തൃശ്ശൂര്‍: പാവപ്പെട്ടവര്‍ പാര്‍ട്ടിയെ കൈവിടുന്നത് ഗൗരവത്തോടെ കാണണമെന്ന് സി.പി.എം. സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ സ്വതന്ത്ര സ്വാധീനശക്തി വികസിക്കുന്നില്ല. പാവപ്പെട്ടവരില്‍ ഭൂരിപക്ഷവും പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നു. ഇത് ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

വിഭാഗീയ പ്രവണതകള്‍മൂലം അംഗങ്ങളുടെ നിലവാരത്തെക്കുറിച്ച് പരിശോധന ഉണ്ടാവുന്നില്ല. പാര്‍ട്ടിയിലെ ജനാധിപത്യ കേന്ദ്രീകരണത്തെ ഇത് തളര്‍ത്തി. പാര്‍ട്ടിക്കുള്ളില്‍ ഫെഡറല്‍, ലിബറല്‍ പ്രവണതകളുടെ വളര്‍ച്ചയ്ക്ക് ഇതുകാരണമായി. വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍കൂടി ഇല്ലായ്മചെയ്യണം. ഇതിനായി കൊല്‍ക്കത്താ പ്ലീനത്തിന്റെ നിര്‍ദേശം അംഗീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുണ്ടാവണം. പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാന്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി നടപടിയെടുക്കണം.

സ്ഥാനമാനങ്ങള്‍ ലഭിച്ചാല്‍ പാര്‍ട്ടിയെ വേണ്ടെന്ന സ്ഥിതിയായി. പാര്‍ലമെന്ററി സ്ഥാനമാനങ്ങള്‍ നേടാന്‍ കാണിക്കുന്ന ഇടപെടലുകള്‍ സംഘടനാതത്ത്വങ്ങളുടെ ലംഘനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. സംഘടനാപരമായ കാര്‍ക്കശ്യം മുറുകെപ്പിടിക്കാന്‍ പാര്‍ട്ടിനേതൃത്വത്തിനാകുന്നില്ല. ഇത്തരം സംഭവങ്ങള്‍ താഴേക്ക് കിനിഞ്ഞിറങ്ങിയതിന്റെ ദൂഷ്യഫലങ്ങള്‍ ചില പ്രദേശങ്ങളില്‍ പാര്‍ട്ടി ഇപ്പോഴും നേരിടുന്നുണ്ട്. ഉദ്ദേശിച്ചതുപോലെ പാര്‍ട്ടിതീരുമാനങ്ങള്‍ ഉണ്ടാവാതെവരുമ്പോള്‍ പാര്‍ട്ടിയെതന്നെ വെല്ലുവിളിക്കുന്നു. അതുവരെ പാര്‍ട്ടി തനിക്ക് നല്‍കിയ അംഗീകാരവും സഹായവും വിസ്മരിക്കുന്നു.

നവമാധ്യമരംഗത്ത് പാര്‍ട്ടിക്ക് വിചാരിച്ചത്ര മുന്നേറാനായിട്ടില്ല. ബ്രാഞ്ചുതലംവരെ ഈ രംഗത്ത് ഇടപെടാനുള്ള പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ചത്. സംസ്ഥാന സോഷ്യല്‍ മീഡിയാ സെന്ററിന്റെ കീഴില്‍ ഫെയ്‌സ്ബുക്ക് പേജുകളും ട്വിറ്റര്‍ അക്കൗണ്ടും വെബ്‌സൈറ്റുകളുമുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമാകുന്നില്ല.

അംഗങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ കുറവിനെയും സംഘടനാറിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. പ്ലീനം രേഖയുടെ പരിശോധനകളില്‍നിന്ന് 79,794 അംഗങ്ങള്‍ പാര്‍ട്ടി ഭരണഘടനയും പരിപാടിയും വായിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിദ്യാഭ്യാസത്തിനായി പ്രത്യേകപദ്ധതി തയ്യാറാക്കിയെങ്കിലും പല ജില്ലാകമ്മിറ്റികളും വേണ്ടപരിഗണന നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

 content highlight: CPM state meet 2018