ഭ്യൂഹങ്ങള്‍ എല്ലാം തള്ളി സീതാറാം യെച്ചൂരി തന്നെ വീണ്ടും സി.പി.എമ്മിന്റെ അമരത്ത്. എതിര്‍ചേരി ശക്തമായിരിക്കുമ്പോഴും കാര്യമായ വെല്ലുവിളികളില്ലാതെയാണ് പാര്‍ട്ടിയുടെ തലപ്പത്തേക്ക് രണ്ടാം വട്ടവും അദ്ദേഹം എത്തുന്നത്.  പശ്ചിമബംഗാളില്‍ മൂന്നരപ്പതിറ്റാണ്ടുകാലത്തെ ഇടതുഭരണം തകര്‍ന്നുവെന്നുമാത്രമല്ല, ഉടനൊന്നും മടങ്ങിയെത്താന്‍ കഴിയാത്തവിധം പാര്‍ട്ടി അഗാധഗര്‍ത്തത്തിലേക്കു കൂപ്പുകുത്തുകയും ചെയ്തു. കൈയ്യില്‍ ഉണ്ടായിരുന്ന ത്രിപുരയും കൈവിട്ട സാഹച്യത്തില്‍ സംഘടനാപരമായും രാഷ്ട്രീയമായും തകര്‍ച്ചകളില്‍ മുങ്ങുന്ന ഒരു കപ്പലിനെ നേര്‍ദിശയിലേക്ക് കരയടുപ്പിക്കേണ്ട കപ്പിത്താന്റെ നിയോഗത്തിലാണ് യെച്ചൂരി.

ബൗദ്ധിക കാമ്പസായി പേരെടുത്ത ജെ.എന്‍.യു.വിലെ വിദ്യാര്‍ഥിയും സര്‍വകലാശാലാ വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്റുമായിരുന്നു സീതാറാം യച്ചൂരി. അഖിലേന്ത്യാനേതാവായിരിക്കെ, ജെ.എന്‍.യു.വിലെ വിദ്യാര്‍ഥിനേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കാലത്ത് യെച്ചൂരി അറസ്റ്റുചെയ്യപ്പെട്ട് തടവില്‍ക്കഴിഞ്ഞിരുന്നു. '78ല്‍ എസ്.എഫ്.ഐ. അഖിലേന്ത്യാ ജോ. സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. ഇടതുവിദ്യാര്‍ഥിസംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുള്ള ജെ.എന്‍.യു. അടിയന്തരാവസ്ഥക്കാലത്ത് തിളച്ചുമറിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടശേഷം '77ല്‍ ആദ്യമായിനടന്ന വിദ്യാര്‍ഥിയൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ. നേതാവ് (ഇന്നത്തെ എന്‍.സി.പി. ദേശീയനേതാവ്) ഡി.പി.ത്രിപാഠി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് യെച്ചൂരിയും ജെ.എന്‍.യു.വിലെ വിദ്യാര്‍ഥിനേതാവായിരുന്നു. മികച്ച പ്രാസംഗികന്‍കൂടിയായ യെച്ചൂരി തൊട്ടടുത്ത വര്‍ഷം പ്രസിഡന്റായി. '78'79 കാലയളവില്‍ നടന്ന മൂന്നു തിരഞ്ഞെടുപ്പിലും യെച്ചൂരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

