സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ഞായറാഴ്ച തിരശ്ശീല വീഴാനിരിക്കെ പാര്‍ട്ടിയെ നയിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ ഒരിക്കല്‍ കൂടി നിയോഗിക്കപ്പെടാനുള്ള സാദ്ധ്യത ശക്തമായി. രണ്ടു കാര്യങ്ങളാണ് കോടിയേരിക്ക് അനുകൂലമായി മുഖ്യമായും പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയാണ് പ്രഥമ ഘടകം. പാര്‍ട്ടി അണികള്‍ക്കിടയിലുള്ള സ്വീകാര്യതയും കോടിയേരിക്ക് മറ്റൊരു മൂലധനം. മുഖ്യമന്ത്രി പിണറായി വിജയന് താല്‍പര്യമില്ലാത്ത ഒരാള്‍ കേരളത്തില്‍ പാര്‍ട്ടിയെ നയിക്കാനുള്ള സാദ്ധ്യത അങ്ങേയറ്റം വിരളമാണ്. പാര്‍ട്ടിക്കുള്ളില്‍ പിണറായിക്കുള്ള പിടി അത്രമേല്‍ ശക്തമാണ്.

കുടുംബവുമായി ബന്ധപ്പെട്ടുയര്‍ന്നിട്ടുള്ള വിവാദത്തെതുടര്‍ന്ന് കോടിയേരി പ്രതിരോധത്തിലാണെന്നുള്ളത് പിണറായി വിജയന്‍ കണക്കിലെടുക്കുന്നുണ്ട്. വിവാദങ്ങളുടെ നിഴല്‍ തലയ്ക്ക് മേല്‍ നില്‍ക്കുമ്പോള്‍ കോടിയേരിക്ക് കൂടുതലായി തന്നെ ആശ്രയിക്കേണ്ടി വരുമെന്നും പിണറായിക്കറിയാം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പിണറായി വിജയനു പകരം കോടിയേരി രംഗപ്രവേശം ചെയ്യുന്നതിനുള്ള സാദ്ധ്യതയും നിലവിലെ സാഹചര്യത്തില്‍ വിരളമാണ്.

മക്കളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കോടിയേരിക്ക് വിനയാകുമോയെന്ന ചോദ്യം ഇടക്കുയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന സമ്മേളനത്തില്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതിനിധികള്‍ കോടിയേരിക്കെതിരെ ആക്രമണം അഴിച്ചുവിട്ടിട്ടില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അടക്കമുള്ള കേന്ദ്രനേതൃത്വത്തിന് നീരസമുണ്ടെങ്കിലും മക്കള്‍ പ്രശ്‌നത്തില്‍ കോടിയേരിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടതില്ല എന്ന സമീപനമാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്. 

പാര്‍ട്ടിയുടെ പ്രസാദാത്മക മുഖമാണ് കോടിയേരി. കോടിയേരിയെ പോലെ ചിരിക്കുന്ന മറ്റേതൊരു നേതാവാണ് സി.പി.എമ്മിലുള്ളതെന്നാണ് ഒരു മുതിര്‍ന്ന നേതാവ് ചോദിച്ചത്. വലിയൊരു കേള്‍വിക്കാരനാണെന്നതും കോടിയേരിയുടെ സവിശേഷതയാണ്. ആര്‍ക്കും എന്തുകാര്യം പറയാനും കോടിയേരിയെ സമീപിക്കാം. എത്ര നേരം വേണമെങ്കിലും കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കാന്‍ കോടിയേരിക്ക് ഒരു മടിയുമില്ല. കാര്യങ്ങള്‍ ചിരിച്ചുകൊണ്ടുതന്നെ മുഖത്തു നോക്കി പറയാനും കോടിയേരിക്കാവും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോടിയേരിയോടുള്ള ഇഷ്ടത്തിന്റെ കാതല്‍ ഇതിലാണടങ്ങിയിരിക്കുന്നത്. മറ്റെന്താരോപണം  ഉന്നയിച്ചാലും ധാര്‍ഷ്ട്യക്കാരനാണെന്ന് ശത്രുക്കള്‍ പോലും കോടിയേരിയെക്കുറിച്ച് പറയില്ല. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ശക്തമായിരുന്ന സമയത്ത് അതിന്റെ കെണികളില്‍ പെടാതിരിക്കാന്‍ കോടിയേരി സവിശേഷ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഒരര്‍ത്ഥത്തില്‍ പിണറായയിയോടും വി.എസ്സിനോടും ഒരു പോലെ ഇടപഴകാന്‍ കഴിയുന്ന ഒരു നേതാവ് സിപിഎമ്മിലുണ്ടെങ്കില്‍ അത് കോടിയേരിയാണ്. 

