കൊല്ലം : നല്ല തുടക്കമായിരുന്നെങ്കിലും കേരളത്തിലെ എല്‍.ഡി.എഫ്. ഭരണം ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സി.പി.െഎ. സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശം. വിലക്കയറ്റംപോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചില പ്രശ്‌നങ്ങളില്‍ സിപി.എം. പൊതുവിലും മുഖ്യമന്ത്രി വിശേഷിച്ചും സ്വീകരിക്കുന്ന ധാര്‍ഷ്ട്യംനിറഞ്ഞ സമീപനം കൂട്ടുത്തരവാദിത്വമെന്ന മുന്നണി സങ്കല്പത്തിന് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന, രാഷ്ട്രീയ റിപ്പോര്‍ട്ടിന്റെ കരടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. 21, 22 തീയതികളില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം റിപ്പോര്‍ട്ടുകള്‍ക്ക് അംഗീകാരം നല്‍കി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടിമാരായ കെ.പ്രകാശ്ബാബു, സത്യന്‍ മൊകേരി എന്നിവരാണ് റിപ്പോര്‍ട്ടുകളുടെ കരടുരൂപം യോഗത്തില്‍ അവതരിപ്പിച്ചത്. ജി.ആര്‍.അനില്‍ അധ്യക്ഷനായിരുന്നു.

പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ റോഡില്‍ വലിച്ചിഴച്ച സംഭവം മുതല്‍ മൂന്നാറിലെ ൈകയേറ്റക്കാരെ സഹായിക്കുന്നതരത്തില്‍ സ്വീകരിച്ച നിലപാടുകളെവരെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ കടുത്തരീതിയില്‍ വിമര്‍ശിക്കുന്നു.

മൂന്നാറിലെ ൈകയേറ്റക്കാരെ ൈകയേറ്റക്കാരായിത്തന്നെ കാണണം. ൈകയേറ്റക്കാരെ ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ടുപോയപ്പോള്‍ അതിനെ അട്ടിമറിക്കാനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിച്ചത്. റവന്യൂ വകുപ്പിലെ മുഖ്യമന്ത്രിയുടെ അന്യായമായ ഇടപെടല്‍ മുന്നണിയുടെ കൂട്ടുത്തരവാദിത്വമെന്ന തത്ത്വം നിരാകരിക്കുന്നതാണ്.

കെ.എം.മാണിയെ മുന്നണിയില്‍ കൊണ്ടുവരാന്‍ സി.പി.എം. നടത്തുന്ന ശ്രമങ്ങളെക്കുറിച്ചോ ബി.ജെ.പി.യെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി ചേരുന്നതിനെക്കുറിച്ചോ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പ്രത്യക്ഷമായി പരാമര്‍ശങ്ങളൊന്നുമില്ല. എന്നാല്‍ അഴിമതിക്കാരെ എല്‍.ഡി.എഫിലേക്ക് കൊണ്ടുവരുന്നത് മുന്നണിയുടെ പ്രതിഛായയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ജെ.പി. ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നതിന് ദേശീയ തലത്തില്‍ മതനിരപേക്ഷശക്തികളുടെ വിശാലമായ വേദിയുണ്ടാക്കണം. ഇത് തിരഞ്ഞെടുപ്പ് സഖ്യമാവണമെന്നില്ല. മാവോവാദികള്‍ ഉള്‍പ്പെടെ, രാജ്യത്ത് അമ്പതോളം കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുണ്ട്. ഈ ശക്തികളെ ഏകോപിപ്പിക്കാനുള്ള ശ്രമം വേണം. നേപ്പാളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തിലെത്താന്‍ കാരണം ഭിന്നിച്ചുനിന്നിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ യോജിച്ചതാണെന്നും രാഷ്ട്രീയ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

Content highlight: CPM state meet 2018