുദ്ധി വച്ചുപുലർത്തിയ ധനമന്ത്രി.

കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടായപ്പോഴൊക്കെ തള്ളക്കോഴിയെപ്പോലെ അവരെ സംരക്ഷിക്കാൻ മാണി സാർ പടവെട്ടി.

Content Highlights: advocate thomas unniyadan remembers km mani