തൃശ്ശൂര്‍: കോണ്‍ഗ്രസ്സ് സഖ്യസാദ്ധ്യതകള്‍ തള്ളി സി.പി.എം. സംസ്ഥാന സമ്മേളനം. നവ ഉദാരണ സാമ്പത്തിക നയത്തിന്റെ പ്രയോക്താക്കളായ കോണ്‍ഗ്രസ്സുമായി ഒരു തരത്തിലുള്ള സഖ്യവും പാടില്ലെന്ന് സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ വ്യക്തമായ അഭിപ്രായമുയര്‍ന്നു. ഈ വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് അവ്യക്തത കലര്‍ന്ന അഭിപ്രായമുണ്ടാവുന്നത് അവസാനിപ്പിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പറഞ്ഞു. കോണ്‍ഗ്രസ്സുമായി നീക്കുപോക്കുകള്‍ ഉണ്ടാക്കണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളിക്കളഞ്ഞ് കേന്ദ്ര കമ്മിറ്റിയും പോളിറ്റ്ബ്യൂറോയും രൂപം നല്‍കിയ കരട് രാഷ്ട്രീയ പ്രമേയം പൂര്‍ണ്ണമായും പിന്തുണയ്ക്കുന്ന സമീപനമാണ് പ്രതിനിധികള്‍ സ്വീകരിച്ചത്. 

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അവ്യക്തതയൊന്നുമില്ലെന്നും പി.ബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും നിലപാട് തന്നെയാണ് യെച്ചൂരി ആവര്‍ത്തിച്ചതെന്നുമാണ് ശനിയാഴ്ച സമ്മേളന നടപടികള്‍ വിശദീകരിക്കാനായി മാദ്ധ്യമപ്രവര്‍ത്തകരെ കണ്ട പാര്‍ട്ടി വക്താവ് എ.വിജയരാഘവന്‍ പറഞ്ഞത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിനെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ യെച്ചൂരിക്കെതിരെ കൂടുതല്‍ വിമര്‍ശമുണ്ടായി എന്നാണറിയുന്നത്. കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവരുതെന്നും അങ്ങിനെയുണ്ടായാല്‍ അതാത്മഹത്യാപരമായിരിക്കുമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ കേരളഘടകം എടുത്ത നയത്തെ പൂര്‍ണ്ണമായും അനുകൂലിച്ചുകൊണ്ടാണ് പ്രതിനിധികള്‍ സംസാരിച്ചത്.

ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതിന് അനുയോജ്യമായ അടവുനയങ്ങള്‍ സ്വീകരിക്കുമെന്ന നിലപാട് കോണ്‍ഗ്രസ് സഖ്യത്തിലേക്കുള്ള പാലമായി മാറരുതെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തുകൊണ്ട് ദേശീയതലത്തില്‍ മുന്നോട്ടുപോകാനാവില്ലെന്നും ചര്‍ച്ചയില്‍ പരാമര്‍ശമുണ്ടായി. ഉദ്ഘാടന പ്രസംഗത്തില്‍ യെച്ചൂരി സാര്‍വ്വദേശീയ വിഷയങ്ങള്‍ പരാമര്‍ശിക്കാതിരുന്നതിനെതിരെ ശനിയാഴ്ചയും വിമര്‍ശമുണ്ടായി.  സാര്‍വ്വദേശീയ വിഷയങ്ങളില്‍ ജനറല്‍ സെക്രട്ടറി കാഴ്ചപ്പാട് വ്യക്തമാക്കാതിരുന്നത് ശരിയായില്ലെന്ന് ഷംസീര്‍ എം.എല്‍.എ പറഞ്ഞു.