കോടിയേരിക്ക് പകരക്കാരായി ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന രണ്ടു പേര്‍ എം.വി. ഗോവിന്ദന്‍ മാസ്റ്ററും പി. ജയരാജനുമാണ്.  എം.വിയെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപങ്ങളൊന്നുമില്ല. പൊതുവെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം സ്വീകാര്യനുമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോടിയേരിക്ക് രണ്ടാം വട്ടം കൊടുക്കണമെന്ന അഭിപ്രായം തന്നെയാണ് പാര്‍ട്ടിയില്‍ പൊതുവെയുള്ളത്. മാത്രമല്ല, കോടിയേരിക്ക് ബദലായി രംഗപ്രവേശം ചെയ്യാന്‍ എം.വിക്ക് താല്‍പര്യവുമില്ലെന്നാണ് സൂചന. പി. ജയരാജന്‍ നിലവില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. പാര്‍ട്ടിക്കതീതനായി വളരാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശത്തിനിടയിലും പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി ജയരാജന്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടി അണികളെ ഉത്തേജിതരാക്കാനും ആവേശം കൊള്ളിക്കാനും ജയരാജനെപ്പോലെ കഴിവുള്ള മറ്റൊരു നേതാവ് പാര്‍ട്ടിയിലില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പി. ജയരാജന്‍ വന്നാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ അസ്ഥിവാരം ശരിക്കും ബലിഷ്ഠമാവുമെന്നാണ് ഒരു സംസ്ഥാന കമ്മിറ്റി അംഗം പറഞ്ഞത്. 

എങ്കിലും ജയരാജന്റെ വളര്‍ച്ച ഇപ്പോള്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം നേതാക്കള്‍ ആഗ്രഹിക്കുന്നില്ല. ജയരാജന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായാല്‍ എ.കെ.ജി. സെന്റര്‍ ശരിക്കുമൊരു അധികാരകേന്ദ്രമാവുമെന്ന് ഈ നേതാക്കള്‍ക്കറിയാം. നിലവില്‍ പാര്‍ട്ടിയും സര്‍ക്കാരും പിണറായി വിജയന്റെ കൈപ്പിടിയിലാണ്. എ.കെ.ജി. സെന്ററില്‍നിന്ന് സംസ്ഥാന സര്‍ക്കാരിനെ പാര്‍ട്ടിയല്ല, മറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പിണറായി വിജയന്‍ പാര്‍ട്ടിയെ നയിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ജയരാജന്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തിയാല്‍ ഇതാവില്ല അവസ്ഥ. ഷുഹൈബിന്റെ കൊലപാതകത്തില്‍ പിടിച്ച് ജയരാജനെ അരികിലേക്ക് മാറ്റിനിര്‍ത്താന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമിക്കുന്നത് ജയരാജന്‍ ഭാവിയില്‍ തങ്ങളുടെ സ്ഥാനങ്ങള്‍ക്ക് നേരെ ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളി കൂടി കണക്കിലെടുത്താണ്.

എന്തായാലും നിലവില്‍ കോടിയേരിയുടെ നില ഭദ്രമാണ്. തീര്‍ത്തും അപ്രതീക്ഷിത നീക്കങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ഞായറാഴ്ച സംസ്ഥാന സമ്മേളനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃ്ഷണനെ  തിരഞ്ഞെടുക്കും. 88 അംഗ പാര്‍ട്ടി സംസ്ഥാന സമിതിയിലേക്കും ഞായറാഴ്ച തിരഞ്ഞെടുപ്പ് നടക്കും. തലശ്ശേരി എം.എല്‍.എ.  ഷംസീര്‍, ഡി.വൈ.എഫ്.ഐ. നേതാവ് മുഹമ്മദ്  റിയാസ് എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിലേക്കെത്തുമെന്ന് സൂചനയുണ്ട്. പുതുതായി ജില്ലാ സെക്രട്ടറിമാരായ ഇ.എന്‍. മോഹന്‍ദാസ്(മലപ്പുറം), ഗഗാറിന്‍(വയനാട്) എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിലെത്തും. വി.പി.പി. മുസ്തഫ, എസ്. ജയമോഹന്‍, പി.കെ. ഹരികുമാര്‍, പ്രസന്ന ഏണസ്റ്റ്, മണിശങ്കര്‍ എന്നിവരും പരിഗണനയിലുണ്ട്. 

കഴിഞ്ഞ സമ്മേളനം 87 അംഗ സമിതിയില്‍ ഒരു സ്ഥാനം ഒഴിച്ചിട്ടിരുന്നു. വി.എസ്സിനെ ഉള്‍പ്പെടുത്താനാണ് ഇതെന്ന് സൂചനയുണ്ടായിരുന്നെങ്കിലും സംഗതി നടന്നില്ല. വി.വി. ദക്ഷിണാമൂര്‍ത്തിയുടെ മരണത്തെ തുടര്‍ന്ന് ഒരൊഴിവ് കൂടിയുണ്ടായി. പി.കെ. ഗുരുദാസന്‍, ടി.കെ. ഹംസ തുടങ്ങയവര്‍ ആരോഗ്യപരാമയ കാരണങ്ങളാല്‍ ഒഴിഞ്ഞേക്കും. ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്കുള്ള പ്രതിനിധികളേയും ഞായറാഴ്ച തിരഞ്ഞെടുക്കും.