തൃശ്ശൂര്‍ : സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് അത്യന്തം സുഗമമായിരുന്നു. ഒരാളുടെ കാര്യത്തില്‍ പോലും രണ്ടഭിപ്രായമുണ്ടായില്ല. ഒരിടവേളയ്ക്കു ശേഷം എറണാകുളം ജില്ലയില്‍ നിന്ന് ഗോപി കോട്ടമുറിയ്ക്കല്‍ സംസ്ഥാന കമ്മിറ്റിയിലേക്കെത്തിയപ്പോഴും അത് പാര്‍ട്ടിയെ സസൂക്ഷമം നിരീക്ഷിക്കുന്ന ആരിലും ആശ്ചര്യമുണ്ടാക്കിയില്ല. പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പായിരുന്നു അത്. മുഹമ്മദ് റിയാസ് ,  എ എന്‍ ഷംസീര്‍, ആര്‍ നാസര്‍ എന്നിങ്ങനെ പാര്‍ട്ടിയുടെ 87 അംഗ സംസ്ഥാന കമ്മിറ്റിയിലേക്ക് പുതുതായി എത്തിയവര്‍ക്കിടയില്‍ സമാനതയുടെ ഒരു കണ്ണിയെന്താണെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം പിണറായി വിജയന്‍ എന്നു തന്നെയായിരിക്കും.

 ''വിഭാഗീയതയുടെ ഒരു കേന്ദ്രം നേരത്തെയുണ്ടായിരുന്നു. ആ കേന്ദ്രം ഇപ്പോഴില്ല. അതുകൊണ്ടു തന്നെ പാര്‍ട്ടിക്കിപ്പോള്‍ ഒരു ശബ്ദമേയുള്ളൂ .'' ഞായറാഴ്ച  തൃശ്ശൂരില്‍ മാദ്ധ്യമ സമ്മേളനത്തില്‍  പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍  ഈ നിരീക്ഷണത്തോട് ചേര്‍ത്തുവെയ്ക്കാവുന്നതാണ്. വിഭാഗീയത ഇല്ലാതാവുമ്പോള്‍ പാര്‍ട്ടി ഒരു നേതാവിന് പിന്നില്‍ അണി നിരക്കുകയാണ്. ആ നേതാവിന്റെ ശബ്ദമാണ് ഇന്നിപ്പോള്‍ കേരളത്തില്‍ പാര്‍ട്ടിയുടെ ശബ്ദം .

കോണ്‍ഗ്രസ്സുമായി ഒരു വിധത്തിലുള്ള സഖ്യത്തിനുമില്ലെന്ന് സംസ്ഥാന സമ്മേളനം നിലപാടെടുത്തതും കാണാതിരിക്കാനാവില്ല. പിബിയും കേന്ദ്രകമ്മിറ്റിയും അംഗികരിച്ച ഈ രാഷ്ട്രീയ നിലപാടില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിന്നാക്കം പോകുന്നുണ്ടോയെന്ന സംശയം സമ്മേളന വേദിയില്‍ ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടിക്ക് കേരളത്തിലുള്ള മേല്‍ക്കൈ നഷ്ടപപ്പെടാനുള്ള ഒരു സാഹചര്യവുമുണ്ടാവരുതെന്ന് പിണറായിക്ക് നിര്‍ബ്ബന്ധമുണ്ട്. ഈ നിലപാടിന്റെ പ്രതിസ്ഫുരണമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് നേരെ വരെ നീണ്ട വിമര്‍ശനത്തില്‍ പ്രതിഫലിച്ചതും.

പിണറായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ ആലപ്പുഴയില്‍ നടന്ന കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിനൊടുവില്‍ ഇതായിരുന്നില്ല അവസ്ഥ. വിഭാഗീയതയുടെ കേന്ദ്രം എന്ന ആരോപണത്തിന് വിധേയനായ വി എസ് അച്ച്യുതാനന്ദന്‍ സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് സംസ്ഥാന സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയ കാഴ്ച പാര്‍ട്ടി അണികളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്ന് അച്ച്യുതാനന്ദന്‍ ഉയര്‍ത്തിയ വെല്ലുവിളി നേരിടുകയെന്നത് പിണറായിക്ക് എളുപ്പമായിരുന്നില്ല. പ്രതികാരം ചൂടോടെ വിളമ്പേണ്ട വിഭവമല്ലെന്നും ആറിത്തണുക്കുമ്പോഴാണ് അതിന് വീര്യമേറുകയെന്നും ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യുമെന്നുമൊക്കെയുള്ളത് പാഴ്വചനങ്ങളല്ലെന്ന് പിണറായിക്കറിയാമായിരുന്നു. ആ ക്ഷമയുടെ വിളവാണ് ഇപ്പോള്‍ പിണറായി കൊയ്യുന്നത്.

പാര്‍ട്ടിക്കുള്ളില്‍ ആധിപത്യം സമഗ്രവും സമ്പൂര്‍ണ്ണവുമാണെന്നിരിക്കെ ഇനിയിപ്പോള്‍  ഭരണത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പിണറായിക്കാവും. ഭരണത്തുടര്‍ച്ച എന്ന ലക്ഷ്യത്തിലേക്കെത്തണമെങ്കില്‍ ഇനിയും ഏറെ സഞ്ചരിക്കേണ്ടതുണ്ടെന്ന് പിണറായിക്കറിയാം. അതിനിടയിലാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നത്. 2004 ലാണ് അടുത്തിടെ പാര്‍ട്ടി കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 20 സീ്റ്റുകളില്‍ 18 ഉം പിടിക്കാന്‍ അന്ന് പാര്‍ട്ടിക്കായി. ആ നേട്ടം ആവര്‍ത്തിക്കാനായില്ലെങ്കിലും നിലവിലുള്ള ഒമ്പത് സീറ്റിനപ്പുറത്തേക്കെത്താനായാല്‍ അതിന്റെ ക്രെഡി്റ്റ് പിണറായിയുടെ അക്കൗണ്ടിലേക്കെത്തുമെന്നുറപ്പാണ്. പാര്‍ട്ടിക്കുള്ളിലും ഭരണത്തിലും ഒരു പോലെ പിടി മുറുക്കി മുന്നോട്ടുപോവുമ്പോള്‍ വരും ദിനങ്ങളില്‍ കേരള രാഷ്ട്രീയത്തിലെ ഏ്റ്റവും ശ്രദ്ധേയ ശബ്ദം പിണറായിയുടേത് തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല.