തൃശ്ശൂര്‍ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ സര്‍വേ നടത്താന്‍ സി.പി.എം. തയ്യാറെടുക്കുന്നു. മേയ് മാസത്തിലാണ് സര്‍വേ. ബ്രാഞ്ച് കമ്മിറ്റി തലത്തിലാണ് സര്‍വേയെങ്കിലും എല്ലാ പാര്‍ട്ടിയംഗങ്ങളും ഇതില്‍ പങ്കെടുക്കണം.

വീടുകളിലും തൊഴില്‍സ്ഥാപനങ്ങലും നേരിട്ടെത്തി താമസക്കാരെയും വോട്ടര്‍മാരെയും കണ്ടെത്തും. ഏതാനുംവര്‍ഷങ്ങള്‍ക്കുമുന്‍പ് പാര്‍ട്ടി ഇത്തരത്തിലൊരു സര്‍വേ നടത്തിയിരുന്നു. ഇപ്പോഴത്തെ സര്‍വേയും പഴയ റിപ്പോര്‍ട്ടും താരതമ്യംചെയ്ത് വേണ്ട പുതുക്കലുകള്‍ നടത്തണമെന്നും സി.പി.എം. സംസ്ഥാനസമ്മേളന റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

സംഘടനാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള ഒട്ടേറെ പ്രത്യേക നിര്‍ദേശങ്ങളും പ്രവര്‍ത്തനറിപ്പോര്‍ട്ടിലുണ്ട്. ജൂണ്‍ മാസത്തില്‍ ജില്ലാകമ്മിറ്റി അംഗങ്ങള്‍ ബ്രാഞ്ച് കമ്മിറ്റികളില്‍ പങ്കെടുക്കണം. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച വിശദമായ അവലോകനങ്ങള്‍ ഈ യോഗങ്ങളിലുണ്ടാകണം.

പാര്‍ട്ടിപ്രവര്‍ത്തനത്തിന് കൂടുതല്‍ മുഴുവന്‍സമയ പ്രവര്‍ത്തകരെ നിയോഗിക്കണം. ഇതിന് സന്നദ്ധരായവരെ കണ്ടെത്തണം. ഇവര്‍ക്ക് അലവന്‍സ് നല്‍കുന്നതിനായി ജില്ലാകമ്മിറ്റികള്‍ ഈവര്‍ഷം ഫണ്ടുപിരിവ് നടത്തണമെന്നും മാസം ചുരുങ്ങിയത് 7500 രൂപ നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

കീഴ്ഘടകങ്ങളുടെ പ്രവര്‍ത്തനം മേല്‍ഘടകങ്ങള്‍ നിരന്തരം നിരീക്ഷിക്കണം. ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണം. ഏരിയാകമ്മിറ്റിയംഗങ്ങള്‍ ഈ ചുമതലേറ്റെടുക്കണം. ഏരിയാകമ്മിറ്റിയംഗങ്ങള്‍ മാസംതോറും ബ്രാഞ്ച് കമ്മിറ്റികളില്‍ പങ്കെടുക്കണം. ഇതിന്റെ റിപ്പോര്‍ട്ട് ജില്ലാകമ്മിറ്റികള്‍ പരിശോധിക്കണം. ജൂലായില്‍ സംസ്ഥാനസമിതി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഏരിയാകമ്മിറ്റി ചേരണം.

സംസ്ഥാനത്ത് 209 ഏരിയാകമ്മിറ്റികളാണ് പാര്‍ട്ടിക്കുള്ളത്. ഇവയ്‌ക്കെല്ലാം സ്വന്തമായി ഓഫീസുണ്ട്. 2093 ലോക്കല്‍കമ്മിറ്റികളില്‍ സ്വന്തം ഓഫീസില്ലാത്തവയ്ക്ക് അതുണ്ടാക്കണം. ഡിസംബറോടെ ഇക്കാര്യത്തില്‍ ജില്ലാകമ്മിറ്റികള്‍ വേണ്ട ഇടപെടലുകള്‍ നടത്തണം.

4,63,472 അംഗങ്ങളാണ് സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളത്. പാര്‍ട്ടി അംഗത്വത്തില്‍ വനിതകളുടെ സംഖ്യ 25 ശതമാനത്തില്‍ എത്തിക്കാനുള്ള ശ്രമംവേണം.

കേരളത്തില്‍ ബി.ജെ.പി.യുടെ സ്വാധീനം വര്‍ധിച്ചുവരുന്നത് ഭീഷണിയാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. മതനിരപേക്ഷതയില്‍ ഉറച്ചുനിന്നുള്ള ശാസ്ത്രപ്രചാരണങ്ങള്‍ വഴിയും ശാസ്ത്രചിന്തകള്‍ പ്രചരിപ്പിച്ചും വര്‍ഗസമരങ്ങള്‍ വഴിയും മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ. പാര്‍ട്ടിയുടെ സ്വാധീനം എല്ലാമേഖലകളിലും വര്‍ധിപ്പിച്ചാലേ ഇതുസാധ്യമാകൂവെന്നും റിപ്പോര്‍ട്ട് പറയുന്നു.

content highlight: CPM state meet 2018 Thrissur