അടിയന്തരാവസ്ഥയ്ക്കു ശേഷം '77ല്‍ പാര്‍ട്ടി ആസ്ഥാനം കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കു മാറ്റി. യെച്ചൂരി അന്നു പാര്‍ട്ടിയില്‍ പ്രബലനായ ബി.ടി.രണദിവെയുടെ സഹായിയും. ഡല്‍ഹികേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച യെച്ചൂരിയിലെ നേതാവിനെ കണ്ടെത്തിയതും വളര്‍ത്തിക്കൊണ്ടുവന്നതും ബസവ പുന്നയ്യയായിരുന്നു. യെച്ചൂരിയെയും സി.പി.എം. കേന്ദ്രനേതൃത്വത്തിലേക്കു കൈപിടിച്ചുയര്‍ത്തിയാവട്ടെ, സാക്ഷാല്‍ ഇ.എം.എസ്സും. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ ആളെത്തരണമെന്ന് ഇ.എം.എസ്. സംസ്ഥാനങ്ങളോട് നിരന്തരമാവശ്യപ്പെട്ടിരുന്നു. യുവരക്തങ്ങളെ പാര്‍ട്ടിയിലേക്കു കൊണ്ടുവരാന്‍ ഇ.എം.എസ്. മുന്‍കൈയെടുത്തപ്പോള്‍ '84ല്‍ കാരാട്ടും യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാക്കളായി. '85ലെ 12ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിനും എസ്.രാമചന്ദ്രന്‍ പിള്ളയ്ക്കുമൊപ്പം യെച്ചൂരിയും കേന്ദ്രകമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 

പിന്നീട്, '89ല്‍ പി.ബി.ക്കു തൊട്ടുതാഴെ പുതുതായി അഞ്ചംഗ കേന്ദ്ര സെക്രട്ടേറിയറ്റ് രൂപവത്കരിക്കപ്പെട്ടപ്പോള്‍ അതിലൊരാള്‍ യെച്ചൂരിയായിരുന്നു. '92ലെ 14ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ടിനും എസ്.ആര്‍.പി.ക്കുമൊപ്പം യെച്ചൂരിയും പി.ബി.യിലെത്തി. പുതുതലമുറക്കാരുടെ കൂട്ടത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ അംഗമായ സീതാറാം യെച്ചൂരിയുടെ ഭാവി ഏറെ ശോഭനമായിരുന്നു. ബി.ടി.ആറിന്റെ വിശ്വസ്തനായ അദ്ദേഹം പിന്നീട് ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ വലംകൈയായി.     

ജെ.എന്‍.യു.വിലെ വിദ്യാര്‍ഥികാലത്തുതന്നെ അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി യെച്ചൂരിക്കുള്ള അടുപ്പം പ്രകടമായി. പാകിസ്താനില്‍നിന്ന് താരിഖ് അലി ജെ.എന്‍.യു.വിലെത്തിയത് യെച്ചൂരിയുടെ കാലത്താണ്. അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും അവഗാഹമുള്ള യെച്ചൂരിയെ തിരിച്ചറിഞ്ഞ ഇ.എം.എസ്., സോവിയറ്റ് യൂണിയനിലേക്കുള്ള പ്രതിനിധിസംഘത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. സുര്‍ജിത് സെക്രട്ടറിയായിരിക്കെ വിദേശ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്താനും യെച്ചൂരിക്ക് അവസരമുണ്ടായി. ബംഗാള്‍ മുന്‍മുഖ്യമന്ത്രി ജ്യോതിബസു ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ യെച്ചൂരിയായിരുന്നു കൂട്ടാളി. 

സി.പി.എമ്മിനു തിരിച്ചടിനേരിട്ടെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും മുഖമാണ് യെച്ചൂരി. ഇടതുപക്ഷത്തെ ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകമാക്കിയ മൂന്നാംമുന്നണി സര്‍ക്കാരുകളുടെ നെയ്ത്തുകാരന്‍ ഹര്‍കിഷന്‍ സുര്‍ജിത്തിനൊപ്പമുള്ള പ്രവര്‍ത്തനപരിചയമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ബദലായി വി.പി.സിങ്, ദേവഗൗഡ, ഗുജ്റാള്‍ സര്‍ക്കാരുകള്‍ യാഥാര്‍ഥ്യമാക്കിയത് സുര്‍ജിത്തിന്റെ പ്രായോഗികബുദ്ധിയായിരുന്നു. വലംകൈയായി യെച്ചൂരിയുണ്ടായിരുന്നു. 

