തൂശ്ശൂര്‍ : സിപിഎം  മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടില്‍ നിന്നും നിലവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വ്യത്യസ്തനാക്കുന്ന ഒരു ഘടകം നര്‍മ്മബോധത്തിന്റെ പ്രകാശനമാണ്. നര്‍മ്മം ആസ്വദിക്കുന്നതില്‍ കാരാട്ട് പിന്നിലല്ല. പക്ഷേ, പൊതുവേദികളില്‍ മര്‍മ്മവേധിയായി നര്‍മ്മം പ്രയോഗിക്കുന്നതില്‍ യെച്ചൂരിക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. പാര്‍ലമെന്റിലും  ഇന്ദ്രപ്രസ്ഥത്തിലെ അത്താഴവിരുന്നുകളിലും യെച്ചൂരിയെ പ്രിയങ്കരനാക്കുന്ന ഒരു ഘടകവും ഇതാണ്. ഫിറോസ്ഗാന്ധിയിലും പിലുമോദിയിലുമൊക്കെ തളിരിട്ടു നിന്ന നര്‍മ്മബോധത്തിന്റെ തുടര്‍ച്ച കൂടിയാണത്. നരേന്ദ്ര മോദിയെ മൗനേന്ദ്ര മോദിയെന്ന് വിളിച്ചുകൊണ്ട് തൃശ്ശൂരിലെ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗം യെച്ചൂരി സജീവമാക്കിയത് വളരെ പെട്ടെന്നാണ്.

പക്ഷേ, സിപിഎം സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രതിനിധികളെ ഞെട്ടിപ്പിക്കുന്ന വെടിക്കെട്ട് യെച്ചൂരി സമാപനഘട്ടത്തിലേക്ക് മാറ്റിവെച്ചിരുന്നു. പാര്‍ട്ടി പരിപാടി വായിച്ചിട്ടുവേണം സഖാക്കള്‍ തന്നെ വിമര്‍ശിക്കാനൊരുങ്ങേണ്ടതെന്ന യെച്ചൂരിയുടെ പരാമര്‍ശം പാര്‍ട്ടി സമ്മേളന ചരിത്രത്തില്‍ നിന്ന്  ആര്‍ക്കെങ്കിലും മായ്ച്ചുകളയാനാവുമെന്ന് തോന്നുന്നില്ല. ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടുന്ന കാര്യങ്ങളല്ല താന്‍ പറഞ്ഞതെന്ന വചനവും യെച്ചൂരിയെ കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു.

പാര്‍ട്ടിയുമായി ഒരു കലാപത്തിനില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു യെച്ചൂരിയുടെ ഉദ്ഘാടന പ്രസംഗം. നവ ഉദാരീകരണ നയങ്ങളുമായി ഒരു വിട്ടുവീഴ്ചയുമില്ലെന്നും ഈ നയങ്ങളുടെ പ്രയോക്താക്കളായ കോണ്‍ഗ്രസ്സുമായി സഖ്യത്തിനില്ലെന്നും യെച്ചൂരി അസന്നിഗ്ദമായ ഭാഷയിലാണ് പറഞ്ഞുവെച്ചത്. പക്ഷേ, അഖിലേന്ത്യാ തലത്തില്‍ ബിജെപി എന്ന മുഖ്യ ശത്രുവിനെതിരെ പോരാടുമ്പോള്‍ സന്ദര്‍ഭത്തിനനുസരിച്ച് അടവുനയമാവാം എന്ന് ഓര്‍മ്മിപ്പിക്കാന്‍ യെച്ചൂരി മറന്നില്ല. പാര്‍ട്ടിയുടെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്ന കാര്യം തന്നെയാണിത്. പക്ഷേ, യെച്ചൂരി കോണ്‍ഗ്രസ് സഖ്യം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ചില സഖാക്കള്‍ തെറ്റിദ്ധരിച്ചു. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള കേരളഘടകത്തിനെയാണ് യെച്ചൂരി ഉന്നമിടുന്നതെന്നും ഇവര്‍ കരുതി. ഈ പരിസരത്തിലാണ് യെച്ചൂരിക്കെതിരെ സമ്മേളനത്തില്‍ വിമര്‍ശമുയര്‍ന്നത്.

