കണ്ണൂര്‍: കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവെന്ന നിലയില്‍നിന്ന് കമ്മിറ്റി അംഗമായി വിജു കൃഷ്ണനെ എത്തിച്ചത് ഐതിഹാസികമായ ലോങ് മാര്‍ച്ചിന് അദ്ദേഹം നല്‍കിയ നേതൃത്വം. മഹാരാഷ്ട്രയില്‍ അടുത്തിടെ നടന്ന കര്‍ഷകസമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളാണ് കണ്ണൂര്‍ കരിവെള്ളൂര്‍ ഓണക്കുന്ന് സ്വദേശി ഡോ. വിജുകൃഷ്ണന്‍.

ലോങ് മാര്‍ച്ചിന്റെ അണിയറയിലും അരങ്ങിലും വിജു കൃഷ്ണന്‍ സുപ്രധാന പങ്കാണ് വഹിച്ചത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ അഖിലേന്ത്യാ കിസാന്‍സഭ പ്രതിനിധി എന്നനിലയില്‍ കേന്ദ്രകമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായിരുന്നു. നിലവില്‍ അഖിലേന്ത്യാ കിസാന്‍സഭാ ജോയന്റ് സെക്രട്ടറിയാണ്.

നേരത്തേ രാജസ്ഥാനില്‍ നടന്ന കര്‍ഷക സമരത്തിനും ഇദ്ദേഹം നേതൃത്വം വഹിച്ചിരുന്നു. 2009 മുതല്‍ കര്‍ഷക അവകാശ സമരങ്ങളുടെ മുന്നണിപ്പോരാളിയാണ് ഈ കണ്ണൂര്‍കാരന്‍. ജെ.എന്‍.യു.വിലെ വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെയായിരുന്നു രാഷ്ട്രീയരംഗത്തേക്കുള്ള പ്രവേശനം. ഇവിടെ എസ്.എഫ്.ഐ.യുടെ കരുത്തുറ്റ നേതാവായിരുന്നു.

കരിവെള്ളൂര്‍ ഓണക്കുന്നിലെ ഡോ. പി. കൃഷ്ണന്റെയും ശ്യാമളയുടെയും മകനാണ്. ബെംഗളൂരു സെയ്ന്റ് ജോസഫ്‌സ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനായിരുന്നു. ജോലി രാജിവെച്ചാണ് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായത്. നവ ഉദാരവത്കരണം കാര്‍ഷികമേഖലയെ ബാധിച്ച പ്രതിസന്ധി എന്ന വിഷയത്തിലാണ് അദ്ദേഹത്തിന്റെ ഡോക്ടറേറ്റ്.

content highlights: maharashtra kisan long march leader viju krishnan in cpm cc