ഏറ്റവുമൊടുവില്‍ 2004ല്‍ ബി.ജെ.പി.യെ ഭരണത്തില്‍നിന്നകറ്റാനായി ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ ശില്പിയായി സുര്‍ജിത് മാറിയപ്പോള്‍ യെച്ചൂരിയായിരുന്നു അദ്ദേഹത്തിന്റെ നിഴല്‍. സുര്‍ജിത്തിന്റെ മരണശേഷം യു.പി.എ.ഇടത് ബന്ധത്തിലെ സുപ്രധാനകണ്ണിയായി യെച്ചൂരി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഏറ്റവുമടുപ്പമുള്ള കമ്യൂണിസ്റ്റ് നേതാവാണദ്ദേഹം. ഇറ്റാലിയന്‍ പൗരത്വത്തിന്റെ പേരില്‍ മാറിനിന്ന സോണിയയെ പ്രധാനമന്ത്രിയാവാന്‍ യെച്ചൂരി ഉപദേശിച്ചിരുന്നുവെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയവരാന്തകളില്‍ പരസ്യമായ ഒരു രഹസ്യം.  

ദേശീയരാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ വക്താവാണ് യെച്ചൂരി. വാജ്പേയിസര്‍ക്കാരില്‍ ഭരണത്തിനു ചുക്കാന്‍പിടിച്ച പ്രമോദ് മഹാജനെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ നേരിട്ടും പലപ്പോഴും തര്‍ക്കിച്ചു തോല്‍പ്പിച്ചും ശ്രദ്ധേയനായി. '98ല്‍ ജ്യോതിബസുവിന് പ്രധാനമന്ത്രിയാവാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന് സി.പി.എം. ഏറെ പഴികേട്ടു. ഇതിനുപിന്നില്‍ കാരാട്ടിന്റെയും യെച്ചൂരിയുടെയും സൈദ്ധാന്തികവാശിയായിരുന്നു. പാര്‍ട്ടിനിലപാടിനെ സമര്‍ഥമായി ന്യായീകരിച്ചതും യെച്ചൂരിയാണ്. പാര്‍ലമെന്റില്‍ 33 അംഗങ്ങള്‍മാത്രമുള്ള സി.പി.എമ്മിന് ബസു പ്രധാനമന്ത്രിയായാല്‍ പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പാക്കാന്‍കഴിയില്ലെന്നായിരുന്നു വാദം. സുര്‍ജിത്തിനുശേഷം കാരാട്ട് പാര്‍ട്ടി ജനറല്‍സെക്രട്ടറിയായി. പാര്‍ട്ടിയുടെ ശോഭനമായ ഭാവിക്ക് ഈ നേതൃത്വം ഗുണകരമാവുമെന്ന് അന്നു പ്രതികരിച്ച യെച്ചൂരി പിന്നീട് ജനറല്‍സെക്രട്ടറിയുടെ വിമര്‍ശകനായി. പത്തുവര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയെ തകര്‍ച്ചയിലേക്കു നയിച്ചത് കാരാട്ടിന്റെ നേതൃത്വമാണെന്ന് ഒളിയമ്പുകളെയ്തു. 

ആണവക്കരാറിന്റെപേരില്‍ ഇടതുപക്ഷം യു.പി.എ. സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ചതോടെ ഈ പോരു മുറുകി. അന്താരാഷ്ട്ര ആണവ ഏജന്‍സിക്കു മുന്നില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുപോയസമയത്തുതന്നെ പിന്തുണ പിന്‍വലിക്കണമായിരുന്നുവെന്ന് യെച്ചൂരി വാദിച്ചു. ഇക്കാര്യങ്ങളില്‍ അദ്ദേഹം നല്‍കിയ കത്ത് പി.ബി.യില്‍ പരിഗണിക്കപ്പെട്ടില്ല. ആണവക്കരാറിന്റെ അന്തിമഘട്ടത്തില്‍ പിന്തുണ പിന്‍വലിച്ചത് രാഷ്ട്രീയമായി ഗുണകരമായില്ലെന്ന യെച്ചൂരിയുടെ വാദം പിന്നീട് അംഗീകരിക്കപ്പെട്ടു. ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സോമനാഥ് ചാറ്റര്‍ജിയെ പുറത്താക്കിയതില്‍ കാരാട്ടിനോടുള്ള ബംഗാള്‍ഘടകത്തിന്റെ എതിര്‍പ്പിനുപിന്നില്‍ യെച്ചൂരിയുടെ പിന്തുണയുണ്ടായിരുന്നു. 

