തൃശ്ശൂര്‍: കെ.എം. മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ലെന്ന് സി.പി.എം. വേദിയില്‍ തുറന്നുപറഞ്ഞ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുമുന്നണിയുടെ കരുത്ത് അത് തുടരുന്ന നയങ്ങളാണെന്ന് എടുത്തുപറഞ്ഞുകൊണ്ടാണ് കാനം മാണിയുടെ ഇടതുമുന്നണിയിലേക്കുള്ള വരവിനെ സി.പി.എം. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ എതിര്‍ത്തത്. അതേസമയം യഥാര്‍ഥ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഇടതുപക്ഷ കക്ഷികളെ ഒന്നിച്ചിരുത്തി കെ.എം. മാണിയുടെ മുന്നണി പ്രവേശനത്തിനുള്ള സമവായശ്രമങ്ങള്‍ തുടങ്ങാനായിരുന്നു സി.പി.എം. ലക്ഷ്യമിട്ടത്. അതു മുന്നില്‍ക്കണ്ടാണ് ഇടതുമുന്നണിയില്‍ ഉള്ളതും സഹകരിക്കുന്നതുമായ എല്ലാ പാര്‍ട്ടികളിലെയും നേതാക്കളെ സെമിനാര്‍ വേദിയില്‍ ഒന്നിച്ചു കൊണ്ടുവന്നത്.

മുന്നണിവിപുലീകരണത്തിന്റെ ആവശ്യകതയിലൂന്നിയാണ് സെമിനാര്‍ ഉദ്ഘാടകനായ സി.പി.എം. പി.ബി. അംഗം എസ്. രാമചന്ദ്രന്‍ പിള്ള പ്രസംഗം അവസാനിപ്പിച്ചത്. നേതാക്കളെക്കൊണ്ട് ആ വിഷയം ചര്‍ച്ച ചെയ്യിക്കാന്‍ തന്നെയായിരുന്നു സി.പി.എം. തീരുമാനം. എന്നാല്‍, മുന്നണിയിലെ സി.പി.ഐ. ഒഴിച്ചുള്ള കക്ഷികളൊന്നും വ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിച്ചില്ല.

മുന്നണി വിട്ടുപോയവര്‍ തിരിച്ചുവരണമെന്ന കാര്യത്തില്‍ മുന്നണി നേരത്തേതന്നെ അഭിപ്രായം സ്വീകരിച്ചിട്ടുണ്ടെന്നു പറഞ്ഞ കാനം വിട്ടുപോയവരെ തിരിച്ചുകൊണ്ടുവന്ന് ഇടതുശക്തി വര്‍ധിപ്പിക്കാനാണ് നിര്‍ദേശിച്ചത്. ന്യൂനപക്ഷവോട്ടിന്റെ ബലത്തില്‍ മാണിയെ കൊണ്ടുവരാനുള്ള നീക്കത്തേയും കാനം ചെറുത്തു. വോട്ടുബാങ്ക് രാഷ്ട്രീയത്തിനുപിന്നാലെ പോകുന്നതിനെ രൂക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ ഇടതുമുന്നണിയേ ഉള്ളൂവെന്ന് അവര്‍ക്കറിയാമെന്നും പറഞ്ഞു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ ഒരുലക്ഷം വോട്ടുകൂടിയത് ഇടതുപക്ഷത്തിനാണെന്ന് ഓര്‍മിപ്പിച്ചു.

മാണിയുടെ വരവിനെ പരോക്ഷമായി എതിര്‍ത്തുകൊണ്ട് ആര്‍. ബാലകൃഷ്ണപിള്ളയും രംഗത്തുവന്നു. അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞതാണ് ഇടതുസര്‍ക്കാരിന്റെ നേട്ടം. അതു തുടരുന്ന സാഹചര്യം രാഷ്ട്രീയ കൂട്ടുകെട്ടുകളിലും ഉണ്ടാവണമെന്നായിരുന്നു ബാലകൃഷ്ണപിള്ളയുടെ അഭിപ്രായം.

  content highlight: CPM state meet 2018