 കോണ്‍ഗ്രസ്സുമായി നീക്കുപോക്കുകള്‍ അല്ലെങ്കില്‍ അടവ് നയത്തിലധിഷ്ഠിതമായ സമീപനം വേണമെന്നത് യെച്ചൂരിയുടെ നിലപാടായിരുന്നു. കോണ്‍ഗ്രസ് പിന്തുണയോടെ ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തുന്നത് സംഘപരിവാറിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്ന വ്യാഘ്യാനവും  യെച്ചൂരി ഉയര്‍ത്തി. പക്ഷേ, പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ഈ സമീപനം തള്ളിക്കളഞ്ഞു. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള ജനകീയമുന്നണിയില്‍ ജനസംഘത്തിനൊപ്പം നിലയുറപ്പിക്കാനുള്ള തീരുമാനത്തിനെതിരെ നിന്ന പി.സുന്ദരയ്യയും ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന് നിലപാടെടുത്ത ഹര്‍കിഷന്‍സിങ് സുര്‍ജിത്തും ഇതേ രീതിയില്‍ പാര്‍ട്ടി കേന്ദ്രഘടകത്തിന്റെ തിരസ്‌കരണമറിഞ്ഞവരാണ്. തന്റെ നയരേഖ പാര്‍ട്ടി തള്ളിയപ്പോള്‍ യെച്ചൂരി രാജിസന്നദ്ധത അറിയിച്ചിരുന്നു. പക്ഷേ, പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തിനു വഴങ്ങി യെച്ചൂരി ജനറല്‍ സെക്രട്ടറി സഥാനത്തു തുടര്‍ന്നു. ഇന്നിപ്പോള്‍ തന്റെ പോരാട്ടം ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്ക് വികസിപ്പിക്കുന്നതിനാണ് യെച്ചൂരി തയ്യാറെടുക്കുന്നത്. അതിന്റെ ഭാഗമായാണ് തനിക്കു നേരെ വിമര്‍ശന വിരലുകളുയര്‍ത്തിയ സഖാക്കളെ പാര്‍ട്ടി പരിപാടിയെക്കുറിച്ച് യെച്ചൂരി ഓര്‍മ്മിപ്പിച്ചത്.

 2004 ല്‍ പ്രഥമ യുപിഎ സര്‍ക്കാരിന് പിന്തുണ കൊടുത്ത സിപിഎമ്മിന്റെ ചരിത്രം യെച്ചൂരി പറയാതെ പറയുകയും ചെയ്തു. അന്നും കേരളത്തില്‍ പാര്‍ട്ടിയുടെ മുഖ്യശത്രു കോണ്‍ഗ്രസ് തന്നെയായിരുന്നു. പക്ഷേ, കേരളത്തിനു പുറത്ത് തമിഴ്നാട് അടക്കമുള്ള ഇടങ്ങളില്‍ ാ്രപദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനും ആ സഖ്യത്തിലേക്ക് കോണ്‍ഗ്രസ് വന്നപ്പോള്‍ സഖ്യം ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്ന നിലപാടെുക്കുന്നതിനും പാര്‍ട്ടി തയ്യാറായി. യെച്ചൂരിയുടെ എതിര്‍പക്ഷത്തെന്ന് ആരോപിക്കപ്പെടുന്ന പ്രകാശ് കാരാട്ടായിരുന്നു അന്ന് പാര്‍ട്ടിയുടെ തലപ്പത്തെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. സവിശേഷ സാഹചര്യങ്ങള്‍ക്കനുസരിച്ച് തിരഞ്ഞെടുപ്പ് വേളകളില്‍ പാര്‍ട്ടി സ്വീകരിക്കുന്ന അടവുനയങ്ങള്‍ അറിയണമെങ്കില്‍ പാര്‍ട്ടി പരിപാടിയും ചരിത്രവും വായിക്കണമെന്ന് കേരളത്തിലെ സഖാക്കളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേരളഘടകത്തിന്റെ നിലപാട് വിചാരണ ചെയ്യപ്പെടുമെന്നും യെച്ചൂരി വ്യക്തമാക്കുകയാണ്.

 കരട് രാഷ്ട്രീയ പ്രമേയം അവസാന വാക്കല്ലെന്നും പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് അതിന് അവസാന രൂപമുണ്ടാവുകയെന്നും യെച്ചൂരി വ്യക്തമാക്കുന്നത് വെറുതെയല്ല. പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിലാണ് യെച്ചൂരിയുടെ പ്രതീക്ഷ. ചര്‍ച്ചകളും സ്വയം വിമര്‍ശവുമാണ് ഈ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കാതല്‍. പാര്‍ട്ടിയുടെ ഈ അടിസ്ഥാന സ്വഭാവം മറക്കരുതെന്നും കേരളത്തിലെ സഖാക്കളെ യെച്ചൂരി ഓര്‍മ്മിപ്പിക്കുന്നുണ്ട്. അഖിലേന്ത്യാ തലത്തില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന വ്യക്തമായ സന്ദേശമുയര്‍ത്തിക്കൊണ്ടുകൂടിയാണ്  യെച്ചൂരി തൃശ്ശൂരില്‍ നിന്നും യാത്രയാവുന്നത്.