ഇടതുഭരണത്തിന്റെ തകര്‍ച്ചയിലേക്കുനയിച്ച നന്ദിഗ്രാം, സിംഗൂര്‍ പ്രക്ഷോഭത്തിനു കാരണമായ വ്യവസായവത്കരണത്തെ വേണ്ടത്ര പ്രതിരോധിക്കാന്‍ ദേശീയനേതൃത്വത്തിനായില്ലെന്ന് ബംഗാള്‍ഘടകം വിമര്‍ശിച്ചത് കാരാട്ടിനെ ഉന്നംവെച്ചായിരുന്നു. കേരളത്തില്‍മാത്രമാണ് ഇപ്പോള്‍ ശക്തമായ അടിത്തറ പാര്‍ട്ടിക്കുള്ളത്. കേരളത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നായിരുന്നു യെച്ചൂരി ആദ്യമായി പര്‍ട്ടി തലപ്പത്തേക്കെത്തിയത്.  

വിദ്യാര്‍ഥിനേതാവായിരിക്കെയാണ് യെച്ചൂരിക്കെതിരെ കേരളത്തിന്റെ ആദ്യപടനീക്കം. സി.പി.ജോണിനെ ഭാരവാഹിയാക്കാനുള്ള കേരളത്തിന്റെ സമ്മര്‍ദം അതിജീവിച്ചാണ് യെച്ചൂരി എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റാവുന്നത്. പിന്നീട്, പിണറായി വിജയനും വി.എസ്സും തമ്മിലുള്ള ഏറ്റുമുട്ടല്‍ ദേശീയനേതൃത്വത്തിലും ചേരിതിരിവുകളിലേക്കു നയിച്ചു. വി.എസ്സിനെ സംരക്ഷിച്ച് യെച്ചൂരി നിലയുറപ്പിച്ചത്, കേരളനേതൃത്വത്തിന്റെ ശത്രുവാക്കി. ബംഗാള്‍ചേരി എതിരായതോടെ കാരാട്ടിന് കേരളത്തിന്റെ പിന്തുണതേടേണ്ടിവന്നു. വിഭാഗീയത തടയുന്നതില്‍ നിഷ്‌ക്രിയനായ കാരാട്ട്, ഔദ്യോഗികപക്ഷത്തിന്റെ സമ്മര്‍ദത്തിലാണെന്ന് ആക്ഷേപമുയര്‍ന്നു. ഏറ്റവുമൊടുവില്‍ ജനറല്‍സെക്രട്ടറിസ്ഥാനത്തേക്ക് യെച്ചൂരിയെ തടയുന്നതില്‍ കേരളഘടകം ഒറ്റക്കെട്ടായി നില്‍ക്കുന്നതുവരെ കാര്യങ്ങളെത്തി. 

ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം അടവുനയം പുനഃപരിശോധിച്ച ചര്‍ച്ചകളിലും യെച്ചൂരിയുടെയും കാരാട്ടിന്റെയും വടംവലി പ്രകടമായി. നയമല്ല, നടപ്പാക്കിയതിലാണ് പിഴവെന്നു വാദിച്ചുവിജയിക്കാന്‍ യെച്ചൂരിക്കായത് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ മേല്‍ക്കൈ പ്രകടമാക്കി. ഇടതുമുന്നണി ശിഥിലമാക്കിയും പലപ്പോഴായി വര്‍ഗീയശക്തികളോടു കൂട്ടുകൂടിയും അടിസ്ഥാനനയങ്ങള്‍ കേരളത്തിലെ പാര്‍ട്ടിനേതൃത്വം ലംഘിച്ചെന്ന വി.എസ്സിന്റെ വാദവും ദേശീയതലത്തിലെ തകര്‍ച്ചയ്ക്ക് വ്യക്തിവാദവും പ്രയോഗത്തിലെ പാളിച്ചകളും തടസ്സമായെന്ന യെച്ചൂരിയുടെ വാദവും തമ്മില്‍ സാമ്യമുണ്ടായിരുന്നു. എന്നാല്‍, തകര്‍ച്ചയില്‍നിന്നു പാര്‍ട്ടിയെ മുന്നോട്ടുനയിക്കാനുള്ള ബംഗാളിന്റെ അടിയുറച്ച നിലപാടിനുമുന്നില്‍ കേരളം കീഴടങ്ങി. സ്വന്തം ദേശത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി ആദ്യമായി സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു.     

1952 ആഗസ്ത് 12ന് ചെന്നൈയിലെ തെലുഗു ബ്രാഹ്മണകുടുംബത്തിലാണ് യെച്ചൂരിയുടെ ജനനം. അച്ഛന്‍ സര്‍ക്കാരില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന സര്‍വേശ്വര സോമയാജുലു യെച്ചൂരി. അമ്മ കല്‍പ്പാക്കം യെച്ചൂരി സാമൂഹികപ്രവര്‍ത്തകയായിരുന്നു. മുത്തച്ഛന്‍ ഭീമ ശങ്കര്‍ ആന്ധ്രാ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്നു. അദ്ദേഹവും കുടുംബവും പിന്നീട് ഡല്‍ഹിക്കു ചേക്കേറി. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍നിന്നു സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. പിന്നീട്, ബിരുദാനന്തരബിരുദത്തിനും ഗവേഷണത്തിനുമായി ജെ.എന്‍.യു.വില്‍ ചേര്‍ന്നു. ഇവിടെവെച്ചാണ് മാര്‍ക്സിസത്തിലാകൃഷ്ടനായത്. 

പഠനശേഷം ഉയര്‍ന്ന ജോലി കിട്ടുമായിരുന്നിട്ടും അദ്ദേഹം രാഷ്ട്രീയത്തില്‍ തുടര്‍ന്നു. സമൂഹത്തിന്റെ സമൂലപരിവര്‍ത്തനമായിരുന്നു യെച്ചൂരിയെന്ന യുവാവിന്റെ ലക്ഷ്യം. മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് സി.പി.എം. ഡല്‍ഹി സംസ്ഥാനസെക്രട്ടറിയായിരുന്നു. എന്നാല്‍, സംസ്ഥാനതലത്തില്‍ ഒരുപദവിയും വഹിക്കാതെയാണ് പാര്‍ട്ടിയുടെ സമുന്നതപദവിയിലേക്കുള്ള യെച്ചൂരിയുടെ പ്രവേശനം. നരേന്ദ്രമോദിയുടെ വരവോടെ ഇന്ത്യന്‍ രാഷ്ട്രീയം വ്യക്തിപ്രഭാവത്തിലേക്കു വഴിമാറിയതാണ് വര്‍ത്തമാനകാലസാഹചര്യം. ആം ആദ്മിയടക്കമുള്ള ബദലുകള്‍ രാഷ്ട്രീയത്തെ നിര്‍ണായകമാക്കുന്നു. ഇതുവരെ ഒരുതിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെങ്കിലും വ്യക്തിപ്രഭാവമുള്ള കമ്മ്യൂണിസ്റ്റ് നേതാവാണ് യെച്ചൂരി.